Thursday, August 11, 2011

എന്‍ഡോസള്‍ഫാന് അനുകൂലമായി കേരളവും !!!

എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതിന് തെളിവില്ലെന്ന് കേരള സര്‍ക്കാറും കേന്ദ്രത്തെ അറിയിച്ചതായി തെളിവുകള്‍ പുറത്ത് വന്നു. കാസര്‍കോഡ് ജില്ലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സംസ്ഥാന കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കേന്ദ്രകൃഷിമന്ത്രാലയത്തെ അറിയിച്ചത്. ജൂണ്‍ മൂന്നിന് നടന്ന യോഗത്തിന്റെ മിനുട്‌സ് ഡൂള്‍ന്യൂസിന് ലഭിച്ചു.
സുപ്രീം കോടതിയുടെ നിര്‍ദേശത്തെതുടര്‍ന്ന എന്‍ഡോസള്‍ഫാനെതിരെയുളള ബദല്‍ നിര്‍ദേശിക്കാനായി കേന്ദ്ര കാര്‍ഷിക കമ്മീഷണര്‍ ഡോക്ടര്‍ ഗുരു ഭജന്‍ സിങ്ങാണ് ജൂണ്‍ മൂന്നിന് ദല്‍ഹിയില്‍ യോഗം വിളിച്ചു ചേര്‍ത്തത്. ഈ യോഗത്തിലാണ് കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്‍ഡോസള്‍ഫാന് അനുകൂലമായ വിവരം നല്‍കിയത്. കാര്‍ഷിക അഡീഷണര്‍ ഡയറക്ടര്‍ വി പുഷ്പാംഗദന്‍, കാര്‍ഷിക സര്‍വ്വകലാശാലയിലെ നസീമാ ബീവി, ഹോള്‍ട്ടി കള്‍ച്ചറല്‍ ഡിവിഷനിലെ പ്രതാപന്‍ എന്നീ ഉദ്യോഗസ്ഥരാണ് കേരളത്തെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് അധികം വൈകാതെയാണ് എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ നയം മാറ്റുന്നത്. കേരളത്തില്‍ ആകാശമാര്‍ഗ്ഗം 20 വര്‍ഷം എന്‍ഡോസള്‍ഫാന്‍ തളിച്ചെന്നും 2001ല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കൃഷി വകുപ്പ് ചില പഠനങ്ങള്‍ നടത്തിയതായും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. എന്നാല്‍ ഒരു പഠനത്തിലും എന്‍ഡോസള്‍ഫാനാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയത് എന്ന് തെളിയിക്കാനായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജിന്റെതടക്കം നിരവധി പഠനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി തെളിയിച്ചിട്ടും കോടിക്കണക്കിന് രൂപ സംസ്ഥാന സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസത്തിന് ചിലവഴിക്കുകയും ചെയ്യുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തിലൊരു വിവരം കേന്ദ്രത്തെ അറിയിച്ചത്.
ഏപ്രില്‍ 22ന് കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീറും അന്നത്തെ ആരോഗ്യമന്ത്രി പി കെ ശ്രീമതിയും അടക്കമുള്ള സര്‍വ്വകക്ഷി സംഘം കേരളത്തിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാനാണെന്ന് തെളിയിക്കുന്ന ശാസ്ത്രീയ പഠനങ്ങള്‍ അടക്കമുള്ള രേഖകളുമായി പ്രധാനമന്ത്രിയെ കണ്ടിരുന്നു. അതുകഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോഴാണ് കാസര്‍കോട്ടെ ദുരിതത്തിന് കാരണം എന്‍ഡോസള്‍ഫാനല്ലെന്ന്, സംസ്ഥാനത്തെ വഞ്ചിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.
കേരളത്തില്‍ നിന്നുള്ള ഏലത്തിന് ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ അംശം കണ്ടെത്തുന്നുണ്ടെന്ന് കാര്‍ഷിക സര്‍വ്വകാശാലയെ പ്രതിനിധീകരിച്ച നഫീസബീവി കേന്ദ്രത്തെ അറിയിച്ചതായും രേഖകള്‍ പറയുന്നു. കേരളത്തിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ വ്യാജവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ഡി.വൈ.എഫ്.ഐ ഹരജിയിന്മേല്‍ കേന്ദ്രഗവണ്‍മെന്റ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നതും ശ്രദ്ധേയമാണ്.


No comments: