Saturday, November 20, 2010

പാഠം അഞ്ച് - രാഷ്ട്രം, മാധ്യമങ്ങള്‍ .

                പാഠം അഞ്ച് -  രാഷ്ട്രം, മാധ്യമങ്ങള്‍ .
         
    
ഇതുവരെ പറഞ്ഞു പോന്ന സമ്പദ് വ്യവസ്ഥയുടെ മൂടുതാങ്ങികളായ രണ്ട് പ്രസ്ഥാനങ്ങളെക്കൂടി നാം പരിചയപ്പെടെണ്ടതുണ്ട്. ഒന്ന് ആധുനിക ദേശീയതയാണ്, മറ്റൊന്നാണ് മുഖ്യധാരാ മാധ്യമങ്ങള്‍ .

    അതിരുകളാണ് ദേശീയതയുടെ അടിസ്ഥാനം . അയല്‍ക്കാരനോടുള്ള ഭയമാണ് പ്രധാന വ്യവസായം. ആയുധങ്ങള്‍ അതിനു അഭിമാനമാണ്. മനുഷ്യജീവനേക്കാള്‍ വേലികളെ അത് സ്നേഹിക്കുന്നു. മനുഷ്യരെ ജന്മനാല്‍ തന്നെ അവരുടെ അനുവാദമില്ലാതെ പൌരന്മാരായി മാമോദീസ മുക്കുന്നു. താന്‍ ഇന്ന രാജ്യക്കാരന്‍ ആണെന്നും അതിന്റെ അഖണ്ടത (വേലി) സംരക്ഷിച്ചു കൊള്ളാമെന്നും പ്രതിജ്ഞയെടുപ്പിക്കുന്നു. വിദ്യാഭ്യാസത്തിന്റെ പേരില്‍ കുറെ കൂലിതോഴിലാളികളെ സാറമ്മാരാക്കി രാഷ്ട്രത്തെ പ്രപഞ്ചസത്യമായി കുട്ടികളുടെ ഉള്ളില്‍ പ്രതിഷ്ടിക്കുന്നു. കുട്ടികളെ ആഹാരം, വസ്ത്രം,പാര്‍പ്പിടം എന്ന ചക്കില്‍ കുടുക്കുന്നു.. രാഷ്ട്രങ്ങള്‍ അനിവാര്യമാക്കുന്ന അധികാര (വിഭവ)കേന്ദ്രീകരണവും ഘടനയുമാണ് ഇന്നത്തെ മിക്ക മനുഷ്യ കൂട്ടായ്മകളുടെയും സത്ത തീരുമാനിക്കുന്നത്. മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും മുരടിപ്പിന്റെ ഉറവിടമായി അത് വര്‍ത്തിക്കുന്നു.. 
 
                        ഇന്ന് രാഷ്ട്രത്തിന്റെയും മുതലാളിത്തത്തിന്റെയും ശരീരം ഒന്നാണ്. യുദ്ധത്തിന്റെയും ഊഹക്കച്ചവടത്തിന്റെയും മൂലധനമാണ് അതിന്റെ സിരകളിലൂടെ ഒഴുകുന്നത്. അതിനു തടസ്സമാകുന്നതെല്ലാം ഘടനാമാറ്റത്തിലൂടെ തട്ടി മാറ്റുന്നു. മുതലാളിത്ത ആവശ്യങ്ങള്‍ നിയമം വഴി ഭരണഘടനയുടെ ഭാഗമാവുന്നു. കച്ചവടക്കാരാണ് ഇന്നത്തെ മിക്ക ഭരണകൂടങ്ങളുടെയും തലവന്മാരും അംഗങ്ങളും. എണ്ണയ്ക്കായി ഇറാക്കില്‍ നടന്ന യുദ്ധവും, ഖനനത്തിനായി ഇന്ത്യയിലെ ആദിവാസികളെ കൊന്നൊടുക്കുന്നതും ഒരേ ഉദ്ദേശശുദ്ധിയെ വെളിപ്പെടുത്തുന്നു.
                                      ഇങ്ങനെയെല്ലാം മുതലാളിത്തം രാഷ്ട്രങ്ങളെ വിഴുങ്ങുന്നതിനു അനുസൃതമായി ആ പ്രദേശത്തെ സര്‍വ്വതും കൊള്ളയടിക്കപ്പെടുന്നു. അവ ശവപ്പറമ്പുകളാവുന്നു. നമ്മുടെ മുഴുവന്‍ വിഭവങ്ങളും ചന്തയിലെത്തിച്ച്, ചൂതുകളിച്ച്, നമ്മുടെ ഹൃദയവും ഭൂമിയും ഒരുപോലെ ശൂന്യമാക്കി ജീവനൊടുക്കലാണ് ഇതിന്റെ അവതാരോദ്ദേശം.

                         ഈ ആഗോള മതത്തിന്റെ സുവിശേഷവാഹകരാണ് മുഖ്യധാരാ മാധ്യമങ്ങള്‍ . സമ്പന്നരായ ദൈവങ്ങള്‍ക്ക് വേണ്ടി സ്വാതന്ത്ര്യത്തെയും വികസനത്തെയും അവര്‍ തരാതരം നിര്‍വ്വചിക്കുകയും സമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. കരക്കാരുടെ കണ്ണിലെ കരടെടുപ്പാണ് പ്രധാന കൌതുകം; ഭീകരമാണതിന്റെ ബഹിര്‍മുഖത്വം.


--- ശ്യാം ബാലകൃഷ്ണന്റെ 'ഏക ലോക വിദ്യാഭ്യാസം' എന്ന പുസ്തകത്തില്‍ നിന്നും
പ്രസാധനം : പ്രണത ബുക്സ് , കൊച്ചി -18 .
വില: അമ്പതു രൂപ.


No comments: