Friday, January 27, 2012

നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ ഏറ്റെടുക്കല്‍ അട്ടിമറിച്ചത് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി

 

നെല്ലിയാമ്പതിയിലെ പാട്ടക്കരാര്‍ ലംഘിച്ച സ്വകാര്യ തോട്ടങ്ങള്‍ ഏറ്റെടുക്കുന്ന നടപടി അട്ടിമറിച്ചത് വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. ചെറുനെല്ലി എസ്റ്റേറ്റ്‌ ഏറ്റെടുക്കുന്നത് സംബന്ധിച്ച വനം വകുപ്പിന്റെ നടപടികള്‍ അട്ടിമറിച്ചത് വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ ആണെന്ന് തെളിയിക്കുന്ന രേഖകള്‍ എനിക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ചു.  ഉടമകള്‍ക്ക് നോട്ടീസ് നല്‍കാതെ ചെറുനെല്ലി തോട്ടത്തിന്റെ പാട്ടക്കാരാര്‍ റദ്ദാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി പിന്നീട് റദ്ദാക്കുകയും ഉടമകള്‍ക്ക് തോട്ടം തിരിച്ചു നല്‍കാന്‍ വിധിക്കുകയും ചെയ്തിരുന്നു. ഇതോടെ നെല്ലിയാമ്പതിയിലെ പാട്ടക്കരാര്‍ ലംഘിച്ച തോട്ടങ്ങള്‍ ഏറ്റെടുക്കുന്ന സര്‍ക്കാര്‍ നീക്കം തന്നെ പരാജയപ്പെട്ടിരുന്നു. സര്‍ക്കാര്‍ പരാജയപ്പെടാനുള്ള കാരണമായത്‌ വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിയമവിരുദ്ധ നീക്കമാണെന്ന് ഇത് സംബന്ധിച്ച ഫയല്‍ കുറിപ്പുകള്‍ വ്യക്തമാക്കുന്നു. നോട്ടീസ് നല്‍കി തോട്ടങ്ങള്‍ ഏറ്റെടുക്കണം  എന്ന വകുപ്പുതല നിര്‍ദ്ദേശവും നിയമോപദേശവും, ക്രമപ്രകാരം ഉത്തരവ് ഇറക്കാത്ത പക്ഷം കേസ് കോടതിയില്‍ തോല്‍ക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളും അവഗണിച്ച് ക്രമവിരുദ്ധമായി ഉത്തരവ് ഇറക്കാന്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കി എന്ന് രേഖകള്‍ തെളിയിക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളും വകുപ്പുതല മുന്നറിയിപ്പുകളും അട്ടിമറിച്ചു വനംമന്ത്രി അറിയാതെ തോട്ടമുടമകളെ സാജന്‍ പീറ്റര്‍ സഹായിക്കുകയായിരുന്നു എന്നാണു ഫയല്‍ കുറിപ്പില്‍ നിന്നും വ്യക്തമാകുന്നത്.  കേസ് അട്ടിമറി സംബന്ധിച്ച വിജിലന്‍സ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ശരി വെക്കുകയാണ് ഈ രേഖകള്‍ .

പാട്ടക്കരാര്‍ ലംഘിച്ച ചെറുനെല്ലി തോട്ടം ഏറ്റെടുക്കുന്നത് സംബന്ധിച്ച വനം വകുപ്പ് സംരക്ഷണ വിഭാഗം അഡീഷണല്‍ പി.സി.സി.എഫ് നല്‍കിയ നിര്‍ദ്ദേശത്തിനു മേല്‍ 7661/C2/11/F&WL നമ്പറായ ഫയലിന്റെ നോട്ട്ഫയലിലാണ് കേസ് അട്ടിമറിച്ചതു  സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ ഉള്ളത്. തോട്ടം ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍ പാലിക്കേണ്ട നടപടികളെ സംബന്ധിച്ച് കുറിപ്പ് ഫയലിലെ 12, 13 പേജുകളിലായി വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇതിനുള്ള എല്ലാവിധ നിയമവശങ്ങളും പരിശോധിക്കണമെന്നും  നിയമവകുപ്പിലെയും വനംവകുപ്പിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഹൈക്കോടതിയിലെ സീനിയര്‍ സര്‍ക്കാര്‍ അഭിഭാഷകന്റെയും യോഗം വിളിച്ചുചേര്‍ത്ത് അവരുടെ വിദഗ്ധാഭിപ്രായം അറിയണമെന്നും ഇതിനായി വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി നടപടി സ്വീകരിക്കണമെന്നും വനം-വന്യജീവി വകുപ്പ് അണ്ടര്‍ സെക്രട്ടറി എസ്.സുഷമാകുമാരിയുടെ ഫയല്‍ കുറിപ്പില്‍ പറയുന്നു.  ഫയലിലെ 24 മത്തെ ഖണ്ഡികയില്‍ ഇപ്രകാരം വ്യക്തമാക്കുന്നു "പാട്ടക്കരാര്‍ റദ്ദാക്കിയ തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചതാണ്. എന്നാല്‍ പാട്ടക്കരാര്‍ റദ്ദാക്കാനുള്ള നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുള്ളതായി കാണുന്നില്ല. ഇതിനു മുന്‍പ് സര്‍ക്കാര്‍ ഏറ്റെടുത്ത മീരഫ്ളോറസ് എസ്റ്റേറ്റ്‌ കേസിലും നടപടിക്രമങ്ങള്‍ പാലിച്ചതായി കാണുന്നില്ല. അതാകട്ടെ ഇപ്പോള്‍ കോടതിയില്‍ ചോദ്യം ചെയ്യുന്ന അവസ്ഥയിലുമാണ്. ആയതിനാല്‍ പാട്ടക്കരാര്‍ റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറക്കുന്നതിനു മുന്പായി ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമവശങ്ങളും പരിശോധിക്കാനായി പി.സി.സി.എഫ് , വനംവകുപ്പ് സീനിയര്‍ ഗവ പ്ളീഡര്‍ , ഡി.എഫ്. ഓ എന്നിവരുമായി ഒരു ചര്‍ച്ച നടത്തുന്നത് ഉചിതമായിരിക്കും. ഇത് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുന്‍പാകെ സമര്‍പ്പിക്കുന്നു"  അതിനുതാഴെ അണ്ടര്‍ സെക്രട്ടറി എസ്.സുഷമ കുമാരി ഒപ്പുവെച്ചിട്ടുണ്ട്.  "ഈ നിര്‍ദ്ദേശം അംഗീകരിക്കാവുന്നതാണ്" എന്ന്  ഡെപ്യൂട്ടി സെക്രെട്ടറി സി.ജി പ്രദീപ്‌ കുമാറും ആവശ്യപ്പെട്ടിട്ടുണ്ട്. 2011 നവംബര്‍ 16 നാണ് ഈ കുറിപ്പ്  ഇരുവരും ഒപ്പ് വെച്ചിരിക്കുന്നത്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ പാടെ അവഗണിച്ച്, അഡീഷണല്‍ പി.സി.സി.എഫ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം എത്രയും വേഗം സര്‍ക്കാര്‍ ഉത്തരവിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കാന്‍ അന്നേ ദിവസം തന്നെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ ഫയലില്‍ തീരുമാനം എഴുതിയിരിക്കുന്നു. ഈ തീരുമാനപ്രകാരം ഇറക്കിയ ഡ്രാഫ്റ്റ് ഉത്തരവ് ഡിസംബര്‍ 8 ന് സാജന്‍ പീറ്റര്‍ അംഗീകരിക്കുകയും വനംമന്ത്രി ഫയല്‍ കാണും മുന്‍പേ ഉത്തരവ് ഇറക്കുകയും ചെയ്തതായി കുറിപ്പ് ഫയല്‍ സാക്ഷ്യപ്പെടുത്തുന്നു. 


മൂന്നു മാസമായി നടക്കുന്ന നടപടികളില്‍ അന്നേ ദിവസം പെട്ടെന്ന് അനാവശ്യ ധൃതി കാട്ടിയാണ് ഉത്തരവ് ഇറക്കാന്‍ ഫയലില്‍ എഴുതുന്നതെന്നും ശ്രദ്ധേയമാണ്. വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ നടത്തിയ ക്രമവിരുദ്ധമായ ഈ നീക്കമാണ് ചെറുനെല്ലി തോട്ടം അടക്കം 11 തോട്ടങ്ങള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങളെ കോടതിയില്‍ പരാജയപ്പെടുത്തിയത്. 

Report of APCCF
പാട്ടക്കരാര്‍ റദ്ദാക്കാനുള്ള നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും നിയമപരമായ വശങ്ങള്‍ പരിശോധിച്ചില്ലെങ്കില്‍ കേസ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും അണ്ടര്‍ സെക്രട്ടറി നിരീക്ഷിക്കുന്നതിനെ യാതൊരു കാരണവും ബോധിപ്പിക്കാതെയാണ് ഫയലില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ തള്ളുന്നത്. സംരക്ഷണ വിഭാഗം അഡീഷണല്‍ പി.സി.സി.എഫ് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് സര്‍ക്കാര്‍ ഉത്തരവ് തയ്യാറാക്കാന്‍ ആണ് സാജന്‍ പീറ്റര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ സംരക്ഷണ വിഭാഗം അഡീഷണല്‍ പി.സി.സി.എഫ്  നല്‍കിയ റിപ്പോര്‍ട്ട് അവസാനിക്കുന്നത് "ആവശ്യമായ നോട്ടീസ് നല്‍കി ഏറ്റെടുക്കണം" എന്ന വ്യക്തമായ നിര്‍ദ്ദേശത്തോടെയാണ്. 
 

Report of APCCF

ഈ നിര്‍ദ്ദേശവും പാലിക്കാതെയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡ്രാഫ്റ്റ് ഉത്തരവ് തയ്യാറാക്കുന്നതും വനംമന്ത്രി കാണും മുന്‍പേ ഡിസംബര്‍ 9 ന് പാട്ടക്കരാര്‍ റദ്ദാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് ക്രമവിരുദ്ധമായി ഇറക്കുന്നതും. സാജന്‍ പീറ്റര്‍ നടത്തിയ ഈ ക്രമവിരുദ്ധ നടപടി തോട്ടം മാഫിയയെ സഹായിക്കുകയും കേസുകളില്‍ സര്‍ക്കാര്‍ തോല്‍ക്കുന്നതിലും കാരണമായി. എന്നാല്‍ ഇതിനു കാരണക്കാരനായ സാജന്‍ പീറ്റര്‍ ഇപ്പോഴും വനംവകുപ്പിന്റെ തലപ്പത്ത് ഇരിക്കുന്നു എന്നതാണ് ഏറെ വിചിത്രം.



വിജിലന്‍സ്  റിപ്പോര്‍ട്ട്‌
ചെറുനെല്ലി എസ്റ്റേറ്റ്‌ സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ തോറ്റത് വിവാദമായപ്പോള്‍ വനംമന്ത്രി ഗണേഷ് കുമാര്‍ ഇടപെട്ടു  വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന്  ഉത്തരമേഖലാ വനം വിജിലന്‍സ് കണ്‍സര്‍വേറ്റര്‍ ഇ.പ്രദീപ്‌ കുമാര്‍ അന്വേഷണം നടത്തുകയും ഡിസംബര്‍ 23 ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതനുസരിച്ച് നെന്മാറ ഡി.എഫ്.ഓ യെ സസ്പെന്ഡ് ചെയ്യുകയും വനംവകുപ്പ് ഗവ: പ്ളീഡര്‍ രാജിവെക്കുകയും ചെയ്തിരുന്നു. കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാതെ തോട്ടം ഏറ്റെടുത്തതാണ് കേസ് തോല്‍ക്കാന്‍ കാരണമായത്‌ എന്നാണു അന്വേഷണ റിപ്പോര്‍ട്ടിലെ ഒന്നാമത്തെ നിഗമനം. ഈ വീഴ്ച പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ സാജന്‍ പീറ്ററുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലമുണ്ടായില്ല എന്ന് രാജിക്കത്തില്‍ ഗവ.പ്ളീഡര്‍ അഡ്വ.രവി സര്‍ക്കാരിനെ അറിയിച്ചിരുന്നു. അന്ന് തന്നെ സാജന്‍ പീറ്റരുടെ ഇടപെടല്‍ വിവാദമായതാണ്. എന്നാല്‍ ഏറ്റെടുക്കല്‍ അട്ടിമറിച്ചത് വനംവകുപ്പിന്റെ തലപ്പത്ത് ഉള്ള ഉദ്യോഗസ്ഥനാകയാല്‍ വിജിലന്‍സ് അന്വേഷണത്തില്‍ സാജന്‍ പീറ്ററുടെ പങ്കു അന്വേഷിക്കപ്പെട്ടിട്ടില്ല. "ലീസ് റദ്ദു ചെയ്യുമ്പോള്‍ ആവശ്യമായ നോട്ടീസ് നല്‍കാന്‍ ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും അത്തരത്തിലുള്ള നടപടി സര്‍ക്കാരില്‍ നിന്നും ഉണ്ടായിട്ടില്ല എന്ന കാര്യം പരിഗണിക്കപ്പെടെണ്ടതാണ്" എന്ന് ഇ.പ്രദീപ്‌കുമാറിന്റെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും  അതില്‍ തുടരന്വേഷണം ഉണ്ടാകുകയോ യഥാര്‍ത്ഥ പ്രതി നിയമത്തിനു മുന്‍പില്‍ വരികയോ ചെയ്തിട്ടില്ല. വിജിലന്‍സ് കണ്‍സര്‍വെറ്റര്‍ നിര്‍ത്തിയിടത്തു നിന്നും വിവരാവകാശ നിയമം ഉപയോഗിച്ച് ഞാന്‍ അന്വേഷണം നടത്തിയപ്പോള്‍ ആണ് ഉന്നത ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ പുറത്തുവരുന്നത്‌.  ഈ രേഖകള്‍ പുറത്തുവരുന്നതോടെ സാജന്‍ പീറ്റര്‍ നെല്ലിയാമ്പതിയിലെ തോട്ടം ലോബിക്ക് സഹായകരമായ വിധത്തില്‍ നടത്തിയ നീക്കങ്ങള്‍ മറനീക്കി പുറത്തു വരികയാണ്.


പാട്ടക്കരാര്‍ റദ്ദാക്കുന്നതിനുള്ള ശരിയായ നടപടികളെപ്പറ്റിയും അങ്ങനെ ചെയ്യാതിരുന്നലുള്ള ഭവിഷ്യത്തിനെപ്പറ്റിയും കീഴുദ്യോഗസ്ഥര്‍ ധരിപ്പിച്ചിട്ടും മറ്റു കാരണങ്ങള്‍ ഇല്ലാതെ ക്രമവിരുദ്ധമായി ഉത്തരവ് ഇറക്കി സര്‍ക്കാര്‍ കേസുകള്‍ തോല്‍പ്പിക്കാന്‍ കാരണമായത് വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെയാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. ഇതേ കുറ്റത്തില്‍ കൂട്ടുപ്രതികളായ  നെന്മാറ ഡി.എഫ്.ഒ യും വനം സ്പെഷ്യല്‍ ഗവ.പ്ളീഡറും സര്‍വീസില്‍ നിന്നും പുറത്തു പോയിട്ടും നടപടി നേരിടാതെ തലപ്പത്ത് വിലസുകയാണ് ഈ തെറ്റിന് കാരണക്കാരനായ സാജന്‍ പീറ്റര്‍‍ . വിവരാവകാശ നിയമപ്രകാരം ലഭിച്ച ഈ രേഖകള്‍ പുറത്തു വരുന്നതോടെ വനംവകുപ്പും സര്‍ക്കാരും വെട്ടിലായിരിക്കുകയാണ്.