ബയോ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (BRAI) ബില്‍ എന്ന പേരില്‍ ഒരു ബില്‍ നവംബര്‍ 22 പാര്‍ലമെന്‍റ് മുന്‍പാകെ അവതരിപ്പിക്കാന്‍ പോകുകയാണ്. ജനിതകമാറ്റം അടക്കമുള്ള ജനിതക പരീക്ഷണങ്ങള്‍ സംബന്ധിച്ച നിയന്ത്രണം ലക്ഷ്യമിട്ടാണ് ബില്‍ അവതരിപ്പിക്കുന്നത് എന്നാണ് സര്‍ക്കാരിന്‍റെ അവകാശവാദം. എന്നാല്‍ ഈ ബില്‍ അവതരിപ്പിക്കുന്നതിനു മുന്‍പ് തന്നേ ഇതിന്‍റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. കോണ്ഗ്രസ്, ബി.ജേ.പി, ഇടതുപക്ഷം അടക്കം പാര്‍ട്ടി ഭേദമന്യേ അംഗങ്ങള്‍ ഈ ബില്ലിന്റെ അവതരണത്തെ എതിര്‍ത്തതിനെ തുടര്‍ന്നു അവതരണം മാറ്റി വെച്ചിരുന്നു. അതാണ് ഇപ്പോള്‍ അവതരിപ്പിക്കാന്‍ പോകുന്നത്.
ജനിതക മാറ്റം സംബന്ധിച്ച പരീക്ഷണങ്ങളും അവയുടെ ഉപയോഗവും ഇപ്പോള്‍ പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലാണ്. ഈ ബില്‍ നിയമമാകുന്നതോടെ അതിന്‍റെ നിയന്ത്രണം പൂര്‍ണ്ണമായും ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിലാകും. ഈ ബില്‍ അവതരിപ്പിക്കുന്നത് തന്നേ നിയമവിരുദ്ധമായി ആണ് എന്നതാണ് പ്രധാന എതിര്‍പ്പ്. ഇപ്പോള്‍ പരിസ്ഥിതി,കൃഷി,ആരോഗ്യ മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള ഒരു വിഷയത്തില്‍ എങ്ങനെയാണു ശാസ്ത്ര-സാങ്കേതിക മന്ത്രാലയം ഒരു ബില്‍ കൊണ്ടുവരുന്നത് എന്നത് തന്നേ ഇതിന്‍റെ സാധുത ചോദ്യം ചെയ്യുന്നു.
ശാസ്ത്ര സാങ്കേതിക മന്ത്രാലയം എന്നാല്‍ ഇത്തരം പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മന്ത്രാലയമാണ്. അവരെ നിയന്ത്രണം ഏല്‍പ്പിക്കുന്നത് നൈതികമായി ശരിയല്ല. വനമേഖലയില്‍ നടക്കുന്ന ഖനനം പോലുള്ള പ്രവര്‍ത്തികളുടെ നിയന്ത്രണം വ്യവസായ വകുപ്പിനെ ഏല്‍പ്പിക്കും പോലുള്ള ഒരു മണ്ടത്തരം ആകുമിത്. പ്രൊമോഷനും നിയന്ത്രണവും ഒരിക്കലും ഒരുമിച്ചു ചേരുന്ന രണ്ട് സംഗതികളല്ല.
മറ്റൊരു പ്രധാന പ്രശ്നം, ഇത് സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നു കയറുന്നു എന്നതാണ്. സെക്ഷന്‍ രണ്ടില്‍ ഇങ്ങനെ പറയുന്നു
"It is hereby declared that it is expedient in the public interest that the Union take under its control the regulation of organisms, products and processes of modern biotechnology."
നേരത്തെ സംസ്ഥാനങ്ങളുടെ അധികാരം മാനിച്ചുകൊണ്ട്, ജനിതക പരീക്ഷണങ്ങള്‍ മണ്ണില്‍ നടത്തണോ വേണ്ടയോ എന്ന് അതതു സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാം എന്ന് കേന്ദ്രസര്‍ക്കാര്‍ (പരിസ്ഥിതി മന്ത്രാലയം) വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് ബീഹാര്‍, കേരളം തുടങ്ങിയ 11 സംസ്ഥാനങ്ങള്‍ ജനിതക വിമുക്തമായി പ്രഖ്യാപിക്കപ്പെടുകയും അത് കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിരുന്നു.
ജനിതക വിളകള്‍ സംസ്ഥാനത്ത് പരീക്ഷിക്കണോ വേണ്ടയോ എന്ന തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അത് നടക്കട്ടെ. എന്നാല്‍ അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ അധികാരം വേണമെന്ന കാര്യത്തില്‍ തര്‍ക്കം ഉണ്ടാവാന്‍ സാധ്യതയില്ല. ഈ ബില്ലോട് കൂടി സംസ്ഥാനങ്ങള്‍ക്ക് അത്തരം വിവേചന അധികാരങ്ങള്‍ നഷ്ടപ്പെടുകയാണ്. ഇത് സംസ്ഥാനത്തിന്‍റെ അധികാരതില്‍ കേന്ദ്രം കടന്നു കയറുന്നതിന്റെ ഉത്തമ ഉദാഹരണമാണ്. ഫെഡറല്‍ ജനാധിപത്യ സ്വഭാവത്തിന് തന്നേ ഇത് അപകടകരമാണ്.
മറ്റൊരു പ്രധാന കാര്യം, ഈ പരീക്ഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുന്ന അതോറിറ്റിയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കും എന്നതാണ്. ബി.ടി വഴുതന സംബന്ധിച്ച മുഴുവന്‍ വിവാദവും ഉണ്ടായത്, വിവരാവകാശനിയമം വഴി പുറത്തു വന്ന രേഖകള്‍ അടിസ്ഥാനപ്പെടുത്തി ആണെന്നതിനാല്‍, ഇത്തരം വിഷയങ്ങളില്‍ സുതാര്യത ഉറപ്പ് വരുത്താനും പൊതുജന ആശങ്ക അകറ്റാനും വിവരാവകാശ നിയമത്തെ മറികടക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഇതിന് പിന്നില്‍ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ ആണ്. അതും എതിര്‍ക്കപ്പെടെണ്ടതാണ്.
നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെ ഈ ബില്‍ അവതരിപ്പിക്കുന്നതിനെ തന്നേ പാര്‍ട്ടി ഭേദമന്യേ അംഗങ്ങള്‍ ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. സി.പി.എം , ബി.ജേ.പി, ആര്‍.ജേ.ഡി എന്നിവയിലെ മുതിര്‍ന്ന അംഗങ്ങള്‍ ഈ ബില്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ത്തു അഭിപ്രായം പറഞ്ഞു. അത് സ്വാഗതാര്‍ഹാമാണ്. എന്നാല്‍ കേരളത്തെ ബാധിക്കുന്ന പ്രശ്നത്തില്‍ സംസ്ഥാന മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ബോധിപ്പിക്കാന്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ ഉള്ള മുഖ്യമന്ത്രിയും മന്ത്രിമാരും ഇക്കാര്യം ശ്രദ്ധിച്ചിട്ടില്ല എന്നാണ് കരുതുന്നത്.
ബില്ലിലെ വ്യവസ്ഥകളെ എതിര്‍ക്കുക എന്നതിന് പകരം, ഈ ബില്‍ അവതരിപ്പിക്കാനുള്ള നീക്കത്തെ തന്നേ എതിര്‍ക്കേണ്ടതുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. പല തരത്തിലും ഇത് സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമാണ്. ജനിതകമാറ്റത്തെ അനുകൂലിക്കുന്നവര്‍ പോലും ഇതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ യോജിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ എം.പി മാരും ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
കൂടുതല്‍ വിവരങ്ങക്ക്
ഡ്രാഫ്റ്റ് ബില്‍ http://dbtindia.nic.in/Draft%20NBR%20Act_%2028may2008.pdf
ക്രിട്ടിസിസം http://indiagminfo.org/?page_id=82.
.
1 comment:
സി.പി.എം എതിര്‍ക്കുന്നുന്ടെങ്കില്‍ അത് സംസ്ഥാനത്തിന്റെ അധികാരത്തില്‍ കൈകടത്തുന്നത് കൊണ്ട് മാത്രമായിരിക്കും ജനിതകവിത്തുകളെ കുറിച്ചുള്ള പാര്‍ട്ടിനയം എസ്.രാമചന്ദ്രന്‍ പിള്ള ഒരുപാട് വിശദീകരിച്ചതാണ്.
ജനിതകവിള ദോഷം വരുത്തുമെന്നതിന് തെളിവെവിടെ? -രാമചന്ദ്രന്‍ പിള്ള
http://www.madhyamam.com/news/32145/110105
ജനിതകവിത്തിനങ്ങളെ പ്രോത്സാഹിപ്പിക്കണം: എസ്.രാമചന്ദ്രന്‍ പിള്ള
http://www.enmalayalam.com/home/ml/topic/general/4139
Post a Comment