ആദായ നികുതി വകുപ്പ് നടന്‍ മോഹന്‍ലാലിനെ വീട്ടില്‍ നിന്നു പിടിച്ചെടുത്തത് ആനക്കൊമ്പ് ആണോയെന്ന് ഇതുവരെ സ്ഥിരീകരിചിട്ടില്ലെന്നു വനം മന്ത്രി ഗണേഷ് കുമാര്‍ .
നിയമസഭയില്‍ പി.ടി.എ റഹീം എം.എല്‍.എ യുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് വനം മന്ത്രി ഇക്കാര്യം വ്യക്തമാക്കുന്നത്. "മോഹന്‍ ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് പോലെയുള്ള വസ്തുക്കള്‍ കണ്ടെത്തിയതായി അറിയിച്ചിട്ടുണ്ട്. അത് യഥാര്‍ത്ഥ ആനക്കൊമ്പ് ആയിരുന്നുവോ എന്നുള്ള വിവരം പരിശോധിച്ച് വരുന്നതേയുള്ളൂ" എന്നാണ് വനം മന്ത്രി നല്‍കുന്ന മറുപടി. അതില്‍ കേസെടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് "യഥാര്‍ത്ഥ ആനക്കൊമ്പാണെന്ന് കണ്ടെത്തുകയും നിയമാനുസൃത രേഖകള്‍ ഇല്ലാതെയാണ് സൂക്ഷിക്കുന്നതെന്നു കാണുകയും ചെയ്‌താല്‍ മാത്രമേ കേസെടുക്കാന്‍ കഴിയുകയുള്ളൂ" എന്നാണ് വനം മന്ത്രി ഗണേഷ് കുമാര്‍ നല്‍കുന്ന മറുപടി.
ജൂലൈ 22 നാണ് മോഹന്‍ലാലിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതും ആനക്കൊമ്പ് കണ്ടെടുക്കുകയും ചെയ്തത്. ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഉണ്ടെങ്കില്‍ കൈവശം വെക്കാമെന്നും ഇല്ലെങ്കില്‍ വനം വകുപ്പിന് കൈമാറി കേസെടുക്കുമെന്നും ആണ് അന്ന് ആദായവകുപ്പു ഉദ്യോഗസ്ഥര്‍ അറിയിച്ചത്. എന്നാല്‍ പിടിച്ചെടുത്തത് ആനക്കൊമ്പ് തന്നെയാണെന്നും തനിക്കു ഒരാള്‍ സമ്മാനിച്ചതാണെന്നും മോഹന്‍ലാല്‍ ഉദ്യോഗസ്ഥര്‍ മുന്‍പാകെ മൊഴി നല്‍കിയാതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇത് സംബന്ധിച്ച ലൈസന്‍സ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും വാര്‍ത്തകള്‍ വന്നിരുന്നു. നാളിതുവരെയായി അത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും ആദായനികുതി വകുപ്പ് പുറത്തു വിട്ടിട്ടില്ല.
പിടിച്ചെടുത്ത വസ്തു ആനക്കൊമ്പ് തന്നെയാണോ എന്നറിയാന്‍ മൂന്ന് മാസത്തെ പരിശോധനയുടെ ആവശ്യമില്ലെന്നും ഇതുസംബന്ധിച്ച കാര്യങ്ങളില്‍ ഇരു വകുപ്പുകളും ഒളിച്ചു കളിക്കുകയാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു.
No comments:
Post a Comment