Monday, August 22, 2011

ലിസ് കേസ് അട്ടിമറി: ജഡ്ജിക്കെതിരായി സാക്ഷിയുടെ പരാതി


LIS Case subotage




ലിസ് തട്ടിപ്പ് കേസില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്.

ലിസ് കേസിന്റെ വിചാരണ നടക്കുന്ന എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ ജഡ്ജിക്കെതിരായി കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയുടെ പരാതി. കേസ് അട്ടിമറിക്കുന്നുവെന്ന തന്റെ മൊഴി രേഖപ്പെടുത്താതെ അപമാനിച്ചു വിട്ടു എന്നാണ് സാക്ഷിയുടെ പരാതി. ലിസ് കേസ് വിചാരണ അട്ടിമറിക്കുന്നതിനായി പ്രതിഭാഗം തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നതായും പ്രോസിക്യൂഷന്‍ സാക്ഷി പറഞ്ഞു.
കോടതിയില്‍ മൊഴി കൊടുക്കുന്നതിനു മുമ്പ് ലിസിന്റെ വക്കീലായ അഡ്വ. എം.കെ ദാമോദരന്റെ ആളുകള്‍ എന്ന പേരില്‍ രണ്ടുപേര്‍ തന്നെ വന്നു കണ്ടിരുന്നു. അവര്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും പ്രസ്തുത സാക്ഷി വിചാരണവേളയില്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ പറയുന്നത് എന്താണെന്ന് കേള്‍ക്കുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്യാതെ ജഡ്ജി തന്നെ അപമാനിച്ചു ഇറക്കിവിട്ടു എന്നാണ് ജഡ്ജിക്കെതിരായ പരാതിയില്‍ സാക്ഷി പറയുന്നത്. പ്രോസിക്യൂഷന്‍ സാക്ഷിയാണ് വിചാരണക്കോടതി ജഡ്ജി ബി.വിജയനെതിരെ ഗുരുതരമായ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
‘ലിസില്‍ ഞാന്‍ ഡെപ്പോസിറ്റ് ചെയ്ത പണം തിരിച്ചു തരാതെ ചതി ചെയ്‌തെന്നു പറഞ്ഞപ്പോള്‍ മജിസ്‌ട്രേറ്റ് അത് രേഖപ്പെടുത്താതെ ‘പ്രായമായ ആളായതുകൊണ്ടാണ്, അല്ലെങ്കില്‍…’ എന്ന് പറഞ്ഞു ഇറങ്ങിപ്പോവാന്‍ ആംഗ്യം കാട്ടി’യെന്നാണ് സാക്ഷി തന്റെ പരാതിയില്‍ പറയുന്നത്. ജഡ്ജിക്കെതിരായ പരാതി മേല്‍നടപടിക്കായി ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തിന് അയച്ചിട്ടുണ്ട്. പ്രതികള്‍ പണക്കാരും ഉന്നത സ്വാധീനമുള്ളവരും ആണെന്നും അതിനാല്‍ തന്റെ പേര് വെളിപ്പെടുത്താന്‍ ധൈര്യമില്ലെന്നുമാണ് സാക്ഷി ‘ഡൂള്‍ ന്യൂസി’നോട് പറഞ്ഞത്.
സാക്ഷിയെ സ്വാധീനിച്ചു കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭകേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുത്തിട്ടുള്ളത് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിനാണ്. ലിസ് കേസില്‍ പ്രതിഭാഗം വക്കീലായ അഡ്വ.എം.കെ ദാമോദരന്റെ നേതൃത്വത്തിലാണ് കേസ് അട്ടിമറിക്കപ്പെടുന്നത് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭകേസ് അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടിയെ സഹായിച്ചുവെന്ന ആരോപണം നേരിട്ട വ്യക്തിയാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് അഡ്വക്കറ്റ് ജനറലായ അഡ്വ.എം.കെ ദാമോദരന്‍.
പ്രതിഭാഗം തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ജഡ്ജിയോട് പരാതിപ്പെട്ട സാക്ഷിയുടെ മൊഴി രേഖപ്പെടുത്തുകയോ അതില്‍ നടപടിയെടുക്കുകയോ ചെയ്യാതെ കോടതിമുറിയില്‍ സാക്ഷിയെ അപമാനിച്ചു എന്ന ജഡ്ജിക്കെതിരായ പരാതി ഏറെ ഗൗരവമുള്ളതാണ്. ലിസ് തട്ടിപ്പ് കേസ് അട്ടിമറിക്കപ്പെടുന്നത് ജഡ്ജിയുടെ അറിവോടെയാണ് എന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ പരാതി.

LIS Case affidavit and LIS Witness statement against Judge

എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ബി.വിജയനെതിരെ ഇതിന് മുമ്പും ഹൈക്കോടതിക്ക് ചില പരാതികള്‍ ലഭിച്ചിരുന്നതായും വിജിലന്‍സ് വിഭാഗം അദ്ദേഹത്തിനെതിരായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയതായും വിവരമുണ്ട്. ജില്ലാ ജഡ്ജിയായി പ്രമോഷന്‍ ലഭിക്കേണ്ടവരുടെ ലിസ്റ്റില്‍ നിന്നും പലവിധ കാരണങ്ങളാല്‍ ബി.വിജയനെ ഹൈക്കോടതി ഇടപെടു നീക്കം ചെയ്തതായും സൂചനയുണ്ട്. ഗുരുതരമായ ഈ പരാതിയും ഉയരുന്നതോടെ ഈ കേസില്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത തന്നേ ചോദ്യം ചെയ്യപ്പെടുകയാണ്.

ലിസ് കേസില്‍ പ്രതിഭാഗത്തിന് അനുകൂലമായ ജഡ്ജിയുടെ ഇടപെടല്‍ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ വരുംദിവസങ്ങളില്‍  പുറത്തുവിടും.

Thursday, August 11, 2011

എന്‍ഡോസള്‍ഫാന് അനുകൂലമായി കേരളവും !!!

എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതിന് തെളിവില്ലെന്ന് കേരള സര്‍ക്കാറും കേന്ദ്രത്തെ അറിയിച്ചതായി തെളിവുകള്‍ പുറത്ത് വന്നു. കാസര്‍കോഡ് ജില്ലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സംസ്ഥാന കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കേന്ദ്രകൃഷിമന്ത്രാലയത്തെ അറിയിച്ചത്. ജൂണ്‍ മൂന്നിന് നടന്ന യോഗത്തിന്റെ മിനുട്‌സ് ഡൂള്‍ന്യൂസിന് ലഭിച്ചു.
സുപ്രീം കോടതിയുടെ നിര്‍ദേശത്തെതുടര്‍ന്ന എന്‍ഡോസള്‍ഫാനെതിരെയുളള ബദല്‍ നിര്‍ദേശിക്കാനായി കേന്ദ്ര കാര്‍ഷിക കമ്മീഷണര്‍ ഡോക്ടര്‍ ഗുരു ഭജന്‍ സിങ്ങാണ് ജൂണ്‍ മൂന്നിന് ദല്‍ഹിയില്‍ യോഗം വിളിച്ചു ചേര്‍ത്തത്. ഈ യോഗത്തിലാണ് കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്‍ഡോസള്‍ഫാന് അനുകൂലമായ വിവരം നല്‍കിയത്. കാര്‍ഷിക അഡീഷണര്‍ ഡയറക്ടര്‍ വി പുഷ്പാംഗദന്‍, കാര്‍ഷിക സര്‍വ്വകലാശാലയിലെ നസീമാ ബീവി, ഹോള്‍ട്ടി കള്‍ച്ചറല്‍ ഡിവിഷനിലെ പ്രതാപന്‍ എന്നീ ഉദ്യോഗസ്ഥരാണ് കേരളത്തെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് അധികം വൈകാതെയാണ് എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ നയം മാറ്റുന്നത്. കേരളത്തില്‍ ആകാശമാര്‍ഗ്ഗം 20 വര്‍ഷം എന്‍ഡോസള്‍ഫാന്‍ തളിച്ചെന്നും 2001ല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കൃഷി വകുപ്പ് ചില പഠനങ്ങള്‍ നടത്തിയതായും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. എന്നാല്‍ ഒരു പഠനത്തിലും എന്‍ഡോസള്‍ഫാനാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയത് എന്ന് തെളിയിക്കാനായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജിന്റെതടക്കം നിരവധി പഠനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി തെളിയിച്ചിട്ടും കോടിക്കണക്കിന് രൂപ സംസ്ഥാന സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസത്തിന് ചിലവഴിക്കുകയും ചെയ്യുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തിലൊരു വിവരം കേന്ദ്രത്തെ അറിയിച്ചത്.
ഏപ്രില്‍ 22ന് കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീറും അന്നത്തെ ആരോഗ്യമന്ത്രി പി കെ ശ്രീമതിയും അടക്കമുള്ള സര്‍വ്വകക്ഷി സംഘം കേരളത്തിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാനാണെന്ന് തെളിയിക്കുന്ന ശാസ്ത്രീയ പഠനങ്ങള്‍ അടക്കമുള്ള രേഖകളുമായി പ്രധാനമന്ത്രിയെ കണ്ടിരുന്നു. അതുകഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോഴാണ് കാസര്‍കോട്ടെ ദുരിതത്തിന് കാരണം എന്‍ഡോസള്‍ഫാനല്ലെന്ന്, സംസ്ഥാനത്തെ വഞ്ചിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.
കേരളത്തില്‍ നിന്നുള്ള ഏലത്തിന് ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ അംശം കണ്ടെത്തുന്നുണ്ടെന്ന് കാര്‍ഷിക സര്‍വ്വകാശാലയെ പ്രതിനിധീകരിച്ച നഫീസബീവി കേന്ദ്രത്തെ അറിയിച്ചതായും രേഖകള്‍ പറയുന്നു. കേരളത്തിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ വ്യാജവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ഡി.വൈ.എഫ്.ഐ ഹരജിയിന്മേല്‍ കേന്ദ്രഗവണ്‍മെന്റ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നതും ശ്രദ്ധേയമാണ്.