Sunday, November 28, 2010

സ്വര്‍ണ്ണം ചോരുന്ന ഖജനാവ് - 1.

         ലോകത്തില്‍ത്തന്നെ ഒരുപക്ഷെ ഏറ്റവും അധികം സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കപ്പെടുന്ന പ്രദേശമാണ് കേരളം. പ്രതിവര്‍ഷം കേരളത്തിലെ ജ്വല്ലറികള്‍ ആകെ വില്‍ക്കുന്ന സ്വര്‍ണ്ണം 200 ടണ്ണിലധികമാണ് . ഒരു വര്‍ഷത്തിലെ ആകെ വില്‍പ്പനയുടെ നാല് ശതമാനം സംസ്ഥാനത്തിന് വില്‍പ്പന നികുതിയായി നല്‍കണമെന്നാണ് നിയമം. ഇതനുസരിച്ച് നികുതി പിരിച്ചാല്‍ 1500 കോടിയിലധികം രൂപയാണ് കേരളാ സംസ്ഥാനത്തിന് പ്രതിവര്‍ഷം നികുതിയായി ലഭിക്കേണ്ടത്. എന്നാല്‍ ഈ തുക സര്‍ക്കാരിന് ലഭിക്കുന്നുണ്ടോ? അത് ഈടാക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നുണ്ടോ? ഈ വിഷയത്തില്‍ രണ്ട് മാസം നീണ്ട അന്വേഷണങ്ങളില്‍ ലഭിച്ച വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ആ വിവരങ്ങള്‍ ഒരു ലേഖന പരമ്പരയിലൂടെ ഇവിടെ പങ്കു വെക്കുന്നു. മലയാള ഓണ്‍ലൈന്‍ മാധ്യമ ലോകത്തെ ഒരുപക്ഷെ, ആദ്യ അന്വേഷണാത്മക വാര്‍ത്താ പരമ്പര.
                        
   ബ്യൂട്ടി മീറ്റ്സ് ക്വാളിറ്റി
                                            സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയിലൂടെ സ്വന്തം വിറ്റുവരവുകള്‍ ബോധിപ്പിച്ചു സ്വര്‍ണ്ണ വ്യാപാരികള്‍ നല്‍കുന്ന സാക്ഷ്യപത്രം അനുസരിച്ചാണ് അവരില്‍ നിന്നും സര്‍ക്കാര്‍ വില്‍പ്പനനികുതി ഈടാക്കുന്നത്.   കേരളത്തിലെ ഏറ്റവും അധികം വില്‍പ്പനയുള്ള ജ്വല്ലറികളില്‍ ഒന്നിന്റെ ഒരു പ്രധാന വില്‍പ്പനകേന്ദ്രം സര്‍ക്കാരിന് നല്‍കിയ രണ്ട് വര്‍ഷത്തെ വില്‍പ്പന നികുതി എത്രയാണെന്ന് വെളിവാക്കുന്ന രേഖയാണിത്. 2008-09 വര്‍ഷത്തില്‍ അവര്‍ ആകെ വില്‍പ്പന നികുതിയായി അടച്ചത് 5000 രൂപ!!!! അതായത്, ആ വര്‍ഷത്തെ ആകെ വില്‍പ്പന 1,25,000 രൂപയുടെ സ്വര്‍ണ്ണം!! ഏകദേശം 11 പവന്‍ !!!

കഴിഞ്ഞ വര്‍ഷം അവര്‍ 78,000 രൂപ മാത്രമാണ് നികുതിയായി അടച്ചത്. അതായത് കഴിഞ്ഞ വര്‍ഷത്തെ ആകെ വില്‍പ്പന ഏകദേശം 180 പവന്‍ !!!

Document obtained under RTI

രേഖകള്‍ സ്വയം സംസാരിക്കുന്നതിനാല്‍ , കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ നല്‍കുന്നില്ല. ഈ സ്ഥാപനം നല്‍കുന്ന ഒരു പരസ്യം ശ്രദ്ധിക്കൂ..  അവര്‍ അവകാശപ്പെടുന്ന 'ആധുനിക മാനേജ്മെന്റ്റ് വൈദഗ്ധ്യം' ഈ ടാക്സ് തട്ടിപ്പാണോ എന്ന് തോന്നിപ്പോയാല്‍ തെറ്റ് പറയരുത്. അഥവാ, മറ്റേതെങ്കിലും വഴിയില്‍ ടാക്സ് അടക്കുന്നുന്ടെങ്കില്‍ "നൂറു ശതമാനം സത്യസന്ധതയും  അങ്ങേയറ്റം സുതാര്യതയും" ഉണ്ടെന്നു അവകാശപ്പെടുന്ന സ്ഥാപനത്തിന് കൂടുതല്‍ സത്യസന്ധമായി കണക്കുകള്‍ നല്‍കാവുന്നതേയുള്ളൂ.

ഇത്തരത്തില്‍ നിയമപരമായി വില്‍പ്പന കുറച്ചുകാണിക്കുന്ന സ്വര്‍ണ്ണക്കടകളില്‍ വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്താറില്ല എന്നതാണ്  ഈ തട്ടിപ്പിന് സഹായകമാവുന്നത്. സ്വര്‍ണ്ണക്കടക്കാര്‍ ഓരോ മണിക്കൂറും കൂടുമ്പോള്‍ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ പെന്‍ ഡ്രൈവിലേക്ക് മാറ്റി കൊണ്ടു പോകുന്നു. അത് സെര്‍വറില്‍ അപ്ലോഡ് ചെയ്യുന്നു. റെയ്ഡ് നടന്നാലും വില്‍പ്പന വിവരങ്ങള്‍ ചോരാതിരിക്കാന്‍ ഇത് സഹായിക്കും.
        സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്ക് ലഭിക്കുന്ന പണിക്കൂലിയിലെ കുറവ് ഇത്തരത്തില്‍ വെട്ടിക്കുന്ന ടാക്സ് ആണ്. ഉപഭോക്താവില്‍ നിന്നും വാങ്ങുന്ന ടാക്സ് പോലും ഇവര്‍ അടക്കുന്നും ഇല്ല.
വരുമാന നികുതി വകുപ്പിന് നല്‍കുന്ന കണക്കില്‍ ഇത്രയും കുറവ് വന്നതിനെ തുടര്‍ന്നാണ്‌  രണ്ട് വര്‍ഷം മുന്‍പ് ഈ സ്ഥാപനത്തില്‍ റെയ്ഡ് നടത്തി നാല്‍പ്പതു ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തത്. അതിന്റെ വിശദാംശങ്ങള്‍ അടുത്ത ലക്കത്തില്‍ .......

Wednesday, November 24, 2010

പ്ലാന്റെഷന്‍ കോര്‍പ്പറേഷനെ വെറുതെ വിടരുത്.

"പ്ലാന്റെഷന്‍ കോര്‍പ്പറേഷനെ വെറുതെ വിടരുത്." എന്ന 'സമകാലിക മലയാളം' വാരികയിലെ ജി.നിര്‍മ്മലയുടെ ലേഖനം ഇവിടെ വായിക്കാം.
ഞാന്‍ നല്‍കിയ വിവരങ്ങളാണ് ലേഖനത്തിന് ആധാരം എന്നതിനാല്‍ സമ്മതം കൂടാതെ ഇവ പ്രസിദ്ധീകരിക്കുന്നു.
 

Sunday, November 21, 2010

എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് റെമഡിയേഷന്‍ സെല്‍ എന്ന നോക്കുകുത്തി !

എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് റെമഡിയേഷന്‍ സെല്‍ എന്ന നോക്കുകുത്തി!!
1995 ആഗസ്റ്റില്‍ ആണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി കാസര്‍ഗോഡ്‌ ജില്ലാ പഞ്ചായത്തിനു കീഴില്‍ ഒരു സെല്‍ രൂപീകരിക്കുന്നത്. വിശാലമായ സ്വതന്ത്രാധികാരങ്ങളോടെ ആണ് സെല്ലിന്റെ രൂപീകരണം. രോഗികള്‍ എന്‍ഡോസല്ഫാന്റെ ഇരകള്‍ ആണെന്നും അവര്‍ക്ക് ആശ്വാസം നല്‍കേണ്ടത് സര്‍ക്കാര്‍ ആണെന്നും പ്രഖ്യാപിക്കുന്ന സെല്ലിന്റെ നയരേഖയില്‍ , രോഗികളെ പുനരധിവസിപ്പിക്കുക, അവര്‍ക്ക് പുതിയ ജീവിതം നല്‍കുക, എന്ന് തുടങ്ങി കാസര്‍കോടിനെ അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ്ണ ജൈവ ജില്ലയാക്കി മാറ്റുക എന്നത് വരെയുള്ള ദീര്‍ഘദര്‍ശനത്തോടെയുള്ള കാര്യങ്ങള്‍ ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്. പരിസ്ഥിതി സംഘടനകളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പഞ്ചായതുകളുടെയും സംയുക്ത ഫോറമായി ആണ് സെല്‍ പ്രവര്‍ത്തിക്കുന്നത്.  എന്നാല്‍ ആവശ്യത്തിനു ഫണ്ട് നല്‍കാതെയും ഫയലുകള്‍ ഇഴഞ്ഞു നീക്കിയും സര്‍ക്കാര്‍ ഇതിനെ മറ്റൊരു സര്‍ക്കാര്‍ വകുപ്പാക്കി.
അഞ്ചു വര്‍ഷം പിന്നിട്ട ഈ അവസരത്തില്‍ സെല്ലിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്തായിരുന്നു എന്നും അത് എത്രത്തോളം പുരോഗമിച്ചു എന്നും നോക്കുന്നത് നന്നായിരിക്കും. സെല്ലിന്റെ നയരേഖ ഇവിടെ വായിക്കാം. ചെയ്ത കാര്യങ്ങളും.

നയം
-------
1 . ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിന് സമ്പൂര്‍ണ്ണ നിരോധനം : -       അത് നടക്കുന്നില്ല എന്നാതാണ് മാധ്യമങ്ങളില്‍ ദിവസവും വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഈ വിഷത്തിന്റെ ഉപയോഗം ഇപ്പോഴും വ്യാപകമാണ്. 

2. അഞ്ചു വര്‍ഷത്തിനകം ജില്ലയില്‍നിന്നും കീടനാശിനികളെ സമ്പൂര്‍ണ്ണമായി തുരത്തുക 

                     :-  ഇത് സാധിച്ചിട്ടില്ല എന്ന് മാത്രമല്ല, ഇപ്പോഴും കീടനാശിനി ഉപയോഗിക്കാന്‍ മറ്റു ജില്ലകളിലെപ്പോലെ കൃഷി വകുപ്പും പഞ്ചായത്തും ധനസഹായം നല്‍കുന്നും ഉണ്ട്. പ്രോത്സാഹനവും നല്‍കുന്നു.
3. ജൈവ കീട നിയന്ത്രണം നടപ്പാക്കി കാസര്‍ഗോഡ്‌ ജില്ലയെ സമ്പൂര്‍ണ്ണ ജൈവ ജില്ലയായി പ്രഖ്യാപിക്കുക

                       : -       ഇതും  എട്ടിലെ പശു. ഇത്തരത്തിലൊരു ലക്ഷ്യം സര്‍ക്കാരിനുണ്ട് എന്ന കാര്യം പോലും വിവിധ വകുപ്പുകള്‍ക്കോ പഞ്ചായതുകള്‍ക്കോ അറിയുമോ എന്ന കാര്യം പോലും സംശയമാണ്. കാര്യമായ ഒരു ശ്രമവും കൃഷി വകുപ്പോ പഞ്ചായത്തുകളോ പാലിക്കുന്നില്ല.
4. പ്രാദേശിക ജൈവ ഉല്‍പ്പന്ന മാര്‍ക്കറ്റുകള്‍ , ജൈവ സര്‍ട്ടിഫിക്കേഷന്‍ എന്നിവ സ്ഥാപിക്കുക

                          :-          ഇതും മറന്ന മട്ടാണ്. 

ആരോഗ്യം
--------------
 1. വീട് വീടാന്തരം കയറിയിറങ്ങിയുള്ള സര്‍വ്വെയിലൂടെ വ്യക്തിഗത-കുടുംബ വിവര ശേഖരണം, ഡാറ്റ ബേസ്          :-    അത് കുറച്ചെങ്കിലും സത്യസന്ധമായി ചെയ്യുന്നത് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴാണ്. അത് പോലും സമഗ്രമല്ല. ആറായിരത്തോളം രോഗികള്‍ ഉണ്ടാവാന്‍ സാധ്യത ഉള്ളിടത് മൂവായിരത്തില്‍ താഴെ പേരെയാണ് കണ്ടെത്തിയത്.
2. രോഗങ്ങള്‍ കണ്ടെത്തുകയും തരം തിരിക്കുകയും, വിവിധ ചികിത്സാ രീതികള്‍ സമന്വയിപ്പിച്ച് കൌണ്സിലിംഗ്, പ്രശ്ന-പഠന വിലയിരുത്തല്‍ : -      ഇതില്‍ എന്തെങ്കിലും ഒക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇനിയും ഏറെക്കാര്യങ്ങള്‍ ചെയ്യാനുണ്ട്. രോഗങ്ങള്‍ കണ്ടുപിടിക്കുകയും കൂടുതല്‍ രോഗികളെ കണ്ടെത്തുകയും വേണം. ഇനിയും നാലായിരത്തിലധികം രോഗികള്‍ ഉണ്ടാവും കണ്ടെത്താന്‍ .
3. Establish a Continuing medical assistance system.
                      : -  ഭോപ്പാല്‍ മാതൃകയില്‍ തുടര്‍ സഹായം ലഭ്യമാക്കുന്നതില്‍ ആരോഗ്യ വകുപ്പിന്റെ പരിമിതികള്‍ ഒരു കാരണമാണ്.
4. Establishing a Disease surveillance system – with both short and long term screening
                    :-   ഭാഗികമായി നടന്നു വരുന്നു. പൂര്‍ണ്ണമല്ല.
5. Establish a Community based monitoring , Long-term and Palliative care and redressal system with the support of the Calicut Medical College                   :-   നടക്കുന്നില്ല.
6. Special schools / Special Educators for the mentally challenged shall be established
                           :-   ഇക്കാര്യം ഇതുവരെ ചര്‍ച്ച പോലും ചെയ്തില്ല, ഉടന്‍ തുടങ്ങണം.
7. Day-care centres shall be established with trained volunteers at the Ward/Cluster
levels.                  :-  ഇതും ഇതുവരെ നടന്നിട്ടില്ല.
8. Medical Aids for physically-challenged affected people - like spectacles, wheelchairs, hearing aid, walking aid etc shall be supplied. 
                           :-    ഇത് ഒരുവിധം മിക്കവര്‍ക്കും നല്‍കിയിട്ടുണ്ട്. ഇനിയും നല്‍കാനുണ്ട്.
9. A Special Endosulfan Survivors Medical care credit card or health card to be established to cover the treatment.              :-  ലിസ്റ്റില്‍ ചേര്‍ത്ത രോഗികള്‍ക്ക് കാര്‍ഡ് നല്‍കി.     
10.A Special programme for Care givers relief shall be established in the locality.
                             :- അങ്ങനെയൊന്നു നടക്കുന്നില്ല.
11. Financial Compensation shall be paid for all deaths and serious illnesses.
                             :- ഇപ്പോള്‍ നല്‍കുന്ന തുക തുച്ഛമാണ്. കൂടുതല്‍ തുക നല്‍കണം.
12. Conduct Health assessment and establish relief measures to PCK workers.
                              : -  നടന്നിട്ടില്ല.
13. Supplementing nutritional deficiencies through time bound relief measure - locally made food with involvement of SHG's.
                               :-   ഇത്തരം ഭക്ഷണ വിതരണം നടക്കുന്നില്ല. പഞ്ചായത്തുകളുടെ ആലോചനയില്‍ പോലും ഉണ്ടെന്നു തോനുന്നില്ല.

സാമൂഹികം
---------------
1. The socio-economic conditions of the affected victims to be assessed and necessary relief to be provided.
                               :-    അത്തരം സഹായങ്ങള്‍ നാമമാത്രമാണ്. അതും കുറച്ചു പേര്‍ക്ക്. ഇതാണ് അത്യാവശ്യമായ സഹായം.

2. Interventions in the affected population to change their depressed state of mind - change makers and confidence building.
                              :-   ഇത് നല്‍കാനുള്ള ശ്രമം പോലും നടന്നതായി അറിയില്ല.
3.  Vocational training and Livelihood Rehabilitation - for differently abled children and youth.
                             :-   
ഇത് നല്‍കാനുള്ള ശ്രമം പോലും നടന്നതായി അറിയില്ല.
4. Monthly financial support scheme for the affected and their dependents.
                              :- ഇപ്പോള്‍ നല്‍കുന്ന ചെറിയ സഹായം ആകെ രോഗികളുടെ നാലിലൊന്ന് പേര്‍ക്ക് പോലും കിട്ടുന്നില്ല. അത് വിപുലീകരിക്കണം.
5. Create action plan for converting existing farm land to organic farms.
                                :- ഇത് നാളിതുവരെ ചര്‍ച്ച ചെയ്യുകയോ അഭിമുഖീകരിക്കുകയോ ചെയ്തിട്ടില്ല.

പരിസ്ഥിതി

----------------
1. Periodical Monitoring and assessment - water, soil, food, flora and fauna – to document change and levels of toxicity.              ;-       ഇതൊരു തമാശയാണ് ഇപ്പോള്‍ . ഇത്തരം ഒരു പ്രവര്‍ത്തനവും നടക്കുന്നില്ല. ഇന്നും ഇരകള്‍ വിഷത്തില്‍ ജനിച്ചു വിഷത്തില്‍ ജീവിച്ച് വിഷത്തില്‍ മരിക്കുന്നു.....

2. Awareness building leading towards pesticide free district - a programme like mass literacy programme to be established.
                           :-     ഇതും കടലാസില്‍ മാത്രം. നാളിതുവരെയായി ഇങ്ങനെ ഒരു ചര്‍ച്ച പോലും നടന്നിട്ടില്ല.
3. Revival of mid land hills and eco-systems of the Kasaragod District.
                           :-    ഇതിനായി  ഒന്നും നടന്നിട്ടില്ല.
4. Watershed based revival of biodiversity in PCK land and Common lands.
                           :-     ഇതും നടക്കുന്നില്ല. പി.സി.കെ ഭൂമി രാവണന്‍ കോട്ടയായി ശേഷിക്കുന്നു.

നടത്തിപ്പ്
--------------
                
1. In the Initial phase, Social auditing should be conducted quarterly, and may be done at a longer interval after the first four years.
                          ;-    നടന്നിട്ടില്ല.

സാമ്പത്തികം

------------------
1. Groups that can financially support with grants, equipments, medical aid, taking care of patients etc shall be identified. Govt. agencies, Government, PSUs, Banks, Trusts, NGOS private individuals and institutions, Hospitals and NRIs are the possible target of appeal. 
                             :-     കാര്യമായി ഒരു ശ്രമവും നടന്നിട്ടില്ല. ഫണ്ടില്ലാതെ സെല്ലിന്റെ പ്രവര്‍ത്തനം നിലച്ച മട്ടാണ്. ഇപ്പോള്‍ പ്രശ്നം വിവാദമായതോടെ ഇനി നേരിട്ട് ശ്രമിച്ചാല്‍ വിദേശങ്ങളില്‍ നിന്നു പോലും സഹായം നേടിയെടുക്കാം. ഈ രോഗികള്‍ക്ക് സഹായം കിട്ടിയില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ഈ ലോകത്ത്  സഹായത്തിനു അര്‍ഹത???
2. A global appeal would be put through various media and websites to generate financial and other support for the disaster affected.
                             :-   ഇങ്ങനെ ഒരു ശ്രമവും നടന്നിട്ടില്ല.
3. separate committee would be setup as an expert group to monitor and guide the relief and remediation work.            ;-   ഇത്തരമൊരു കമ്മിറ്റി ഇനിയെങ്കിലും  ഈ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്വസ്വലമാക്കണം. 




എന്റെ കഴിവും സമയവും ഞാന്‍ ഇതിലേക്കായി സമര്‍പ്പിക്കുന്നു. സര്‍ക്കാര്‍ സഹായിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഈ രോഗികളുടെ ജീവിതം നമുക്ക് രക്ഷിക്കാം.

Saturday, November 20, 2010

പാഠം അഞ്ച് - രാഷ്ട്രം, മാധ്യമങ്ങള്‍ .

                പാഠം അഞ്ച് -  രാഷ്ട്രം, മാധ്യമങ്ങള്‍ .
         
    
ഇതുവരെ പറഞ്ഞു പോന്ന സമ്പദ് വ്യവസ്ഥയുടെ മൂടുതാങ്ങികളായ രണ്ട് പ്രസ്ഥാനങ്ങളെക്കൂടി നാം പരിചയപ്പെടെണ്ടതുണ്ട്. ഒന്ന് ആധുനിക ദേശീയതയാണ്, മറ്റൊന്നാണ് മുഖ്യധാരാ മാധ്യമങ്ങള്‍ .

    അതിരുകളാണ് ദേശീയതയുടെ അടിസ്ഥാനം . അയല്‍ക്കാരനോടുള്ള ഭയമാണ് പ്രധാന വ്യവസായം. ആയുധങ്ങള്‍ അതിനു അഭിമാനമാണ്. മനുഷ്യജീവനേക്കാള്‍ വേലികളെ അത് സ്നേഹിക്കുന്നു. മനുഷ്യരെ ജന്മനാല്‍ തന്നെ അവരുടെ അനുവാദമില്ലാതെ പൌരന്മാരായി മാമോദീസ മുക്കുന്നു. താന്‍ ഇന്ന രാജ്യക്കാരന്‍ ആണെന്നും അതിന്റെ അഖണ്ടത (വേലി) സംരക്ഷിച്ചു കൊള്ളാമെന്നും പ്രതിജ്ഞയെടുപ്പിക്കുന്നു. വിദ്യാഭ്യാസത്തിന്റെ പേരില്‍ കുറെ കൂലിതോഴിലാളികളെ സാറമ്മാരാക്കി രാഷ്ട്രത്തെ പ്രപഞ്ചസത്യമായി കുട്ടികളുടെ ഉള്ളില്‍ പ്രതിഷ്ടിക്കുന്നു. കുട്ടികളെ ആഹാരം, വസ്ത്രം,പാര്‍പ്പിടം എന്ന ചക്കില്‍ കുടുക്കുന്നു.. രാഷ്ട്രങ്ങള്‍ അനിവാര്യമാക്കുന്ന അധികാര (വിഭവ)കേന്ദ്രീകരണവും ഘടനയുമാണ് ഇന്നത്തെ മിക്ക മനുഷ്യ കൂട്ടായ്മകളുടെയും സത്ത തീരുമാനിക്കുന്നത്. മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും മുരടിപ്പിന്റെ ഉറവിടമായി അത് വര്‍ത്തിക്കുന്നു.. 
 
                        ഇന്ന് രാഷ്ട്രത്തിന്റെയും മുതലാളിത്തത്തിന്റെയും ശരീരം ഒന്നാണ്. യുദ്ധത്തിന്റെയും ഊഹക്കച്ചവടത്തിന്റെയും മൂലധനമാണ് അതിന്റെ സിരകളിലൂടെ ഒഴുകുന്നത്. അതിനു തടസ്സമാകുന്നതെല്ലാം ഘടനാമാറ്റത്തിലൂടെ തട്ടി മാറ്റുന്നു. മുതലാളിത്ത ആവശ്യങ്ങള്‍ നിയമം വഴി ഭരണഘടനയുടെ ഭാഗമാവുന്നു. കച്ചവടക്കാരാണ് ഇന്നത്തെ മിക്ക ഭരണകൂടങ്ങളുടെയും തലവന്മാരും അംഗങ്ങളും. എണ്ണയ്ക്കായി ഇറാക്കില്‍ നടന്ന യുദ്ധവും, ഖനനത്തിനായി ഇന്ത്യയിലെ ആദിവാസികളെ കൊന്നൊടുക്കുന്നതും ഒരേ ഉദ്ദേശശുദ്ധിയെ വെളിപ്പെടുത്തുന്നു.
                                      ഇങ്ങനെയെല്ലാം മുതലാളിത്തം രാഷ്ട്രങ്ങളെ വിഴുങ്ങുന്നതിനു അനുസൃതമായി ആ പ്രദേശത്തെ സര്‍വ്വതും കൊള്ളയടിക്കപ്പെടുന്നു. അവ ശവപ്പറമ്പുകളാവുന്നു. നമ്മുടെ മുഴുവന്‍ വിഭവങ്ങളും ചന്തയിലെത്തിച്ച്, ചൂതുകളിച്ച്, നമ്മുടെ ഹൃദയവും ഭൂമിയും ഒരുപോലെ ശൂന്യമാക്കി ജീവനൊടുക്കലാണ് ഇതിന്റെ അവതാരോദ്ദേശം.

                         ഈ ആഗോള മതത്തിന്റെ സുവിശേഷവാഹകരാണ് മുഖ്യധാരാ മാധ്യമങ്ങള്‍ . സമ്പന്നരായ ദൈവങ്ങള്‍ക്ക് വേണ്ടി സ്വാതന്ത്ര്യത്തെയും വികസനത്തെയും അവര്‍ തരാതരം നിര്‍വ്വചിക്കുകയും സമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. കരക്കാരുടെ കണ്ണിലെ കരടെടുപ്പാണ് പ്രധാന കൌതുകം; ഭീകരമാണതിന്റെ ബഹിര്‍മുഖത്വം.


--- ശ്യാം ബാലകൃഷ്ണന്റെ 'ഏക ലോക വിദ്യാഭ്യാസം' എന്ന പുസ്തകത്തില്‍ നിന്നും
പ്രസാധനം : പ്രണത ബുക്സ് , കൊച്ചി -18 .
വില: അമ്പതു രൂപ.


Wednesday, November 17, 2010

പി.സി.കെ- യുടെ ക്രൂരകൃത്യങ്ങള്‍





  പ്ലാന്റെഷന്‍ കോര്‍പ്പറേഷന്‍ എന്ന കാലന്‍ അഥവാ

 എന്‍ഡോസള്‍ഫാന്‍ വിവാദത്തില്‍ യഥാര്‍ത്ഥ പ്രതി രക്ഷപ്പെടുന്നു...
            എന്‍ഡോസള്‍ഫാന്‍ വിവാദം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. കേരളം മുഴുവനും ഉള്ള സകല സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിവാദത്തില്‍ സജീവമായി ഇടപെടുന്നു. ഇതുവരെ ഉണ്ടായതില്‍ നിന്നും ഒരു വ്യത്യാസവും ഇരകള്‍ക്ക് ഇപ്പോഴും ഇല്ല. പിന്നെന്താണ് വിവാദം ഉണ്ടാക്കിയത്? കേന്ദ്ര സര്‍ക്കാരിന്റെ കഴിഞ്ഞ പത്തു വര്‍ഷമായി ഉണ്ടായിരുന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ചതാണ് ഇപ്പോള്‍ പ്രശ്നം വഷളാക്കിയത്. "നിരോധനം" "നിരോധനം" എന്ന് ഇപ്പോള്‍ അലമുറയിടുന്ന മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിവാദം അവസാനിക്കുന്നതോടെ കളം വിടും. മാധ്യമങ്ങളില്‍ വരിക എന്നതാണ് ഇപ്പോള്‍ മുന്നോട്ടു വരുന്നവരുടെ പ്രധാന ഉദ്ദേശം. അവരാരും വിഷയം പഠിച്ചവരും അല്ല.

       എന്‍ഡോസള്‍ഫാന്‍ ദുരന്തത്തില്‍ ഇവിടെ ആരാണ് പ്രതി സ്ഥാനത്ത് വരേണ്ടത്? അതുല്പ്പാദിപ്പിച്ച കമ്പിനിയോ? അവര്‍ ഉല്‍പ്പാദിപ്പിക്കുന്നത് വിഷമാണെന്നും , അത് തളിച്ചാല്‍ എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാവുമെന്നും പാക്കറ്റിന് മുകളില്‍ എഴുതി വെക്കുന്നതോടെ അവരുടെ ബാധ്യത കഴിഞ്ഞു. അതെങ്ങനെ ഉപയോഗിക്കണം എന്നറിഞ്ഞിട്ടും നിയമങ്ങള്‍ ലംഘിച്ചു അതുപയോഗിച്ചതും , അതിനു അനുമതി നല്‍കിയ അന്നത്തെ ജില്ലാ ഭരണ കൂടവും ആണ് കുറ്റക്കാര്‍ .
ഇന്നാട്ടുകാരുടെ സ്ഥലം എടുത്ത്, അവിടെ മനുഷ്യത്വ വിരുദ്ധ കൃഷി നടത്തി , വിഷം തളിച്ച് ആളുകളെ കൊല്ലാക്കൊല ചെയ്ത് , അവരുടെ സഞ്ചാര സ്വാതന്ത്ര്യം വരെ ഇപ്പോഴും തടയുന്ന പ്രതി പ്ലാന്റെഷന്‍ കോര്‍പ്പറേഷന്‍ കേരളാ എന്ന സ്ഥാപനം ഇപ്പോഴും ചര്‍ച്ചകള്‍ക്ക് പുറത്താണ്. ആ യഥാര്‍ത്ഥ പ്രതിയുടെ വിശദ വിവരങ്ങള്‍ വെളിപ്പെടുത്തുകയാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം.

                              
           1962 ല്‍ ആണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളാ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനം രൂപം കൊള്ളുന്നത്.  കശുവണ്ടി ഇറക്കുമതി കുറഞ്ഞത്‌ മൂലം തോട്ടണ്ടി മേഖലകളിലെ തൊഴിലാളികള്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചതിനാല്‍ കൂടുതല്‍ മേഖല കശുവണ്ടി കൃഷി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതനുസരിച്ച് 1977 മേയ് 21 നു  ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ചീമേനിയിലെ 1360 ഏക്കര്‍ പി.സി.കെയ്ക്ക് പാട്ടത്തിനു നല്‍കാന്‍ തീരുമാനിച്ചു. കൂടാതെ 1978 ഡിസംബര്‍ 5 നു ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 1491/78/RD പ്രകാരം കാസര്‍ഗോഡ്‌ ജില്ലയിലെ കൃഷി വകുപ്പിന്റെ കയ്യിലെ 2300 ഹെക്ടര്‍ സ്ഥലം  (പെര്‍ള, പെരിയ,മൂളിയാര്‍ ,ആദൂര്‍ ) 17 ലക്ഷം രൂപ വിലയിട്ട് കശുവണ്ടി കൃഷിക്ക് നല്‍കി. അത് കൂടാതെ വനം വകുപ്പിന്റെ കയ്യിലെ രാജപുരത്തെ 1523 ഹെക്ടര്‍ വനം 1977 ല്‍ ഹെക്ടറിന് 250 രൂപ നിരക്കില്‍ പാട്ടത്തിനു നല്‍കി. നിബിഡ വനമായിരുന്നു ഈ പ്രദേശം.
                              44 നദികള്‍ ഒഴുകുന്ന കേരളത്തില്‍ അതില്‍ 12 എണ്ണവും കാസര്‍ഗോഡ്‌ ജില്ലയില്‍ ആണ് എന്ന് പറഞ്ഞാല്‍ ഈ ജില്ലയില്‍ കിഴക്കന്‍ മേഖലയില്‍ ഉണ്ടായിരുന്ന വനങ്ങളുടെ ജൈവ സമ്പന്നതയെപ്പറ്റി കൂടുതല്‍ വിശദീകരിക്കേണ്ടി വരില്ലല്ലോ. അത്രയ്ക്ക് ഫലഭൂയിഷ്ടവും ആയിരുന്നു ഭൂമി. അവിടെയാണ് എഴുപതുകളില്‍ പി.സി.കെ ഹെലികോപ്ടറില്‍ രാസ-കീടനാശിനി പ്രയോഗവുമായി കടന്നു വരുന്നത്. വര്‍ഷത്തില്‍ മൂന്ന് തവണ വീതം ആണ് എന്‍ഡോസള്‍ഫാന്‍ തളിച്ചത്. കാസര്‍ഗോഡ്‌ CPCRI ലെ ശാസ്ത്രജ്ഞന്‍ ഒ.പി.ദുബെ ആണ് ഇത് തളിക്കാന്‍ അനുമതി നല്‍കിയത്. നൂറു കണക്കിന് മൃഗങ്ങള്‍ ആണ് കീടനാശിനി തളിയോടെ ചത്ത്‌ വീണത്,  ഹെലികോപ്ടര്‍ ഓടിച്ചിരുന്ന പൈലറ്റുമാര്‍ രാജപുരത്ത് നിന്നും തിരികെ ജീപ്പില്‍ കാഞ്ഞങ്ങാട്ടെയ്ക്ക് വരുമ്പോള്‍ റോഡില്‍ നിറയെ വന്യമൃഗങ്ങള്‍ ചത്ത്‌ ചോരയൊലിപ്പിച്ചു കിടക്കുന്ന ദൃശ്യം കണ്ടു ഞെട്ടിയതായി അവര്‍ പറഞ്ഞിട്ടുണ്ട്. ഈ വിഷം ഇരുപതു വര്‍ഷത്തിലേറെ ഒരേ സ്ഥലത്ത് തളിച്ച്, അത് നദികളിലൂടെയും ജലാശയങ്ങളിലൂടെയും വ്യാപിച്ചപ്പോള്‍ ഉണ്ടായ വിപത്താണ് നമ്മള്‍ കാണുന്നത്.
            1990 മുതല്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി നേടി, പത്ര പരസ്യം ചെയ്തിട്ടാണ് വിഷം തളിച്ചതെന്നു പി.സി.കെ പറയുന്നു. ഇത്രയും അവികസിത ജില്ലയില്‍ ഇപ്പോള്‍ പോലും പത്രമോ വൈദ്യുതിയോ എത്താത്ത സ്ഥലത്തെ ജനങ്ങള്‍ അറിയാനാണോ പി.സി.കെ പത്രത്തില്‍ കിണര്‍ മൂടാനും അകത്തിരിക്കാനും പരസ്യം നല്‍കിയത്???  മാത്രമല്ല, ഈ വിഷം തളിക്കുന്നത് നിര്‍ത്താന്‍ 1995 മുതല്‍ ജില്ലയില്‍ നിരന്തരം ആവശ്യം ഉയരുമ്പോഴും പി.സി.കെ അത് കണ്ടില്ലെന്നു നടിച്ചു.
അവര്‍ മറു വാദങ്ങളുമായി രംഗത്ത്‌ വന്നു. സമരത്തിന്റെ നീണ്ട പതിനഞ്ചു വര്‍ഷത്തിനിടെ ഒരു സമയത്തും പി.സി.കെ അധികൃതര്‍ രോഗികളെ കാണുകയോ, സഹായിക്കുകയോ ചെയ്തിട്ടില്ല. സഹായം ചെയ്യാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമില്ല.   ഈ വിഷം തളിക്കാന്‍ അവരെ അനുവദിച്ച സര്‍ക്കാരും തുല്യ കുറ്റക്കാരാണ്.

            കാസര്‍കോട്ട് മാത്രമാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ എന്നാണ് ഇതുവരെ പറഞ്ഞുകേട്ട മുടന്തന്‍ ന്യായം .എന്നാല്‍ എവിടെയൊക്കെ പി.സി.കെ തോട്ടം ഉണ്ടോ അവിടെയൊക്കെ ഇതിന്റെ ഇരകളെ രോഗികളായി നമുക്ക് കാണാനാകും. കോഴിക്കോട്ടെ പേരാമ്പ്രയിലും മറ്റും രോഗികള്‍ ഉള്ളതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങി.



പി.സി.കെ യ്ക്കുള്ള ഭൂമി 
--------------------------

                                       പി.സി.കെയ്ക്ക് സ്വന്തമായി ഉള്ളത് കാസര്‍ഗോഡ്‌ തോട്ടം മാത്രമാണ്. ജില്ലയിലെ തന്നെ ചീമേനിയില്‍ റവന്യൂ പാട്ട ഭൂമി. അതിനു നാളിതുവരെ പാട്ടം അടച്ചതായി തെളിവില്ല. 126 ലക്ഷം രൂപ ഈ ഇനത്തില്‍ പാട്ട കുടിശിക നല്‍കാന്‍ ഉണ്ട്. ശേഷിക്കുന്ന മുഴുവന്‍ ഭൂമിയും വനം വകുപ്പില്‍ നിന്നും പാട്ടത്തിനു വാങ്ങിയതാണ്. കശുമാവ് കൃഷിക്കായിരുന്നു പാട്ടം.

ഭൂമി ഇപ്രകാരം

തോട്ടം                      
ആകെ ഭൂമി (ഹെക്ടര്‍ )          വിള വിവരം  (ഹെക്ടര്‍ )  
--------                      
   ---------------------------        -----------------------
കൊടുമണ്‍               
            1300                             1194   റബര്‍
ചന്ദനപ്പള്ളി                  
        1600                            1509   റബര്‍
തണ്ണിത്തോട്                          699                                592 റബര്‍ , 58 കശുമാവ് 
കല്ലട & അതിരപ്പിള്ളി        4056.5                   2445 റബര്‍ , 598 കശുമാവ് , എണ്ണപ്പന*

നിലമ്പൂര്‍                               555                               300 റബര്‍ 73 കശുമാവ്
പേരാമ്പ്ര                              1230                               483 റബര്‍ , 500 കശുമാവ്
മണ്ണാര്‍ക്കാട്                          513                                 512 കശുമാവ്  
കാസര്‍ഗോഡ്‌                      2294                                2209 കശുമാവ് , 30 റബര്‍
ചീമേനി                               1360                                960 കശുമാവ്
രാജപുരം                              1522                              1625 കശുമാവ്, റബര്‍ (അനധികൃതം)

* കശുമാവ് ഒഴികെയുള്ള വിളകള്‍ അനധികൃതമായി/നിയമം ലംഘിച്ചു കൃഷി ചെയ്യുന്നതാണ്.


                    ഏക്കറിന് ഇരുനൂറ്റി അമ്പതു രൂപ തോതിലായിരുന്നു ഇതുവരെ പാട്ടം , ഇപ്പോള്‍ 1200 രൂപ തോതിലും . നാമമാത്രമായ തുക ആയിരുന്നിട്ടു പോലും ഒരൊറ്റ പൈസ ഇത് വരെ പാട്ടം അടച്ചതായി രേഖകള്‍ ഇല്ല.!!     86 കോടി രൂപയാണ് പാട്ടക്കുടിശികയായി പി.സി.കെ വനം വകുപ്പിന് ഇപ്പോള്‍ നല്‍കാനുള്ളത്. ഇപ്പോഴും ഒരു രൂപ പോലും നല്‍കുന്നില്ല. പലതവണ ആവര്‍ത്തിച്ചു വനം വകുപ്പ് ആവശ്യപ്പെട്ടിട്ടും തുക അടയ്കാത്ത പി.സി.കെ, ഗുരുതരമായ വനനശീകരണമാണ് കുറെക്കാലമായി നടത്തുന്നത്

പി.സി.കെ വക വന നശീകരണം.
------------------------------
-----------

                            1979 ഡിസംബറില്‍ ആണ് മിക്ക തോട്ടങ്ങളും വനം വകുപ്പ് പി.സി.കെ യെ ഏല്‍പ്പിക്കുന്നത്. 1980 ല്‍ വനസംരക്ഷണ നിയമം പാസായതോടെ വനഭൂമി പാട്ടം നല്‍കുന്നതിനു മുന്‍പ് കേന്ദ്ര സര്‍ക്കാരിന്റെ മുന്‍‌കൂര്‍ അനുമതി വാങ്ങണം. അത്തരം അനുമതി വാങ്ങതതിനാല്‍ ആ അര്‍ത്ഥത്തില്‍ തന്നെ മൊത്തം ലീസ് ഭൂമിയും അനധികൃതമായ കൈവശമാണ്.
അന്ന് മുതല്‍ വനനശീകരണം പി.സി.കെയുടെ കൂടെപ്പിറപ്പാണ്. കശുമാവ് കൃഷിക്ക് നല്‍കിയ സ്ഥലത്ത് പാട്ടം ലംഘിച്ചു റബര്‍ കൃഷി നടത്തിയത് കാരണം അവര്‍ക്കെതിരെ നിയമ നടപടി ശുപാര്‍ശക്ക്  ചെയ്യപ്പെട്ടിട്ടുണ്ട്. അത് കൂടാതെ കല്ലട തോട്ടത്തില്‍ പാട്ടഭൂമി മുറിച്ചു വാനില കൃഷിക്ക് മറുപാട്ടത്തിന് നല്‍കിയതിനു കേസും നിലവിലുണ്ട്. ആ കേസിനായി (SLP 26032/2004, 26033 /2004) സുപ്രീം കോടതിയില്‍ ലക്ഷങ്ങള്‍ ചെലവിടുകയാണ് രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ !!
  
                      കേരളത്തിലെ കന്യാവനങ്ങളുടെ നാശത്തിനു പി.സി.കെ നല്‍കുന്ന സംഭാവന ചെറുതല്ല. ഓരോ വര്‍ഷവും 1500-ഓളം മെട്രിക് ടണ്‍ രാസവളമാണ് കാടുകളില്‍ പി.സി.കെ പ്രയോഗിക്കുന്നത്.  ഇത്  വെള്ളത്തില്‍ കലര്‍ന്ന് വന്യമൃഗങ്ങളുടെയും മനുഷ്യരുടെയും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. കല്ലട തോട്ടത്തില്‍ തളിക്കാന്‍ നല്‍കിയ പത്തു ടണ്‍ രാസവളം ഒരു കുഴിയെടുത്തു മൂടിയ വാര്‍ത്ത പുറത്തു വന്നത് കഴിഞ്ഞ വര്‍ഷമാണ്‌.  ഇത്തരത്തില്‍ അശാസ്ത്രീയമായി കൈകാര്യം ചെയ്യപ്പെടുന്നത് മൂലം മനുഷ്യരിലേക്കും ആരോഗ്യ പ്രശ്നങ്ങള്‍ വ്യാപിക്കുന്നു. 

              കാസര്‍കോട്ടെ രാജപുരം എസ്റെറ്റില്‍ നിന്നും കോടിക്കണക്കിനു രൂപയുടെ തടിയാണ് പി.സി.കെ മുറിച്ചു കടത്തിയത്. മുറിച്ച ശേഷം കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്താണ് മരം തൂക്കുക. മുരിച്ചതില്‍ എത്രയാണോ മില്ലില്‍ എത്തുക? ഇതില്‍ തന്നെ നഷ്ടം വ്യക്തമാണ്. വനം വകുപ്പിന്റെ അനുമതി ഇല്ലാതെ നാലായിരം കാട്ടു മരങ്ങള്‍ മുറിക്കാന്‍ പി.സി.കെ കഴിഞ്ഞ വര്‍ഷം ശ്രമിച്ചപ്പോള്‍ വനം മന്ത്രി ബിനോയ്‌ വിശ്വത്തെ ഞാന്‍ വിളിച്ചു പരാതി പറഞ്ഞതിന്‍ പ്രകാരം മന്ത്രി ഇടപെടുകയും വനം വകുപ്പ് ഈ നീക്കം തടയുകയും ചെയ്തു.
                              
     2009 ല്‍ കണ്ണൂര്‍ ഡി.എഫ്.ഒ പി.സി.കെയ്ക്ക് അയച്ച കത്തില്‍ , അവര്‍ പാട്ടക്കരാര്‍ ലംഘിച്ചതിനാല്‍ രാജപുരം തോട്ടം ഉള്‍പ്പെട വനഭൂമി തിരിചെടുക്കുകയാണെന്നു അറിയിച്ചിരുന്നു . ഭൂമി തിരിച്ചെടുക്കാന്‍ ആവശ്യപ്പെടുന്ന ആ ഫയല്‍ മന്ത്രി ഓഫീസ് വരെ എത്തിയെങ്കിലും നാളിതുവരെയായി തുടര്‍ നടപടി എടുത്തിട്ടില്ല. 16397/C2/08/വനം നമ്പര്‍ ഫയല്‍ ജൂലൈ മാസം 19 നു വനം മന്ത്രിയുടെ ഓഫീസില്‍ എത്തിയെങ്കിലും നാളിതുവരെ അതില്‍ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.  നിരന്തരം പാട്ടക്കരാര്‍ ലംഘനം നടക്കുന്നതിനാല്‍ എല്ലാ വനഭൂമിയും തിരിച്ചെടുക്കണം എന്ന വനം വകുപ്പുദ്യോഗസ്ഥരുടെ ആവര്‍ത്തിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് മേല്‍ നടപടിയെടുക്കാതെ വൈകിക്കുന്ന വനം മന്ത്രി ഇക്കാര്യത്തില്‍ പി.സി.കെ യെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത് മറ്റൊരു സി.പി.ഐ നേതാവ് തന്നെ ഭരിക്കുന്ന പി.സി.കെയുടെ സമ്മര്‍ദ്ദം മൂലം ആണെന്ന് കരുതുന്നു. 
Letter from CCF about PCK
                            വനമേഖലയില്‍ റബര്‍ നടുന്നത് വനസംരക്ഷണ നിയട്മത്തിന്റെ ലംഘനമാണെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയതായി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിയമലംഘനം നടത്തുന്ന പി.സി.കേ ക്കെതിരെ നടപടി എടുക്കുന്നതിനു പകരം  റബര്‍ കൃഷിക്ക് പൊതു ഖജനാവില്‍ നിന്നും സഹായം നല്‍കി നിയമലംഘനം പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍.
                

 പാട്ടലംഘനം സംബന്ധിച്ച് വനം വകുപ്പിന് പി.സി.കെ നല്‍കിയ കത്തും വനം വകുപ്പിന്റെ മറുപടിയും ഇതോടൊപ്പം നല്‍കുന്നു.


Letter of PCK 1

PCK 2

PCK 3

Letter from CCF 1

CCF page 2

CCF Page 3
CCF page 4

CCF page 5

CCF page 6

ഓരോ കാലത്തും ഭരണാധികാരികള്‍ വനങ്ങളെ അവര്‍ക്കിഷ്ടമുള്ളതുപോലെ ഉപയോഗിച്ച് ലാഭം നേടി, ഇപ്പോള്‍ തോട്ടം ആക്കാന്‍ ഉപയോഗിക്കുന്നത് മൂലം വനത്തിനും വന്യ മൃഗങ്ങള്‍ക്കും ആണ് നഷ്ടം. വിലമതിക്കാനാവാത്ത വനഭൂമി സാമ്പത്തിക ലാഭം മാത്രം കണ്ടുകൊണ്ട് തോട്ടമായി ഉപയോഗിക്കുന്നത് മലയാളിക്ക് ദീര്‍ഘകാല ഭാവിയില്‍ ഗുണം ചെയ്യില്ല.
                              
 
സാമ്പത്തിക ലാഭം/നഷ്ടം
------------------------------
---

ഓരോ വര്‍ഷവും പി.സി.കെ നഷ്ടത്തിലാണ് ഓടിക്കൊണ്ടിരുന്നത്  കൃഷിഭൂമി നാമമാത്രമായ വിലയ്ക്ക് കിട്ടിയിട്ടും അഞ്ചു കൊല്ലം മുന്‍പ് വരെ നഷ്ടം ആയിരുന്നു ഫലം. ഇപ്പോള്‍ ക്രമേണ ലാഭത്തിലേക്ക് വരുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ ആ കണക്കു വ്യാജമാണ്. കോടികണക്കിന് രൂപ പാട്ടകുടിശിക അടയ്ക്കാതെ പെരുപ്പിച്ച കണക്കാണ് ഈ ലാഭം എന്ന പേരില്‍ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ തൊഴിലുറപ്പ് പദ്ധതി വന്നപ്പോള്‍ കൂലി കൊടുക്കുന്നത് പഞ്ചായത്തുകള്‍ ആണ്. മാത്രമല്ല, റബര്‍ ബോര്‍ഡില്‍ നിന്നും കശുവണ്ടി വികസന കോര്‍പ്പരേഷനില്‍ നിന്നും ഓരോ വര്‍ഷവും ലക്ഷങ്ങള്‍ ധനസഹായം കിട്ടുന്നുണ്ട്.
             ചുരുക്കത്തില്‍ ,  സാമ്പത്തികമായി സര്‍ക്കാര്‍ താങ്ങി നിര്‍ത്തുന്ന ഒരു സ്ഥാപനമാണിത്. നഷ്ടം ജനങ്ങള്‍ക്കും.

തൊഴിലാളി സ്നേഹം
---------------------------
                                       പി.സി.കെയുടെ കീഴില്‍ അവര്‍ പറയുന്നത് അനുസരിച്ച് 2135 സ്ഥിരം തൊഴിലാളികളും 466 താല്‍ക്കാലിക തൊഴിലാളികളും ഉണ്ട്. കാസര്‍ഗോട്ടെ ഒറ്റ തൊഴിലാളിക്കും കീടനാശിനി തളിക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച് അറിയിപ്പൊന്നും നല്‍കിയിരുന്നില്ല. എന്‍ഡോസള്‍ഫാന്‍ തളിച്ച നിരവധി തൊഴിലാളികള്‍ ആണ് ഇന്ന് ചത്ത്‌ ജീവിക്കുന്നത്. അവര്‍ക്ക് ഒറ്റ രൂപ നഷ്ട പരിഹാരം നല്‍കിയിട്ടില്ല. അവരെ ഇപ്പോള്‍ കോര്‍പ്പരേഷന്‍ തിരിഞ്ഞു നോക്കുന്നുമില്ല.
                              
               2007-08 വര്‍ഷത്തില്‍ കൂലിയിനത്തില്‍ 7.46 കോടി രൂപ നല്‍കി. ഈ തൊഴിലാളികളുടെ പേരില്‍ ആണ് കോര്‍പ്പറേഷന്‍ നിലനില്‍ക്കുന്നതെങ്കില്‍ , മുഴുവന്‍ തൊഴിലാളികള്‍ക്കും ഇപ്പോള്‍ നല്‍കുന്ന കൂലി സ്ഥിരമായി ലഭിക്കാനുള്ള ഒരു മാര്‍ഗ്ഗം പറയാം. വനം വകുപ്പിന് നല്‍കാനുള്ള 86 കോടി രൂപ പി.സി.കെ നല്‍കുക, അതൊരു അക്കൌണ്ടില്‍ നിക്ഷേപിച്ച് ലഭിക്കുന്ന പലിശ ഓരോ വര്‍ഷവും തൊഴിലാളികള്‍ക്ക് തോഴിലെടുക്കാതെ തന്നെ ശമ്പളം നല്‍കാന്‍ പറ്റും . എന്നാലെങ്കിലും വനങ്ങള്‍ രക്ഷപ്പെടുമല്ലോ.   
                              
                                
   
ഇപ്പോഴും തുടരുന്ന ക്രൂരത
------------------------------
---
                              
                           തൊഴിലാളികള്‍ അടക്കം പലരും പി.സി.കെയുടെ തോട്ടങ്ങള്‍ക്ക് സമീപമാണ് ജീവിക്കുന്നത്. നാട്ടുകാരുടെ വീടുകളിലേക്ക് പോകാന്‍ കഴിയാത്ത വിധം ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു അവരെ ബുദ്ധിമുട്ടിക്കുന്നത് പി.സി.കെ യുടെ ക്രൂര വിനോദങ്ങളില്‍ ഒന്നാണ്. വിഷം തളിചത്ത്‌ മൂലം വികലാംഗരായ നാടുകാരെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പോലും സമ്മതിക്കാതെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന പ്രക്രിയയ്ക്ക് പി.സി.കെ.യുടെ ന്യായം അവര്‍ തോട്ടം സംരക്ഷിക്കുകയാണ് എന്നാണ്. ഇതിനെതിരെ എം.എ  റഹ്മാനെപ്പോലെയുള്ളവര്‍ പല തവണ ലേഖനം എഴുതിയിട്ടും പ്രയോജനം ഇല്ല.

                                                   തോട്ടങ്ങളില്‍ 2003 നു ശേഷം കീടനാശിനി ഉപയോഗിക്കുന്നില്ല എന്ന് പരസ്യമായി പറയുകയും എഴുതുകയും ചെയ്യുന്ന പി.സി.കെ ഇക്കഴിഞ്ഞ ഒക്ടോബര്‍ 29 നു വീണ്ടും ഇവിടെ കീടനാശിനി തളിച്ചു. ഒരു വശത്ത് കൂടി മൂളിയാറിലെ വീടുകളില്‍ നിന്നും ആരോഗ്യ വകുപ്പധികൃതര്‍ രക്ത സാമ്പിളുകള്‍ ശേഖരിക്കുമ്പോള്‍ മറുവശത്ത് അതേ സമയം അവര്‍ക്ക് ചുറ്റും വിഷം തളിക്കുന്ന ക്രൂരതയാണ് പി.സി.കെ ഇവിടെ ചെയ്തത്. എന്തു പേരിലാണ് വായനക്കാരേ ഇതിനെ വിളിക്കേണ്ടത്??? (അത് തൊഴിലാളികള്‍ പണം കൊടുത്ത് വാങ്ങി തളിക്കുന്നതാകും എന്നാണ് ചെയര്‍മാനെ ഫോണില്‍ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്!!!)

ആവശ്യങ്ങള്‍
----------------
1 . പാട്ടക്കരാര്‍ ലംഘിച്ച പി.സി.കെയുടെ അനധികൃത തോട്ടങ്ങള്‍ മുഴുവന്‍ വനം വകുപ്പ് തിരിച്ചെടുക്കണം.
2 .  വനസംരക്ഷണ നിയമം ലംഘിച്ചവര്‍ക്കെതിരെ കേസെടുക്കണം .
3 .  ട്രൈബൂണല്‍ രൂപീകരിച്ചു രോഗികള്‍ക്കും മരിച്ചവരുടെ ആശ്രിതര്‍ക്കും പത്തു ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണം. അതിനായി പി.സി.കെയുടെ ആസ്തി ഉപയോഗിക്കണം.
4. തൊഴിലാളികളെ ഏറ്റെടുത്ത്‌ സംരക്ഷിക്കണം .





Saturday, November 13, 2010

EXCLUSIVE: കെ.വി തോമസിന് എന്‍ഡോസള്‍ഫാന്‍ കമ്പനിയുമായി ബന്ധം !

കെ.വി തോമസിന് എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കുന്ന കമ്പനിയുമായി നേരിട്ട് ബന്ധം !!

എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി ഉണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈട്സ് ലിമിറ്റഡ് (HIL) എന്ന കമ്പിനിയുമായി കേന്ദ്ര കൃഷി മന്തിക്ക് നേരിട്ട് ബന്ധമുണ്ടെന്നതിന് തെളിവ് ലഭിച്ചിരിക്കുന്നു. കൊച്ചിയിലെ ഈ സ്ഥാപനത്തിലെ തൊഴിലാളി യൂണിയന്‍ നേതാവാണ്‌ ഇപ്പോഴും കെ.വി.തോമസ്‌.
സെര്‍ച്ച്‌ എന്ജിനായ ഗൂഗിളില്‍ "HIL Kochi " എന്ന് തിരഞ്ഞാല്‍ ലഭിക്കുന്ന മൂന്നാമത്തെ ലിങ്ക് ലോകസഭയിലെ കെ.വി.തോമസിന്റെ ഔദ്യോഗിക ബയോഡാറ്റ പേജാണ്‌.

http://www.google.co.in/search?hl=en&q=HIL+Kochi&btnG=Search&aq=f&aqi=&aql=&oq=&gs_rfai=



അതില്‍ മറ്റു വ്യക്തിഗത വിവരങ്ങളുടെ കൂടെ താന്‍ ഇപ്പോഴും വഹിക്കുന്ന തൊഴിലാളി യൂണിയന്‍ ഭാരവാഹിത്വം വിശദീകരിക്കുന്നുണ്ട്. അവിടെ    " Office bearer, INTUC trade unions in (i)Travancore, Titanium Ltd., Trivandrum, FACT, Udyogamandal; (ii) HMI, Kochi; (iii) Cochin Shipyard; (iv) Cochin Port Trust; (v) H.I.L., Kochi " എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 
 

ഇതേ വിവരങ്ങള്‍ ആണ് ഇന്ത്യാ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ അദ്ദേഹത്തിന്‍റെ പ്രോഫൈലിനോപ്പം നല്‍കിയിരിക്കുന്നത്.
             http://164.100.47.132/LssNew/Members/Biography.aspx?mpsno=3209
 
                                               എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള മാരക കീടനാശിനികള്‍ ഏറ്റവും അധികം ഉല്‍പ്പാദിപ്പിക്കുന്നത്  പൊതുമേഖലാ സ്ഥാപനമായ H.I.L ആണ്.  അവര്‍ക്ക് ഇന്ത്യയില്‍ മൂന്ന് ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ആണുള്ളത്. പഞ്ചാബിലും മഹാരാഷ്ട്രയിലും കൊച്ചിയിലും ആണ് ഇവ.  H.I.L കമ്പിനിയുടെ കൊച്ചിയിലെ യൂണിറ്റിന്റെ കോണ്ഗ്രസ് തൊഴിലാളി സംഘടനയുടെ ഔദ്യോഗിക ഭാരവാഹിത്വം താന്‍ വഹിക്കുന്നുണ്ട് എന്നാണ് കെ.വി.തോമസ്‌ തന്നെ ഇതിലൂടെ സമ്മതിച്ചിരിക്കുന്നത്. ഈ ഭാരവാഹിത്വം വഹിക്കുന്നതിനാല്‍ ആണ് എന്‍ഡോസള്‍ഫാന് എതിരെ ഇത്രയേറെ പഠനങ്ങള്‍ ഉണ്ടായിട്ടും , ഈ വിഷം ഉണ്ടാക്കിയ ദുരിതങ്ങള്‍ അറിഞ്ഞിട്ടും കീടനാശിനിക്ക് അനുകൂലമായ നിലപാട് തോമസ്‌ പ്രഖ്യാപിച്ചത് എന്ന് വേണം കരുതാന്‍ .

                                 എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് സംബന്ധിച്ച ചര്‍ച്ച ചെയ്യാന്‍ ജനീവയില്‍ കൂടിയ സ്റോക്ക്ഹോം കണ്‍വെന്ഷനില്‍ സര്‍ക്കാര്‍ പ്രതിനിധിയായി പങ്കെടുത്തതും H.I.ല പ്രതിനിധിയാണ്. ഇതിന് പിന്നിലും കെ.വി.തോമസിന്റെ പങ്കുണ്ടെന്ന ആരോപണം ഇതോടെ ബലപ്പെടുകയാണ്.
                           കാസര്‍ഗോഡ്‌ നടന്ന സെമിനാറില്‍ എന്‍ഡോസള്‍ഫാന്‍ അനുകൂല പ്രസ്താവന നടത്തിയ കെ.വി.തോമസ്‌ കേന്ദ്ര സര്‍ക്കാര്‍ നിലപാട് പറയുക മാത്രമാണ് ചെയ്തത് എന്ന മട്ടിലായിരുന്നു രമേശ്‌ ചെന്നിത്തല പ്രതികരിച്ചത്. എന്നാല്‍ വിവാദ കീടനാശിനി ഉണ്ടാക്കുന്ന കമ്പിനിയുടെ തൊഴിലാളി നേതാവാണെന്ന് സ്വയം വിളിച്ചു പറഞ്ഞു കൊണ്ട് കീടനാശിനിക്ക് അനുകൂലമായി തന്റെ വ്യക്തിപരമായ നിലപാട് കൂടിയാണ് കേന്ദ്ര കൃഷി മന്ത്രിയായ തോമസ്‌ വ്യക്തമാക്കുന്നത്.


Friday, November 12, 2010

സൈലന്റ്‌വാലി കരുതല്‍മേഖലയില്‍ സ്വകാര്യ കുപ്പിവെള്ളക്കമ്പനി


പാലക്കാട്: സൈലന്റ്‌വാലി കരുതല്‍ മേഖലയില്‍ നിയമങ്ങള്‍ മറികടന്ന് സ്വകാര്യ കുപ്പിവെള്ളക്കമ്പനി തുറക്കുന്നു. കരുതല്‍മേഖലയില്‍ ഇത്തരമൊരു കമ്പനിക്ക് അനുമതിനല്കിയത് എങ്ങനെയെന്നന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒറ്റപ്പാലം ആര്‍.ഡി.ഒ.യോട് കളക്ടര്‍ കെ.വി.മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. വിവാദസ്ഥലം വെള്ളിയാഴ്ച കളക്ടര്‍ സന്ദര്‍ശിക്കുകയും ചെയ്തു.

സൈലന്റ്‌വാലിയിലെ പ്രധാനനദിയായ ഭവാനിപ്പുഴയുടെ അരുവികളിലൊന്നായ കരുവാരത്തോടിന്റെ കരയിലാണ് കുപ്പിവെള്ള നിര്‍മാണക്കമ്പനിയുടെ കെട്ടിടം ഉയരുന്നത്. മാസങ്ങള്‍ക്കകം കുപ്പിവെള്ളനിര്‍മാണം തുടങ്ങാനാവുംവിധമാണ് പണി പുരോഗമിക്കുന്നത്. ഇതോടെ തോട്ടിലെ വെള്ളവും കിണറുകളിലെ കുടിവെള്ളവും വറ്റുമെന്ന ഭീതിയിലാണ് ആദിവാസികളുള്‍പ്പെടെയുള്ള പരിസരവാസികള്‍.


അഗളിപഞ്ചായത്തില്‍ കള്ളമലവില്ലേജില്‍ മുക്കാലി-സൈലന്റ്‌വാലി റോഡിലെ താന്നിച്ചോട്ടിലാണ് കെട്ടിടംപണി. കെട്ടിടത്തിന്റെ നേരെമുന്നില്‍ സൈലന്റ്‌വാലി റോഡും തൊട്ടുപിന്നില്‍ കരുവാരത്തോടുമാണ്. തോട്ടില്‍നിന്ന് വെറും 40 മീറ്റര്‍ അകലെയായാണ് കമ്പനി കിണര്‍ കുഴിച്ചിരിക്കുന്നത്. തോട്ടിനപ്പുറത്ത് ആദിവാസികളുടെ കോളനിയാണ്. കിണറ്റില്‍നിന്ന് കമ്പനി വെള്ളമെടുക്കാന്‍ തുടങ്ങുന്നതോടെ ഭൂഗര്‍ഭജലവിതാനം താഴുകയും തോടുവറ്റുകയും ചെയ്യുമെന്നാണ് സമീപവാസികള്‍ പറയുന്നത്.


കരുവാരത്തോട്ടില്‍നിന്ന് കുഴലിട്ട് വെള്ളമെടുത്താണ് കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഇതിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കമ്പനിക്ക് നോട്ടീസ്‌നല്കിയിരുന്നു. മിനറല്‍വാട്ടര്‍ നിര്‍മാണത്തിനായി രണ്ട് ചെറിയകിണറുകള്‍മാത്രമാണ് കുഴിച്ചിട്ടുള്ളത്. ഇവയില്‍നിന്ന് പ്രതിദിനം ഇരുപതിനായിരത്തോളം ലിറ്റര്‍ കുപ്പിവെള്ളം നിറച്ചുവില്ക്കാനാണ് നീക്കം.

15 വര്‍ഷംമുമ്പ് ഇതേസ്ഥലത്ത് 'വിര്‍ജിന്‍ സൈലന്റ്‌വാലി' എന്നപേരില്‍ അനധികൃതമായി ഒരു മിനറല്‍വാട്ടര്‍ കമ്പനി പ്രവര്‍ത്തിച്ചിരുന്നു. അന്ന് 'സൈലന്റ്‌വാലി' എന്ന ആഗോളപ്രശസ്തനാമം വാണിജ്യലാഭത്തിനായി ഉപയോഗിക്കുന്നതിനെതിരെ പരാതിയുയര്‍ന്നു. അതോടെ കുപ്പിവെള്ളത്തിന്റെ പേരുമാറ്റി വിപണിയിലിറക്കി. ആ കുപ്പിവെള്ളത്തില്‍ മാലിന്യമുണ്ടെന്നുകാണിച്ച് ഒരു പ്രശസ്ത സിനിമാനടന്‍ കേസുകൊടുത്തതിനെത്തുടര്‍ന്ന് കമ്പനി നഷ്ടപരിഹാരം നലേ്കണ്ടിവന്നു. അന്ന് പൂട്ടിപ്പോയ കമ്പനിയാണ് പുതിയ സജ്ജീകരണങ്ങളോടെ വീണ്ടും തുറന്നുപ്രവര്‍ത്തിക്കാനൊരുങ്ങുന്നത്. നിയമസഭാസമിതി അന്ന് ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നെന്നും അറിയുന്നു.

അക്കാലത്ത് മിനറല്‍വാട്ടര്‍കമ്പനി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ കരുവാരത്തോട്ടിലെയും ചുറ്റുമുള്ള കിണറുകളിലെയും വെള്ളം വറ്റിയിരുന്നതായി നാട്ടുകാര്‍ ഓര്‍ക്കുന്നു. സൈലന്റ്‌വാലി ദേശീയോദ്യാനപാര്‍ക്കിന്റെ പരിരക്ഷണകവചമായി കണക്കാക്കപ്പെടുന്ന കരുതല്‍മേഖലയില്‍(ബഫര്‍സോണ്‍) ആനവായ് ഫോറസ്റ്റ് സ്റ്റേഷന്റെ മൂക്കിനുതാഴെയാണ് കമ്പനി ഉയരുന്നത്. വനംവകുപ്പ് ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സ്ഥലത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു.


40 സെന്റ് സ്ഥലമാണ് കുപ്പിവെള്ളക്കമ്പനിയുടെ കൈവശമുള്ളത്. ഇവിടെത്തന്നെ പ്ലാസ്റ്റിക്‌ബോട്ടിലുകള്‍ ഉണ്ടാക്കുന്ന പ്ലാന്റും പ്രവര്‍ത്തിക്കും. രാസവസ്തുക്കളും പ്ലാസ്റ്റിക്കഷണങ്ങളും ഉള്‍പ്പെടെയുള്ള മാലിന്യം സംസ്‌കരിക്കാനുള്ള സൗകര്യം ഇവിടെയില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. കെട്ടിടനിര്‍മാണ അവശിഷ്ടങ്ങളും മറ്റും കൊണ്ടുവന്ന് തള്ളിയതിനാല്‍ ഇപ്പോള്‍ത്തന്നെ കരുവാരത്തോട്ടില്‍ ഒഴുക്ക് തടസ്സപ്പെട്ടിട്ടുണ്ട്.

15 കൊല്ലംമുമ്പ് പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് അവിടെ മിനറല്‍വാട്ടര്‍കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. അന്ന് അതിനെതിരെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തന്‍ പരാതി കൊടുത്തിരുന്നു. പക്ഷേ, ഇപ്പോള്‍ പഞ്ചായത്തിന്റെ അനുമതിയും നേടിയെടുത്താണ് കമ്പനി പ്രവര്‍ത്തിക്കാനൊരുങ്ങുന്നതെന്ന് അറിയുന്നു.

                     സൈലന്റ്‌വാലി കരുതല്‍ മേഖലയില്‍ നിയമങ്ങള്‍ മറികടന്ന് നിര്‍മാണമാരംഭിച്ച സ്വകാര്യ കുപ്പിവെള്ളക്കമ്പനിക്കെതിരെ ആനവായ് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എന്‍.അനില്‍കുമാര്‍ കേസെടുത്തു. കമ്പനിയുടമസ്ഥരായ തൃശ്ശൂര്‍ കുറ്റിക്കാടന്‍വീട്ടില്‍ ജോസ് കെ. ഫ്രാന്‍സിസ്, തൃശ്ശൂര്‍ കൂട്ടാലസ്വദേശി മുറ്റിച്ചുക്കാരന്‍വീട്ടില്‍ ജോജോ ജോസ് എന്നിവര്‍ക്കെതിരെ വന്യജീവിസംരക്ഷണ നിയമം, കേരള വനംനിയമം എന്നിവപ്രകാരം ജലചൂഷണം, പരിസ്ഥിതി മലിനീകരണം, ജലജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടമുണ്ടാക്കല്‍ എന്നീ വ്യവസ്ഥകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.