Wednesday, November 17, 2010

പി.സി.കെ- യുടെ ക്രൂരകൃത്യങ്ങള്‍





  പ്ലാന്റെഷന്‍ കോര്‍പ്പറേഷന്‍ എന്ന കാലന്‍ അഥവാ

 എന്‍ഡോസള്‍ഫാന്‍ വിവാദത്തില്‍ യഥാര്‍ത്ഥ പ്രതി രക്ഷപ്പെടുന്നു...
            എന്‍ഡോസള്‍ഫാന്‍ വിവാദം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. കേരളം മുഴുവനും ഉള്ള സകല സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിവാദത്തില്‍ സജീവമായി ഇടപെടുന്നു. ഇതുവരെ ഉണ്ടായതില്‍ നിന്നും ഒരു വ്യത്യാസവും ഇരകള്‍ക്ക് ഇപ്പോഴും ഇല്ല. പിന്നെന്താണ് വിവാദം ഉണ്ടാക്കിയത്? കേന്ദ്ര സര്‍ക്കാരിന്റെ കഴിഞ്ഞ പത്തു വര്‍ഷമായി ഉണ്ടായിരുന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ചതാണ് ഇപ്പോള്‍ പ്രശ്നം വഷളാക്കിയത്. "നിരോധനം" "നിരോധനം" എന്ന് ഇപ്പോള്‍ അലമുറയിടുന്ന മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിവാദം അവസാനിക്കുന്നതോടെ കളം വിടും. മാധ്യമങ്ങളില്‍ വരിക എന്നതാണ് ഇപ്പോള്‍ മുന്നോട്ടു വരുന്നവരുടെ പ്രധാന ഉദ്ദേശം. അവരാരും വിഷയം പഠിച്ചവരും അല്ല.

       എന്‍ഡോസള്‍ഫാന്‍ ദുരന്തത്തില്‍ ഇവിടെ ആരാണ് പ്രതി സ്ഥാനത്ത് വരേണ്ടത്? അതുല്പ്പാദിപ്പിച്ച കമ്പിനിയോ? അവര്‍ ഉല്‍പ്പാദിപ്പിക്കുന്നത് വിഷമാണെന്നും , അത് തളിച്ചാല്‍ എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാവുമെന്നും പാക്കറ്റിന് മുകളില്‍ എഴുതി വെക്കുന്നതോടെ അവരുടെ ബാധ്യത കഴിഞ്ഞു. അതെങ്ങനെ ഉപയോഗിക്കണം എന്നറിഞ്ഞിട്ടും നിയമങ്ങള്‍ ലംഘിച്ചു അതുപയോഗിച്ചതും , അതിനു അനുമതി നല്‍കിയ അന്നത്തെ ജില്ലാ ഭരണ കൂടവും ആണ് കുറ്റക്കാര്‍ .
ഇന്നാട്ടുകാരുടെ സ്ഥലം എടുത്ത്, അവിടെ മനുഷ്യത്വ വിരുദ്ധ കൃഷി നടത്തി , വിഷം തളിച്ച് ആളുകളെ കൊല്ലാക്കൊല ചെയ്ത് , അവരുടെ സഞ്ചാര സ്വാതന്ത്ര്യം വരെ ഇപ്പോഴും തടയുന്ന പ്രതി പ്ലാന്റെഷന്‍ കോര്‍പ്പറേഷന്‍ കേരളാ എന്ന സ്ഥാപനം ഇപ്പോഴും ചര്‍ച്ചകള്‍ക്ക് പുറത്താണ്. ആ യഥാര്‍ത്ഥ പ്രതിയുടെ വിശദ വിവരങ്ങള്‍ വെളിപ്പെടുത്തുകയാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം.

                              
           1962 ല്‍ ആണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളാ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനം രൂപം കൊള്ളുന്നത്.  കശുവണ്ടി ഇറക്കുമതി കുറഞ്ഞത്‌ മൂലം തോട്ടണ്ടി മേഖലകളിലെ തൊഴിലാളികള്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചതിനാല്‍ കൂടുതല്‍ മേഖല കശുവണ്ടി കൃഷി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതനുസരിച്ച് 1977 മേയ് 21 നു  ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ചീമേനിയിലെ 1360 ഏക്കര്‍ പി.സി.കെയ്ക്ക് പാട്ടത്തിനു നല്‍കാന്‍ തീരുമാനിച്ചു. കൂടാതെ 1978 ഡിസംബര്‍ 5 നു ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 1491/78/RD പ്രകാരം കാസര്‍ഗോഡ്‌ ജില്ലയിലെ കൃഷി വകുപ്പിന്റെ കയ്യിലെ 2300 ഹെക്ടര്‍ സ്ഥലം  (പെര്‍ള, പെരിയ,മൂളിയാര്‍ ,ആദൂര്‍ ) 17 ലക്ഷം രൂപ വിലയിട്ട് കശുവണ്ടി കൃഷിക്ക് നല്‍കി. അത് കൂടാതെ വനം വകുപ്പിന്റെ കയ്യിലെ രാജപുരത്തെ 1523 ഹെക്ടര്‍ വനം 1977 ല്‍ ഹെക്ടറിന് 250 രൂപ നിരക്കില്‍ പാട്ടത്തിനു നല്‍കി. നിബിഡ വനമായിരുന്നു ഈ പ്രദേശം.
                              44 നദികള്‍ ഒഴുകുന്ന കേരളത്തില്‍ അതില്‍ 12 എണ്ണവും കാസര്‍ഗോഡ്‌ ജില്ലയില്‍ ആണ് എന്ന് പറഞ്ഞാല്‍ ഈ ജില്ലയില്‍ കിഴക്കന്‍ മേഖലയില്‍ ഉണ്ടായിരുന്ന വനങ്ങളുടെ ജൈവ സമ്പന്നതയെപ്പറ്റി കൂടുതല്‍ വിശദീകരിക്കേണ്ടി വരില്ലല്ലോ. അത്രയ്ക്ക് ഫലഭൂയിഷ്ടവും ആയിരുന്നു ഭൂമി. അവിടെയാണ് എഴുപതുകളില്‍ പി.സി.കെ ഹെലികോപ്ടറില്‍ രാസ-കീടനാശിനി പ്രയോഗവുമായി കടന്നു വരുന്നത്. വര്‍ഷത്തില്‍ മൂന്ന് തവണ വീതം ആണ് എന്‍ഡോസള്‍ഫാന്‍ തളിച്ചത്. കാസര്‍ഗോഡ്‌ CPCRI ലെ ശാസ്ത്രജ്ഞന്‍ ഒ.പി.ദുബെ ആണ് ഇത് തളിക്കാന്‍ അനുമതി നല്‍കിയത്. നൂറു കണക്കിന് മൃഗങ്ങള്‍ ആണ് കീടനാശിനി തളിയോടെ ചത്ത്‌ വീണത്,  ഹെലികോപ്ടര്‍ ഓടിച്ചിരുന്ന പൈലറ്റുമാര്‍ രാജപുരത്ത് നിന്നും തിരികെ ജീപ്പില്‍ കാഞ്ഞങ്ങാട്ടെയ്ക്ക് വരുമ്പോള്‍ റോഡില്‍ നിറയെ വന്യമൃഗങ്ങള്‍ ചത്ത്‌ ചോരയൊലിപ്പിച്ചു കിടക്കുന്ന ദൃശ്യം കണ്ടു ഞെട്ടിയതായി അവര്‍ പറഞ്ഞിട്ടുണ്ട്. ഈ വിഷം ഇരുപതു വര്‍ഷത്തിലേറെ ഒരേ സ്ഥലത്ത് തളിച്ച്, അത് നദികളിലൂടെയും ജലാശയങ്ങളിലൂടെയും വ്യാപിച്ചപ്പോള്‍ ഉണ്ടായ വിപത്താണ് നമ്മള്‍ കാണുന്നത്.
            1990 മുതല്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി നേടി, പത്ര പരസ്യം ചെയ്തിട്ടാണ് വിഷം തളിച്ചതെന്നു പി.സി.കെ പറയുന്നു. ഇത്രയും അവികസിത ജില്ലയില്‍ ഇപ്പോള്‍ പോലും പത്രമോ വൈദ്യുതിയോ എത്താത്ത സ്ഥലത്തെ ജനങ്ങള്‍ അറിയാനാണോ പി.സി.കെ പത്രത്തില്‍ കിണര്‍ മൂടാനും അകത്തിരിക്കാനും പരസ്യം നല്‍കിയത്???  മാത്രമല്ല, ഈ വിഷം തളിക്കുന്നത് നിര്‍ത്താന്‍ 1995 മുതല്‍ ജില്ലയില്‍ നിരന്തരം ആവശ്യം ഉയരുമ്പോഴും പി.സി.കെ അത് കണ്ടില്ലെന്നു നടിച്ചു.
അവര്‍ മറു വാദങ്ങളുമായി രംഗത്ത്‌ വന്നു. സമരത്തിന്റെ നീണ്ട പതിനഞ്ചു വര്‍ഷത്തിനിടെ ഒരു സമയത്തും പി.സി.കെ അധികൃതര്‍ രോഗികളെ കാണുകയോ, സഹായിക്കുകയോ ചെയ്തിട്ടില്ല. സഹായം ചെയ്യാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമില്ല.   ഈ വിഷം തളിക്കാന്‍ അവരെ അനുവദിച്ച സര്‍ക്കാരും തുല്യ കുറ്റക്കാരാണ്.

            കാസര്‍കോട്ട് മാത്രമാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ എന്നാണ് ഇതുവരെ പറഞ്ഞുകേട്ട മുടന്തന്‍ ന്യായം .എന്നാല്‍ എവിടെയൊക്കെ പി.സി.കെ തോട്ടം ഉണ്ടോ അവിടെയൊക്കെ ഇതിന്റെ ഇരകളെ രോഗികളായി നമുക്ക് കാണാനാകും. കോഴിക്കോട്ടെ പേരാമ്പ്രയിലും മറ്റും രോഗികള്‍ ഉള്ളതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങി.



പി.സി.കെ യ്ക്കുള്ള ഭൂമി 
--------------------------

                                       പി.സി.കെയ്ക്ക് സ്വന്തമായി ഉള്ളത് കാസര്‍ഗോഡ്‌ തോട്ടം മാത്രമാണ്. ജില്ലയിലെ തന്നെ ചീമേനിയില്‍ റവന്യൂ പാട്ട ഭൂമി. അതിനു നാളിതുവരെ പാട്ടം അടച്ചതായി തെളിവില്ല. 126 ലക്ഷം രൂപ ഈ ഇനത്തില്‍ പാട്ട കുടിശിക നല്‍കാന്‍ ഉണ്ട്. ശേഷിക്കുന്ന മുഴുവന്‍ ഭൂമിയും വനം വകുപ്പില്‍ നിന്നും പാട്ടത്തിനു വാങ്ങിയതാണ്. കശുമാവ് കൃഷിക്കായിരുന്നു പാട്ടം.

ഭൂമി ഇപ്രകാരം

തോട്ടം                      
ആകെ ഭൂമി (ഹെക്ടര്‍ )          വിള വിവരം  (ഹെക്ടര്‍ )  
--------                      
   ---------------------------        -----------------------
കൊടുമണ്‍               
            1300                             1194   റബര്‍
ചന്ദനപ്പള്ളി                  
        1600                            1509   റബര്‍
തണ്ണിത്തോട്                          699                                592 റബര്‍ , 58 കശുമാവ് 
കല്ലട & അതിരപ്പിള്ളി        4056.5                   2445 റബര്‍ , 598 കശുമാവ് , എണ്ണപ്പന*

നിലമ്പൂര്‍                               555                               300 റബര്‍ 73 കശുമാവ്
പേരാമ്പ്ര                              1230                               483 റബര്‍ , 500 കശുമാവ്
മണ്ണാര്‍ക്കാട്                          513                                 512 കശുമാവ്  
കാസര്‍ഗോഡ്‌                      2294                                2209 കശുമാവ് , 30 റബര്‍
ചീമേനി                               1360                                960 കശുമാവ്
രാജപുരം                              1522                              1625 കശുമാവ്, റബര്‍ (അനധികൃതം)

* കശുമാവ് ഒഴികെയുള്ള വിളകള്‍ അനധികൃതമായി/നിയമം ലംഘിച്ചു കൃഷി ചെയ്യുന്നതാണ്.


                    ഏക്കറിന് ഇരുനൂറ്റി അമ്പതു രൂപ തോതിലായിരുന്നു ഇതുവരെ പാട്ടം , ഇപ്പോള്‍ 1200 രൂപ തോതിലും . നാമമാത്രമായ തുക ആയിരുന്നിട്ടു പോലും ഒരൊറ്റ പൈസ ഇത് വരെ പാട്ടം അടച്ചതായി രേഖകള്‍ ഇല്ല.!!     86 കോടി രൂപയാണ് പാട്ടക്കുടിശികയായി പി.സി.കെ വനം വകുപ്പിന് ഇപ്പോള്‍ നല്‍കാനുള്ളത്. ഇപ്പോഴും ഒരു രൂപ പോലും നല്‍കുന്നില്ല. പലതവണ ആവര്‍ത്തിച്ചു വനം വകുപ്പ് ആവശ്യപ്പെട്ടിട്ടും തുക അടയ്കാത്ത പി.സി.കെ, ഗുരുതരമായ വനനശീകരണമാണ് കുറെക്കാലമായി നടത്തുന്നത്

പി.സി.കെ വക വന നശീകരണം.
------------------------------
-----------

                            1979 ഡിസംബറില്‍ ആണ് മിക്ക തോട്ടങ്ങളും വനം വകുപ്പ് പി.സി.കെ യെ ഏല്‍പ്പിക്കുന്നത്. 1980 ല്‍ വനസംരക്ഷണ നിയമം പാസായതോടെ വനഭൂമി പാട്ടം നല്‍കുന്നതിനു മുന്‍പ് കേന്ദ്ര സര്‍ക്കാരിന്റെ മുന്‍‌കൂര്‍ അനുമതി വാങ്ങണം. അത്തരം അനുമതി വാങ്ങതതിനാല്‍ ആ അര്‍ത്ഥത്തില്‍ തന്നെ മൊത്തം ലീസ് ഭൂമിയും അനധികൃതമായ കൈവശമാണ്.
അന്ന് മുതല്‍ വനനശീകരണം പി.സി.കെയുടെ കൂടെപ്പിറപ്പാണ്. കശുമാവ് കൃഷിക്ക് നല്‍കിയ സ്ഥലത്ത് പാട്ടം ലംഘിച്ചു റബര്‍ കൃഷി നടത്തിയത് കാരണം അവര്‍ക്കെതിരെ നിയമ നടപടി ശുപാര്‍ശക്ക്  ചെയ്യപ്പെട്ടിട്ടുണ്ട്. അത് കൂടാതെ കല്ലട തോട്ടത്തില്‍ പാട്ടഭൂമി മുറിച്ചു വാനില കൃഷിക്ക് മറുപാട്ടത്തിന് നല്‍കിയതിനു കേസും നിലവിലുണ്ട്. ആ കേസിനായി (SLP 26032/2004, 26033 /2004) സുപ്രീം കോടതിയില്‍ ലക്ഷങ്ങള്‍ ചെലവിടുകയാണ് രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ !!
  
                      കേരളത്തിലെ കന്യാവനങ്ങളുടെ നാശത്തിനു പി.സി.കെ നല്‍കുന്ന സംഭാവന ചെറുതല്ല. ഓരോ വര്‍ഷവും 1500-ഓളം മെട്രിക് ടണ്‍ രാസവളമാണ് കാടുകളില്‍ പി.സി.കെ പ്രയോഗിക്കുന്നത്.  ഇത്  വെള്ളത്തില്‍ കലര്‍ന്ന് വന്യമൃഗങ്ങളുടെയും മനുഷ്യരുടെയും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. കല്ലട തോട്ടത്തില്‍ തളിക്കാന്‍ നല്‍കിയ പത്തു ടണ്‍ രാസവളം ഒരു കുഴിയെടുത്തു മൂടിയ വാര്‍ത്ത പുറത്തു വന്നത് കഴിഞ്ഞ വര്‍ഷമാണ്‌.  ഇത്തരത്തില്‍ അശാസ്ത്രീയമായി കൈകാര്യം ചെയ്യപ്പെടുന്നത് മൂലം മനുഷ്യരിലേക്കും ആരോഗ്യ പ്രശ്നങ്ങള്‍ വ്യാപിക്കുന്നു. 

              കാസര്‍കോട്ടെ രാജപുരം എസ്റെറ്റില്‍ നിന്നും കോടിക്കണക്കിനു രൂപയുടെ തടിയാണ് പി.സി.കെ മുറിച്ചു കടത്തിയത്. മുറിച്ച ശേഷം കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്താണ് മരം തൂക്കുക. മുരിച്ചതില്‍ എത്രയാണോ മില്ലില്‍ എത്തുക? ഇതില്‍ തന്നെ നഷ്ടം വ്യക്തമാണ്. വനം വകുപ്പിന്റെ അനുമതി ഇല്ലാതെ നാലായിരം കാട്ടു മരങ്ങള്‍ മുറിക്കാന്‍ പി.സി.കെ കഴിഞ്ഞ വര്‍ഷം ശ്രമിച്ചപ്പോള്‍ വനം മന്ത്രി ബിനോയ്‌ വിശ്വത്തെ ഞാന്‍ വിളിച്ചു പരാതി പറഞ്ഞതിന്‍ പ്രകാരം മന്ത്രി ഇടപെടുകയും വനം വകുപ്പ് ഈ നീക്കം തടയുകയും ചെയ്തു.
                              
     2009 ല്‍ കണ്ണൂര്‍ ഡി.എഫ്.ഒ പി.സി.കെയ്ക്ക് അയച്ച കത്തില്‍ , അവര്‍ പാട്ടക്കരാര്‍ ലംഘിച്ചതിനാല്‍ രാജപുരം തോട്ടം ഉള്‍പ്പെട വനഭൂമി തിരിചെടുക്കുകയാണെന്നു അറിയിച്ചിരുന്നു . ഭൂമി തിരിച്ചെടുക്കാന്‍ ആവശ്യപ്പെടുന്ന ആ ഫയല്‍ മന്ത്രി ഓഫീസ് വരെ എത്തിയെങ്കിലും നാളിതുവരെയായി തുടര്‍ നടപടി എടുത്തിട്ടില്ല. 16397/C2/08/വനം നമ്പര്‍ ഫയല്‍ ജൂലൈ മാസം 19 നു വനം മന്ത്രിയുടെ ഓഫീസില്‍ എത്തിയെങ്കിലും നാളിതുവരെ അതില്‍ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.  നിരന്തരം പാട്ടക്കരാര്‍ ലംഘനം നടക്കുന്നതിനാല്‍ എല്ലാ വനഭൂമിയും തിരിച്ചെടുക്കണം എന്ന വനം വകുപ്പുദ്യോഗസ്ഥരുടെ ആവര്‍ത്തിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് മേല്‍ നടപടിയെടുക്കാതെ വൈകിക്കുന്ന വനം മന്ത്രി ഇക്കാര്യത്തില്‍ പി.സി.കെ യെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത് മറ്റൊരു സി.പി.ഐ നേതാവ് തന്നെ ഭരിക്കുന്ന പി.സി.കെയുടെ സമ്മര്‍ദ്ദം മൂലം ആണെന്ന് കരുതുന്നു. 
Letter from CCF about PCK
                            വനമേഖലയില്‍ റബര്‍ നടുന്നത് വനസംരക്ഷണ നിയട്മത്തിന്റെ ലംഘനമാണെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയതായി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിയമലംഘനം നടത്തുന്ന പി.സി.കേ ക്കെതിരെ നടപടി എടുക്കുന്നതിനു പകരം  റബര്‍ കൃഷിക്ക് പൊതു ഖജനാവില്‍ നിന്നും സഹായം നല്‍കി നിയമലംഘനം പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍.
                

 പാട്ടലംഘനം സംബന്ധിച്ച് വനം വകുപ്പിന് പി.സി.കെ നല്‍കിയ കത്തും വനം വകുപ്പിന്റെ മറുപടിയും ഇതോടൊപ്പം നല്‍കുന്നു.


Letter of PCK 1

PCK 2

PCK 3

Letter from CCF 1

CCF page 2

CCF Page 3
CCF page 4

CCF page 5

CCF page 6

ഓരോ കാലത്തും ഭരണാധികാരികള്‍ വനങ്ങളെ അവര്‍ക്കിഷ്ടമുള്ളതുപോലെ ഉപയോഗിച്ച് ലാഭം നേടി, ഇപ്പോള്‍ തോട്ടം ആക്കാന്‍ ഉപയോഗിക്കുന്നത് മൂലം വനത്തിനും വന്യ മൃഗങ്ങള്‍ക്കും ആണ് നഷ്ടം. വിലമതിക്കാനാവാത്ത വനഭൂമി സാമ്പത്തിക ലാഭം മാത്രം കണ്ടുകൊണ്ട് തോട്ടമായി ഉപയോഗിക്കുന്നത് മലയാളിക്ക് ദീര്‍ഘകാല ഭാവിയില്‍ ഗുണം ചെയ്യില്ല.
                              
 
സാമ്പത്തിക ലാഭം/നഷ്ടം
------------------------------
---

ഓരോ വര്‍ഷവും പി.സി.കെ നഷ്ടത്തിലാണ് ഓടിക്കൊണ്ടിരുന്നത്  കൃഷിഭൂമി നാമമാത്രമായ വിലയ്ക്ക് കിട്ടിയിട്ടും അഞ്ചു കൊല്ലം മുന്‍പ് വരെ നഷ്ടം ആയിരുന്നു ഫലം. ഇപ്പോള്‍ ക്രമേണ ലാഭത്തിലേക്ക് വരുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ ആ കണക്കു വ്യാജമാണ്. കോടികണക്കിന് രൂപ പാട്ടകുടിശിക അടയ്ക്കാതെ പെരുപ്പിച്ച കണക്കാണ് ഈ ലാഭം എന്ന പേരില്‍ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ തൊഴിലുറപ്പ് പദ്ധതി വന്നപ്പോള്‍ കൂലി കൊടുക്കുന്നത് പഞ്ചായത്തുകള്‍ ആണ്. മാത്രമല്ല, റബര്‍ ബോര്‍ഡില്‍ നിന്നും കശുവണ്ടി വികസന കോര്‍പ്പരേഷനില്‍ നിന്നും ഓരോ വര്‍ഷവും ലക്ഷങ്ങള്‍ ധനസഹായം കിട്ടുന്നുണ്ട്.
             ചുരുക്കത്തില്‍ ,  സാമ്പത്തികമായി സര്‍ക്കാര്‍ താങ്ങി നിര്‍ത്തുന്ന ഒരു സ്ഥാപനമാണിത്. നഷ്ടം ജനങ്ങള്‍ക്കും.

തൊഴിലാളി സ്നേഹം
---------------------------
                                       പി.സി.കെയുടെ കീഴില്‍ അവര്‍ പറയുന്നത് അനുസരിച്ച് 2135 സ്ഥിരം തൊഴിലാളികളും 466 താല്‍ക്കാലിക തൊഴിലാളികളും ഉണ്ട്. കാസര്‍ഗോട്ടെ ഒറ്റ തൊഴിലാളിക്കും കീടനാശിനി തളിക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച് അറിയിപ്പൊന്നും നല്‍കിയിരുന്നില്ല. എന്‍ഡോസള്‍ഫാന്‍ തളിച്ച നിരവധി തൊഴിലാളികള്‍ ആണ് ഇന്ന് ചത്ത്‌ ജീവിക്കുന്നത്. അവര്‍ക്ക് ഒറ്റ രൂപ നഷ്ട പരിഹാരം നല്‍കിയിട്ടില്ല. അവരെ ഇപ്പോള്‍ കോര്‍പ്പരേഷന്‍ തിരിഞ്ഞു നോക്കുന്നുമില്ല.
                              
               2007-08 വര്‍ഷത്തില്‍ കൂലിയിനത്തില്‍ 7.46 കോടി രൂപ നല്‍കി. ഈ തൊഴിലാളികളുടെ പേരില്‍ ആണ് കോര്‍പ്പറേഷന്‍ നിലനില്‍ക്കുന്നതെങ്കില്‍ , മുഴുവന്‍ തൊഴിലാളികള്‍ക്കും ഇപ്പോള്‍ നല്‍കുന്ന കൂലി സ്ഥിരമായി ലഭിക്കാനുള്ള ഒരു മാര്‍ഗ്ഗം പറയാം. വനം വകുപ്പിന് നല്‍കാനുള്ള 86 കോടി രൂപ പി.സി.കെ നല്‍കുക, അതൊരു അക്കൌണ്ടില്‍ നിക്ഷേപിച്ച് ലഭിക്കുന്ന പലിശ ഓരോ വര്‍ഷവും തൊഴിലാളികള്‍ക്ക് തോഴിലെടുക്കാതെ തന്നെ ശമ്പളം നല്‍കാന്‍ പറ്റും . എന്നാലെങ്കിലും വനങ്ങള്‍ രക്ഷപ്പെടുമല്ലോ.   
                              
                                
   
ഇപ്പോഴും തുടരുന്ന ക്രൂരത
------------------------------
---
                              
                           തൊഴിലാളികള്‍ അടക്കം പലരും പി.സി.കെയുടെ തോട്ടങ്ങള്‍ക്ക് സമീപമാണ് ജീവിക്കുന്നത്. നാട്ടുകാരുടെ വീടുകളിലേക്ക് പോകാന്‍ കഴിയാത്ത വിധം ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു അവരെ ബുദ്ധിമുട്ടിക്കുന്നത് പി.സി.കെ യുടെ ക്രൂര വിനോദങ്ങളില്‍ ഒന്നാണ്. വിഷം തളിചത്ത്‌ മൂലം വികലാംഗരായ നാടുകാരെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പോലും സമ്മതിക്കാതെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന പ്രക്രിയയ്ക്ക് പി.സി.കെ.യുടെ ന്യായം അവര്‍ തോട്ടം സംരക്ഷിക്കുകയാണ് എന്നാണ്. ഇതിനെതിരെ എം.എ  റഹ്മാനെപ്പോലെയുള്ളവര്‍ പല തവണ ലേഖനം എഴുതിയിട്ടും പ്രയോജനം ഇല്ല.

                                                   തോട്ടങ്ങളില്‍ 2003 നു ശേഷം കീടനാശിനി ഉപയോഗിക്കുന്നില്ല എന്ന് പരസ്യമായി പറയുകയും എഴുതുകയും ചെയ്യുന്ന പി.സി.കെ ഇക്കഴിഞ്ഞ ഒക്ടോബര്‍ 29 നു വീണ്ടും ഇവിടെ കീടനാശിനി തളിച്ചു. ഒരു വശത്ത് കൂടി മൂളിയാറിലെ വീടുകളില്‍ നിന്നും ആരോഗ്യ വകുപ്പധികൃതര്‍ രക്ത സാമ്പിളുകള്‍ ശേഖരിക്കുമ്പോള്‍ മറുവശത്ത് അതേ സമയം അവര്‍ക്ക് ചുറ്റും വിഷം തളിക്കുന്ന ക്രൂരതയാണ് പി.സി.കെ ഇവിടെ ചെയ്തത്. എന്തു പേരിലാണ് വായനക്കാരേ ഇതിനെ വിളിക്കേണ്ടത്??? (അത് തൊഴിലാളികള്‍ പണം കൊടുത്ത് വാങ്ങി തളിക്കുന്നതാകും എന്നാണ് ചെയര്‍മാനെ ഫോണില്‍ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്!!!)

ആവശ്യങ്ങള്‍
----------------
1 . പാട്ടക്കരാര്‍ ലംഘിച്ച പി.സി.കെയുടെ അനധികൃത തോട്ടങ്ങള്‍ മുഴുവന്‍ വനം വകുപ്പ് തിരിച്ചെടുക്കണം.
2 .  വനസംരക്ഷണ നിയമം ലംഘിച്ചവര്‍ക്കെതിരെ കേസെടുക്കണം .
3 .  ട്രൈബൂണല്‍ രൂപീകരിച്ചു രോഗികള്‍ക്കും മരിച്ചവരുടെ ആശ്രിതര്‍ക്കും പത്തു ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണം. അതിനായി പി.സി.കെയുടെ ആസ്തി ഉപയോഗിക്കണം.
4. തൊഴിലാളികളെ ഏറ്റെടുത്ത്‌ സംരക്ഷിക്കണം .





No comments: