Wednesday, July 6, 2011

ലിസ്: കോടികളുടെ തട്ടിപ്പ് കേസ് അട്ടിമറിക്കപ്പെടുന്നു !!


lis-story-bar
ആയിരക്കണക്കിന് നിക്ഷേപകരെ വഞ്ചിച്ചു ആയിരം കോടിയിലധികം രൂപ തട്ടിയ എറണാകുളത്തെ ‘ലിസ്’ എന്ന പണമിടപാട് സ്ഥാപനത്തിനെതിരായ കേസ് കോടതിയില്‍ അട്ടിമറിക്കപ്പെടുന്നു. സര്‍ക്കാര്‍ ലോട്ടറിയിലൂടെ നിക്ഷേപങ്ങള്‍ ഇരട്ടിയാക്കി നല്‍കാമെന്നു വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ സ്ഥാപനത്തിനെതിരായ വഞ്ചനാ കേസാണ് വാദം നടക്കുന്നതിനിടെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അട്ടിമറിക്കപ്പെടുന്നത്.
ലിസ് വഞ്ചിച്ചതായി നേരത്തെ പരാതിപ്പെട്ട സാക്ഷികളെ ഭീഷണിപ്പെടുത്തി കൂറുമാറ്റിയും കോടതിയെത്തന്നെ സ്വാധീനിച്ചുമാണ് കേസ് അട്ടിമറിക്കപ്പെടുന്നത്. കേസിന്റെ വഴിയിലൂടനീളം അട്ടിമറിശ്രമങ്ങള്‍ നടന്നുവരികയാണ്. കേസന്വേഷണത്തില്‍ പ്രധാന സാക്ഷികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടില്ല. പ്രധാന രേഖകള്‍ളൊന്നും ഹാജരാക്കാതെയാണ് കേസ് കോടതിയില്‍ വാദത്തിനെത്തിയത്.
IPC സെക്ഷന്‍ 420 പ്രകാരമുള്ള വഞ്ചനാ കേസിന്റെ കുറ്റപത്രത്തില്‍ വഞ്ചന എന്നൊരു വാക്ക് പോലുമില്ല !!. തട്ടിപ്പിന് ഇരയായ നൂറിലേറെ പേര്‍ സാക്ഷികളായുള്ള കേസിന്റെ കുറ്റപത്രത്തില്‍ എവിടെയും ഒരാള്‍ പോലും ലിസ് വഞ്ചിച്ചിട്ടുണ്ടെന്ന് മൊഴി നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയിട്ടില്ല. റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല.
കേസിലെ ഒന്നാം സാക്ഷിയായ സെന്‍ കുമാര്‍ IPS നെ ചോദ്യം ചെയ്യുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നത് ഏറെ ആശ്ചര്യകരമാണ്. കേസില്‍ പ്രധാന സാക്ഷിയാകേണ്ട ലോട്ടറി ഡയറക്ടര്‍ കേസില്‍ കക്ഷിയേ അല്ലെന്നത് കേസ് അട്ടിമറിക്കപ്പെടാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഉദാഹരണമാണ്.
കേസിന്റെ വിജയത്തിനായി ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും രേഖകളോ സാക്ഷികളോ ഹാജരാക്കാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകള്‍ ഏറെ വെച്ചാണ് കേസ് കോടതിയില്‍ എത്തിയിരിക്കുന്നത്.



സാക്ഷികളെ സ്വാധീനിക്കുന്നു, കോടതിയെയും.
-------------------------------------------------------------------
കേസില്‍ നിലവിലുള്ള സാക്ഷികളെ തന്നെ തങ്ങളുടെ വരുതിയിലാക്കാന്‍ പ്രതിഭാഗം കൊണ്ട് പിടിച്ച ശ്രമമാണ് നടത്തുന്നത്. സാക്ഷികളെ ഭീഷണിപ്പെടുത്തിയും പണം കൊടുത്തു വശത്താക്കി മൊഴി തിരുത്തിക്കുന്ന സ്ഥിതിയാണുള്ളത്. ലിസ് ദീപസ്തംഭം സ്ഥാപനത്തിന്റെ ഉടമയായ ചാക്കോയും ഭാര്യയും മക്കളും പ്രതിയായ കേസ് അട്ടിമറിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ അഭിഭാഷകരും നടത്തുന്ന ഒത്തുകളി പിടികൂടാനോ ആവശ്യമായ നടപടിയെടുക്കാനോ പുതുതായി വന്ന സര്‍ക്കാറിനും വേണ്ടത്ര താല്‍പര്യമില്ല.
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 672/06 കേസിന്റെ വാദം എറണാകുളം CJM കോടതിയില്‍ ഇപ്പോള്‍ നടക്കുകയാണ്. കേസിലെ ഒന്നാം സാക്ഷിയായ ADGP സെന്‍ കുമാറിനെ വിസ്തരിച്ചാല്‍ പ്രതികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്. പ്രതിഭാഗം വക്കീലിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നു ഒന്നാം സാക്ഷിയെ ഇപ്പോള്‍ 126 ാമത്തെ സാക്ഷിയായി വിസ്തരിക്കാന്‍ ആണ് കോടതി തീരുമാനിച്ചിരിക്കുന്നത്. ഇതിനായി മുടന്തന്‍ ന്യായങ്ങളാണ് ജഡ്ജി പറയുന്നത്. സെന്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനാണെന്നാണ് കോടതിയുടെ ന്യായം. എന്നാല്‍ സെന്‍കുമാര്‍ ഈ കേസിലെ പരാതിക്കാരന്‍ മാത്രമായിരുന്നു. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും സെന്‍കുമാര്‍ ഇടപെട്ടിരുന്നില്ല. സെന്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനല്ലെന്ന് കേസ് ഡയറിയില്‍ വ്യക്തമാണ്.

No comments: