Wednesday, October 19, 2011

മുഖ്യമന്ത്രിക്കും അനോണിയോ?




"അയ്യോ, ഞാന്‍ പറഞ്ഞതാണെന്ന് പറഞ്ഞു കൊടുക്കല്ലേ, എന്നെ ഉപദ്രവിക്കല്ലേ.... "  ഒന്ന് രണ്ടാഴ്ചയ്ക്കു മുന്‍പ് ബാലകൃഷ്ണ പിള്ള റിപ്പോര്‍ട്ടര്‍ ചാനലിനോട് കെഞ്ചുന്നത് നാം കേട്ടതാണ്. ഒരാള്‍ നിയമലംഘനം നടത്തിയിട്ട് അത് മറച്ചു പിടിക്കാന്‍ മാധ്യമ പ്രവര്‍ത്തകരോട് പറയുമ്പോള്‍ അതനുസരിക്കേണ്ട ബാധ്യത മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടോ എന്ന ചോദ്യം പലരും ഉന്നയിച്ചു കേട്ടു. ഒരാള്‍ 'ഓഫ് ദി റിക്കാര്‍ഡ്' ആയി പറയുന്ന കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്താമോ എന്ന ചോദ്യവും ആ വിവാദത്തില്‍ ഉന്നയിച്ചു കേട്ടു. ഇതെല്ലാം ഉണ്ടാവുന്നത് ഒരാള്‍ അങ്ങനെ പറഞ്ഞോ ഇല്ലയോ എന്ന് പൊതുജനം അറിയരുത് എന്ന ഉദ്ദേശത്തിലാണ്. നാളെ 'മാധ്യമസൃഷ്ടി' എന്ന ന്യായം പറഞ്ഞു തടി തപ്പാനാണ്.

                       പിള്ളയുടെ അതേ ശ്രുതിയിലും താളത്തിലും അതേ 'സംഗതി' സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും ഉയരുമ്പോള്‍ നാം അത്ഭുതപ്പെടും !! അതും ഈ വിവാദങ്ങള്‍ ഉണ്ടായി അതേ ആഴ്ച, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പുറത്തിറങ്ങിയ ഔദ്യോഗിക പത്രക്കുറിപ്പിലും മാധ്യമങ്ങളോട് സമാനമായ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത് കാണുക. ബാലകൃഷ്ണപിള്ളയ്ക്ക് സങ്കീര്‍ണ്ണമായ എട്ടു രോഗങ്ങള്‍ ഉണ്ടെന്നും, അതിനാലാണ് ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തതെന്നും മറ്റും പറയുന്ന പത്രക്കുറിപ്പില്‍ പിള്ള റിപ്പോര്‍ട്ടര്‍ ചാനലിനോട് സംസാരിച്ചത് സംബന്ധിച്ച ആഭ്യന്തര വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയെന്നും അതില്‍ തുടര്‍നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചുവെന്നുമാണ് വെളിപ്പെടുത്തുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നിറങ്ങിയ പത്രക്കുറിപ്പിന്റെ തുടക്കത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു "ദയവായി ഇത് ഔദ്യോഗിക പത്രക്കുറിപ്പായി പ്രസിദ്ധീകരിക്കരുത്" !!! മുഖ്യമന്ത്രിയുടെ ഔദ്യോഗിക പത്രക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റില്‍ ഇതും നല്കിയിരിക്കുന്നു.

                                    വിചിത്രമായ ഒരാവശ്യമാണ് ഇത്. സര്‍ക്കാര്‍ പണം മുടക്കി സര്‍ക്കാരിന്റെ കാര്യം പറയാന്‍ ഇറക്കുന്ന പത്രക്കുറിപ്പില്‍ 'ഔദ്യോഗികം ആയി പ്രസിധീകരിക്കരുതെ'ന്നു പറയുന്നതിന്റെ യുക്തി എന്താണ്?? ആഭ്യന്തര വകുപ്പിന്‍റെ റിപ്പോര്‍ട്ട് കിട്ടിയെന്നു മാധ്യമാപ്രവര്തകരോട് പറഞ്ഞ മുഖ്യമന്ത്രി അതിനുമേല്‍ നടപടിയെടുക്കുമോ എന്ന ചോദ്യങ്ങളോട് ഒഴിഞ്ഞു മാറിയിരുന്നു. എന്നാല്‍ തിരികെ അലോസരപ്പെടുത്തുന്ന ചോദ്യങ്ങള്‍ ഒന്നുമില്ലാതെ തനിക്കു പറയാനുള്ളത് തന്‍റെ പേരിലല്ലാതെ പുറത്തു വരാന്‍ ചാണ്ടിക്കുഞ്ഞ് കാണിക്കുന്ന പൂഴിക്കടകനാണ് ഇത്തരം 'തറ' നമ്പരുകള്‍ . നാളെ നിഷേധിക്കാവുന്ന പ്രസ്താവനകള്‍ .

        ഈ നമ്പര്‍ ഫലം കണ്ടോ? പിറ്റേന്ന് 'മാതൃഭൂമി' എങ്ങനെയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തതെന്ന് നോക്കുക. ഉമ്മന്‍ചാണ്ടി  പറഞ്ഞത് വള്ളിപുള്ളി വ്യത്യാസമില്ലാതെ അതേപടി മാതൃഭൂമി പ്രസിദ്ധീകരിച്ചു. എന്നാല്‍ ഇത് മുഖ്യമന്ത്രിയുടെ പത്രക്കുറിപ്പാണെന്ന സത്യം അവര്‍ വിഴുങ്ങി.. തിരുവായ്ക്കെതിര്‍വാ ഉണ്ടോ? (മനോരമ എങ്ങനെ കൊടുത്തോ ആവോ!) പത്രക്കുറിപ്പല്ല , മാതൃഭൂമി ലേഖകന്‍ കണ്ടെത്തിയ സത്യം എന്ന നിലയ്ക്കാണ് വാര്‍ത്ത വരുന്നത്. ചാണ്ടി ആഗ്രഹിച്ചതും മാധ്യമങ്ങള്‍ നല്കിയതും...... പക്ഷെ ആ പത്രക്കുറിപ്പ് അപ്പടി ഇന്റര്‍നെറ്റില്‍ സ്വന്തം വെബ്സൈറ്റില്‍ ഇടാനുള്ള മണ്ടത്തരം മുഖ്യമന്ത്രിക്ക് ഉണ്ടായി.  


ഇതാ പത്രക്കുറിപ്പുകള്‍ സംബന്ധിച്ച്  പുതിയ വിവാദങ്ങളും ഉയരുന്നുണ്ട്. ഒരു മുഖ്യമന്ത്രി തന്‍റെ ഓഫീസിനെ രാഷ്ട്രീയക്കളിയുടെ ചീഞ്ഞ അടവുകള്‍ക്കായി ഉപയോഗിക്കുമ്പോള്‍ അതിനു മിണ്ടാതെ കൂട്ടു നില്‍ക്കുന്നതാണോ മാധ്യമ പ്രവര്‍ത്തനം? എന്തുകൊണ്ടാണ് ഇത്തരം മര്യാദകേടിനെ ഒരു മാധ്യമവും , മാധ്യമ പ്രവര്‍ത്തകനും തള്ളിപ്പറയാത്തത്? ചുരുങ്ങിയപക്ഷം അത് അപ്പടി വാര്‍ത്തയായി കൊടുക്കാതെയെങ്കിലും ഇരിക്കാത്തത്‌? ഔദ്യോഗികമായും അല്ലാതെയും അനോണിയായും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഗൌരവമായ വിഷയങ്ങളില്‍ പത്രക്കുറിപ്പുകള്‍ ഇറങ്ങാമോ? നാലാം തൂണുകള്‍ ഇത് കാണേണ്ടിയിരിക്കുന്നു. പ്രതികരിക്കേണ്ടിയും.


1 comment:

വിജി പിണറായി said...

ഔദ്യോഗികമായി ഇറക്കപ്പെട്ട് അനൗദ്യോഗികമായി മാത്രം പ്രസിദ്ധീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ തയ്യാറാക്കപ്പെട്ട അർധ ഔദ്യോഗിക പത്രക്കുറിപ്പിന്റെ അർധ അനൗദ്യോഗിക പകർപ്പാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക സൈറ്റിൽ അനൗദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെട്ടതെന്ന് വിശദീകരിക്കുന്ന പൂർണ ഔദ്യോഗിക പത്രക്കുറിപ്പ് ഉടൻ ഇറങ്ങുന്നതാണ്.