Monday, June 18, 2012

മിന്നാംപാറ കേസ് അട്ടിമറിച്ചത് അമര്‍നാഥ് ഷെട്ടി; വിജിലന്‍സ് കേസും അട്ടിമറിച്ചു

Photo: NP Jayan, Mathrubhumi
പാലക്കാട്: നെല്ലിയാമ്പതിയിലെ വിവാദമായ മിന്നാംപാറ എസ്‌റ്റേറ്റ് കേസ് സ്വകാര്യ വ്യക്തിക്ക് അനുകൂലമാക്കിമാറ്റുന്നതിന് സൗകര്യം ചെയ്തുകൊടുത്തതില്‍ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥനായ അമര്‍നാഥ് ഷെട്ടിയുടെ പങ്ക് പുറത്തുവന്നു. ഇതു സംബന്ധിച്ച് അമര്‍നാഥ് ഷെട്ടിയുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ എനിക്ക് വിവരാവകാശ നിയമ പ്രകാരം ലഭിച്ചു. 200 ഏക്കര്‍ വനം സ്വകാര്യ വ്യക്തിക്ക് ലഭ്യമാക്കാന്‍ 2001ല്‍ പാലക്കാട് വനം കണ്‍സര്‍വേറ്ററായിരിക്കെ അമര്‍നാഥ് ഷെട്ടി ഹൈക്കോടതിയില്‍ നല്‍കിയ കള്ളസത്യവാങ്മൂലമാണ് ഇപ്പോള്‍ കേസില്‍ സര്‍ക്കാര്‍ കേസ് തോല്‍ക്കുന്നതിനും സ്വകാര്യ വ്യക്തിക്ക് വനഭൂമി വിട്ടുനല്‍കുന്നതിനും ഇടയാക്കിയത്. ഹൈക്കോടതിയില്‍ തോറ്റ കേസില്‍ ഷെട്ടിയുടെ ക്രമക്കേട് വ്യക്തമാക്കിക്കൊണ്ട് തുടര്‍ നടപടി സ്വീകരിക്കാന്‍ വേണ്ടി വനംവകുപ്പ് വനം കസ്റ്റോഡിയന്‍ ശശിധരന്‍ സര്‍ക്കാറിനയച്ച കത്തും ഷെട്ടിയുടെ വ്യാജ സത്യവാങ്മൂലവും  വിവരാവകാശ നിയമ പ്രകാരം ലഭിച്ചു.


         തുടര്‍നടപടി തേടിക്കൊണ്ട് വനം വകുപ്പ് മുഖ്യവനപാലകന്‍ സര്‍ക്കാറിനയച്ച കത്തില്‍ രണ്ട് മാസമായിട്ടും വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. സ്വകാര്യ വ്യക്തിക്ക് വനത്തിന്‍മേല്‍ യാതൊരു അവകാശവുമില്ലെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കെയാണ് ഈ സത്യ മറച്ചുവെച്ച് അമര്‍നാഥ് ഷെട്ടി, പിന്നീട് തോട്ടക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ അവരുടെ വാദങ്ങള്‍ ശരിവെച്ചുകൊണ്ട് സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ ഇത് പിന്നീട് വനംവകുപ്പ് കണ്ടെത്തുകയും ഹൈക്കോടതിയില്‍ ബോധിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും അമര്‍നാഥ് ഷെട്ടി നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്നും സര്‍ക്കാറിന് പിന്നോട്ട് പോവാനാവില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ഇതിനെ തുടര്‍ന്നാണ് മിന്നാംപാറ കേസ് സര്‍ക്കാര്‍ തോറ്റത്. ഇതില്‍ നാളിതുവരെ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിട്ടില്ല. സ്വകാര്യ വ്യക്തിക്ക് വനഭൂമി നല്‍കാന്‍ ഹൈക്കോടതി വിധിച്ച കാലാവധി ഇന്നലെ അവസാനിച്ചു. അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് ഇതു സബംന്ധിച്ച തീരുമാനം വനം സെക്രട്ടറിക്ക് വിട്ടിരിക്കയാണ്. ഇതില്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അലംഭാവം നേരത്തെ വാര്‍ത്തയായിരുന്നു.


    അമര്‍നാഥ് ഷെട്ടി മിന്നാംപാറ കേസില്‍ നല്‍കിയ കള്ള സത്യവാങ്മൂലം അടക്കം ഈ കേസ് തോല്‍പ്പിക്കാന്‍ നേരത്തെയുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമങ്ങളെപ്പറ്റി അന്വേഷിക്കാനാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം വനം സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ എം.പി പ്രകാശ് വനംമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതെ തുടര്‍ന്ന് ഇടതുപക്ഷ സര്‍ക്കാര്‍ നെല്ലിയാമ്പതി കേസിലെ അട്ടിമറികളെപ്പറ്റി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നപ്പോള്‍ വിജിലന്‍സ് ഡയരക്ടറായ വേണുഗോപാലന്‍ നായരെ കൂട്ടുപിടിച്ച് അമര്‍നാഥ് ഷെട്ടി അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കുകയും അന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിക്കുകയും ചെയ്തുവെന്നാണ് വിജിലന്‍സില്‍ നിന്നും ലഭിക്കുന്ന വിവരം.

പാലക്കാട് മുഖ്യവനപാലകന്‍ മെയ് 11ന് സര്‍ക്കാറിനയച്ച കത്തിന്റെ മൂന്നാം പേജില്‍ അമര്‍നാഥ് ഷെട്ടി നല്‍കിയ കള്ളസത്യവാങ്മൂലത്തെപ്പറ്റിയും അതാണ് മിന്നാംപാറ കേസ് തോല്‍ക്കാന്‍ കാരണമായതെന്നതും വ്യക്തമാക്കുന്നുണ്ട്.



എന്നാല്‍ സമ്മര്‍ദ്ദം അതിജീവിക്കാനാവാതെ അമര്‍നാഥ് ഷെട്ടിയെ കുറ്റവികുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് വിജിലന്‍സ് തയ്യാറാക്കിയിരിക്കുന്നത്. വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്.
                       നിരവധി വനം കേസുകളില്‍ ആരോപണവിധേയനാണ് അമര്‍നാഥ് ഷെട്ടി. തന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് മിക്ക കേസുകളിലും തടിയൂരുകയാണ് പതിവ്. മെഴുകുംപാറയില്‍ 65 ഹെക്ടര്‍ വനഭൂമി സ്വകാര്യ വ്യക്തികള്‍ക്കു കൈമാറാനായി വ്യാജരേഖകള്‍ ചമച്ച സംഭവത്തില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായിരുന്ന അമര്‍നാഥ് ഷെട്ടിക്കു പങ്കുണ്ടൈന്ന് നേരത്തെ പിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ടി.എം. മനോഹരന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മണ്ണാര്‍ക്കാട് വനം ഡിവിഷനിലെ മെഴുകുംപാറയില്‍ 65 ഹെക്ടര്‍ വനഭൂമി സ്വകാര്യ വ്യക്തിക്കു കൈമാറ്റം ചെയ്യാന്‍ അമര്‍നാഥ് ഷെട്ടിയുടെ നേതൃത്വത്തില്‍ ശ്രമം നടന്നതായും ഇക്കാര്യത്തില്‍ വിശദമായ വിജിലന്‍സ് അന്വേഷണം വേണമെന്നുമായിരുന്നു ചീഫ് സെക്രട്ടറി ആര്‍. പ്രഭാകരനു നല്‍കിയ റിപ്പോര്‍ട്ടി ല്‍ പറയുഞ്ഞത്. ചന്ദനമാഫിയക്കേസിലും ഇയാള്‍ ആരോപണ വിധേയനായിരുന്നു. ഇപ്പോള്‍ വനംവകുപ്പ് ആസ്ഥാനത്ത് ആദിവാസി പുനരധിവാസത്തിന്റെ ചാര്‍ജ്ജുള്ള മുഖ്യവനപാലകനാണ് ഇദ്ദേഹം.

നെല്ലിയാമ്പതി വന മേഖലയിലെ വിലമതിക്കാനാവാത്ത ജൈവ സമ്പത്താണ്‌ മിന്നാംപാറ വനം. (ഇവിടെ വായിക്കുക) മിന്നാംപാറ വനഭൂമിയാണെന്ന് പാലക്കാട് കളക്ടറും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വനഭൂമി അന്യാധീനപ്പെടുത്തുന്ന സ്വകാര്യ വ്യക്തിക്കായി കേസ് നടത്തുന്നതും അധികാരികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതും 'ദി ഹിന്ദു' പത്രത്തിന്റെ തിരുവനന്തപുരം സീനിയര്‍ ലേഖകനായ വേണുവാണ് എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. ഇയാളെ സ്ഥിരമായി അഡ്വ ജനറലിന്റെ ഓഫീസില്‍ കാണാമെന്നും സര്‍ക്കാര്‍ കേസ് തോല്‍പ്പിക്കുന്നതില്‍ ഇയാളുടെ ബന്ധം വഴി വെക്കുന്നുണ്ടെന്നും ആരോപണമുണ്ട്. വേണുവിന്റെ അടുത്ത ബന്ധുവാണ് കേസ് കൊടുത്തിരിക്കുന്ന സ്വകാര്യ വ്യക്തി.

No comments: