Saturday, December 24, 2011

ഇടുക്കി ഡാം ഒരിക്കലും പൊട്ടാത്ത ഡാമാണോ സാറന്മാരെ?


തുടര്‍ ഭൂചലനവും ഡാമിന്റെ ദുര്‍ബ്ബലത വെളിവാകുന്ന റിപ്പോര്‍ട്ടുകളും വന്നതോടെ മുല്ലപ്പെരിയാറിന്റെ വിഷയം വീണ്ടും കത്തിക്കയറി. മുപ്പതു വര്‍ഷം മുന്‍പ് കേരള നിയമസഭയില്‍ നടന്ന ഒരു ശ്രദ്ധ ക്ഷണിക്കല്‍ ചര്‍ച്ചയുടെ രേഖകള്‍ സൂചിപ്പിക്കുന്നത് അന്ന് മുതല്‍ക്കേ ഈ ഡാമിന്റെ സുരക്ഷ ഏതാണ്ടിതേ അളവിലാണെന്നും കേരളത്തിന്റെ ഇപ്പോഴത്തെ ആശങ്കകള്‍ അന്നേ ഉണ്ടായിരുന്നു എന്നുമാണ്. എന്നിട്ടും അന്ന് താല്‍ക്കാലിക പ്രതിവിധികളെ പറ്റി മാത്രമാണ് നിയമസഭ ആലോചിച്ചിരുന്നത്. ഡാം പുതുക്കിപ്പണിയുന്നതിനെപ്പറ്റി നമ്മുടെ നേതാക്കള്‍ ആലോചിക്കുന്നത് 2006 ല്‍ മാത്രമാണ്. മുപ്പതു വര്‍ഷമായി തമിഴ്നാടിനു ഒരേ പിന്തിരിപ്പന്‍ നിലപാടാണ്. ചര്‍ച്ച പോലും സാധ്യമല്ലെന്ന നിലപാട്. പുതിയ ഡാം പണിയാനും, പാട്ടക്കരാര്‍ റദ്ദാക്കാനും, കേരളത്തിന്‌ എല്ലാ അധികാരങ്ങളും ഉണ്ടെങ്കിലും നാം ഇപ്പോഴും കേന്ദ്രത്തിലെ നിര്‍ഗ്ഗുണ പരബ്രഹ്മങ്ങളുടെ മുന്നില്‍  കെഞ്ചുകയാണ്. അവരാകട്ടെ, തമിഴ്നാടിന്റെ അംഗബലത്തില്‍ ഭരിക്കുന്നവരും. ഏതു നിമിഷവും പോട്ടാമെന്ന അവസ്ഥയില്‍ നില്‍ക്കുന്ന ഈ ഡാമിന്റെ പ്രശ്നപരിഹാര ചര്‍ച്ചകള്‍ ഈ പതിമ്മൂന്നാം മണിക്കൂര്‍ വരെ വൈകിച്ചതില്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിനുള്ള പങ്ക് ചെറുതാണോ? 1970 ല്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ കരാര്‍ പുതുക്കി നല്‍കിയെന്ന് കുറ്റം പറയുന്നവര്‍ 2006 ല്‍ ചെയ്തത് അതിലും വലിയ മണ്ടത്തരമാണ്. എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന ഈ ഡാമിന് 136 അടി വരെ വെള്ളം നിര്‍ത്താം , അതില്‍ കൂടിയാല്‍ കേരളത്തിന്‌ ഏറ്റെടുക്കാം എന്ന വ്യവസ്ഥയോടെ പുതിയ നിയമം (THE KERALA IRRIGATION AND WATER CONSERVATION (AMENDMENT) ACT, 2006) ഉണ്ടാക്കുകയാണ് കേരള നിയമസഭാ ചെയ്തത്. പരസ്പര വിരുദ്ധമായ വാദങ്ങളാണ് നിയമസഭ ഉയര്‍ത്തിയത്‌. പിന്നീടത്‌ സുപ്രീംകോടതിയില്‍ തിരിച്ചടി ആകുകയും ചെയ്തു.. ഒരു ജനതയുടെ ജീവല്‍പ്രശ്നങ്ങളെ ദീര്‍ഘവീക്ഷണത്തോടെ കണ്ട് നടപടിയെടുക്കുന്നതില്‍ നമ്മുടെ നേതാക്കള്‍ക്ക് വീഴ്ചകള്‍ പറ്റുന്നത് പതിവാകുംപോള്‍ , നാമെങ്കിലും ആ ചര്‍ച്ചകള്‍ക്ക് തുടക്കമിടണം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുതിയ ഡാം എന്ന അശാസ്ത്രീയ അജണ്ടയുമായി നാളെ അടിയന്തിര നിയമസഭാ സമ്മേളനം കൂടുന്ന ഈ സാഹചര്യത്തില്‍, ഇടുക്കി അടക്കമുള്ള മറ്റു ഡാമുകളുടെ സുരക്ഷാ പ്രശ്നം നാം പതിമ്മൂന്നാം മണിക്കൂറില്‍ ചര്‍ച്ച ചെയ്യാന്‍ വെച്ചിരിക്കുകയാണോ എന്ന ചോദ്യം 'കേരള ഭൂമി' ചോദിക്കുന്നു.
 
                  മുല്ലപ്പെരിയാര്‍ പോലെ നമുക്ക് വേറെയും കുറേ പഴഞ്ചന്‍ ഡാമുകള്‍ ഉണ്ട്. മിക്കവയുടെയും സ്വാഭാവിക കാലാവധി ഇരുപതോ മുപ്പതോ വര്‍ഷത്തിനകം തീരും. പലതും ഇപ്പോഴേ ദുര്‍ബ്ബലമാണ്. ഭൂകമ്പം ആവര്‍ത്തിച്ചാല്‍ സ്ഥിതി പെട്ടെന്ന് വഷളാവും. മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്ഥലം തമിഴ്നാട്ടിലാണെന്നു ന്യായം പറഞ്ഞാണ് നാമതിന്റെ അറ്റകുറ്റപ്പണി ചെയ്യാതിരുന്നത്. ഇടുക്കി അടക്കമുള്ള മറ്റു ഡാമുകളെ ശക്തിപ്പെടുത്താന്‍ ഇപ്പോള്‍ എന്താണ് തടസ്സം? അതോ അതൊന്നും ഒരിക്കലും പൊട്ടില്ലെന്നാണോ നേതാക്കള്‍ കരുതുന്നത്? നാളെ ഇടുക്കി ഡാമിന് ഇതേ ബലക്ഷയം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ എന്തായിരിക്കും പ്രതിവിധി? മുല്ലപ്പെരിയാറില്‍ നാം കണ്ടെത്തിയ ബദല്‍ പോലെ ഇടുക്കി ഡാമിന് ഒരു കിലോമീറ്റര്‍ താഴെ പുതിയ അണക്കെട്ട് പണിയുകയോ? അത് ഭൌമശാസ്ത്രപരമായി സാധ്യമാണോ? പുതിയ ഡാം ഇടുക്കിയില്‍ വര്‍ധിപ്പിക്കുന്ന ഭൂകമ്പ സാധ്യതകളെപ്പറ്റി നാം എന്തെങ്കിലും പഠനം നടത്തിയോ, ഇല്ലെങ്കില്‍ എന്നാണിനി പഠിക്കുക?  ഇനി അഥവാ പണിയണമെങ്കില്‍ തന്നേ അവസാന നിമിഷമാണോ പുതിയ ഡാമിനുള്ള പാരിസ്ഥിതിക അനുമതിക്കായി കേന്ദ്രത്തെ സമീപിക്കുക? പുതിയ ഡാം പണി തീരുന്നത് വരെ ഇടുക്കി അതേപടി നിലനിര്‍ത്തുമോ? അതോ ആദ്യം ഡീക്കംമീഷന്‍ ചെയ്യുമോ? അങ്ങനെ ചെയ്‌താല്‍ ആ ഗ്യാപ്പില്‍ എവിടെ നിന്നും വൈദ്യുതി കൊണ്ടുവരും? പണിയുന്ന പുതിയ അണക്കെട്ടുകള്‍ അങ്ങനെ എത്ര കാലം നിലനില്‍ക്കും? നൂറു കൊല്ലം കൂടുമ്പോള്‍ ഓരോ അണക്കെട്ടും ഇറക്കി ഇറക്കി ഒടുവില്‍ നാം അറബിക്കടലില്‍ അണക്കെട്ട് പണിയുന്ന കാലം വരുമോ???

അടുത്ത മുപ്പതു വര്‍ഷത്തിനുള്ളില്‍ എത്ര അണക്കെട്ടുകള്‍ കേരളത്തില്‍ പൊളിച്ചു പണിയേണ്ടിവരും? പഴയ അണക്കെട്ടിനു പകരം പുതിയ അണക്കെട്ട് എന്നത് മാത്രമാണോ പ്രതിവിധി? ഇതിന് സമാന്തരമായി ബദല്‍ ജലസേചന-ഊര്‍ജ്ജ സാധ്യതകള്‍ നാം ആരായുന്നുണ്ടോ? കേരളത്തില്‍ ഇനി ഇത്തരം വന്‍കിട ഡാമുകള്‍ക്ക് പാരിസ്ഥിതിക അനുമതി കിട്ടാനുള്ള സാധ്യതകള്‍ തുലോം കുറവാണെന്ന് ഏതു മലയാളിക്കും അറിയാം. അപ്പോള്‍ എന്തായിരിക്കണം നമ്മുടെ പ്രതിവിധി?



                   വൈദ്യുതി രംഗത്ത്‌ നാം അനുഭവിക്കാന്‍ പോകുന്ന പ്രതിസന്ധിയേക്കാള്‍ രൂക്ഷമായിരിക്കും പാരിസ്ഥിതികമായി നം അനുഭവിക്കാന്‍ പോകുന്ന അസന്തുലിതാവസ്ഥ എന്നാണ് ഇതെല്ലാം കാണുമ്പോള്‍ തോന്നുന്നത്. എന്നാണ് നാം ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയ്ക്കെടുക്കുക? പതിമ്മൂന്നാം മണിക്കൂറിനായി കാത്തിരിക്കുകയാണോ? ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ജനങ്ങള്‍ക്ക്‌ ഭീതി കൂടാതെ ഇനിയങ്ങോട്ട് കഴിയാന്‍ പറ്റില്ലെന്ന സ്ഥിതി അങ്ങേയറ്റം കഷ്ടമാണ്. ഭീതി കൂടാതെ ജീവിക്കുവാനുള്ള മൌലികാവകാശം ഉള്ളവരാണ് അവരും. 


മുല്ലപ്പെരിയാറില്‍ പണിയാന്‍ ഉദ്ദേശിക്കുന്ന പുതിയ ഡാം ഇടുക്കിയിലെ മലനിരകളില്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദം എത്രയാണെന്നോ അത് ഇടുക്കി അടക്കമുള്ള മറ്റു ഡാമുകള്‍ക്ക് ഉണ്ടാക്കാവുന്ന സമ്മര്‍ദ്ദം എത്രയാണെന്നോ കണക്കുകള്‍ ലഭ്യമല്ല. ഇതടക്കം ചര്‍ച്ച ചെയ്താലേ 'പുതിയ ഡാം' എന്ന വാദം എത്രമാത്രം ശാസ്ത്രീയമാണെന്നു നമുക്ക് പറയാന്‍ കഴിയൂ.. ജയലളിതയും വൈക്കോയും ഒത്തു ചേര്‍ന്ന് പഴയ കരാറുകള്‍ വെള്ളിത്താലത്തില്‍ കൊണ്ടുവന്നു കേരളത്തിന്‌ സമര്‍പ്പിച്ചിട്ടു നമുക്ക് അടുത്ത നടപടിയെടുക്കാം എന്ന് കരുതിയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കാത്തിരിക്കുന്നത് എങ്കില്‍ ഞങ്ങള്‍ക്കൊന്നും പറയാനില്ല. മറിച്ച്, കേരളത്തിലെ ജനങ്ങളുടെ സുരക്ഷയാണ്, അവരുടെ സുസ്ഥിര ജീവിതമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എങ്കില്‍ ഇനിയെങ്കിലും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ അവസരം ഉപയോഗപ്പെടുത്തണം. മുപ്പതു വര്‍ഷം കഴിഞ്ഞാല്‍ കേരളത്തില്‍ വൈദ്യുതി ക്ഷാമം ഉണ്ടാകുമെന്നോര്‍ത്തു ആണവ നിലയത്തെ അനുകൂലിക്കുന്നവര്‍, കൊച്ചിയിലെ തിരക്ക് കുറയ്ക്കാന്‍ മെട്രോ റെയില്‍ പദ്ധതി കൊണ്ടുവരുന്നവര്‍ സുരക്ഷ സംബന്ധിച്ച ഇത്തരം അടിസ്ഥാന ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം കണ്ട് പിടിക്കണം.

ഈ വിഷയത്തില്‍ രണ്ടു വര്ഷം മുന്‍പ് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീ.സി.ആര്‍ നീലകണ്ഠന്‍ എഴുതിയ ലേഖനം ഇവിടെ വായിക്കാം

1 comment:

ഷൈജൻ കാക്കര said...

ദേ.. ഞാനെടുത്ത ഒരു ഫോട്ടോ...

http://kaakkara.blogspot.com/2011/09/blog-post_11.html