Thursday, July 28, 2011

ഫാരിസും ശോഭയും ചില ഓര്‍മ്മകളും...


ഫാരിസ് അബൂബക്കറും രണ്‍ജി പണിക്കരും ചേര്‍ന്ന് ശോഭ ഗ്രൂപ്പുമായി നടത്തിയ ചില ഭൂമി ഇടപാടുകള്‍ അന്വേഷിക്കണമെന്ന രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ന്‍റെ ഈ കത്ത് മാധ്യമലോകം മറന്നോ?
വരുമാന നികുതി വിജിലന്‍സ് കമ്മീഷണരുടെ അന്വേഷണം പൂര്‍ത്തിയായോ?
അന്വേഷണത്തില്‍ അട്ടിമറി ഉണ്ടായോ?
എന്തായി റിപ്പോര്‍ട്ട്? അനുകൂലമോ പ്രതികൂലമോ?ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. Wednesday, July 6, 2011

ലിസ്: കോടികളുടെ തട്ടിപ്പ് കേസ് അട്ടിമറിക്കപ്പെടുന്നു !!


lis-story-bar
ആയിരക്കണക്കിന് നിക്ഷേപകരെ വഞ്ചിച്ചു ആയിരം കോടിയിലധികം രൂപ തട്ടിയ എറണാകുളത്തെ ‘ലിസ്’ എന്ന പണമിടപാട് സ്ഥാപനത്തിനെതിരായ കേസ് കോടതിയില്‍ അട്ടിമറിക്കപ്പെടുന്നു. സര്‍ക്കാര്‍ ലോട്ടറിയിലൂടെ നിക്ഷേപങ്ങള്‍ ഇരട്ടിയാക്കി നല്‍കാമെന്നു വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ സ്ഥാപനത്തിനെതിരായ വഞ്ചനാ കേസാണ് വാദം നടക്കുന്നതിനിടെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അട്ടിമറിക്കപ്പെടുന്നത്.
ലിസ് വഞ്ചിച്ചതായി നേരത്തെ പരാതിപ്പെട്ട സാക്ഷികളെ ഭീഷണിപ്പെടുത്തി കൂറുമാറ്റിയും കോടതിയെത്തന്നെ സ്വാധീനിച്ചുമാണ് കേസ് അട്ടിമറിക്കപ്പെടുന്നത്. കേസിന്റെ വഴിയിലൂടനീളം അട്ടിമറിശ്രമങ്ങള്‍ നടന്നുവരികയാണ്. കേസന്വേഷണത്തില്‍ പ്രധാന സാക്ഷികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടില്ല. പ്രധാന രേഖകള്‍ളൊന്നും ഹാജരാക്കാതെയാണ് കേസ് കോടതിയില്‍ വാദത്തിനെത്തിയത്.
IPC സെക്ഷന്‍ 420 പ്രകാരമുള്ള വഞ്ചനാ കേസിന്റെ കുറ്റപത്രത്തില്‍ വഞ്ചന എന്നൊരു വാക്ക് പോലുമില്ല !!. തട്ടിപ്പിന് ഇരയായ നൂറിലേറെ പേര്‍ സാക്ഷികളായുള്ള കേസിന്റെ കുറ്റപത്രത്തില്‍ എവിടെയും ഒരാള്‍ പോലും ലിസ് വഞ്ചിച്ചിട്ടുണ്ടെന്ന് മൊഴി നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയിട്ടില്ല. റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല.
കേസിലെ ഒന്നാം സാക്ഷിയായ സെന്‍ കുമാര്‍ IPS നെ ചോദ്യം ചെയ്യുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നത് ഏറെ ആശ്ചര്യകരമാണ്. കേസില്‍ പ്രധാന സാക്ഷിയാകേണ്ട ലോട്ടറി ഡയറക്ടര്‍ കേസില്‍ കക്ഷിയേ അല്ലെന്നത് കേസ് അട്ടിമറിക്കപ്പെടാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഉദാഹരണമാണ്.
കേസിന്റെ വിജയത്തിനായി ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും രേഖകളോ സാക്ഷികളോ ഹാജരാക്കാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകള്‍ ഏറെ വെച്ചാണ് കേസ് കോടതിയില്‍ എത്തിയിരിക്കുന്നത്.സാക്ഷികളെ സ്വാധീനിക്കുന്നു, കോടതിയെയും.
-------------------------------------------------------------------
കേസില്‍ നിലവിലുള്ള സാക്ഷികളെ തന്നെ തങ്ങളുടെ വരുതിയിലാക്കാന്‍ പ്രതിഭാഗം കൊണ്ട് പിടിച്ച ശ്രമമാണ് നടത്തുന്നത്. സാക്ഷികളെ ഭീഷണിപ്പെടുത്തിയും പണം കൊടുത്തു വശത്താക്കി മൊഴി തിരുത്തിക്കുന്ന സ്ഥിതിയാണുള്ളത്. ലിസ് ദീപസ്തംഭം സ്ഥാപനത്തിന്റെ ഉടമയായ ചാക്കോയും ഭാര്യയും മക്കളും പ്രതിയായ കേസ് അട്ടിമറിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ അഭിഭാഷകരും നടത്തുന്ന ഒത്തുകളി പിടികൂടാനോ ആവശ്യമായ നടപടിയെടുക്കാനോ പുതുതായി വന്ന സര്‍ക്കാറിനും വേണ്ടത്ര താല്‍പര്യമില്ല.
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 672/06 കേസിന്റെ വാദം എറണാകുളം CJM കോടതിയില്‍ ഇപ്പോള്‍ നടക്കുകയാണ്. കേസിലെ ഒന്നാം സാക്ഷിയായ ADGP സെന്‍ കുമാറിനെ വിസ്തരിച്ചാല്‍ പ്രതികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്. പ്രതിഭാഗം വക്കീലിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നു ഒന്നാം സാക്ഷിയെ ഇപ്പോള്‍ 126 ാമത്തെ സാക്ഷിയായി വിസ്തരിക്കാന്‍ ആണ് കോടതി തീരുമാനിച്ചിരിക്കുന്നത്. ഇതിനായി മുടന്തന്‍ ന്യായങ്ങളാണ് ജഡ്ജി പറയുന്നത്. സെന്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനാണെന്നാണ് കോടതിയുടെ ന്യായം. എന്നാല്‍ സെന്‍കുമാര്‍ ഈ കേസിലെ പരാതിക്കാരന്‍ മാത്രമായിരുന്നു. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും സെന്‍കുമാര്‍ ഇടപെട്ടിരുന്നില്ല. സെന്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനല്ലെന്ന് കേസ് ഡയറിയില്‍ വ്യക്തമാണ്.

Tuesday, July 5, 2011

Exclusive: ലൈസന്‍സ് ഇല്ലാത്ത 1500 തടിമില്ലുകള്‍ അടച്ചു പൂട്ടും.

കൊച്ചി: സംസ്ഥാനത്ത് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ആയിരത്തി അഞ്ഞൂറോളം തടിമില്ലുകള്‍ പത്തു ദിവസത്തിനകം അടച്ചു പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്. വനം കേസുകള്‍ സംബന്ധിച്ച സുപ്രീം കോടതി ഉന്നതാധികാര സമിതിയുടെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന മരാധിഷിത വ്യവസായങ്ങളും മില്ലുകളും പത്തു ദിവസത്തിനകം പൂട്ടി ആ വിവരം രേഖാമൂലം അറിയിക്കാനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്. ജൂണ്‍ 30 നാണ് ജസ്റ്റിസ് പി.ആര്‍ രാമചന്ദ്ര മേനോന്‍ ഈ സുപ്രധാന ഉത്തരവിട്ടത്. 
വെങ്ങോല പഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറികള്‍ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടു വെങ്ങോല സ്വദേശി കുര്യന്‍ സമര്‍പ്പിച്ച ഹരജിയിലാണ് സംസ്ഥാനത്ത് അനധികൃതമായി നിരവധി പ്ലൈവുഡ് ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു എന്ന വിവരം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. പത്തു ദിവസത്തിനകം മില്ലുകള്‍ പൂട്ടാനും അതിനായി വേണ്ടിവന്നാല്‍ പോലീസ് സഹായം ഉപയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

എറണാകുളം ജില്ലയില്‍ മാത്രം നാനൂറിലധികം തടിമില്ലുകള്‍ ആണ് വനം വകുപ്പിന്‍റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത്. തടിമില്ലി നുള്ള ലൈസന്‍സിനായി ആയിരക്കണക്കിന് അപേക്ഷകളാണ് ഇപ്പോള്‍ സര്‍ക്കാരിന് ലഭിക്കുന്നത്. പ്രസ്തുത വിധി നടപ്പാക്കി ജൂലൈ ആറിനകം റിപ്പോര്‍ട്ട് നല്‍കാന്‍ വനം വകുപ്പ് മുഖ്യ വനപാലകന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

Monday, July 4, 2011

സര്‍ക്കാര്‍ അറിവോടെ കോടികളുടെ മരുന്ന് കൊള്ള


ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് അമിത വിലയീടാക്കി മരുന്നുകമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നത് സര്‍ക്കാറിന്‍റെ അറിവോടെ. സര്‍ക്കാര്‍ സ്ഥാപനമായ മെഡിക്കല്‍ സപ്ലൈ കോര്‍പറേഷന്‍റെ അറിവോടെയാണ് തട്ടിപ്പ് നടക്കുന്നത്. പ്രതി വര്‍ഷം 10,000 കോടിയിലേറെ രൂപയുടെ മരുന്ന് കൊള്ളയാണ് ഇങ്ങിനെ നടക്കുന്നതെന്നാണ് പുറത്ത് വന്ന രേഖകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ അറിവോടെയാണ് ഈ തട്ടിപ്പ് നടക്കുന്നതെന്ന് തെളിയിക്കുന്ന രേഖകള്‍ ഡൂള്‍ന്യൂസിന് ലഭിച്ചു.
സന്നദ്ധ സംഘടനയായ ജനപക്ഷത്തിന്‍റെ സംസ്ഥാന കണ്‍വീനര്‍ ബെന്നി ജോസഫ് വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിന് മറുപടിയിലാണ് കോടികളുടെ തട്ടിപ്പും അതിന് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുന്നതും പുറത്ത് വന്നത്. ജീവന്‍ രക്ഷാമരുന്നുകള്‍ വാങ്ങി സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വിതരണം ചെയ്യുന്നതിന് കഴിഞ്ഞ സര്‍ക്കാറാണ് മെഡിക്കല്‍ സപ്ലൈ കോര്‍പറേഷന്‍ കൊണ്ട് വന്നത്. എന്നാല്‍ മെഡിക്കല്‍ കോര്‍പറേഷന്‍ വാങ്ങുന്ന അതേ മരുന്നുകള്‍ പുറത്ത് വിപണിയില്‍ കോര്‍പറേഷന്‍ വിലയുടെ പതിന്‍മടങ്ങ് വിലക്കാണ് വിറ്റഴിക്കുന്നത്. മെഡിക്കല്‍ കോര്‍പറേഷന്റെ ഡ്രഗ് പര്‍ച്ചേഴ്‌സിങ് വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സത്യം പുറത്ത് വന്നത്.

കൂടുതല്‍ വായനയ്ക്ക്    www.doolnews.com