Showing posts with label breaking news. Show all posts
Showing posts with label breaking news. Show all posts

Tuesday, June 26, 2012

ഹാരിസണ് വേണ്ടി വ്യാജരേഖ സാക്ഷ്യപ്പെടുത്തിയ ആള്‍ കേസിന്റെ വാദം കേള്‍ക്കുന്ന ഹൈക്കോടതി ജഡ്ജി

കൊച്ചി: ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കൈവശം നിയമവിരുദ്ധമായി സൂക്ഷിക്കുന്ന 25630 ഏക്കര്‍ ഭൂമി സംബന്ധമായ എല്ലാ കേസുകളും ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്നത് അതേ കേസില്‍ ഹാരിസണ്‍ കമ്പനിക്കു വേണ്ടി വ്യാജരേഖ സാക്ഷ്യപ്പെടുത്തിയ വ്യക്തി തന്നെ. കമ്പനി 1996 മുതല്‍ വിവിധ കേസുകളില്‍ ഹാജരാക്കിയ കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസിലെ 1600/1923 നമ്പര്‍ ആധാരം എന്ന് അവകാശപ്പെടുന്ന ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു ആധാരം  ഹാരിസണ്‍ മലയാളവും സര്‍ക്കാരും തമ്മില്‍ നടക്കുന്ന കേസുകളില്‍ അടിസ്ഥാന രേഖയാണ്. എന്നാല്‍ കമ്പനി ഹാജരാക്കിയ ഇംഗ്ലീഷ് ഭാഷയിലുള്ള ഈ ആധാരം വ്യാജമാണെന്ന തെളിവുകള്‍ സര്‍ക്കാരിന് ലഭിച്ചു. കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ സൂക്ഷിക്കുന്ന ഒറിജിനല്‍ ആധാരത്തിന്റെ അസ്സല്‍ പകര്‍പ്പ്  മലയാളത്തില്‍ ഉള്ളതാണ്. 1996 ല്‍ കമ്പനിക്കു വേണ്ടി വ്യാജ ഇംഗ്ലീഷ് ആധാരം സാക്ഷ്യപ്പെടുത്തി നല്‍കിയ അന്നത്തെ കൊച്ചി നോട്ടറി പയസ് കുര്യാക്കോസ് ഇന്ന് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയാണ്. അദ്ദേഹം ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് ഹാരിസണ്‍ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളിന്മേലും വാദം കേള്‍ക്കുന്നത്. കഴിഞ്ഞയാഴ്ച വരെ ജസ്റ്റിസ്.വി. ചിദംബരേഷിന്റെ സിംഗിള്‍ ബെഞ്ചില്‍ വാദം നടന്ന ഈ കേസുകള്‍ ഇന്നലെ ജസ്റ്റിസ്.പയസ് കുര്യാക്കോസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിലേക്ക് പൊടുന്നനെ മാറ്റുകയായിരുന്നു. കമ്പനി വ്യാജ ആധാരങ്ങള്‍ ചമച്ച് ഭൂമി കയ്യേറി, കോടതിയില്‍ ഹാജരാക്കിയത് വ്യാജ ആധാരമാണ് എന്നിങ്ങനെയുള്ള സര്‍ക്കാരിന്റെ വാദം സര്‍ക്കാര്‍ വക്കീല്‍ അവതരിപ്പിക്കേണ്ടത് അതേ രേഖ ഹാരിസണ്‍ കമ്പനിക്കു വേണ്ടി സാക്ഷ്യപ്പെടുത്തി നല്‍കിയ പയസ് കുര്യാക്കോസിന് മുന്നിലാണ് എന്നതാണ് ഏറെ രസകരം. സര്‍ക്കാര്‍ തീരുമാന പ്രകാരം അന്വേഷണം നടന്നാല്‍ കേസില്‍ പ്രതിയാകേണ്ടയാള്‍ കേസിന്റെ വാദം കേട്ട് വിധി പറയുന്ന  ഞെട്ടിപ്പിക്കുന്ന സ്ഥിതിയാണ് ഇത്. നീതിപീഠത്തെ അവഹേളിച്ചു കൊണ്ട് നടക്കുന്ന ഈ നാടകം തെളിവുകള്‍ സഹിതം 'ഡൂള്‍ ന്യൂസ്' പുറത്തു കൊണ്ടുവരുന്നു.

ഹാരിസന്റെ അനധികൃത ഭൂമി സംബന്ധിച്ച് അന്വേഷിക്കാന്‍ ഇടതുസര്‍ക്കാറിന്റെ കാലത്ത് ചുമതലപ്പെടുത്തിയ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഹാരിസണ്‍ മലയാളം നാളിതുവരെ നടത്തിയ വ്യാജരേഖാ നിര്‍മ്മാണം സംബന്ധിച്ച തെളിവുകള്‍ നിരത്തുന്നത്. കമ്പനി കൈവശം വെച്ച് അനുഭവിച്ചു പോരുന്ന ഭൂമികളില്‍ 54943 ഏക്കര്‍ ഭൂമി മൂന്നു ആധാരങ്ങളില്‍ ആണ്. ഇതില്‍ 25630 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് കമ്പനി ഹാജരാക്കുന്ന രേഖ കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ 1600/1923 നമ്പരായി രജിസ്ടര്‍ ചെയ്തു എന്നവകാശപ്പെടുന്ന ഇംഗ്ലീഷ് ഭാഷയിലുള്ള  ഒരു ആധാരമാണ്. രജിസ്ട്രേഷന്‍ നിയമത്തിലെ ഫയലിംഗ് ചട്ടങ്ങള്‍ പ്രകാരം ഒരു ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതേ ഭാഷയിലുള്ള പകര്‍പ്പുകളാകണം ഫയലിംഗ് കോപ്പികളായി സബ് രജിസ്ട്രാര്‍ ഓഫീസില്‍ സൂക്ഷിക്കേണ്ടത്. എന്നാല്‍ ഈ നമ്പരില്‍ ഉള്ള ഒറിജിനല്‍ ആധാരം കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ളത് മലയാള ഭാഷയില്‍ ഉള്ളതാണ്. കൊല്ലം സബ് രജിസ്ട്രാര്‍ ഇത് വ്യക്തമാക്കിക്കൊണ്ട് ജില്ലാ കളക്ടര്‍ക്ക് അയച്ച കത്ത് ചുവടെ കാണാം.


കമ്പനി ഹാജരാക്കിയ ഇംഗ്ലീഷില്‍ ഉള്ള ആധാരമായിരുന്നു ഒറിജിനല്‍ എങ്കില്‍ അതാകുമായിരുന്നു ഓഫീസില്‍ സൂക്ഷിക്കുക. അതായത് ഇപ്പോള്‍ കമ്പനി ഹാജരാക്കുന്നതല്ല യഥാര്‍ത്ഥ ആധാരം. അതില്‍ നിരവധി തിരുത്തലുകള്‍ വരുത്തി കൂടുതല്‍ ഭൂമി അവകാശപ്പെടുന്നതായും സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം റിപ്പോര്‍ട്ട് കണ്ടെത്തി.

1996 മുതല്‍ വിവിധ കോടതികളില്‍ ഹാരിസണ്‍ കമ്പനി അവരുടെ കയ്യിലുള്ള ഇംഗ്ലീഷ് ആധാരത്തിന്റെ നോട്ടറി സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കുന്നുണ്ട്. എന്നാല്‍ 2007 മാര്‍ച്ച് 20 നു ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ ലീഗല്‍ മാനേജരായ എം.വി.എച് മേനോന്‍ കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കമ്പനിക്കു കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി പ്രസ്തുത ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ആവശ്യപ്പെട്ടിരുന്നു.





കമ്പനിയുടെ കയ്യില്‍ അസ്സല്‍ ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി നേരത്തെ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊരു അപേക്ഷ നല്‍കേണ്ടിയിരുന്നില്ല എന്ന നിഗമനത്തിലാണ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം എത്തിയത്. അതായത് നോട്ടറി സാക്ഷ്യപ്പെടുത്തി നല്‍കുമ്പോള്‍ ഒറിജിനല്‍ ആധാരം കമ്പനിയുടെ കയ്യില്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴുമില്ല. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച് കമ്പനി ഹാരജാക്കുന്നത് വ്യാജരേഖയാണെന്ന ഈ കണ്ടെത്തല്‍ ആണ് ഈ കേസില്‍ സര്‍ക്കാരിന്റെ പ്രധാന വാദം. ഒറിജിനല്‍ ഇല്ലാതെ നോട്ടറി സാക്ഷ്യപ്പെടുത്തിയ ഈ കേസ് ഗൌരവമായ അന്വേഷണം നടത്താന്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം 2010 ല്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് 'ഡൂള്‍ ന്യൂസി'ന് ലഭിച്ചു.




ആധാരം സാക്ഷ്യപ്പെടുത്തിയ ആള്‍ ഇന്ന് ഹൈക്കോടതി ജഡ്ജി ; കേസന്വേഷണ ശുപാര്‍ശ അട്ടിമറിക്കപ്പെട്ടു.

എന്തുകൊണ്ടാണ് ഹാരിസണ്‍ മലയാളത്തിന്റെ വ്യാജരേഖാ സാക്ഷ്യപ്പെടുത്തല്‍ കേസുകള്‍ അന്വേഷിക്കണമെന്ന സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ശിപാര്‍ശ അട്ടിമറിക്കപ്പെട്ടത് എന്നാണു പിന്നീട് ഡൂള്‍ ന്യൂസ് അന്വേഷിച്ചത്. ആ അന്വേഷണം ഞങ്ങളെ എത്തിച്ചത് 1996 ല്‍ കമ്പനിക്കു ആധാരം സാക്ഷ്യപ്പെടുത്തി നല്‍കിയ നോട്ടറിയില്‍ ആണ്. പയസ് സി.കുര്യാക്കോസ് എന്ന അന്നത്തെ കൊച്ചിന്‍ താലൂക്ക് നോട്ടറിയാണ്‌ 104 പേജ് വരുന്ന ആധാരത്തിന്റെ കോപ്പി കമ്പനിക്കായി സാക്ഷ്യപ്പെടുത്തിയത്.  ഇതിലെ ആദ്യപേജില്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ 25 ഷീറ്റുകള്‍ ആണ് സാക്ഷ്യപ്പെടുത്തുന്നത് എന്ന് പയസ് കുര്യാക്കോസ് വ്യക്തമായി എഴുതിയിട്ടുണ്ട്. എന്നാല്‍ 104 പേജ് വരുന്ന ആധാരത്തിന്റെ മുഴുവന്‍ പേജുകളിലും അദ്ദേഹത്തിന്റെ സീലും ഒപ്പും ഉണ്ട് !!




ഇതില്‍ നൂറ്റി മൂന്നാമത്തെ പേജ് സാക്ഷ്യപ്പെടുത്തുമ്പോള്‍ നോട്ടറിയുടെ ഒപ്പിനു താഴെ തീയതി ഇട്ടിരിക്കുന്നത് വ്യക്തമാണ്. 03-05-96 തീയതിയിലാണ് പയസ് കുര്യാക്കോസ് 25 പേജുള്ള ഒറിജിനല്‍ കണ്ടു എന്നും പറഞ്ഞ് 104 പേജ് വ്യാജരേഖ സാക്ഷ്യപ്പെടുത്തിയത്.



എന്നാല്‍ പയസ് കുര്യാക്കോസ് സാക്ഷ്യപ്പെടുത്തിയ ആ ദിവസത്തിന് പത്തു വര്‍ഷങ്ങള്‍ക്കു ശേഷം 2006 സപ്തംബര്‍ 18 നാണ് ഒറിജിനല്‍ ആധാരം ലഭിക്കാന്‍ കമ്പനി സര്‍ക്കാരില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് എന്ന് കമ്പനി തന്നെ രണ്ടാമത് നല്‍കിയ കത്തില്‍ നിന്നും വ്യക്തമാണ്. ഒറിജിനലിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നാളിതുവരെ അവര്‍ക്ക് ലഭിച്ചിട്ടുമില്ല. ഇന്നുവരെ കമ്പനിയെ കേസുകളില്‍ തുണച്ച , നിലവിലുള്ള കേസുകളില്‍ കമ്പനിയും സര്‍ക്കാരും ഹാജരാക്കിയിരിക്കുന്ന ഇംഗ്ലീഷ് ഭാഷയിലെ ആധാരം വ്യാജമാണെന്നും അതില്‍ അന്വേഷണം നടത്തണമെന്നും സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റി കണ്ടെത്തുമ്പോള്‍ അത് സാക്ഷ്യപ്പെടുത്തി നല്‍കിയത് ഇപ്പോള്‍ ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജി ആയ ജസ്റ്റിസ്.പയസ്. സി കുര്യാക്കോസ് ആണെന്നതിനുള്ള തെളിവ് സഹിതം ആ വാര്‍ത്ത ഞങ്ങള്‍ പുറത്തു വിടാന്‍ തീരുമാനിച്ചു. ജസ്റ്റിസ് ചിദംബരേഷിന്റെ സിംഗിള്‍ ബെഞ്ചിലും മറ്റു വിവിധ ബെഞ്ചുകളിലുമായി നടന്നിരുന്ന ഹാരിസണ്‍ കേസുകളില്‍ ഈ വാര്‍ത്ത സര്‍ക്കാരിനെ സഹായിക്കും എന്നതായിരുന്നു ഞങ്ങളുടെ പ്രതീക്ഷ.


ഹാരിസണ്‍ കേസുകള്‍ അട്ടിമറിക്കപ്പെടുന്നു.

ജസ്റ്റിസ് ചിദംബരേഷ് വിശദമായി വാദം കേട്ട ഹാരിസണ്‍ കേസുകളില്‍ അവസാന വാദം പറയാനിരിക്കെയാണ് കഴിഞ്ഞയാഴ്ച ഇതുസംബന്ധിച്ച ഒരു കത്ത് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസിന് ലഭിക്കുന്നത്. ഹാരിസണ്‍ മലയാളത്തിന്റെ വക്കീലന്മാരായിരുന്ന മേനോന്‍ ആന്‍ഡ്‌ പൈ അസോസിയേറ്റ്സ് എന്ന കൊച്ചിയിലെ പ്രമുഖ സ്ഥാപനവുമായി ജസ്റ്റിസ് ചിദംബരെഷിനു ബന്ധമുണ്ടെന്നും അദ്ദേഹം ഈ കേസുകള്‍ കേള്‍ക്കുന്നത് സര്‍ക്കാരിന്റെയും പൊതുസമൂഹതിന്റെയും താല്‍പ്പര്യത്തിനു വിരുദ്ധമാണെന്നും ആയിരുന്നു കത്തിലെ സൂചന. ഇതേ തുടര്‍ന്ന് കേസ് കേള്‍ക്കുന്നതില്‍ നിന്നും ജസ്റിസ് ചിദംബരേഷ് സ്വയം പിന്മാറി. പിന്നീടാണ് ഹാരിസനുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും ഇന്ന് ജസ്റ്റിസ് പയസ് കുര്യാക്കോസും ജസ്റ്റിസ് എ. വി രാമകൃഷ്ണ പിള്ളയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിലേക്ക് മാറ്റുന്നത്. ഇന്നലെ ഡിവിഷന്‍ ബെഞ്ചില്‍ 18 - മത്തെ കേസായി ഈ കേസുകള്‍ പരിഗണിക്കുകയും വാദം കേള്‍ക്കുകയും ചെയ്തു.  അവസാന വാദത്തിനായി കേസ് ജൂലൈ 20 ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ റിപ്പോര്‍ട്ട് കണ്ടെത്തലുകള്‍ അംഗീകരിക്കണോ, കമ്പനിയുടെ ആധാരം വ്യാജമാണോ  എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടത് ഇനി ആ കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന വ്യക്തിയാണ്. എന്നാല്‍ ഇക്കാര്യം കോടതിക്ക് മുന്‍പില്‍ ആരും ഇതുവരെ ഉന്നയിച്ചിട്ടില്ല. അവനവന്‍ ഏതെങ്കിലും രീതിയില്‍ ബന്ധപ്പെട്ട കേസുകള്‍ സ്വന്തം ബെഞ്ചില്‍ നിന്നും മാറ്റുകയും സ്വയം ഒഴിയുകയുമാണ് സാധാരണ ഗതിയില്‍ ജുഡീഷ്യറിയിലെ കീഴ്വഴക്കം. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിച്ചാണ് ആ കേസില്‍ ഉള്‍പ്പെട്ട വ്യക്തി തന്നെ ആ കേസില്‍ വിധി പറയാന്‍ പോകുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ തന്നെ സാക്ഷ്യപ്പെടുത്തിയ രേഖ വ്യാജമാണെന്ന് ജഡ്ജി സമ്മതിക്കാനുള്ള സാധ്യത തുലോം വിരളമാണ്. ഇതോടെ ഈ കേസ് അട്ടിമറിക്കപ്പെടും എന്ന സൂചനകള്‍ ആണ് പുറത്തു വരുന്നത്. പൊതു സമൂഹത്തിനുള്ള നീതി ഹൈക്കോടതിയുടെ തട്ടിന്‍പുറത്തും ആകും. 


അന്‍പതിനായിരം ഏക്കര്‍ സ്ഥലമാണ് വിവിധ ജില്ലകളിലായി ഹാരിസണ്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്നത്. ഭൂമി തിരിച്ചു പിടിക്കാനുള്ള മുന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഇതോടെ കോടതിയിലും പരാജയപ്പെടുന്ന മട്ടാണ്.

Saturday, October 22, 2011

തിരുവഞ്ചൂരിന്റേതു പാഴ്വാക്ക്, ഭൂപരിഷ്കരണ നിയമം UDF അട്ടിമറിച്ചു



തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമം അട്ടിമറിക്കുന്ന നയം നിയമസഭയില്‍ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചു.  ഭൂപരിഷ്കരണനിയമ പ്രകാരമുള്ള ഭൂമിയുടെ ഉയര്‍ന്ന പരിധിയില്‍നിന്ന് കശുമാവിന്‍ തോട്ടങ്ങളെ ഒഴിവാക്കുന്നതും  സംസ്ഥാനത്തെ തോട്ടങ്ങളില്‍ തോട്ടഭൂമിയുടെ അഞ്ച് ശതമാനം വരെ ടൂറിസം ആവശ്യങ്ങള്‍ക്കായി റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കുന്നതുമാണ് പുതിയ നയം. ഫലത്തില്‍ തോട്ടങ്ങളെ ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയില്‍നിന്നും ഒഴിവാക്കിക്കൊണ്ട് തുണ്ടുവല്‍ക്കരിക്കാനുള്ള നയമാണ് യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 18 നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം റവന്യൂ മന്ത്രി നിയമസഭയില്‍ നടത്തിയതെന്നാണ്‌ രേഖകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ നയംമാറ്റം സംബന്ധിച്ച് പുതിയ നിയമഭേദഗതി കൊണ്ടുവരുന്നതിന് പകരം പിന്‍വാതിലിലൂടെ പുതിയ നയം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാവുകയാണ്. തോട്ട ഭൂമിയില്‍ ടൂറിസം അനുവദിക്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ ശ്രീ.പി.കെ ഗുരുദാസനും മൂന്ന് എം.എല്‍.എ മാരും ചോദിച്ച ചോദ്യത്തിന് മറുപടി പറയവേയാണ് സര്‍ക്കാരിന്‍റെ നയംമാറ്റം റവന്യൂ മന്ത്രി ഔദ്യോഗികമായി സഭയെ അറിയിച്ചത്. "തോട്ടങ്ങളുടെ മൊത്തം വിസ്തീര്‍ണത്തിന്റെ അഞ്ചുശതമാനത്തില്‍ കവിയാത്ത ഭൂമി ഉദ്യാനകൃഷി, വാനിലകൃഷി, ഔഷധ സസ്യകൃഷി, മറ്റു വിനോദസഞ്ചാര പദ്ധതിയില്‍പ്പെടുത്തി റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ അനുവദിച്ചിട്ടുണ്ട്" എന്നാണ് മന്ത്രി നല്‍കുന്ന മറുപടി. ഈ ആവശ്യത്തിലേക്ക് തോട്ടമുടമകളുടെ കയ്യില്‍ നിന്നും അപേക്ഷകള്‍ ഒന്നും ലഭിച്ചിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കുന്നു. 


   
           ഈ നിയമഭേദഗതി സംബന്ധിച്ച് ധനമന്ത്രി കെ.എം മാണി നേരത്തെ തന്‍റെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപനം നടത്തിയപ്പോള്‍ ഭരണ-പ്രതിപക്ഷത്തെ എം.എല്‍.എ മാര്‍ ഇതിനെ പരസ്യമായി എതിര്‍ത്തിരുന്നു. റവന്യൂ വകുപ്പിന്‍റെ നയത്തില്‍ ധനമന്ത്രി കൈകടത്തി എന്നാരോപിച്ച് റവന്യൂമന്ത്രി തന്നേ മുഖ്യമന്ത്രിയോട് പരാതി പറഞ്ഞതായി പോലും വാര്‍ത്തകള്‍ വന്നിരുന്നു. ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വി.ഡി സതീശന്‍, ടി.എന്‍ പ്രതാപന്‍ എന്നീ ഭരണകക്ഷി എം.എല്‍.എ മാരും നിയമസഭയില്‍ ഈ തീരുമാനത്തെ എതിര്‍ത്തു. അന്ന് നിയമസഭയില്‍ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ, ധനമന്ത്രിയുടെ നിലപാടിനെ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തള്ളിപ്പറഞ്ഞിരുന്നു. പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്തു പ്രതിപക്ഷത്തിന്റെ കൂടി സമവായത്തോടെയേ ഇത് സംബന്ധിച്ച ഭേദഗതി ഉണ്ടാവൂ എന്നാണ് അന്ന് നിയമസഭയ്ക്ക് റവന്യൂമന്ത്രി നല്‍കിയ ഉറപ്പ്. എന്നാല്‍ മൂന്ന് മാസം പിന്നിട്ടപ്പോള്‍ , ഒരു ചര്‍ച്ചയുമില്ലാതെ നിയമഭേദഗതി പോലുമില്ലാതെ കെ.എം.മാണി പറഞ്ഞ നയങ്ങള്‍ സര്‍ക്കാര്‍ നയമായി പ്രഖ്യാപിക്കുകയാണ് റവന്യൂമന്ത്രി ചെയ്തിരിക്കുന്നത്. സമവായം സംബന്ധിച്ച് നിയമസഭയ്ക്ക് തിരുവഞ്ചൂര്‍ നല്‍കിയ ഉറപ്പാണ് ഇതോടെ പാഴായത്. മുന്നണിയിലോ പാര്‍ട്ടിയിലോ ഇത് സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ല എന്നാണു ഭരണപക്ഷ എം.എല്‍ .എ മാര്‍ പറയുന്നത്.


        
ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് സര്‍ക്കാരിന്‍റെ ഈ നയം മാറ്റം. ഇതോടെ കശുമാവ് അധികമായി വളരുന്ന സ്ഥലങ്ങളില്‍ പരിധിയില്ലാതെ ഭൂമി വാങ്ങിക്കൂട്ടാന്‍ ആര്‍ക്കും കഴിയും. മാത്രമല്ല, തോട്ടങ്ങളില്‍ ടൂറിസത്തിനായി റിസോര്‍ട്ടുകള്‍ പണിയാമെന്ന നിയമം വഴി തോട്ടങ്ങള്‍ തുണ്ടുവല്‍ക്കരിക്കപ്പെടുകയും അത് ആയിരക്കണക്കിന് ഏക്കറിലെ കൃഷി കുറയ്ക്കുകയും ചെയ്യും.  സംസ്ഥാനത്ത് ത്തോട്ടം എന്ന നിലയില്‍ 4,88,138 ഏക്കര്‍ ഭൂമി നിലവിലുണ്ടെന്ന് അതേ ചോദ്യത്തിന് ഉത്തരമായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കുന്നുണ്ട്. ഈ നയം മാറ്റത്തോടെ അതിന്‍റെ അഞ്ച് ശതമാനമായ 24000 ല്‍പ്പരം ഏക്കര്‍ ഭൂമി കൃഷിയില്‍നിന്നും മാറ്റാനുള്ള സാധ്യതയാണ് കാണുന്നത്. അതുമാത്രമല്ല, നിലനില്‍ക്കുന്ന നിരവധി കേസുകളില്‍ ഈ നയംമാറ്റം സര്‍ക്കാരിന് ദോഷം ചെയ്യും. മൂന്നാറിലെ നൂറിലേറെ റിസോര്‍ട്ടുകള്‍കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് അവര്‍ കൃഷിക്കായി നല്‍കിയ ഭൂമിയില്‍ റിസോര്‍ട്ട് നിര്‍മ്മിച്ചു ‌ എന്ന കാരണത്താല്‍ ആണ്. നെല്ലിയാമ്പതിയിലെ ആയിരക്കണക്കിന് ഏക്കര്‍ പാട്ടഭൂമിയും ടൂറിസം നടത്തിയതിന്റെ പേരില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. ഈ കേസിലെല്ലാം സര്‍ക്കാര്‍ തോല്‍ക്കാനും പതിനായിരക്കണക്കിനു ഏക്കര്‍ ഭൂമി പൊതുസമൂഹത്തിനു അന്യാധീനപ്പെടാനുമാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ നയം വഴിവെക്കുക.

          
മൂന്നാറിലെ ക്ലൌഡ് നയന്‍ റിസോര്‍ട്ടും ഹില്‍ വ്യൂ റിസോര്‍ട്ടും, ഹോളിഡേ ഇന്‍ റിസോര്‍ട്ടും കെ.എം.മാണിയുടെ മകളുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയില്‍ ആണ്. സര്‍ക്കാരിന്‍റെ ഈ നയം മാറ്റത്തോടെ നേരിട്ട് ഗുണം കിട്ടുന്നത് ഇത്തരം അനധികൃത ടൂറിസം ലോബിക്കാണ്. കെ.എം മാണിയുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കു റവന്യൂ മന്ത്രിയും സര്‍ക്കാരും അടിയറവു പറയുന്ന കാഴ്ചയാണ് ഇതോടെ കാണാനാവുന്നത്. ഈ നയവ്യതിയാനത്തോടുകൂടി നിയമസഭയ്ക്ക് റവന്യൂമന്ത്രി നേരത്തെ നല്‍കിയ വാക്ക് പാഴ്വാക്കായതിനാല്‍ വരും ദിവസങ്ങളില്‍ ഈ വിഷയം വലിയ വിവാദങ്ങളിലെക്കാവും സര്‍ക്കാരിനെ നയിക്കുക.