Sunday, January 30, 2011

മാധ്യമ പ്രവര്‍ത്തകരുടെ ഉത്തരവാദിത്തം കൂടുന്നു.


നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തി അവസാനിച്ച ഐസ്ക്രീം കേസിന്റെ പുറകെ ഒരു ചാനല്‍ എഡിറ്റര്‍ എം.പി ബഷീര്‍ അന്വേഷിച്ചു പോയപ്പോള്‍ ഉണ്ടായ കോലാഹലം ആണ് ഇപ്പോള്‍ വന്നത്. വന്നുകൊണ്ടിരിക്കുന്നത്. മദനിയുടെ കേസില്‍ അന്വേഷിച്ചു പോയ ഷാഹിനയും കൊണ്ട് വന്നു ചില പുതിയ വാര്‍ത്തകള്‍ .
ഒരുപാട് ചോദ്യങ്ങള്‍ ബാക്കി വെച്ചു അവസാനിക്കുന്ന എത്ര എത്ര കേസുകള്‍ ആണ് നമ്മുടെ നാട്ടില്‍ ഉള്ളത്? അതിലൊക്കെ കൃത്യമായ ഫോളോ-അപ്പ്‌ മിക്ക മാധ്യമ പ്രവര്‍ത്തകരും നടത്താറില്ല. നടത്തുന്നവര്‍ക്കൊക്കെ നല്ല വാര്‍ത്തകള്‍ ലഭിക്കുന്നും ഉണ്ട്, സമൂഹത്തിനു ഏതെങ്കിലും വിധത്തില്‍ പ്രയോജനപ്പെടുന്നും ഉണ്ട്...
ഉദാഹരണത്തിന് സൂര്യനെല്ലി കേസ്: പ്രതി/ആരോപണ വിധേയന്‍ ആയിരുന്ന പി.ജെ കുര്യന്‍ ഇന്ന് രാജ്യസഭാ എം.പി യാണ്. (ഇര ഒരിക്കലും മൊഴി മാറ്റിയിട്ടില്ല എന്നത് പ്രത്യേകം ഓര്‍ക്കണം) ഐസ്ക്രീം കേസില്‍ സംഭവിച്ചതൊക്കെ കുര്യന്റെ കേസിലും സംഭവിച്ചിരിക്കണം. സ്വാധീനം-അഴിമതി എന്നത് ആരെങ്കിലുംഅന്വേഷിക്കുമോ?
ഏറെ കോളിളക്കം സൃഷ്ടിച്ച മുത്തൂറ്റ് ജോര്‍ജ് കേസ് ആരെങ്കിലും ഇപ്പോള്‍ ഫോളോ അപ്പ്‌ ചെയ്യുന്നുണ്ടോ?

ഹൈക്കോടതിയിലെ നിയമനങ്ങള്‍ സംബന്ധിച്ചും ആരെങ്കിലും അന്വേഷണം നടത്തുമോ? ഇതിലും വലിയ സത്യങ്ങള്‍ പുറത്തു വരും. (കൈക്കൂലി കൊടുത്തും കാലു പിടുത്തം നടത്തിയും ജഡ്ജിമാരെ നിയമിക്കുന്ന രീതിയാണ് വര്‍ഷങ്ങളായി ഹൈക്കോടതിയില്‍ എന്ന് കേള്‍ക്കുന്നു)‍. 

ഓരോ വിഷയവും എടുത്തു വാര്‍ത്തയാക്കി ആഘോഷിച്ചു പിന്നെ അവഗണിക്കുന്ന ഇപ്പോഴത്തെ രീതി അഭിലഷണീയമല്ല.
തിരക്ക് പിടിച്ച റിപ്പോര്‍ട്ടിംഗ് വര്‍ക്കുകള്‍ക്കിടയില്‍ ഫോളോ അപ്പ്‌ എളുപ്പമല്ല എന്നറിയാം. എങ്കിലും ജുദീശ്യരിയും പോലീസ് സംവിധാനങ്ങളും അന്വേഷണ ഏജന്‍സികളും സ്വാധീനിക്കപ്പെടുമ്പോള്‍  മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്തം കൂടുകയാണ് എന്നത് മറക്കാതിരിക്കുക.

മാധ്യമ പ്രവര്‍ത്തനത്തില്‍ ഞാന്‍ ഒരു ശിശു അല്ല, വെറും ശി.
അമൃതയില്‍ ബി.സി.ജെ യുടെ സെമി ഫൈനല്‍ കാലം,  ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളേജില്‍ നടന്ന വിദ്യാര്‍ഥി സംഘട്ടനത്തിനിടെ പോലീസ് ASI ഏലിയാസിനെ കൊലപാതകം സംബന്ധിച്ച് നടന്ന വിവാദങ്ങള്‍ കേട്ടടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞിരുന്നു.. അതിലെ പോലീസ് പീടനങ്ങള്‍ക്ക് ഇരയായ ബിജു നേരിട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം എന്ന് കരുതിയാണ് ഞാന്‍ അന്വേഷണം തുടങ്ങുന്നത്, കേസ് കോട്ടയം /ചങ്ങനാശേരി കോടതിയില്‍ പുരോഗമിക്കുകയായിരുന്നു.
ഞാന്‍ അന്വേഷണം തുടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എനിക്കൊരു ക്ലൂ കിട്ടി, പ്രധാന സാക്ഷിയായ പോലീസുകാര്‍ കോടതിയില്‍ മൊഴി മാറ്റി.
ഞാന്‍ ആറു ദിവസം മെനക്കെട്ടു കോടതിയില്‍ പോയിരുന്നു മൊഴി തിരുത്തിയ രേഖകള്‍ സംഘടിപ്പിച്ചു...
അമൃത ടി.വി അന്നത്തെ ടോപ്‌ ടെന്‍ ന്യൂസില്‍ എക്സ്ക്ലൂസീവ് ആയി വാര്‍ത്ത‍ പുറത്തു വിട്ടു. ഒരുപക്ഷെ അമൃത ചാനലിനു അതിന്റെ ചരിത്രത്തില്‍ ഏറ്റവും മൈലേജ് ഉണ്ടാക്കിക്കൊടുത്ത വാര്‍ത്തകളില്‍ ഒന്ന്.. പിറ്റേന്ന് മനോരമയും മറ്റു മാധ്യമങ്ങളും ഏറ്റു പിടിച്ചു.. കോടിയേരി അന്നത്തെ DYSP യെ സസ്പെന്ഡ് ചെയ്തു...
മനോരമയുടെ തട്ടകത്തില്‍ നടന്ന സംഭവം/കേസ്. ഓപ്പണ്‍ കോടതിയില്‍ മൊഴി മാറ്റല്‍  നടന്നതിനു ശേഷം നാല് ദിവസം  കഴിഞ്ഞാണ് ഞാന്‍ അറിയുന്നത് , അതിനും ഒരാഴ്ച കഴിഞ്ഞാണ് മൊഴി വാര്‍ത്തയാവുന്നത് എന്ന് ഓര്‍ക്കണം.
ആറു ചാനലുകളും പത്തു(?) പത്രങ്ങളും റിപ്പോര്‍ട്ടര്‍മാരെ വെച്ചിരിക്കുന്ന സ്ഥലമാണ് കോട്ടയം., ഒരു വിവാദ വിഷയത്തിലെ ഫോളോ അപ്പ്‌ ഇല്ലായ്മയാണ് ഈ വാര്‍ത്ത ഒരു സിറ്റിസന്‍ ജെര്‍ണലിസ്റിന് ചെയ്യേണ്ട സ്ഥിതി ഉണ്ടാക്കിയത്. ഈ സംഭവം വിവാദ വിഷയങ്ങളില്‍ ഫോളോ-അപ്പ്‌ ഇല്ലായ്മയ്ക്ക് ഉത്തമ ഉദാഹരണംആണ്.

മാധ്യമ ലോകത്ത് ഇപ്പോഴും CJ കള്‍ക്ക് / ഫ്രീലാന്‍സ് കാര്‍ക്കു സാധ്യത ഏറെയാണ്‌.

ഒരു കാലത്ത് കേരളത്തെ പിടിച്ചുലച്ച ഒരു കേസിന്റെ വാദം ഇപ്പോള്‍ കോടതിയില്‍ നടക്കുകയാണ്. കോടിക്കണക്കിനു രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ടതാണ് കേസ്. പ്രതികള്‍ സമൂഹത്തില്‍ വലിയ പിടിപാടും പണവും ഉള്ളവരാണ്. എന്നാല്‍ പ്രമുഖരായ മാഫിയ നേതാക്കളും രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടും കൂടി സാക്ഷികളെ കൂറ് മാറ്റിച്ചും മൊഴികള്‍ തിരുത്തിയും അന്വേഷണം അട്ടിമറിച്ചും എന്തിനേറെ, കേസ് കേള്‍ക്കുന്ന ജഡ്ജിയെ കൈക്കൂലിയോ ബന്ധമോ ഉപയോഗിച്ച് സ്വാധീനിച്ചും കേസ് അട്ടിമറിക്കുകയാണ്...
കോടികളാണ് കേസ് അട്ടിമറിക്കാന്‍ പോലും കൈക്കൂലിയായി മറിയുന്നത്...
(ഈ വിഷയം ഉടന്‍ തന്നെ പുറം ലോകം അറിയും, ബന്ധപ്പെട്ട തെളിവുകള്‍ പല നല്ല ഉന്നതരുടെയും കൈകളില്‍ എത്തിക്കഴിഞ്ഞു.
പക്ഷെ, അത് മുഖ്യധാരാ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുമോ എന്ന് സംശയമാണ്. നെറ്റില്‍ വന്നേക്കും
)

ഐസ്ക്രീം കേസില്‍ ഉണ്ടായിരിക്കുന്നതുപോലെ തന്നെ സംഭവങ്ങള്‍ ആണ് ഈ കേസിലും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്,
മറ്റെല്ലാം മറന്നു ചാനലുകള്‍  ഐസ്ക്രീം കേസിന് പിറകെ പോവുമ്പോള്‍ ഇത്തരം നൂറു കേസുകള്‍ ആണ് വാര്തയാവാതെ പോവുന്നത്.
അതും ഫോളോ അപ്പ്‌ ഇല്ലാത്തതിനാല്‍ ..
കഴിയുമെങ്കില്‍ ഞാന്‍ പറയുന്ന ഈ വാര്‍ത്ത മാധ്യമങ്ങള്‍ കണ്ടു പിടിക്കട്ടെ.
ഒരാഴ്ച കാത്തിരുന്നാല്‍ ഞാന്‍ തന്നെ പറയാം. :-)

Friday, January 21, 2011

BREAKING NEWS: കാനനപാതയില്‍ അനധികൃതമായി വാഹനഗതാഗതം തുടങ്ങിയത് യു.ഡി.എഫ് ഭരണകാലത്ത്

കാനനപാതയില്‍  അനധികൃതമായി വാഹനഗതാഗതം തുടങ്ങിയത് യു.ഡി.എഫ് ഭരണകാലത്ത്  !!
ശബരിമല: നാലാം മൈല്‍ ‍- ഉപ്പുതറ വഴിയുള്ള കാനന പാത വാഹനഗതാഗതതിനായി തുറന്നു കൊടുത്തത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് എന്നതിന്‌ തെളിവ് ലഭിച്ചു. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ വരുന്ന പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് വനത്തിന്റെ ഭാഗമായ ഉപ്പുതറ വരെയുള്ള ശബരിമലയിലേക്കുള്ള കാനനപാത വഴി വാഹനങ്ങള്‍ കടത്തി വിടാന്‍ തീരുമാനിച്ചത് 2002 ല്‍ ആണ്. അന്നത്തെ വനം-സ്പോര്‍ട്സ് മന്ത്രിയായിരുന്ന കെ.സുധാകരന്റെ നിര്‍ദ്ദേശ പ്രകാരം  ചീഫ് വൈല്‍ഡ് ലൈഫ് കണ്സര്‍വെട്ടര്‍ ആണ് കാനന പാതയിലൂടെ വാഹനങ്ങള്‍ അനുവദിക്കാനുള്ള ഉത്തരവ് ഇറക്കിയത്. 2002 ഡിസംബര്‍ നാലിന് CCF വൈല്‍ഡ് ലൈഫ് ഇറക്കിയ ഉത്തരവില്‍ സത്രം വഴിയുള്ള റോഡു പണി തീര്‍ന്നിട്ടില്ലെന്നും അതിനാല്‍ ഉപ്പുതറ വഴി വാഹന ഗതാഗതം അനുവദിക്കാന്‍ വനം മന്ത്രി വാക്കാല്‍ ഉത്തരവ് നല്‍കുന്നത് അനുസരിച്ച്  വനം വകുപ്പ് സെക്രട്ടറിയോട് നിര്‍ദ്ദേശിക്കുന്നു. ഈ ഉത്തരവിന്റെ കോപ്പി കോട്ടയം പ്രൊജക്റ്റ്‌ ടൈഗര്‍ ഫീല്‍ഡ് ഡയറക്ടര്‍ക്കും അയച്ചിട്ടുണ്ട്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആണ് അതിനുശേഷം കാലാകാലങ്ങളില്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് വനത്തിലൂടെ വാഹന ഗതാഗതം അനുവദിച്ചു പോന്നത്.
കേന്ദ്രാനുമതി ഇല്ലാതെയായിരുന്നു വനഭൂമിയില്‍ വാഹനസഞ്ചാരം അനുവദിച്ചു കൊണ്ടുള്ള ഈ ഉത്തരവ്. ഇത് കേന്ദ്ര വനം സംരക്ഷണ നിയമത്തിന്റെ നഗ്നമായ ലംഘനമായാണ്‌ നിയമവിദഗ്ദ്ധര്‍ കണക്കാക്കുന്നത്. ഇത് വരും ദിവസങ്ങളില്‍ ഹൈക്കോടതിയില്‍ തെളിവായി ഹാജരാക്കുമെന്ന് വണ്‍ എര്‍ത്ത് വണ്‍ ലൈഫ് അറിയിച്ചു.   

Wednesday, January 12, 2011

ജനിതക ഭക്ഷണം കഴിക്കാന്‍ പാകമായോ?

ജനിതക സാങ്കേതികവിദ്യയുടെ അപകടങ്ങളും ,  എന്തുകൊണ്ട് ആ ശാസ്ത്രശാഖയിലെ പഠനങ്ങള്‍ തന്നെ അപകടമാണ് എന്നുള്ളതും അശാസ്ത്രീയമാണെന്നുള്ളതും വിശദീകരിക്കുന്ന ജീവന്‍ ജോബ്‌ തോമസിന്റെ ലേഖനം പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും.


ജനിതക റബര്‍ വേണമെന്ന് എസ്.ആര്‍ പി

ജനിതക റബര്‍ നട്ടില്ലെങ്കില്‍ കര്‍ഷക ആത്മഹത്യ ഉണ്ടാവുമെന്ന് എസ്.ആര്‍ പി.
കലാകൌമുദി ലേഖനം ഇതോടൊപ്പം.