Wednesday, September 21, 2011

ന്യൂസ്‌നൈറ്റിലെ സ്മാര്‍ത്തവിചാരം

                         ന്യൂസ് ചാനലുകളുടെ പ്രധാന വിഭവമാണ് അന്തിചര്‍ച്ച. അന്നന്നുള്ള പ്രധാന വിഷയങ്ങളെ മുന്‍നിര്‍ത്തി ഓരോ ന്യൂസ് ചാനലിലും രാത്രിസമയം ചര്‍ച്ചകള്‍ നടക്കാറുണ്ട്. മലയാള ദൃശ്യമാധ്യമ ചരിത്രത്തില്‍ ആദ്യമായി ഇത്തരം വാര്‍ത്താ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് ഇന്ത്യാവിഷനാണ്. രാത്രി 9 മണിയുടെ ‘ന്യൂസ് നൈറ്റ്’ എന്ന വാര്‍ത്താസംവാദ പരിപാടിയാണ് അതിനാരംഭം കുറിച്ചത്. ഓരോ ദിവസവും വരുന്ന പ്രധാന വാര്‍ത്തകളുമായി ബന്ധപ്പെട്ടു കൂടുതല്‍ അറിയാനും, അതിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് ‘ന്യൂസ് നൈറ്റ്’ തുടക്കത്തില്‍ ശ്രദ്ധിച്ചതെങ്കില്‍ പോകെപ്പോകെ അതൊരു ജനാധിപത്യ വിചാരണാ ഇടമായി വളര്‍ന്നു. അന്നന്ന് പുറത്തുവരുന്ന സ്‌തോഭജനകമായ വാര്‍ത്തകളെ എതിര്‍ത്തും അനുകൂലിച്ചും വാദമുഖത്തില്‍ നിരത്തി ചൂടേറിയ സംവാദങ്ങള്‍ ‘ന്യൂസ് നൈറ്റി’നെ ജനപ്രിയമാക്കി. വിവാദ വിഷയങ്ങളില്‍ പ്രമുഖരെ വിളിച്ചു വരുത്തി പ്രേക്ഷകസമക്ഷം വിചാരണ ചെയ്യാന്‍ ചാനല്‍ അവതാരകരും മുതിര്‍ന്നതോടെ പല കേസുകളിലും പ്രതികള്‍ക്ക് കോടതിയെക്കാള്‍ വലിയ തലവേദനയായി മാറി ‘ന്യൂസ് നൈറ്റ്’ പോലുള്ള ചര്‍ച്ചാവേദികള്‍. കോടതികളുടെ പരിഗണനയില്‍ ഇരിക്കുന്ന പല കേസുകളിലും പരമാവധി അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പിങ് പോംങ് വ്യവഹാരങ്ങളുടെ, വാദങ്ങളുടെ മാത്രം ബലത്തില്‍ ‘ന്യൂസ് നൈറ്റി’ല്‍ വിധി കല്‍പ്പിക്കുന്ന സ്ഥിതിയുണ്ടായി. ഓരോ ചര്‍ച്ചയും മോഡറേറ്റ് ചെയ്യുന്ന വാര്‍ത്താവതാരകന് അവിടെ ന്യായാധിപന്റെ റോള്‍ കല്‍പ്പിച്ചു കിട്ടി. ചര്‍ച്ചയ്‌ക്കൊടുവില്‍ അവതാരക/ന്‍ പ്രതിഫലിപ്പിക്കുന്ന കമന്റ് ജനമനസുകളില്‍ ആ വിഷയം സംബന്ധിച്ച അഭിപ്രായ രൂപീകരണത്തിന് വഴിവെച്ചുപോന്നു.
                      രാഷ്ട്രീയ നേതാക്കളെ ചോദ്യശരങ്ങളാല്‍ ‘പൊരിക്കുന്ന’ അവതാരകര്‍ പലരും ജനപ്രിയരായി മാറി. തങ്ങള്‍ക്കു ചെയ്യാന്‍ കഴിയാത്തത് മറ്റൊരാള്‍ ചെയ്യുന്നത് കാണുമ്പോള്‍ കയ്യടിക്കുന്ന ‘സുരേഷ് ഗോപി സിനിമാ ഇഫക്ടാ’ണ് പ്രേക്ഷകരെ ഇതിലേക്ക് നയിക്കുന്നത്. ആ ജനപ്രിയത നിലനിര്‍ത്താന്‍ വേണ്ടിയെങ്കിലും ചിലര്‍ ചാനല്‍ ചര്‍ച്ചകളില്‍ ചോദ്യ മുനകളുടെ മൂര്‍ച്ച കൂട്ടിക്കൊണ്ടേയിരുന്നു. പക്ഷം പിടിക്കാതെയുള്ള അവതാരകരുടെ ചോദ്യങ്ങളാണ് ചര്‍ച്ചകളെ നിഷ്പക്ഷമായി മുന്നോട്ടു നയിച്ചുകൊണ്ടിരുന്നത്. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ പോലുള്ള ജനകീയ പ്രശ്‌നങ്ങളില്‍ ജനപക്ഷത്തു നിന്നുകൊണ്ട് ചോദ്യശരങ്ങള്‍ തൊടുക്കുന്നത്‌വഴി ആക്ടിവിസ്ടിന്റെ റോളില്‍ പോലും വാര്‍ത്താവതാരകര്‍ വന്നു. അതായത് ചര്‍ച്ചകളില്‍ പക്ഷം പിടിച്ചാല്‍പ്പോലും ജനപക്ഷത്തു നില്‍ക്കണമെന്നും, വിചാരണകളില്‍ ന്യായാധിപര്‍ പാലിക്കേണ്ട നിഷ്പക്ഷത ചര്‍ച്ചകളില്‍ ചാനല്‍ അവതാരകരും പാലിക്കണമെന്നതും സാമാന്യമര്യാദയുടെ ഭാഗമാണ്.
ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുകയോ വിഷയത്തിനു പുറത്തുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചു വിഷയത്തെ ദുര്‍ബലപ്പെടുത്തുകയോ ചെയ്യരുത് എന്നത് മാധ്യമ മര്യാദയുടെ അടിസ്ഥാന പാഠമാണ്. സത്യം കണ്ടെത്താന്‍ പ്രേക്ഷകനെ സഹായിക്കേണ്ട ദൗത്യമാണ് അവതാരകരില്‍ നിക്ഷിപ്തമായ ജോലി. അതിനാണ് അവതാരക/ന്‍ ശ്രമിക്കേണ്ടതും. എന്ന് മാത്രമല്ല, സ്ത്രീപീഢനം പോലുള്ള സെന്‍സിറ്റീവ് വിഷയങ്ങളില്‍ പൊതുസമൂഹം വെച്ചുപുലര്‍ത്തുന്ന വികലമായ പുരുഷാധിപത്യ കാഴ്ചപ്പാടുകളെ പൊളിക്കാനുള്ള സാമൂഹിക കടമയും പുതുതലമുറ മാധ്യമ അവതാരകരില്‍ നിക്ഷിപ്തമാണ്. എന്നാല്‍ എന്താണ് ഇപ്പോള്‍ അന്തിചര്‍ച്ചകളില്‍ നടക്കുന്നത്? എങ്ങനെയാണ് ചര്‍ച്ചകളില്‍ അവതാരകര്‍ പെരുമാറുന്നത്? ശനിയാഴ്ച ഇന്ത്യാവിഷന്‍ നടത്തിയ ന്യൂസ് നൈറ്റ് ചര്‍ച്ചയേ മുന്‍നിര്‍ത്തി ഒരു അന്വേഷണം ആണിവിടെ.

http://www.youtube.com/watch?v=e52DgpywQIs

എസ്.എം.എസ് വിവാദം ന്യൂസ് നൈറ്റില്‍
indiavision newsnight on SMS Controversy


                                       17-09-2011 ശനിയാഴ്ച ഇന്ത്യാവിഷനിലെ ന്യൂസ് നൈറ്റ് ചര്‍ച്ച ന്യൂസ് നൈറ്റിന്റെ ചരിത്രത്തിലെ വഴിത്തിരിവായ ഒരു ചര്‍ച്ചയാണ്. ഒരു മാധ്യമചര്‍ച്ച എത്ര അശ്ലീലമാകാമെന്നും വാര്‍ത്താവതാരകര്‍ തങ്ങളുടെ അധികാരം എങ്ങനെയെല്ലാം ദുരുപയോഗം ചെയ്യാമെന്നും തുടങ്ങി ഒരു ജനാധിപത്യ ഇടത്തെ എങ്ങനെ ഉപയോഗിക്കരുത് എന്നതു വരെ മനസിലാക്കാന്‍ ഉതകുന്ന ഒരു ചര്‍ച്ചയായിരുന്നു വീണ ജോര്‍ജ് നയിച്ച ന്യൂസ് നൈറ്റ് ചര്‍ച്ച. (വീഡിയോ ഇവിടെ കാണാം)
"തൊടുപുഴ സ്വദേശിയായ സുരഭി ദാസിന്റെ മൊബൈല്‍ ഫോണിലേയ്ക്ക് മന്ത്രി പി.ജേ.ജോസഫ് അശ്ലീല എസ്.എം.എസ്സുകള്‍ അയച്ചു എന്ന പരാതിയിന്മേല്‍ കോടതി മന്ത്രിക്കു സമന്‍സ് അയച്ചു" എന്ന വാര്‍ത്തയാണ് ‘ന്യൂസ് നൈറ്റി’ലെ ചര്‍ച്ചയ്ക്കു വഴിവെച്ചത്. സ്ത്രീയുടെ മാന്യത ചോദ്യംചെയ്യുന്ന രീതിയില്‍ പെരുമാറുക, ഐ.ടി ആക്റ്റ് ലംഘിക്കുക എന്നീ കുറ്റങ്ങള്‍ പി.ജേ.ജോസഫ് ചെയ്തു എന്നതാണ് കേസ്. പരാതിക്കാരിയായ സുരഭി ദാസ്, ഭര്‍ത്താവ് ജയ്‌മോന്‍, കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം നേതാവായ ആന്റണി രാജു എന്നിവര്‍ സ്റ്റുഡിയോവില്‍ ഇരുന്നും തൊടുപുഴ ബാറിലെ അഭിഭാഷകനായ അഡ്വ.പ്രിന്‍സും മുന്‍മന്ത്രി ശ്രീ.സുരേന്ദ്രന്‍പിള്ളയും ടെലഫോണ്‍ വഴിയും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്ത്യാവിഷന്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായ വീണ ജോര്‍ജ്ജാണ് ചര്‍ച്ച നയിച്ചത്.
                                                കേസിലെ സാക്ഷികളെ വിസ്തരിക്കുകയും തെളിവുകള്‍ വിഷ്വല്‍ വഴി കാണിക്കുകയും പ്രതിഭാഗത്തെ അണിനിരത്തി വാദപ്രതിവാദങ്ങള്‍ അണിനിരത്തുകയും ചെയ്യുകവഴി ഒരു ബദല്‍ വിചാരണ തന്നെയായിരുന്നു ‘ന്യൂസ് നൈറ്റ്’ നടത്തിയത്. എന്നാല്‍ വാദത്തില്‍ നിഷ്പക്ഷത പുലര്‍ത്തേണ്ട അവതാരക ആദ്യാവസാനം പരസ്യമായി പക്ഷം പിടിക്കുകവഴി ആ ചര്‍ച്ചയുടെ വിശ്വാസ്യത തന്നേ അട്ടിമറിച്ചു. കേസിന്റെ പിന്നിലെ വസ്തുതകള്‍ പരിശോധിക്കുന്നതിന് പകരം പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും സ്വകാര്യ ജീവിതത്തിലെ ഏടുകള്‍ എടുത്തലക്കി ചോദ്യം ചെയ്യുക വഴി അവരെ പരസ്യമായി അവമതിക്കുന്ന, അപമാനിക്കുന്ന നിലപാടാണ് അവതാരക ചര്‍ച്ചയില്‍ ഉടനീളം സ്വീകരിച്ചത്.

indiavision newsnight on SMS Controversy എസ്.എം.എസ് വിവാദം ന്യൂസ് നൈറ്റില്‍

പ്രതിഭാഗത്തെ പ്രതിനിധീകരിച്ച ആന്റണിരാജു വളരെ മോശം വാക്കുകള്‍ ഉപയോഗിച്ച് പരാതിക്കാരിയെ അപമാനിക്കുന്ന കാഴ്ചയും പ്രേക്ഷകര്‍ കണ്ടു. ചാനല്‍ വിളിച്ചു വരുത്തിയ പരാതിക്കാരിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തുമ്പോഴും വ്യക്തിഹത്യ നടത്തുമ്പോഴും അവതാരക ഒരക്ഷരം ഉരിയടുകയോ ഇടപെടുകയോ ചെയ്യാതെ പ്രതിഭാഗത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഒരു സ്ത്രീയുടെ മാന്യത ചോദ്യം ചെയ്തുവെന്ന കേസിന്റെ മേല്‍ നടന്ന ചര്‍ച്ചയില്‍ അതേ പരാതിക്കാരുടെ മാന്യത പലവട്ടം വലിച്ചുകീറുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത് !! വിചാരണയുടെ പേരില്‍ !! അതും സ്ത്രീപീഡന കേസിലെ ഇരകളുടെ പക്ഷത്ത് നിലപാടെടുത്ത് പ്രശസ്തമായ ഒരു ചാനലിന്റെ വേദിയില്‍ !!
                                 അവതാരക വീണയുടെ ചോദ്യങ്ങള്‍ തുടങ്ങുന്നത് തന്നേ പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും സ്വകാര്യ ജീവിതത്തില്‍ നിന്നാണ്. ‘എവിടെ വെച്ചാണ് നിങ്ങളെ താലി കെട്ടിയത്’ ‘എത്ര കാലമായി നിങ്ങള്‍ പരിചയമായിട്ട്’ എന്ന് തുടങ്ങി പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും തികച്ചും സ്വകാര്യ ജീവിതത്തില്‍ കടന്നു കയറി ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതില്‍ ഇടയ്ക്കിടെ ഇടപെട്ടു അധികാരത്തിന്റെ സ്വരമാണ് അവതാരക പുറപ്പെടുവിക്കുന്നത്. എന്നാല്‍, പിന്നാലെ ആന്റണി രാജുവിനോട് സംസാരിക്കുമ്പോള്‍ തികഞ്ഞ മര്യാദയുടെ സ്വരമാണ് അവതാരക പുറപ്പെടുവിക്കുന്നത്.
                                                     ‘വിമാനയാത്രാ വിവാദത്തിനു ശേഷം സമാനമെന്നു പറയാവുന്ന സ്വഭാവമുള്ള ഒരു കേസ് ഉണ്ടായിരിക്കുകയാണ്. ആവര്‍ത്തിക്കപ്പെടുന്ന ആരോപണങ്ങള്‍ ഉണ്ടാവുമ്പോള്‍ ഒരു ചോദ്യം ഉയരുന്നുണ്ട്, ഇതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടാവുന്നുണ്ടോ എന്നുള്ളത്. എന്താണ് പാര്‍ട്ടിക്ക് പറയാനുള്ളത്’ എന്നതാണ് വീണയുടെ മര്യാദയുള്ള ചോദ്യം. പ്രതിഭാഗത്തിന് പറയാനുള്ളത് പറയാനുള്ള മാന്യമായ അവസരം. (എന്നാല്‍ വാദിഭാഗത്തിന് അത്തരം അവസരം ലഭിക്കുന്നുമില്ല). പ്രതിഭാഗത്തെ മുറിപ്പെടുത്തുന്ന, വസ്തുതകളിലേക്ക് നീളുന്ന ഒരൊറ്റ ചോദ്യം പോലും വീണയില്‍നിന്നും ഉയരുന്നില്ല. ആന്റണി രാജു സംസാരിക്കുമ്പോള്‍ പരാതിക്കാരിക്കെതിരെ നിന്ദ്യവും പ്രകോപനപരവുമായ പല പരാമര്‍ശവും ഉണ്ടാവുമ്പോഴും അവതാരക എല്ലാം കേട്ടിരിക്കുന്നു. തലകുലുക്കുന്നു.!!

indiavision newsnight on SMS Controversy എസ്.എം.എസ് വിവാദം ന്യൂസ് നൈറ്റില്‍

തുടര്‍ന്നു ജോസഫിന്റെ രാഷ്ട്രീയ എതിരാളിയായ വി.സുരേന്ദ്രന്‍ പിള്ളയോട് അവതാരക ചോദിക്കുന്ന ചോദ്യവും കൗതുകകരമാണ്. ‘ഈ കേസ് സത്യസന്ധമാണെന്നു അഭിപ്രായമുണ്ടോ?’ എന്നതാണ് ആദ്യ ചോദ്യം. ‘ഈ കേസ് വിചിത്രമാണ്, എന്നാല്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ഒരു കോടതി കണ്ടെത്തിയ സ്ഥിതിക്ക് അത് നിസ്സാരമല്ല’ എന്ന മട്ടില്‍ പ്രതികരിച്ച സുരേന്ദ്രന്‍ പിള്ളയോട് വീണയുടെ അടുത്ത ചോദ്യം ‘കുറ്റക്കാരനാണെന്ന് തെളിയും വരെ ജോസഫ് രാജിവെക്കണം എന്ന് പറയുന്നതില്‍ സാംഗത്യമുണ്ടോ?’ എന്നാണ്. അതിനു യുക്തിസഹമായ മറുപടി പറയുന്ന സുരേന്ദ്രന്‍ പിള്ളയുടെ സംസാരത്തില്‍ ഇടപെട്ടു അത് അവസാനിപ്പിക്കുന്നു അവതാരക. ഇതിലെല്ലാം ജോസഫിനെ ന്യായീകരിക്കാനുള്ള അവതാരകയുടെ താല്‍പ്പര്യം നമുക്ക് ദര്‍ശിക്കാം.
പിന്നീട് ജോസഫിനെതിരെ മൊഴി കൊടുത്ത സാക്ഷിയായ ജയ്‌മോനോട് വിചിത്രമായ ചോദ്യങ്ങളാണ് അവതാരക ചോദിക്കുന്നത്. ജയ്‌മോന്‍ മറുപടി പറയുമ്പോള്‍ ഓരോ വാക്യത്തിലും ഇടപെട്ടു മറുചോദ്യം ചോദിച്ചു അവതാരക മുന്നേറുന്നുണ്ട്. ഇതിനിടയില്‍ യുക്തിസഹമല്ലാത്ത ചോദ്യങ്ങളിലൂടെ അവതാരക സ്വയം പരിഹാസ്യമാവുന്നുണ്ട്. ‘ജയ്‌മോന്‍ താങ്കള്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളാണല്ലോ, മജിസ്‌ട്രേട്ടിന്റെ മുന്നില്‍ ഒരാളെ കൊണ്ടുവന്നു വക്കാലത്ത് ഒപ്പിടീക്കുകയാണോ ഒരു വക്കീല്‍ ചെയ്യുക?’ എന്നാണ് വീണയുടെ ഒരു ചോദ്യം. മാധ്യമ പ്രവര്‍ത്തകനാണെങ്കില്‍ ഇത്തരം നിയമകാര്യങ്ങള്‍ അറിയണമത്രേ !!

indiavision newsnight on SMS Controversy എസ്.എം.എസ് വിവാദം ന്യൂസ് നൈറ്റില്‍

                                                 ശരീരഭാഷ കൊണ്ടു ആദ്യാവസാനം അവതാരക തന്റെ പക്ഷപാതിത്വം സ്‌ക്രീനില്‍ വിളിച്ചു പറയുന്നുണ്ട്. സമൂഹത്തിന്റെ താഴെക്കിടയിലുള്ള പരാതിക്കാരിയെ ചോദ്യം ചെയ്യുമ്പോള്‍ സ്‌ക്രീനിലെ തന്റെ അധികാരം അവതാരക ആദ്യാവസാനം ഉപയോഗിക്കുന്നുണ്ട്. ‘താങ്കള്‍ എന്തുകൊണ്ടാണ് മൊഴി മാറ്റിയത്’ എന്ന ചോദ്യം ജയ്‌മോനോട് ഉന്നയിക്കുമ്പോള്‍ അവതാരക പരിഹാസം കലര്‍ന്ന ചിരി മുഖത്ത് പ്രകടിപ്പിക്കുന്നു. ‘കണ്ടോ, വിശ്വസിക്കാന്‍ കൊള്ളാത്തവന്റെ കള്ളി പൊളിയുന്നു..’ എന്ന വിജയഭാവമുണ്ട്‌  ആ ചിരിയില്‍. ഇത്തരം കേസുകളില്‍ സമൂഹത്തിലെ താഴേക്കിടയിലെ സാക്ഷികള്‍ മൊഴിമാറ്റുന്നതു ഏതേതു സാഹചര്യങ്ങളില്‍ ആയിരിക്കുമെന്ന് ഐസ്‌ക്രീം കേസിനെ മുന്‍നിര്‍ത്തി മലയാളിയെ ആവര്‍ത്തിച്ചു പറഞ്ഞു പഠിപ്പിച്ച ഇന്ത്യാവിഷന്റെ അതേ സ്‌ക്രീനിലാണ് വീണയുടെ ഈ ചിരി അശ്ലീലമാവുന്നത്. അവതാരകയുടെ മുന്‍വിധി ആ ചിരിയില്‍ പ്രകടമാണ് താനും.
ഉത്തരം പറയുന്നതിനിടെ ‘പ്രിന്‍സ് എന്ന വക്കീല്‍ എന്നെ വന്നു കണ്ടു 25 ലക്ഷം രൂപ നല്‍കാമെന്നു പറഞ്ഞതിന്റെ തെളിവ് എന്റെ കയ്യില്‍ ഉണ്ട്’ എന്ന കേസിന്റെ നിര്‍ണ്ണായകമായേക്കാവുന്ന വിവരങ്ങള്‍ ജയ്‌മോന്‍ പറയുന്നുണ്ട്. വിഷയത്തിലെ സത്യമറിയാന്‍ ശരിക്കും ആഗ്രഹമുണ്ടെങ്കില്‍ അതില്‍ക്കയറി പിടിക്കേണ്ട അവതാരക പക്ഷെ, ആ ഭാഗം വിട്ടുകളയുന്നു.
                                              പിന്നീടുള്ള ചോദ്യങ്ങള്‍ കേസിന്റെ മെറിറ്റിന് പുറത്തു, ജയ്‌മോന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടതാണ്. അതിനെല്ലാം കൃത്യമായ മറുപടി പറഞ്ഞു സ്‌ക്രീനില്‍ തന്റെ ഇടം ജയ്‌മോന്‍ ഉറപ്പിക്കുന്നുണ്ട്. എന്നാല്‍ ചര്‍ച്ചയിലുടനീളം അസ്വസ്ഥയായ പരാതിക്കാരിയുടെ മുഖം പ്രേക്ഷകര്‍ക്ക് കാണാം. സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യ നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തിയ ചര്‍ച്ചയില്‍ അവര്‍ക്ക് തന്റെ വാദങ്ങള്‍ നിരത്താനുള്ള ത്രാണിയില്ലാതെ പോകുന്നുവെന്നതും നാം കാണുന്നു.
ജയ്‌മോന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യും വിധമുള്ള ചോദ്യങ്ങള്‍ ചോദിച്ച ശേഷം ജയ്‌മോന്‍ മറുപടി പറയുമ്പോള്‍ അവതാരികയുടെ അലസഭാവം ശ്രദ്ധിക്കുക. ഖദറിന്റെ മഹത്വമെന്താണെന്നു ഇദ്ദേഹത്തിനു അറിയില്ല’ എന്ന ജയ്‌മോന്റെ വാക്യം കേള്‍ക്കുമ്പോള്‍ വീണ ജോര്‍ജ് അലക്ഷ്യമായ മുടി ഒതുക്കുന്ന കാഴ്ചയാണ് നാം കാണുന്നത്!! ആന്റണി രാജുവിനെതിരെ ജയ്‌മോന്‍ വൈകാരികമായി സംസാരിക്കുമ്പോള്‍ അവതാരക പരിഹാസം കലര്‍ന്ന ചിരിയുമായാണ് ഇരിക്കുന്നത്. ‘എന്തു വേണമെങ്കിലും പറഞ്ഞോളൂ..’ എന്ന ലൈന്‍.

                                             ആന്റണി രാജുവിനോട് അവസാനമായി അവതരാക ചോദിക്കുന്ന ചോദ്യം ‘ഇതിന്റെ പിന്നില്‍ ആരാണെന്ന് താങ്കള്‍ക്കു വ്യക്തതയുണ്ടോ?’ എന്നത് മാത്രമാണ്. നമ്മളില്‍ പലര്‍ക്കും അറിയാവുന്ന പി.സി.ജോര്‍ജ്ജിന്റെ ഇടപെടല്‍ സംബന്ധിച്ച വാര്‍ത്തകെളപ്പറ്റിയുള്ള ഒരു ചോദ്യം പോലും വീണ അവിടെ ഉന്നയിച്ചിട്ടുമില്ല എന്നത് പക്ഷപാതിത്വം ഊട്ടിയുറപ്പിക്കുന്ന ഒന്നായേ കാണാന്‍ കഴിയൂ. സുരഭി ദാസ് എന്ന പരാതിക്കാരിയോടു വ്യക്തിപരമായ നിരവധി ചോദ്യങ്ങള്‍ ചോദിക്കുന്ന അവതാരക അതിനു മറുപടി പറയാന്‍ തുനിയുന്ന ജയ്‌മോനെ കൈ ചൂണ്ടി അധികാരത്തിന്റെ സ്വരത്തില്‍ നിയന്ത്രിക്കുന്നുണ്ട്. മറ്റൊരു സ്ത്രീയുടെ കൂടെ ജീവിച്ചതിന് ജയ്‌മോനെതിരെ പരാതിപ്പെട്ട സുരഭി തന്നെ പിന്നീട് ജയ്‌മോനെ ജാമ്യത്തില്‍ എടുക്കാന്‍ പോയതിനു സുരഭിയെ പരിഹാസ രൂപേണയാണ് അവതാരക വീണ ജോര്‍ജ്ജ് ചോദ്യം ചെയ്യുന്നത്.
                            താഴെക്കിടയില്‍ ജീവിക്കുന്നവരുടെ ഇടയില്‍ ഇതൊന്നും അത്ര അത്ഭുതമുള്ള കാര്യമല്ല എന്നൊന്നും അറിയാത്ത ആളാണോ അവതാരക? കള്ളു കുടിച്ചിട്ട് വന്ന ഭര്‍ത്താവിന്റെ കയ്യില്‍ നിന്നും അടി വാങ്ങുമ്പോള്‍ നിലവിളിക്കുന്ന ഭാര്യ, പക്ഷെ നിലവിളി കേട്ടു വന്നു ഭര്‍ത്താവിനെ അടിക്കാനോങ്ങുന്ന നാട്ടുകാരെ ചീത്ത പറയും. ‘ഇത് ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണ്, നിങ്ങള്‍ എന്റെ കെട്ടിയവനെ തല്ലണ്ട’ എന്നാകും അവര്‍. ഇങ്ങനെയൊക്കെ ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്ന അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ അതര്‍ഹിക്കുന്ന ഗൗരവത്തില്‍ ഉള്‍ക്കൊള്ളാതെ പരസ്യമായി വിലകുറച്ച് കാണുന്നത് മാധ്യമ ധര്‍മ്മമാണോ?
indiavision newsnight on SMS Controversy എസ്.എം.എസ് വിവാദം ന്യൂസ് നൈറ്റില്‍

ഏതുതരം ധാര്‍മ്മികതയാണ് ഇവിടെ അവതാരകയെ നയിക്കുന്നതെന്ന് പരിശോധിക്കണം. ഒരു പുരുഷനെതിരെ പരാതിപ്പെട്ടിട്ടു പിന്നീട് അയാളുടെ കൂടെ തന്നെ ജീവിക്കുന്ന, വാക്ക് മാറുന്ന സ്ത്രീ വിശ്വസിക്കാന്‍ കൊള്ളാത്തവള്‍ ആണെന്നും അങ്ങനെയുള്ളവള്‍ക്ക് മറ്റൊരു പുരുഷനെതിരെ പരാതിപ്പെടാന്‍ ധാര്‍മ്മിക അവകാശമില്ലെന്നുമുള്ള പുരുഷാധിപത്യ വ്യവസ്ഥിതി ഉണ്ടാക്കിയ നിയമങ്ങളെ ഊട്ടിയുറപ്പിക്കുകയാണ് അവതാരകയും ചാനലും ചെയ്യുന്നത്.
സുരഭിയെ മന്ത്രി ജോസഫിന്റെ ആളുകള്‍ ജാതി പറഞ്ഞു അധിക്ഷേപിച്ചു എന്ന് ഒരേസമയം സുരഭി ദാസും ജയ്‌മോനും പൊതുസമൂഹത്തോട് പരാതിപ്പെടുന്നതിനോട് സന്തോഷവും പരിഹാസവും കലര്‍ന്ന ചിരിയാണ് അവതാരകയുടെ മറുപടി. ഇരകളെ വൈകാരികമായി പ്രതികരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം ആ മുഖത്ത് പ്രകടമാണ്, തന്റെ വിജയം അവര്‍ മറച്ചു വെക്കുന്നുമില്ല.
ചുരുക്കത്തില്‍, ഒരു സ്ത്രീയുടെ മാന്യത ചോദ്യം ചെയ്തുവെന്ന പരാതിയെപ്പറ്റി ചര്‍ച്ച നടത്തി, അതില്‍ പരാതിക്കാരിയെ വിളിച്ചു വരുത്തി, അവരുടെ മാന്യതയെ കൂടുതല്‍ അപമാനിക്കുന്ന കാഴ്ചയാണ് ന്യൂസ് നൈറ്റില്‍ കണ്ടത്. ചിത്രത്തില്‍ കാണും വിധമാണ് ചര്‍ച്ച പുരോഗമിച്ചത്. അധികാരത്തിന്റെ പ്രതിനിധിയായ ആന്റണി രാജു സംസാരിക്കുമ്പോള്‍ അവതാരക ആസ്വദിക്കുന്നു, ചിരിക്കുന്നു. പരാതിക്കാരിയെയും സാക്ഷിയും ചോദ്യങ്ങളാല്‍ അവതാരക കുടയുമ്പോള്‍ ആന്റണി രാജുവും ഇതേ സന്തോഷം മുഖത്ത് പ്രകടമാക്കുന്നുണ്ട്. നടുക്ക് പരാതിക്കാരിയും ഭര്‍ത്താവും ആദ്യാവസാനം വേട്ടയാടപ്പെടുന്ന അവസ്ഥയിലും.
indiavision newsnight on sms controversy and veena george

                                            എന്താണ് പ്രേക്ഷകര്‍ക്ക് ചര്‍ച്ചയില്‍നിന്നും ലഭിക്കുന്ന ആകെത്തുക? സമൂഹത്തില്‍ നിലയും വിലയുമുള്ള മാന്യന്മാര്‍ക്കെതിരെ അതൊന്നും അവകാശപ്പെടാനില്ലാത്ത ആളുകള്‍ പരാതിയുമായി വന്നാല്‍ ഇങ്ങനെ പരസ്യമായി തേജോവധം ചെയ്യപ്പെടും എന്നാണ് ഇന്ത്യാവിഷന്‍ ഇതിലൂടെ മലയാളിക്ക് കൊടുത്ത സന്ദേശം.. താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം മുതലിങ്ങോട്ട് സൂര്യനെല്ലി പെണ്‍കുട്ടിയും ഐസ്‌ക്രീം കേസിലെ സ്ത്രീകളും നേരിട്ട പുരുഷാധിപത്യ സമൂഹത്തിന്റെ അതേ ചോദ്യങ്ങള്‍ ആണ് സുരഭി ദാസും നേരിടുന്നത്. അതും  ജനാധിപത്യ ഇടമായ ദൃശ്യമാധ്യമത്തില്‍ ഒരു വനിതാ അവതാരികയില്‍ നിന്നും !! സമൂഹത്തില്‍ നിലയും വിലയും ഉള്ളവര്‍ക്കെതിരെ ആരോപണവുമായി വരുന്ന സ്ത്രീകളുടെ വിശ്വാസ്യത പരസ്യമായി ചോദ്യം ചെയ്യപ്പെടും. നിങ്ങളുടെ സ്വകാര്യജീവിത ഏടുകള്‍ പരസ്യമായി ചോദ്യം ചെയ്യപ്പെടും. ജാഗ്രതൈ !!

ഐസ്‌ക്രീം കേസും ഇന്ത്യാവിഷനും
                                                               കേരളത്തെ ഇളക്കിമറിച്ച ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ മുഖ്യസാക്ഷിയായ റജീനയുടെ വെളിപ്പെടുത്തല്‍ മലയാളി കണ്ടത് ഇന്ത്യാവിഷനിലൂടെയാണ്. പ്രതികളെപ്പറ്റി ആദ്യം മൊഴി കൊടുത്ത റജീന പിന്നീട് മൊഴി മാറ്റിപ്പറഞ്ഞു. റജീനയുടെ മൊഴിമാറ്റം അവരുടെ അവിശ്വാസ്യതയുടെ അടയാളമാണെന്നും അവരെ വിശ്വസിക്കരുതെന്നുമാണ് അന്ന് പ്രതിഭാഗം വാദിച്ചത്. റജീനയുടെ സ്വകാര്യ ജീവിതം മോശമാണെന്ന് കാണിക്കാനുള്ള ശ്രമങ്ങള്‍ അക്കാലത്ത് ഉണ്ടായിരുന്നു. എന്തിനേറെ, റജീന തന്നെ ചാനലില്‍ വന്നു താന്‍ ‘മോശപ്പെട്ട’ ജീവിതം നയിക്കുന്നവളാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അന്നൊക്കെ ഇന്ത്യാവിഷന്‍ എടുത്ത നിലപാട് പുരുഷാധിപത്യ സമൂഹത്തിന്റെ കുയുക്തികളെ തള്ളിപ്പറയുന്നതും ഇരകളുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നതും ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. എന്തുകൊണ്ടാണ് ഇരകള്‍ക്ക് ഇങ്ങനെയൊക്കെ ജീവിക്കേണ്ടി വരുന്നതെന്നും ആരൊക്കെയാണ് അവരുടെ ജീവിതം ഇങ്ങനെയാക്കിയത് എന്നും പറയാന്‍ അന്ന് ഇന്ത്യാവിഷന്‍ ധൈര്യം കാണിച്ചു. മിക്ക സ്ത്രീപീഡന കേസുകളിലും ഇരകള്‍ക്കെതിരെ മുഖ്യധാരാ സമൂഹം സാമ്പ്രദായിക പുരുഷാധിപത്യ  കുയുക്തിയാണ് ഉപയോഗിച്ചത്. ഏറ്റവും ഒടുവില്‍ തസ്‌നി ബാനു കേസില്‍ വരെ അത്തരം പുരുഷാധിപത്യ വാദങ്ങളെ നാം ചെറുത്തു തോല്‍പ്പിച്ചതാണ്.
                                            ഒന്നിലധികം പുരുഷന്മാരുമായി ജീവിക്കുന്ന സ്ത്രീകള്‍ സമൂഹത്തിന്റെ താഴെക്കിടയില്‍ ജീവിക്കുന്നവരാണെങ്കില്‍ അവര്‍ മോശക്കാരും വിശ്വസിക്കാന്‍ കൊള്ളാത്തവരും ആകും. എന്നാല്‍ അങ്ങനെ ജീവിക്കുന്നവര്‍ സിനിമാ നടിമാരോ സെലെബ്രിറ്റിയോ ആണെങ്കില്‍ അത് ചാനലുകളാല്‍ ആഘോഷിക്കപ്പെടും. വിനോദ പരിപാടിയില്‍ അത്തരം സ്ത്രീകള്‍ അതിഥികള്‍ ആകും. അവരുടെ തീരുമാനം സ്ത്രീ വിമോചനമായി ആഘോഷിക്കപ്പെടും. എന്നാല്‍ അധകൃതര്‍ ഇത് ചെയ്യുമ്പോള്‍ അവര്‍ കുലമഹിമയില്ലാത്തവര്‍ ആണെന്നും കണ്ടവരുടെ കൂടെ നടക്കുന്നവള്‍ ആണെന്നും മറ്റും ആന്റണി രാജുമാര്‍ അധിക്ഷേപിക്കും. അത് കേട്ടു അവതാരകര്‍ തലകുലുക്കുന്നതില്‍പ്പരം അശ്ലീലം ഇല്ലതന്നെ.


                                  എസ്.എം എസ് വിവാദത്തില്‍ വാദികള്‍ പറയുന്നത് കള്ളമാണെന്ന് നാളെ കോടതിയില്‍ തെളിഞ്ഞേക്കാം. പരാതിക്കാരിക്കും ഭര്‍ത്താവിനും ഇതില്‍ ദുരുദ്ദേശം ഉണ്ടെന്നും തെളിഞ്ഞേക്കാം. അതൊക്കെ തെളിയിക്കേണ്ടത് ഒരു ചാനലിനെ സംബന്ധിച്ചിടത്തോളം അവരുടെ കൃത്യനിര്‍വഹണത്തിന്റെ ഭാഗവുമാകാം. എന്നാല്‍ അതിനു ഉപയോഗിക്കേണ്ട മാര്‍ഗ്ഗം ഇതല്ല. പല മാന്യന്മാരുടെയും അധികാര വടംവലികള്‍ക്കു വേണ്ടി ബലിയാടാക്കപ്പെടുന്ന ഇത്തരം സാധാരണക്കാര്‍ ഇരകള്‍ ആണെന്നതാണ് സാമൂഹിക സത്യമെങ്കില്‍ അത് പുറത്തു വരേണ്ടത് അത്യാവശ്യമാണ്. അതിനായി ഇരകളെതന്നെ വേട്ടയാടുകയല്ല പ്രതിവിധി. നീതിയില്ലാത്ത വിചാരണയല്ല അവര്‍ അര്‍ഹിക്കുന്നതും.
                                                        സ്മാര്‍ത്തവിചാരം മുതല്‍ ഐസ്‌ക്രീം കേസ് വരെയുള്ള സ്ത്രീ പീഢനകേസുകളില്‍ കേരളീയ സമൂഹത്തിന്റെ നിലപാട് എത്രമാത്രം പുരുഷാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും അറുപിന്തിരിപ്പന്‍ ആയിരുന്നുവെന്നും പറഞ്ഞ് വിശദമായി പുസ്തകം എഴുതിയത് ഇന്ത്യാവിഷന്റെ ഇപ്പോഴത്തെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എം.പി ബഷീര്‍ ആണ്. ഇത്തരം കേസുകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ നാളിതുവരെ ഇന്ത്യാവിഷന്റെ നിലപാടും സ്ത്രീകളുടെ മാന്യത സംരക്ഷിക്കുന്നത് ആയിരുന്നു. എന്നാല്‍ അതില്‍ നിന്നുമുള്ള പിന്നോട്ട് പോക്കാണ് ഇപ്പോള്‍ കാണുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ സ്ത്രീ സംബന്ധിയായ ചര്‍ച്ചകള്‍ നടത്തുന്നവര്‍ ഇനിയെങ്കിലും ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.


പിന്‍ കുറിപ്പ്: ഭാഗ്യമുണ്ടെങ്കില്‍ ഈ ചര്‍ച്ചയുടെ ഫലമായി ആന്റണി രാജുവിനെതിരെ IPC സെക്ഷന്‍ 509 അനുസരിച്ച് 'സ്ത്രീയുടെ മാന്യത തകര്‍ക്കുന്ന വാക്കുകള്‍ പ്രയോഗിച്ചു" എന്ന കേസെടുക്കാനും  സാധ്യതയുണ്ട്. 

No comments: