Saturday, February 12, 2011

മകരജ്യോതി: അന്വേഷണത്തിനും നടപടിക്കും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം !!


ശബരിമലയിലെ പൊന്നമ്പല മേട്ടില്‍ മകരജ്യോതി കത്തിച്ചു ദേവസ്വം ബോര്‍ഡ് ഭക്തരെ പറ്റിക്കുകയാണ് എന്ന ആരോപണത്തില്‍ അന്വേഷണം നടത്തില്ല, അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നോ?  ഹൈക്കോടതിയില്‍ ഇങ്ങനെ സത്യവാന്ഗ്മൂലം സമര്‍പ്പിചിരുന്നോ? 

എങ്കില്‍ അതൊരു 'കള്ളവാങ്ങ്മൂലം' ആയിരുന്നു. !!

ദേവസ്വം ബോര്‍ഡ് കേരളത്തിന്‌ വെളിയില്‍ നിന്നും വരുന്ന ആയിരക്കണക്കിന് ഭക്തജനങ്ങളെ വഞ്ചിക്കുന്നു എന്നും പൊന്നമ്പല മേട്ടിലെ വനഭൂമി കേന്ദ്രാനുമതിയില്ലാതെ വനേതര പ്രവര്‍ത്തിയായ മകരവിളക്ക്‌ കത്തിക്കല്‍ പ്രക്രിയക്ക് വിട്ടു കൊടുക്കുന്നു എന്നും കാണിച്ചു ചുമ്മാ, വെറും ചുമ്മാ ഒരു പരാതി ഞാന്‍ മുഖ്യമന്ത്രിക്ക് അയച്ചിരുന്നു.
 Petition No.1684/CMPGRC/SK/2011/GAD; dt: 21.01.2011

ഞാന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ അടിയന്തിര നടപടി എടുത്തു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം ബോര്‍ഡിനോടും (അടീഷണല്‍ ചീഫ് സെക്രെട്ടറി, ദേവസ്വം റവന്യൂ) വനപ്രദേശം വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ വനം-വന്യജീവി വകുപ്പിനോടും (അടീഷണല്‍ ചീഫ് സെക്രട്ടറി, വനം വകുപ്പ്) ജനുവരി ഇരുപത്തി ഒന്നിന് മുഖ്യമന്ത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'സുതാര്യ കേരളം'  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. !! മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലായ 'സുതാര്യ കേരളം' അടീഷണല്‍ സെക്രട്ടറി ആണ് ഈ പരാതി അന്വേഷിക്കാന്‍ ഉത്തരവിട്ടതായി എന്നെ ഇ-മെയില്‍ മുഖാന്തരം അറിയിച്ചത്.

ജനുവരി 21 നു അന്വേഷണത്തിന് ഉത്തരവിടുകയും , ഒരാഴ്ച കഴിഞ്ഞ് ജനുവരി 27 നു അന്വേഷണം നടത്താന്‍ ഉദ്ദേശമില്ല എന്ന് പറയുകയും ചെയ്തത്, മുഖ്യമന്ത്രിയേ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചതാവാനാണ് സാധ്യത. ഇത് സംബന്ധിച്ച് ഇന്നലെ ഹൈക്കോടതി വീണ്ടും സര്‍ക്കാരിനോട് അന്വേഷണ റിപ്പോര്‍ട്ട് തേടിയിരുന്നു. ഏതായാലും വരാനിരിക്കുന്ന റിപ്പോര്‍ട്ടില്‍ വനം വകുപ്പും ദേവസ്വം വകുപ്പും എന്തു നിലപാട് എടുക്കും എന്ന് കാത്തിരുന്നു കാണാം. 

സുതാര്യ കേരളം പരിഗണിക്കുന്ന പരാതിയിന്മേല്‍ പതിനഞ്ചു ദിവസത്തിനകം ബന്ധപ്പെട്ട വകുപ്പുകള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ഈ വിഷയത്തില്‍ നാളിതുവരെ അത്തരം റിപ്പോര്‍ട്ടുകള്‍ ഒന്നും നല്‍കിയിട്ടില്ല എന്നാണ് അറിയുന്നത്.  

Friday, February 11, 2011

ശിരുവാണി റിസര്‍വ് വനത്തില്‍ അനധികൃത നിര്‍മ്മാണം

ശിരുവാണി വനത്തില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. മണ്ണാര്‍ക്കാട് ഡിവിഷനില്‍ റിസര്‍വ്വ് വനത്തിന്റെ ഭാഗമായ ശിരുവാണിയില്‍ ഡാമിനോട് ചേര്‍ന്ന വനഭൂമിയിലാണ് ജെ.സി.ബി ഉപയോഗിച്ചുള്ള അനധികൃത നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയില്ലാതെയും സുപ്രീം കോടതിയുടെ ഉത്തരവ് ലംഘിച്ചുമാണ് വനം വകുപ്പ് ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കടുവ,കരടി മുതലായ വന്യമൃഗങ്ങള്‍ സ്ഥിരമായി സഞ്ചരിക്കുന്ന വനമേഖലയിലാണ് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി നിര്‍മ്മാണം നടക്കുന്നത്.

പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ജെ.സി.ബി ഉപയോഗിച്ച് കിടങ്ങ് കുഴിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്.    

ലോകപ്രശസ്ത നിത്യഹരിത വനമായ സൈലന്റ്‌വാലിയുടെ തുടര്‍ച്ചയാണ് ശിരുവാണി. ലോകത്ത് ഏറ്റവും ശുദ്ധമായ ജലം ലഭിക്കുന്നതില്‍ രണ്ടാം സ്ഥാനം ശിരുവാണിക്കുണ്ട്. മനുഷ്യസ്പര്‍ശമില്ലാത്തതിനാല്‍ മാലിന്യം ഏറ്റവും കുറവും ഓക്‌സിജന്റെ അളവ് കൂടുതലുമാണ് ശിരുവാണിയിലിലെ ജലത്തില്‍. നിയമവിരുദ്ധ ടൂറിസം വരുന്നതോടെ ശിരുവാണിയുടെ പരിസ്ഥിതി പ്രശസ്തിയും കേരളത്തിന് നഷ്ടമാകും.

കൂടുതല്‍ വാര്‍ത്തയ്ക്കും വീഡിയോ ചിത്രങ്ങള്‍ക്കും  ഡൂള്‍ന്യൂസ്.കോം  കാണുക 

Sunday, January 30, 2011

മാധ്യമ പ്രവര്‍ത്തകരുടെ ഉത്തരവാദിത്തം കൂടുന്നു.


നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തി അവസാനിച്ച ഐസ്ക്രീം കേസിന്റെ പുറകെ ഒരു ചാനല്‍ എഡിറ്റര്‍ എം.പി ബഷീര്‍ അന്വേഷിച്ചു പോയപ്പോള്‍ ഉണ്ടായ കോലാഹലം ആണ് ഇപ്പോള്‍ വന്നത്. വന്നുകൊണ്ടിരിക്കുന്നത്. മദനിയുടെ കേസില്‍ അന്വേഷിച്ചു പോയ ഷാഹിനയും കൊണ്ട് വന്നു ചില പുതിയ വാര്‍ത്തകള്‍ .
ഒരുപാട് ചോദ്യങ്ങള്‍ ബാക്കി വെച്ചു അവസാനിക്കുന്ന എത്ര എത്ര കേസുകള്‍ ആണ് നമ്മുടെ നാട്ടില്‍ ഉള്ളത്? അതിലൊക്കെ കൃത്യമായ ഫോളോ-അപ്പ്‌ മിക്ക മാധ്യമ പ്രവര്‍ത്തകരും നടത്താറില്ല. നടത്തുന്നവര്‍ക്കൊക്കെ നല്ല വാര്‍ത്തകള്‍ ലഭിക്കുന്നും ഉണ്ട്, സമൂഹത്തിനു ഏതെങ്കിലും വിധത്തില്‍ പ്രയോജനപ്പെടുന്നും ഉണ്ട്...
ഉദാഹരണത്തിന് സൂര്യനെല്ലി കേസ്: പ്രതി/ആരോപണ വിധേയന്‍ ആയിരുന്ന പി.ജെ കുര്യന്‍ ഇന്ന് രാജ്യസഭാ എം.പി യാണ്. (ഇര ഒരിക്കലും മൊഴി മാറ്റിയിട്ടില്ല എന്നത് പ്രത്യേകം ഓര്‍ക്കണം) ഐസ്ക്രീം കേസില്‍ സംഭവിച്ചതൊക്കെ കുര്യന്റെ കേസിലും സംഭവിച്ചിരിക്കണം. സ്വാധീനം-അഴിമതി എന്നത് ആരെങ്കിലുംഅന്വേഷിക്കുമോ?
ഏറെ കോളിളക്കം സൃഷ്ടിച്ച മുത്തൂറ്റ് ജോര്‍ജ് കേസ് ആരെങ്കിലും ഇപ്പോള്‍ ഫോളോ അപ്പ്‌ ചെയ്യുന്നുണ്ടോ?

ഹൈക്കോടതിയിലെ നിയമനങ്ങള്‍ സംബന്ധിച്ചും ആരെങ്കിലും അന്വേഷണം നടത്തുമോ? ഇതിലും വലിയ സത്യങ്ങള്‍ പുറത്തു വരും. (കൈക്കൂലി കൊടുത്തും കാലു പിടുത്തം നടത്തിയും ജഡ്ജിമാരെ നിയമിക്കുന്ന രീതിയാണ് വര്‍ഷങ്ങളായി ഹൈക്കോടതിയില്‍ എന്ന് കേള്‍ക്കുന്നു)‍. 

ഓരോ വിഷയവും എടുത്തു വാര്‍ത്തയാക്കി ആഘോഷിച്ചു പിന്നെ അവഗണിക്കുന്ന ഇപ്പോഴത്തെ രീതി അഭിലഷണീയമല്ല.
തിരക്ക് പിടിച്ച റിപ്പോര്‍ട്ടിംഗ് വര്‍ക്കുകള്‍ക്കിടയില്‍ ഫോളോ അപ്പ്‌ എളുപ്പമല്ല എന്നറിയാം. എങ്കിലും ജുദീശ്യരിയും പോലീസ് സംവിധാനങ്ങളും അന്വേഷണ ഏജന്‍സികളും സ്വാധീനിക്കപ്പെടുമ്പോള്‍  മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്തം കൂടുകയാണ് എന്നത് മറക്കാതിരിക്കുക.

മാധ്യമ പ്രവര്‍ത്തനത്തില്‍ ഞാന്‍ ഒരു ശിശു അല്ല, വെറും ശി.
അമൃതയില്‍ ബി.സി.ജെ യുടെ സെമി ഫൈനല്‍ കാലം,  ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളേജില്‍ നടന്ന വിദ്യാര്‍ഥി സംഘട്ടനത്തിനിടെ പോലീസ് ASI ഏലിയാസിനെ കൊലപാതകം സംബന്ധിച്ച് നടന്ന വിവാദങ്ങള്‍ കേട്ടടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞിരുന്നു.. അതിലെ പോലീസ് പീടനങ്ങള്‍ക്ക് ഇരയായ ബിജു നേരിട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം എന്ന് കരുതിയാണ് ഞാന്‍ അന്വേഷണം തുടങ്ങുന്നത്, കേസ് കോട്ടയം /ചങ്ങനാശേരി കോടതിയില്‍ പുരോഗമിക്കുകയായിരുന്നു.
ഞാന്‍ അന്വേഷണം തുടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എനിക്കൊരു ക്ലൂ കിട്ടി, പ്രധാന സാക്ഷിയായ പോലീസുകാര്‍ കോടതിയില്‍ മൊഴി മാറ്റി.
ഞാന്‍ ആറു ദിവസം മെനക്കെട്ടു കോടതിയില്‍ പോയിരുന്നു മൊഴി തിരുത്തിയ രേഖകള്‍ സംഘടിപ്പിച്ചു...
അമൃത ടി.വി അന്നത്തെ ടോപ്‌ ടെന്‍ ന്യൂസില്‍ എക്സ്ക്ലൂസീവ് ആയി വാര്‍ത്ത‍ പുറത്തു വിട്ടു. ഒരുപക്ഷെ അമൃത ചാനലിനു അതിന്റെ ചരിത്രത്തില്‍ ഏറ്റവും മൈലേജ് ഉണ്ടാക്കിക്കൊടുത്ത വാര്‍ത്തകളില്‍ ഒന്ന്.. പിറ്റേന്ന് മനോരമയും മറ്റു മാധ്യമങ്ങളും ഏറ്റു പിടിച്ചു.. കോടിയേരി അന്നത്തെ DYSP യെ സസ്പെന്ഡ് ചെയ്തു...
മനോരമയുടെ തട്ടകത്തില്‍ നടന്ന സംഭവം/കേസ്. ഓപ്പണ്‍ കോടതിയില്‍ മൊഴി മാറ്റല്‍  നടന്നതിനു ശേഷം നാല് ദിവസം  കഴിഞ്ഞാണ് ഞാന്‍ അറിയുന്നത് , അതിനും ഒരാഴ്ച കഴിഞ്ഞാണ് മൊഴി വാര്‍ത്തയാവുന്നത് എന്ന് ഓര്‍ക്കണം.
ആറു ചാനലുകളും പത്തു(?) പത്രങ്ങളും റിപ്പോര്‍ട്ടര്‍മാരെ വെച്ചിരിക്കുന്ന സ്ഥലമാണ് കോട്ടയം., ഒരു വിവാദ വിഷയത്തിലെ ഫോളോ അപ്പ്‌ ഇല്ലായ്മയാണ് ഈ വാര്‍ത്ത ഒരു സിറ്റിസന്‍ ജെര്‍ണലിസ്റിന് ചെയ്യേണ്ട സ്ഥിതി ഉണ്ടാക്കിയത്. ഈ സംഭവം വിവാദ വിഷയങ്ങളില്‍ ഫോളോ-അപ്പ്‌ ഇല്ലായ്മയ്ക്ക് ഉത്തമ ഉദാഹരണംആണ്.

മാധ്യമ ലോകത്ത് ഇപ്പോഴും CJ കള്‍ക്ക് / ഫ്രീലാന്‍സ് കാര്‍ക്കു സാധ്യത ഏറെയാണ്‌.

ഒരു കാലത്ത് കേരളത്തെ പിടിച്ചുലച്ച ഒരു കേസിന്റെ വാദം ഇപ്പോള്‍ കോടതിയില്‍ നടക്കുകയാണ്. കോടിക്കണക്കിനു രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ടതാണ് കേസ്. പ്രതികള്‍ സമൂഹത്തില്‍ വലിയ പിടിപാടും പണവും ഉള്ളവരാണ്. എന്നാല്‍ പ്രമുഖരായ മാഫിയ നേതാക്കളും രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടും കൂടി സാക്ഷികളെ കൂറ് മാറ്റിച്ചും മൊഴികള്‍ തിരുത്തിയും അന്വേഷണം അട്ടിമറിച്ചും എന്തിനേറെ, കേസ് കേള്‍ക്കുന്ന ജഡ്ജിയെ കൈക്കൂലിയോ ബന്ധമോ ഉപയോഗിച്ച് സ്വാധീനിച്ചും കേസ് അട്ടിമറിക്കുകയാണ്...
കോടികളാണ് കേസ് അട്ടിമറിക്കാന്‍ പോലും കൈക്കൂലിയായി മറിയുന്നത്...
(ഈ വിഷയം ഉടന്‍ തന്നെ പുറം ലോകം അറിയും, ബന്ധപ്പെട്ട തെളിവുകള്‍ പല നല്ല ഉന്നതരുടെയും കൈകളില്‍ എത്തിക്കഴിഞ്ഞു.
പക്ഷെ, അത് മുഖ്യധാരാ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുമോ എന്ന് സംശയമാണ്. നെറ്റില്‍ വന്നേക്കും
)

ഐസ്ക്രീം കേസില്‍ ഉണ്ടായിരിക്കുന്നതുപോലെ തന്നെ സംഭവങ്ങള്‍ ആണ് ഈ കേസിലും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്,
മറ്റെല്ലാം മറന്നു ചാനലുകള്‍  ഐസ്ക്രീം കേസിന് പിറകെ പോവുമ്പോള്‍ ഇത്തരം നൂറു കേസുകള്‍ ആണ് വാര്തയാവാതെ പോവുന്നത്.
അതും ഫോളോ അപ്പ്‌ ഇല്ലാത്തതിനാല്‍ ..
കഴിയുമെങ്കില്‍ ഞാന്‍ പറയുന്ന ഈ വാര്‍ത്ത മാധ്യമങ്ങള്‍ കണ്ടു പിടിക്കട്ടെ.
ഒരാഴ്ച കാത്തിരുന്നാല്‍ ഞാന്‍ തന്നെ പറയാം. :-)

Friday, January 21, 2011

BREAKING NEWS: കാനനപാതയില്‍ അനധികൃതമായി വാഹനഗതാഗതം തുടങ്ങിയത് യു.ഡി.എഫ് ഭരണകാലത്ത്

കാനനപാതയില്‍  അനധികൃതമായി വാഹനഗതാഗതം തുടങ്ങിയത് യു.ഡി.എഫ് ഭരണകാലത്ത്  !!
ശബരിമല: നാലാം മൈല്‍ ‍- ഉപ്പുതറ വഴിയുള്ള കാനന പാത വാഹനഗതാഗതതിനായി തുറന്നു കൊടുത്തത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് എന്നതിന്‌ തെളിവ് ലഭിച്ചു. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ വരുന്ന പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് വനത്തിന്റെ ഭാഗമായ ഉപ്പുതറ വരെയുള്ള ശബരിമലയിലേക്കുള്ള കാനനപാത വഴി വാഹനങ്ങള്‍ കടത്തി വിടാന്‍ തീരുമാനിച്ചത് 2002 ല്‍ ആണ്. അന്നത്തെ വനം-സ്പോര്‍ട്സ് മന്ത്രിയായിരുന്ന കെ.സുധാകരന്റെ നിര്‍ദ്ദേശ പ്രകാരം  ചീഫ് വൈല്‍ഡ് ലൈഫ് കണ്സര്‍വെട്ടര്‍ ആണ് കാനന പാതയിലൂടെ വാഹനങ്ങള്‍ അനുവദിക്കാനുള്ള ഉത്തരവ് ഇറക്കിയത്. 2002 ഡിസംബര്‍ നാലിന് CCF വൈല്‍ഡ് ലൈഫ് ഇറക്കിയ ഉത്തരവില്‍ സത്രം വഴിയുള്ള റോഡു പണി തീര്‍ന്നിട്ടില്ലെന്നും അതിനാല്‍ ഉപ്പുതറ വഴി വാഹന ഗതാഗതം അനുവദിക്കാന്‍ വനം മന്ത്രി വാക്കാല്‍ ഉത്തരവ് നല്‍കുന്നത് അനുസരിച്ച്  വനം വകുപ്പ് സെക്രട്ടറിയോട് നിര്‍ദ്ദേശിക്കുന്നു. ഈ ഉത്തരവിന്റെ കോപ്പി കോട്ടയം പ്രൊജക്റ്റ്‌ ടൈഗര്‍ ഫീല്‍ഡ് ഡയറക്ടര്‍ക്കും അയച്ചിട്ടുണ്ട്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആണ് അതിനുശേഷം കാലാകാലങ്ങളില്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് വനത്തിലൂടെ വാഹന ഗതാഗതം അനുവദിച്ചു പോന്നത്.
കേന്ദ്രാനുമതി ഇല്ലാതെയായിരുന്നു വനഭൂമിയില്‍ വാഹനസഞ്ചാരം അനുവദിച്ചു കൊണ്ടുള്ള ഈ ഉത്തരവ്. ഇത് കേന്ദ്ര വനം സംരക്ഷണ നിയമത്തിന്റെ നഗ്നമായ ലംഘനമായാണ്‌ നിയമവിദഗ്ദ്ധര്‍ കണക്കാക്കുന്നത്. ഇത് വരും ദിവസങ്ങളില്‍ ഹൈക്കോടതിയില്‍ തെളിവായി ഹാജരാക്കുമെന്ന് വണ്‍ എര്‍ത്ത് വണ്‍ ലൈഫ് അറിയിച്ചു.   

Wednesday, January 12, 2011

ജനിതക ഭക്ഷണം കഴിക്കാന്‍ പാകമായോ?

ജനിതക സാങ്കേതികവിദ്യയുടെ അപകടങ്ങളും ,  എന്തുകൊണ്ട് ആ ശാസ്ത്രശാഖയിലെ പഠനങ്ങള്‍ തന്നെ അപകടമാണ് എന്നുള്ളതും അശാസ്ത്രീയമാണെന്നുള്ളതും വിശദീകരിക്കുന്ന ജീവന്‍ ജോബ്‌ തോമസിന്റെ ലേഖനം പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും.


ജനിതക റബര്‍ വേണമെന്ന് എസ്.ആര്‍ പി

ജനിതക റബര്‍ നട്ടില്ലെങ്കില്‍ കര്‍ഷക ആത്മഹത്യ ഉണ്ടാവുമെന്ന് എസ്.ആര്‍ പി.
കലാകൌമുദി ലേഖനം ഇതോടൊപ്പം. 

Monday, December 13, 2010

തനതു മത്സ്യ സമ്പത്ത് നശിപ്പിക്കാന്‍ പദ്ധതി


കേരളത്തിലെ തനതു മത്സ്യ സമ്പത്തിനെ നശിപ്പിക്കാന്‍ 238 കോടി രൂപയുടെ സര്‍ക്കാര്‍ പദ്ധതി!!
തിരുവനന്തപുരം: കേരളത്തിലെ തടാകങ്ങളിലും പുഴകളിലും കാണുന്ന നാടന്‍ മത്സ്യ സമ്പത്തിനെ നശിപ്പിക്കാന്‍ ഉതകുന്ന, വിദേശ ഇനം മത്സ്യങ്ങളെ വ്യാപകമായി വളര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ ഒരു പദ്ധതി സംസ്ഥാന ഫിഷറീസ് വകുപ്പ് തീരുമാനിച്ചിരിക്കുന്നു. കട്ട്ല, റോഹു, മൃഗാള എന്നീ വിദേശ മത്സ്യ ഇനങ്ങളെ ഡാമുകളിലും വനപ്രദേശങ്ങളിലെ  റിസര്‍വോയറുകളിലും വ്യാപകമായി നിക്ഷേപിക്കാന്‍ ആണ് ഫിഷറീസ് വകുപ്പിന്റെ പദ്ധതി. 238 കോടി രൂപയുടെ കേന്ദ്ര സര്‍ക്കാര്‍ ഫണ്ടോടെയുള്ള പദ്ധതിയാണ് ഇത്. നിരവധി വര്‍ഷങ്ങളായി ജലസേചന വകുപ്പിന്റെ ഡാമുകളില്‍ മാത്രം വളര്‍ത്തിയിരുന്ന ഈ വിദേശ ഇനം മത്സ്യങ്ങളെ ഈ വര്‍ഷത്തോടെ എല്ലാ ഡാമുകളിലേക്കും റിസര്‍വോയറുകളിലെക്കും വ്യാപിപ്പിക്കുവാനാണ് പുതിയ പദ്ധതി. ഫിഷറീസ് വകുപിന്റെ ഈ പദ്ധതി വനം വകുപ്പിന്റെ അനുമതിയോടെയാണ് വനം വകുപ്പിന്റെ അധീനതയിലുള്ള റിസര്‍വോയറുകളിലേക്ക് വ്യാപിപ്പിക്കുന്നത്. ഈ അനുമതിക്കായി ഫയല്‍ വനം വകുപ്പില്‍ എത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്. രഹസ്യമായി ഇതിന് അനുമതി നല്‍കിയെന്നും വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടുന്നുണ്ട്.
                 ഈ പദ്ധതി പ്രകാരം നിക്ഷേപിക്കപ്പെടുന്ന വിദേശ ഇനം മത്സ്യങ്ങള്‍ കൂട്ടത്തോടെ വളര്‍ന്നാല്‍ ആ പ്രദേശത്തെ നാടന്‍ ഇനങ്ങള്‍ നശിക്കുകയും, ക്രമേണ അന്യം നില്‍ക്കുകയും ചെയ്യുമെന്ന് മത്സ്യ ഗവേഷകരും ശാസ്ത്രജ്ഞരും ഒരുപോലെ അഭിപ്രായപ്പെടുന്നു. തേക്കടി ഡാമില്‍ മുന്‍പ് നിക്ഷേപിച്ച വിദേശ മത്സ്യങ്ങള്‍ ക്രമാതീതമായി വളരുകയും പെരിയാറില്‍ മാത്രം കണ്ടു വരുന്ന പ്രാദേശിക മത്സ്യ ഇനങ്ങള്‍ എണ്ണത്തില്‍ തുലോം കുറയുകയും ചെയ്തത് ഇതിന് തെളിവായി വിദഗ്തര്‍ ചൂണ്ടിക്കാട്ടുന്നു. വിദേശ മത്സ്യങ്ങളെ ക്രമാതീതമായി വളര്‍ത്തുന്നതിനു നിയമത്തിന്റെ വിലക്കുകള്‍ ഉണ്ടെന്നാണ് ഫിഷറീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. ഫിഷറീസ് വകുപ്പ് ഈ നില തുടര്‍ന്നാല്‍ ക്രമേണ കേരളത്തിലെ തനതു മത്സ്യങ്ങള്‍ മുഴുവന്‍ അപ്രത്യക്ഷമാകുമെന്നാണ് ജൈവ വൈവിധ്യ ബോര്‍ഡിലെ ശാസ്ത്രജ്ഞരും പറയുന്നത്. മത്സ്യ ബന്ധനം നിയമം മൂലം നിരോധിക്കപ്പെട്ട തടാകങ്ങളിലും ഇതോടെ മത്സ്യബന്ധനം വ്യാപകമാവുകയും അത് വനങ്ങളുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുകയും ചെയ്യുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും ആശങ്കപ്പെടുന്നു. ശ്രദ്ധയും പരിചരണവും ഇല്ലാതെ നാടന്‍ മത്സ്യ ഇനങ്ങള്‍ നശിക്കുമ്പോഴാണ് കോടിക്കണക്കിനു രൂപ പൊതു ഖജനാവില്‍ നിന്നും ചെലവിട്ടു ഈ നശീകരണം നടക്കുന്നത്.

ഈ വിഷയത്തില്‍ നിങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിക്കുക.
വനം വകുപ്പ്  :  pccf@forest.kerala.gov.in
minister-forest@kerala.gov.in