Showing posts with label media criticism. Show all posts
Showing posts with label media criticism. Show all posts

Wednesday, December 28, 2011

ഈസ്റ്റേണ്‍ മുളകുപൊടിയില്‍ മാരകവിഷം, വാര്‍ത്തയും മുളകുപൊടിയും കുഴിച്ചുമൂടി.




കൊച്ചി: പ്രശസ്ത കറിപ്പൊടി കമ്പനിയായ
ഈസ്റ്റേണ്‍ ന്‍റെ മുളകുപൊടിയില്‍ മാരകവിഷം കണ്ടെത്തി. 'സുഡാന്‍-4' എന്ന മാരക രാസപദാര്‍ഥമാണ് കണ്ടെത്തിയത്. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ കരുതിയിരുന്ന മുളക്പൊടി പാക്കറ്റുകള്‍ നിയമപ്രകാരം പരിശോധന നടത്തിയപ്പോള്‍ കൊച്ചിയിലെ സ്പൈസസ് ബോര്‍ഡ് ഉദ്യോഗസ്ഥരാണ് വിഷം കണ്ടെത്തിയത്. നവംബര്‍ 9 നു ഈസ്റ്റേണ്‍ ഫാക്ടറിയില്‍ നിന്നും റെയ്ഡില്‍ ശേഖരിച്ച മുളകുപൊടി പരിശോധനയ്ക്കായി അയച്ചപ്പോള്‍ ഒരു കിലോഗ്രാം ഈസ്റ്റേണ്‍ മുളകുപൊടിയില്‍ 14 മൈക്രോഗ്രാം സുഡാന്‍ 4 കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന് 1200 കിലോ മുളകുപൊടി കോതമംഗലത്തെ ഇരുമലപ്പടിയില്‍ ഉള്ള ഈസ്റ്റേണ്‍ ഫാക്ടറിയില്‍ വെച്ചു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കുഴിച്ചുമൂടി. സ്പൈസസ്‌ ബോര്‍ഡ്‌ കൊച്ചി യൂണിറ്റിലെ ഫുഡ്‌ സേഫ്റ്റി ഡിസൈനേറ്റര്‍ ആയ കെ. അജിത്‌ കുമാറിന്റെ നേതൃത്വത്തില്‍ ഫുഡ്‌ ഇന്‍സ്പെക്ടര്‍മാരായ അബ്ദുള്‍ ജലീല്‍, ബൈജു പി.ജോസ് എന്നിവരാണ്‌ വിഷലിപ്തമായ മുളകുപൊടി പിടിച്ചെടുത്തത്.‌ സാമ്പിളുകളില്‍ നിന്നു മാത്രം 1200 കിലോയില്‍ സുഡാന്‍ ഡൈ കലര്‍ന്നതായി കണ്ടെത്തിയിരുന്നു. ഇതാണ്‌ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുള്ളത്‌. ക്യാന്‍സര്‍ അടക്കമുള്ള മാരക അസുഖങ്ങള്‍ ഉണ്ടാക്കുന്ന രാസവിഷമാണ് സുഡാന്‍ 4. ഭക്ഷ്യ വസ്തുക്കളില്‍ സുഡാന്‍ 4 ഉപയോഗിക്കുന്നത് പല രാജ്യങ്ങളിലും മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണ്. പെട്രോളിയം എണ്ണകളിലും മറ്റും ചുവപ്പ് നിറം ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് സുഡാന്‍.
 


 കേരളത്തില്‍ നിന്നും അന്താരാഷ്‌ട്ര തലത്തില്‍ ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കറിപ്പോടിയാണ് ഈസ്റ്റേണ്‍. 400 കോടിയുടെ ആസ്തിയുള്ള കമ്പനിയാണിത്. അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ഗള്‍ഫ് തുടങ്ങിയവിടങ്ങളിലേക്കാണ് പ്രധാനമായി കയറ്റുമതി ചെയ്യപ്പെടുന്നത്. ഗുണമേന്മയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ ഇവര്‍ക്ക് വലിയ ലബോറട്ടറി സംവ്ധാനങ്ങളും ഉണ്ടെന്നാണ് അവകാശവാദം. കയറ്റി അയക്കുന്ന മുളകുപൊടിക്ക് മാത്രമേ സ്പൈസസ് ബോര്‍ഡിന്റെ പരിശോധന കര്‍ശനമായിട്ടുള്ളൂ. അതിനാല്‍ത്തന്നെ കേരളത്തില്‍ വിറ്റഴിക്കപ്പെടുന്ന മുളകുപൊടിയില്‍ വിഷം കലര്‍ന്നിട്ടുണ്ടോ എന്ന് സംസ്ഥാന സര്‍ക്കാരിനും ഉറപ്പില്ല. മായം കലര്ന്നതിനാല്‍ ഗള്‍ഫ്‌ നാടുകളിലേക്ക്‌ കയറ്റി അയക്കുന്നവ ചിലപ്പോള്‍ തിരിച്ചെത്താറുണ്ട്‌. ഇത്‌ പിന്നീട്‌ ചൂടാക്കിയും മറ്റും ഇന്‍ഡ്യന്‍ വിപണിയില്‍ വിറ്റഴിക്കുകയാണ്‌ പതിവെന്ന് ഈ മേഖലയിലെ ഒരു ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.
  കഴിഞ്ഞ തവണ ഈസ്റ്റേണ്‍ കയറ്റുമതി ചെയ്ത മുളകുപൊടിയില്‍ മായം കണ്ടെത്തിയതായി അന്താഷ്ട്ര പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നും രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്‌ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത് എന്നാണ് സൂചന. എന്നാല്‍ സംഭവം പുറത്തായതോടെ ഇത്തരമൊരു പരിശോധന നടന്നിട്ടില്ലെന്നും ഈസ്റ്റേണ്‍ ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരമുള്ളവയാണെന്നും കാണിച്ചു കമ്പനി തങ്ങളുടെ ഫെയ്സ്ബുക്ക് പേജില്‍ അറിയിപ്പ് നല്‍കി. ഇംഗ്ലീഷിലും മലയാളത്തിലും ന്യായീകരണങ്ങള്‍ നിരത്തിയെങ്കിലും മുളകുപൊടിയില്‍ മാരകവിഷം കണ്ടെത്തിയിട്ടില്ല എന്നോ സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് നശിപ്പിച്ചിട്ടില്ല എന്നോ കമ്പനി വാദിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ഈസ്റ്റേണ്‍ പിടിച്ചെടുത്ത മുളകുപൊടി ലാബില്‍ അയച്ചു ലഭിച്ച പരിശോധനാ ഫലം ലഭിച്ചയുടനെ
നവംബര്‍ 17 നു MKT/QR/07 [13] 2011-12  നമ്പര്‍ അടിയന്തിര കത്തിലൂടെ ആ വിവരം സ്പൈസസ് ബോര്‍ഡ് ഈസ്റ്റേണ്‍ മാനേജ്മെന്റിനെ അറിയിച്ചിരുന്നു. കമ്പനിയില്‍ പരിശോധന നടത്തി പിടിച്ചെടുത്ത ഉല്‍പ്പന്നത്തിലാണ് വിഷം കണ്ടെത്തിയത് എന്ന് ആ കത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഈ കത്ത് കമ്പനിയുടെ വാദങ്ങള്‍ പച്ചക്കള്ളം ആണെന്ന് തെളിയിക്കുന്നു.



വാര്‍ത്തയും കുഴിച്ചു മൂടി


                മുളകുപൊടിയോടൊപ്പം ഈ വാര്‍ത്തയും കുഴിച്ചു മൂടുന്നതില്‍ ഈസ്റ്റേണ്‍ കമ്പനി വിജയിച്ചു. സംഭവം നടന്നു ആഴ്ചകള്‍ കഴിഞ്ഞിട്ടും കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമവും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല. ഭൂരിപക്ഷം മലയാളിയും വീടുകളില്‍ ഉപയോഗിക്കുന്ന ബ്രാന്‍ഡ് ആയ മുളകുപൊടിയില്‍ ക്യാന്‍സറിനു കാരണമാകുന്ന മാരകവിഷം കണ്ടെത്തിയിട്ട് 'മെട്രോ വാര്‍ത്ത'യും 'തേജസ്' ദിനപ്പത്രവും 'മാധ്യമ'വും ആണ് ഒറ്റക്കോളം വാര്‍ത്തയെങ്കിലും നല്‍കിയത്.‌ മറ്റു പലരും ഈ വാര്‍ത്ത‍ വെച്ചു വിലപേശി ലക്ഷങ്ങളുടെ പരസ്യം നേടി. ആരോഗ്യമാസികകള്‍ ഇറക്കുകയും 'വനിതാ' പ്രസിധീകരണങ്ങളിലൂടെ ഈസ്റ്റേണ്‍ 'പൊടി'കള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പത്രമുത്തശ്ശിമാര്‍ ഈ വാര്‍ത്ത മുക്കി വായനക്കാരെ വഞ്ചിച്ചു. സ്വന്തം പാര്‍ട്ടിക്കാരുടെ ആരോഗ്യത്തെക്കാള്‍ വലുതാണ്‌ പരസ്യമെന്നു പാര്‍ട്ടി പത്രങ്ങളും പാര്‍ട്ടി ചാനലുകളും തെളിയിച്ചു. കൊച്ചിയില്‍ നിന്നും പുറത്തിറങ്ങുന്ന 'നഗരം' എന്ന പത്രം മാത്രമാണ് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഈ വാര്‍ത്ത‍ നല്‍കിയത്.  

രാഷ്ട്രീയക്കാര്‍ മൂത്രമൊഴിച്ചാല്‍ (ഒഴിചില്ലെങ്കിലും) ബ്രേക്കിംഗ് ന്യൂസ് കൊടുക്കുന്ന വാര്‍ത്താചാനലുകളില്‍ ഒരൊറ്റ വരി ഇതെപ്പറ്റി വന്നിട്ടില്ല. ഈസ്റ്റേണ്‍ മുതലാളിയുടെ പരസ്യക്കാശിനു വേണ്ടി മലയാളിയുടെ ആരോഗ്യം ഇവരെല്ലാം ഒറ്റിക്കൊടുത്തു. "എന്‍റെ സ്വന്തം ചാനല്‍ വരുന്നതോടെ ഒരു വാര്‍ത്തയും ആര്‍ക്കും തമസ്കരിക്കാന്‍ കഴിയില്ല" എന്ന് വീമ്പു പറഞ്ഞാണ് നികേഷ് കുമാര്‍ ഈയിടെ റിപ്പോര്‍ട്ടര്‍ ചാനല്‍ തുടങ്ങിയത്. റിപ്പോര്‍ട്ടര്‍ ചാനല്‍ പോലും ഈ നിമിഷം വരെ ഈ വാര്‍ത്ത നല്‍കാത്തത് എന്തുകൊണ്ടാകും? എത്ര രൂപയ്ക്കാണ് ഞങ്ങളുടെ ആരോഗ്യം നിങ്ങള്‍ വിറ്റു തിന്നതെന്ന് അറിയാനെങ്കിലും മലയാളിക്ക് അവകാശമുണ്ട്. പത്രാധിപന്മാര്‍ മറുപടി പറയണം.
 

NB: രാഷ്ട്രീയക്കാരെ, ഈസ്റ്റേണ്‍ കമ്പനിയെപ്പോലെ ലക്ഷങ്ങളുടെ പരസ്യം നല്‍കിയാല്‍ നിങ്ങളെയും ഇവര്‍ വെറുതെ വിട്ടേക്കും...

ഫെയ്സ്ബുക്കിലെ പോരാട്ടം.                    വാര്‍ത്തയുടെ സത്യാവസ്ഥ അറിഞ്ഞ ലേഖകന്‍ ഈ വിഷയം ഈസ്റ്റേണ്‍ ന്‍റെ ന്യായീകരണ പോസ്റ്റിനു താഴെ എഴുതാന്‍ ശ്രമിച്ചു. ആദ്യമൊക്കെ ഈസ്റ്റേണ്‍ അതിനു മറുപടി നല്‍കി. 


ലേഖകന്റെ കമന്റുകള്‍ വായനക്കാര്‍ ലൈക് ചെയ്യാന്‍ തുടങ്ങിയതോടെ കള്ളി പുറത്താകുമെന്നും ജനങ്ങള്‍ അറിയുമെന്നും മനസിലാക്കിയ ഈസ്റ്റേണ്‍ അധികൃതര്‍ ലേഖകന്റെ കമന്റുകള്‍ നീക്കം ചെയ്തു. കമന്‍റ് ഇടാനുള്ള സ്വാതന്ത്ര്യവും ഒഴിവാക്കി. 

എന്നാല്‍ ലേഖകന്‍ കമന്‍റ് ഇട്ടതും അതിനു മറുപടി വന്നതും പിന്നീട് കമന്‍റ് ഓപ്ഷന്‍ ഡിസെബിള്‍ ചെയ്യപ്പെട്ടതും കമ്പനിയുടെ മറുപടി മാത്രം ബാക്കിയായതും എല്ലാം സ്ക്രീന്‍ ഷോട്ട് എടുത്തതിനാല്‍ കമ്പനിയുടെ മനസിലിരിപ്പ് കയ്യോടെ പിടികൂടാന്‍ കഴിഞ്ഞു.


ഈ വാര്‍ത്തയോടുള്ള 'ഈസ്റ്റേണ്‍ ‍' കമ്പനിയുടെ പ്രതികരണം അറിയാന്‍ പലവട്ടം ശ്രമിച്ചെങ്കിലും ഈ ലേഖനം പ്രസിദ്ധീകരിക്കും വരെ ലഭിച്ചിട്ടില്ലാത്തതിനാല്‍ വായനക്കാരുടെ അറിവിലേക്കായി ഈ വാര്‍ത്ത ഞാന്‍ സമര്‍പ്പിക്കുന്നു. 


ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്ന കമ്പനികള്‍ക്കെതിരെ നാം ഒറ്റക്കെട്ടായി രംഗത്ത്‌ വരേണ്ടതുണ്ട്. ഈ വിഷയം അറിഞ്ഞയുടന്‍ ചീഫ് സെക്രെട്ടറി, മുഖ്യമന്ത്രി എന്നിവരുടെ ഔദ്യോഗിക ഇ-മെയിലിലേക്ക് പരാതി അയച്ചെങ്കിലും അത് മടങ്ങി വന്നു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ ഫോണിലൂടെ അറിയിച്ചെങ്കിലും തണുത്ത പ്രതികരണം ആയിരുന്നു.

Thursday, October 20, 2011

ഇരകള്‍ക്ക് നേരെ റിപ്പോര്‍ട്ടര്‍ ചാനല്‍ ഹിഡന്‍ ക്യാമറ വേട്ട !!!


പ്രതികളെ മാത്രം വേട്ടയാടിയിരുന്ന ഹിഡന്‍ ക്യാമറ ഇതാ ഇരകളെയും വേട്ടയാടി തുടങ്ങിയിരിക്കുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍ അഭിമാനപുരസ്സരം കാഴ്ചവെക്കുന്നു...
കോഴിക്കോട് ഐസ്ക്രീം കേസിലെ ഇരകളായി (?) ആത്മഹത്യ ചെയ്ത രണ്ട് പെണ്‍കുട്ടികളുടെ വീട്ടുകാരെ ഹിഡന്‍ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യം റിപ്പോര്‍ട്ടര്‍ ചാനലില്‍ ഇന്നലെ മുതല്‍ തുടര്‍ച്ചയായി കാണിക്കുന്നു. ദാ ഇതെഴുതുന്ന നിമിഷവും അത് തന്നെയാണ് ചാനലിന്റെ ചൂടുള്ള, പലവുരു ആവര്‍ത്തിക്കുന്ന ദൃശ്യം. 

                       പലേ കാരണങ്ങളാലും വര്‍ഷങ്ങളായി സമൂഹത്തില്‍ നിന്നും  അകന്നു കഴിയുകയായിരുന്നു ഈ ഇരകള്‍ . എന്തിനാണവര്‍ സമൂഹത്തില്‍ നിന്നും അകന്നു ജീവിക്കുന്നതെന്ന് അന്വേഷിക്കുന്നതും റിപ്പോര്‍ട്ട് ചെയ്യുന്നതും നല്ല മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ആ സത്യങ്ങള്‍ പുറം ലോകം അറിയേണ്ടതാനെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. എന്നാല്‍, അവരെ തേടിപ്പിടിച്ചു സമ്മതമില്ലാതെ വീഡിയോ എടുത്തു അത് മുഖം പോലും മാസ്ക് ചെയ്യാതെ കൊടുക്കുന്നത് എവിടത്തെ മാധ്യമ ധര്‍മ്മമാണ് സാര്‍? റിപ്പോര്‍ട്ടറോട് ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ വിശ്വസിച്ചു പറയുന്ന കാര്യങ്ങള്‍ ആണ് അവരുടെ സമ്മതമില്ലാതെ നിങ്ങള്‍ സംപ്രേഷണം ചെയ്തിരിക്കുന്നത്.

  ഇതേക്കുറിച്ച് നികേഷ് കുമാര്‍ തന്റെ ഗൂഗിള്‍ പ്ലസ് അക്കൌണ്ടില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു.  
"ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുമായി ബന്ധപ്പെട്ടവരാരും ക്യാമറക്കു മുമ്പില്‍ വരാന്‍ തയ്യാറായിരുന്നില്ല. അതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ടര്‍ ഒളിക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തീരുമാനിച്ചത്." എന്ന്. അതായത് ഈ വീഡിയോ അവരുടെ സമ്മതമില്ലാതെ, ഇഷ്ടത്തിന് വിരുദ്ധമായി, ചാനല്‍ തീരുമാനിച്ചു പോയി ഷൂട്ട്‌ ചെയ്തതാണെന്ന് ചാനലുടമ സമ്മതിക്കുന്നു. ഇരകള്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് ലോകം കേള്‍ക്കാന്‍ കാര്യങ്ങള്‍ പറയുന്നില്ലെങ്കില്‍ ചാനല്‍ ഒളിക്യാമറയില്‍ അവരെ കുടുക്കുമെന്നാണോ ഇതിലൂടെ നികേഷ് കുമാര്‍ എല്ലാ ഇരകള്‍ക്കും നല്‍കുന്ന സന്ദേശം?. എന്ത് പറയണം എന്ത് പറയാതിരിക്കണം എന്ന അവകാശമൊന്നും അവര്‍ക്കും ഇല്ലേ?   ഇതാണോ 'റിപ്പോര്‍ട്ടര്‍' ചാനല്‍ തുടങ്ങുമ്പോള്‍ നികേഷ് കുമാര്‍ പറഞ്ഞ മാധ്യമ ധര്‍മ്മം? ഏതു മലയാളിക്കും മൊബൈല്‍ ഉപയോഗിച്ച് ഇത്തരം വാര്‍ത്തകള്‍ അയച്ചു തരാമെന്നാണോ ഇനി നാമതിനെ വായിചെടുക്കേണ്ടത്?


ഈ സമൂഹത്തില്‍ പങ്കെടുത്തു ജീവിക്കാനുള്ള അവരുടെ അവകാശത്തിന്റെ അതേ നിലയിലുള്ള അവകാശമാണ് സ്വകാര്യതയുമായി ജീവിക്കാന്‍ അവര്‍ക്കുള്ളത്. ഭരണഘടന ആ വ്യക്തികള്‍ക്ക് അനുവദിക്കുന്ന സ്വകാര്യതാ അവകാശത്തോളമേ വരൂ ചാനലുകളുടെ മാധ്യമ അവകാശവും. പരസ്പരം ബഹുമാനിച്ചു അതിര്‍വരമ്പുകള്‍ സൂക്ഷിക്കുംപോഴാണ് ജനാധിപത്യം പുലരുക.


ബാലകൃഷ്ണപിള്ളയെയോ അതുപോലെ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെയോ ഹിഡന്‍ ക്യാമറയില്‍ കുടുക്കുന്നത് / അവരുടെ ടെലഫോണ്‍ റിക്കാര്‍ഡ് ചെയ്തു സംപ്രേഷണം ചെയ്യുന്നതിലെ സാംഗത്യം മനസിലാക്കാം. ഒരാളുടെ സ്വകാര്യതയെ ഭഞ്ജിക്കുന്ന ഹിഡന്‍ ക്യാമറ എന്ന 'തെറ്റ്' 'ശരി'യാവുന്നത് അതിന്‍റെ ഉപയോഗം അതിലും വലിയ തെറ്റുകള്‍ പുറത്തു കൊണ്ടുവരാന്‍ ഉപയോഗിക്കുമ്പോള്‍ ആണ്. അതും തെറ്റ് ചെയ്തവരുടെ നേരെ.  ഇതിന് മുന്‍പും പല ചാനലുകളും പലര്‍ക്കുമെതിരെ ഹിഡന്‍ ക്യാമറകള്‍ ഉപയോഗിക്കുകയും , സാധാരണ രീതിയില്‍ തുറന്നു പറയാത്ത, തുറന്നു കാട്ടാത്ത  സത്യങ്ങള്‍ ജനങ്ങള്‍ക്ക്‌ മുന്‍പാകെ തുറന്നു കാട്ടുകയും ചെയ്തിട്ടുണ്ട്. അഭിനന്ദനാര്‍ഹമാണ് അത്തരം ശ്രമങ്ങള്‍ .
                           എന്നാല്‍ ഇരകളോട് അതേ സമീപനമാണോ വേണ്ടത്?? ഒന്നും പരസ്യമായി പറയാനില്ലാത്തവരെ അവരറിയാതെ വീഡിയോവില്‍ പിടിക്കുന്നതും അത് വാര്ത്തയാക്കുന്നതും തെറ്റായ മാധ്യമ നിലപാടെന്ന് റിപ്പോര്‍ട്ടര്‍ ചാനലിനോട് വിനയപൂര്‍വ്വം പറയട്ടെ. അവര്‍ പറഞ്ഞ കാര്യങ്ങള്‍ മലയാളി അറിയേണ്ടതാനെന്നു നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ റിപ്പോര്‍ട്ടറുടെ  വാചകങ്ങളില്‍ അത് പറയാവുന്നതാണ്. അതിനാണ് റിപ്പോര്‍ട്ടര്‍ . നാളെ അതിന്‍റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടാല്‍, അത് തെളിയിക്കാനുള്ള തെളിവ് തങ്ങളുടെ പക്കലുണ്ടെന്ന് സര്‍ക്കാരിനെ വെല്ലുവിളിക്കാം, കോടതിക്ക് കൈമാറാം.. അല്ലാതെ, ഇരകളെ ഹിഡന്‍ ക്യാമറയില്‍ കുരുക്കിയല്ല വാര്‍ത്തകള്‍ മെനയേണ്ടത്. ഒരു മനുഷ്യന് മറ്റൊരു മനുഷ്യന് മേലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന തരത്തില്‍ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട് ഇത്തരം ഹിഡന്‍ ക്യാമറാ ദുരുപയോഗങ്ങള്‍. അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന ഇമ്പാക്റ്റ് ഒരാള്‍ക്കും നല്ലതാവില്ല.

മത്സരത്തിന്‍റെ  ഭാഗമായാവണം, ഇതാ ഇന്ത്യാവിഷനും ആ വാര്‍ത്ത സംപ്രേഷണം ചെയ്തു തുടങ്ങി. ഹിഡന്‍ ക്യാമറാ ദൃശ്യങ്ങള്‍ക്കൊപ്പം ഇരകളെ ഫോണ്‍ വിളിച്ചു റിക്കാര്‍ഡ് ചെയ്തത് കേള്പ്പിച്ചാണ് ഇന്ത്യാവിഷന്‍ ഈ പണി ചെയ്യുന്നത്.. "ഇനി മാധ്യമ പ്രവര്‍ത്തകരോട് വിശ്വസിച്ചു ഒന്നും പറയാന്‍ പറ്റില്ലല്ലോ" എന്ന് ബെര്‍ളി പണ്ട് ചോദിച്ച ചോദ്യം ഇപ്പോള്‍ ശരിയാവുകയാണോ??


ഈ വാര്‍ത്ത അറിഞ്ഞിട്ടും , "ഇരകള്‍ക്ക് സ്വമേധയാ ഒന്നും പറയാനില്ലെങ്കില്‍ ഹിഡന്‍ ക്യാമറ ഉപയോഗിച്ച് അവരുടെ വാര്‍ത്ത കൊടുക്കില്ല" എന്ന മാതൃകാപരമായ നിലപാടാണ് ഏഷ്യാനെറ്റ് ന്യൂസ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത് എന്നാണ് ഞാന്‍ അറിഞ്ഞത്. ശരിയെങ്കില്‍, നികേഷ് കുമാറും എം.പി ബഷീറും അത് കണ്ടു പഠിക്കേണ്ടതാണ്.

ചിത്രങ്ങള്‍ക്ക് കടപ്പാട് : 1, 2, 3

Tuesday, March 22, 2011

ചാനല്‍ ന്യൂസ് ചര്‍ച്ചകളിലെ ടൈറ്റിലുകള്‍ നല്‍കുന്നത് അനീതിയോ?



March 16 ഏഷ്യാനെറ്റ് ന്യൂസ് അവറിന്റെ ചില നിശ്ചല ദൃശ്യങ്ങള്‍ ആണിവ. ചര്‍ച്ച ചെയ്യുന്നത് പാമോയില്‍ കേസിലെ ഉമ്മന്‍ ചാണ്ടിയുടെ പങ്ക്. തോമസ്‌ ഐസക്കും സതീശനുമാണ് ചര്‍ച്ചയില്‍. രണ്ട് പേരും പറയുമ്പോള്‍ അവരുടെ സംസാരത്തെ അതിജീവിക്കുന്നതരതിലാണ് ടൈറ്റില്‍ എഴുതി കാണിക്കുന്നത്. തോമസ്‌ ഐസക്ക് എന്തു തന്നേ വിശദീകരിച്ചു പറഞ്ഞാലും ആളുകളുടെ ശ്രദ്ധ, എളുപ്പം മനസിലാവുന്ന, സ്ക്രീനില്‍ വലിയ അക്ഷരത്തില്‍ മിന്നി മറയുന്ന ടൈറ്റില്‍ വാക്കുകളില്‍ ആകും. അത് ഐസക്ക് പറയുന്നതിന് നേരെ വിരുധാര്ധത്തില്‍ ഉള്ളതായതിനാല്‍ ഐസക്ക് എന്തു പറഞ്ഞാലും ടൈറ്റിലുകള്‍ അത് ഈ ചര്‍ച്ചയില്‍ സതീശന് ഗുണം ചെയ്യും. ചില ചര്‍ച്ചകളില്‍ തിരിച്ചും സംഭവിക്കും.
                ഇതില്‍ മാധ്യമ നൈതികതയുടെ ഒരു ലംഘനം ഇല്ലേ? ഇപ്പോള്‍ നടക്കുന്നത് ഒരുതരം 'മാധ്യമ വിചാരണ' ആകയാലും ഓരോ വിഷയം സംബന്ധിച്ച പൊതുജന വിധിന്യായം ഉണ്ടാവുന്നത് ഈ വിചാരണയുടെ അടിസ്ഥാനത്തിലാണ് എന്ന് പറയപ്പെടുന്നതിനാലും വിചാരണകളില്‍ അടിസ്ഥാനപരമായ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഞാന്‍ സംസാരിക്കുമ്പോള്‍ ഞാന്‍ പറയുന്നതിന് നേരെ കടകവിരുദ്ധമായ കാര്യം എഴുതി വലുതായി ടൈറ്റിലില്‍ കാണിച്ചാല്‍ അത് എനിക്ക്‌ നീതി ലഭിക്കുന്നതിനു ഉതകില്ല.

ഉദാഹരണം: പാമോയില്‍ കേസില്‍ നടന്ന ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞ കാര്യങ്ങള്‍ പോലും ഏഷ്യാനെറ്റിന്റെ കണ്ടെത്തല്‍ ആയി ആണ് ടൈറ്റില്‍ അടിക്കുന്നത്. തോമസ്‌ ഐസക്ക് സംസാരിക്കുമ്പോള്‍ കാണിക്കുന്ന ടൈറ്റില്‍ "കോടതിയില്‍ സമര്‍പ്പിച്ച കാര്യങ്ങള്‍ എല്ലാം വസ്തുതയ്ക്ക് നിരക്കാത്തത് " "സര്‍ക്കാരിന്‍റെ പക്കല്‍ പുതിയ തെളിവുകള്‍ ഇല്ല" എന്നൊക്കെയാണ് . ഇത് വിരുധാര്തം ഉണ്ടാക്കും.  "അയാള്‍ എന്തോ കള്ളം പറയുകയാണല്ലോ" എന്നാണ് സാധാരണ പ്രേക്ഷകന്‍ ഇതിനെ വിലയിരുത്തുക.
ഇതേ ടൈറ്റിലുകള്‍ വി.ഡി.സതീശന്‍ സംസാരിക്കുമ്പോള്‍ കാണിച്ചാല്‍ അത് അദ്ദേഹം പറയുന്ന കാര്യങ്ങളോട് add ചെയ്യപെടും. additional മീനിംഗ് ഉണ്ടാക്കും.


വാര്‍ത്തകളില്‍ ചര്‍ച്ച ചെയ്യുന്ന വസ്തുതകളേക്കാള്‍ കാഴ്ചക്കാരിലേക്ക് എത്തുക സ്ക്രീനില്‍ക്കൂടി കൈമാറപ്പെടുന്ന ശബ്ദ/ചിത്ര സമ്മിശ്രങ്ങളുടെ ആകെത്തുകയായ ഒരു മീനിംഗ് മാത്രമാണ് എന്ന് മീഡിയ സൈക്കോളജി പറയുന്നു. അപ്പോള്‍ , ചാനല്‍ ചര്‍ച്ചകളില്‍ പുലര്‍ത്തുന്ന (?) നിഷ്പക്ഷത അവരുടെ സ്ക്രീനിലും ടൈറ്റിലുകളിലും കൂടി പുലര്ത്തെണ്ടതല്ലേ?



Sunday, January 30, 2011

മാധ്യമ പ്രവര്‍ത്തകരുടെ ഉത്തരവാദിത്തം കൂടുന്നു.


നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തി അവസാനിച്ച ഐസ്ക്രീം കേസിന്റെ പുറകെ ഒരു ചാനല്‍ എഡിറ്റര്‍ എം.പി ബഷീര്‍ അന്വേഷിച്ചു പോയപ്പോള്‍ ഉണ്ടായ കോലാഹലം ആണ് ഇപ്പോള്‍ വന്നത്. വന്നുകൊണ്ടിരിക്കുന്നത്. മദനിയുടെ കേസില്‍ അന്വേഷിച്ചു പോയ ഷാഹിനയും കൊണ്ട് വന്നു ചില പുതിയ വാര്‍ത്തകള്‍ .
ഒരുപാട് ചോദ്യങ്ങള്‍ ബാക്കി വെച്ചു അവസാനിക്കുന്ന എത്ര എത്ര കേസുകള്‍ ആണ് നമ്മുടെ നാട്ടില്‍ ഉള്ളത്? അതിലൊക്കെ കൃത്യമായ ഫോളോ-അപ്പ്‌ മിക്ക മാധ്യമ പ്രവര്‍ത്തകരും നടത്താറില്ല. നടത്തുന്നവര്‍ക്കൊക്കെ നല്ല വാര്‍ത്തകള്‍ ലഭിക്കുന്നും ഉണ്ട്, സമൂഹത്തിനു ഏതെങ്കിലും വിധത്തില്‍ പ്രയോജനപ്പെടുന്നും ഉണ്ട്...
ഉദാഹരണത്തിന് സൂര്യനെല്ലി കേസ്: പ്രതി/ആരോപണ വിധേയന്‍ ആയിരുന്ന പി.ജെ കുര്യന്‍ ഇന്ന് രാജ്യസഭാ എം.പി യാണ്. (ഇര ഒരിക്കലും മൊഴി മാറ്റിയിട്ടില്ല എന്നത് പ്രത്യേകം ഓര്‍ക്കണം) ഐസ്ക്രീം കേസില്‍ സംഭവിച്ചതൊക്കെ കുര്യന്റെ കേസിലും സംഭവിച്ചിരിക്കണം. സ്വാധീനം-അഴിമതി എന്നത് ആരെങ്കിലുംഅന്വേഷിക്കുമോ?
ഏറെ കോളിളക്കം സൃഷ്ടിച്ച മുത്തൂറ്റ് ജോര്‍ജ് കേസ് ആരെങ്കിലും ഇപ്പോള്‍ ഫോളോ അപ്പ്‌ ചെയ്യുന്നുണ്ടോ?

ഹൈക്കോടതിയിലെ നിയമനങ്ങള്‍ സംബന്ധിച്ചും ആരെങ്കിലും അന്വേഷണം നടത്തുമോ? ഇതിലും വലിയ സത്യങ്ങള്‍ പുറത്തു വരും. (കൈക്കൂലി കൊടുത്തും കാലു പിടുത്തം നടത്തിയും ജഡ്ജിമാരെ നിയമിക്കുന്ന രീതിയാണ് വര്‍ഷങ്ങളായി ഹൈക്കോടതിയില്‍ എന്ന് കേള്‍ക്കുന്നു)‍. 

ഓരോ വിഷയവും എടുത്തു വാര്‍ത്തയാക്കി ആഘോഷിച്ചു പിന്നെ അവഗണിക്കുന്ന ഇപ്പോഴത്തെ രീതി അഭിലഷണീയമല്ല.
തിരക്ക് പിടിച്ച റിപ്പോര്‍ട്ടിംഗ് വര്‍ക്കുകള്‍ക്കിടയില്‍ ഫോളോ അപ്പ്‌ എളുപ്പമല്ല എന്നറിയാം. എങ്കിലും ജുദീശ്യരിയും പോലീസ് സംവിധാനങ്ങളും അന്വേഷണ ഏജന്‍സികളും സ്വാധീനിക്കപ്പെടുമ്പോള്‍  മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്തം കൂടുകയാണ് എന്നത് മറക്കാതിരിക്കുക.

മാധ്യമ പ്രവര്‍ത്തനത്തില്‍ ഞാന്‍ ഒരു ശിശു അല്ല, വെറും ശി.
അമൃതയില്‍ ബി.സി.ജെ യുടെ സെമി ഫൈനല്‍ കാലം,  ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളേജില്‍ നടന്ന വിദ്യാര്‍ഥി സംഘട്ടനത്തിനിടെ പോലീസ് ASI ഏലിയാസിനെ കൊലപാതകം സംബന്ധിച്ച് നടന്ന വിവാദങ്ങള്‍ കേട്ടടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞിരുന്നു.. അതിലെ പോലീസ് പീടനങ്ങള്‍ക്ക് ഇരയായ ബിജു നേരിട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം എന്ന് കരുതിയാണ് ഞാന്‍ അന്വേഷണം തുടങ്ങുന്നത്, കേസ് കോട്ടയം /ചങ്ങനാശേരി കോടതിയില്‍ പുരോഗമിക്കുകയായിരുന്നു.
ഞാന്‍ അന്വേഷണം തുടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എനിക്കൊരു ക്ലൂ കിട്ടി, പ്രധാന സാക്ഷിയായ പോലീസുകാര്‍ കോടതിയില്‍ മൊഴി മാറ്റി.
ഞാന്‍ ആറു ദിവസം മെനക്കെട്ടു കോടതിയില്‍ പോയിരുന്നു മൊഴി തിരുത്തിയ രേഖകള്‍ സംഘടിപ്പിച്ചു...
അമൃത ടി.വി അന്നത്തെ ടോപ്‌ ടെന്‍ ന്യൂസില്‍ എക്സ്ക്ലൂസീവ് ആയി വാര്‍ത്ത‍ പുറത്തു വിട്ടു. ഒരുപക്ഷെ അമൃത ചാനലിനു അതിന്റെ ചരിത്രത്തില്‍ ഏറ്റവും മൈലേജ് ഉണ്ടാക്കിക്കൊടുത്ത വാര്‍ത്തകളില്‍ ഒന്ന്.. പിറ്റേന്ന് മനോരമയും മറ്റു മാധ്യമങ്ങളും ഏറ്റു പിടിച്ചു.. കോടിയേരി അന്നത്തെ DYSP യെ സസ്പെന്ഡ് ചെയ്തു...
മനോരമയുടെ തട്ടകത്തില്‍ നടന്ന സംഭവം/കേസ്. ഓപ്പണ്‍ കോടതിയില്‍ മൊഴി മാറ്റല്‍  നടന്നതിനു ശേഷം നാല് ദിവസം  കഴിഞ്ഞാണ് ഞാന്‍ അറിയുന്നത് , അതിനും ഒരാഴ്ച കഴിഞ്ഞാണ് മൊഴി വാര്‍ത്തയാവുന്നത് എന്ന് ഓര്‍ക്കണം.
ആറു ചാനലുകളും പത്തു(?) പത്രങ്ങളും റിപ്പോര്‍ട്ടര്‍മാരെ വെച്ചിരിക്കുന്ന സ്ഥലമാണ് കോട്ടയം., ഒരു വിവാദ വിഷയത്തിലെ ഫോളോ അപ്പ്‌ ഇല്ലായ്മയാണ് ഈ വാര്‍ത്ത ഒരു സിറ്റിസന്‍ ജെര്‍ണലിസ്റിന് ചെയ്യേണ്ട സ്ഥിതി ഉണ്ടാക്കിയത്. ഈ സംഭവം വിവാദ വിഷയങ്ങളില്‍ ഫോളോ-അപ്പ്‌ ഇല്ലായ്മയ്ക്ക് ഉത്തമ ഉദാഹരണംആണ്.

മാധ്യമ ലോകത്ത് ഇപ്പോഴും CJ കള്‍ക്ക് / ഫ്രീലാന്‍സ് കാര്‍ക്കു സാധ്യത ഏറെയാണ്‌.

ഒരു കാലത്ത് കേരളത്തെ പിടിച്ചുലച്ച ഒരു കേസിന്റെ വാദം ഇപ്പോള്‍ കോടതിയില്‍ നടക്കുകയാണ്. കോടിക്കണക്കിനു രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ടതാണ് കേസ്. പ്രതികള്‍ സമൂഹത്തില്‍ വലിയ പിടിപാടും പണവും ഉള്ളവരാണ്. എന്നാല്‍ പ്രമുഖരായ മാഫിയ നേതാക്കളും രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടും കൂടി സാക്ഷികളെ കൂറ് മാറ്റിച്ചും മൊഴികള്‍ തിരുത്തിയും അന്വേഷണം അട്ടിമറിച്ചും എന്തിനേറെ, കേസ് കേള്‍ക്കുന്ന ജഡ്ജിയെ കൈക്കൂലിയോ ബന്ധമോ ഉപയോഗിച്ച് സ്വാധീനിച്ചും കേസ് അട്ടിമറിക്കുകയാണ്...
കോടികളാണ് കേസ് അട്ടിമറിക്കാന്‍ പോലും കൈക്കൂലിയായി മറിയുന്നത്...
(ഈ വിഷയം ഉടന്‍ തന്നെ പുറം ലോകം അറിയും, ബന്ധപ്പെട്ട തെളിവുകള്‍ പല നല്ല ഉന്നതരുടെയും കൈകളില്‍ എത്തിക്കഴിഞ്ഞു.
പക്ഷെ, അത് മുഖ്യധാരാ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുമോ എന്ന് സംശയമാണ്. നെറ്റില്‍ വന്നേക്കും
)

ഐസ്ക്രീം കേസില്‍ ഉണ്ടായിരിക്കുന്നതുപോലെ തന്നെ സംഭവങ്ങള്‍ ആണ് ഈ കേസിലും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്,
മറ്റെല്ലാം മറന്നു ചാനലുകള്‍  ഐസ്ക്രീം കേസിന് പിറകെ പോവുമ്പോള്‍ ഇത്തരം നൂറു കേസുകള്‍ ആണ് വാര്തയാവാതെ പോവുന്നത്.
അതും ഫോളോ അപ്പ്‌ ഇല്ലാത്തതിനാല്‍ ..
കഴിയുമെങ്കില്‍ ഞാന്‍ പറയുന്ന ഈ വാര്‍ത്ത മാധ്യമങ്ങള്‍ കണ്ടു പിടിക്കട്ടെ.
ഒരാഴ്ച കാത്തിരുന്നാല്‍ ഞാന്‍ തന്നെ പറയാം. :-)