Wednesday, December 28, 2011

ഈസ്റ്റേണ്‍ മുളകുപൊടിയില്‍ മാരകവിഷം, വാര്‍ത്തയും മുളകുപൊടിയും കുഴിച്ചുമൂടി.
കൊച്ചി: പ്രശസ്ത കറിപ്പൊടി കമ്പനിയായ
ഈസ്റ്റേണ്‍ ന്‍റെ മുളകുപൊടിയില്‍ മാരകവിഷം കണ്ടെത്തി. 'സുഡാന്‍-4' എന്ന മാരക രാസപദാര്‍ഥമാണ് കണ്ടെത്തിയത്. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ കരുതിയിരുന്ന മുളക്പൊടി പാക്കറ്റുകള്‍ നിയമപ്രകാരം പരിശോധന നടത്തിയപ്പോള്‍ കൊച്ചിയിലെ സ്പൈസസ് ബോര്‍ഡ് ഉദ്യോഗസ്ഥരാണ് വിഷം കണ്ടെത്തിയത്. നവംബര്‍ 9 നു ഈസ്റ്റേണ്‍ ഫാക്ടറിയില്‍ നിന്നും റെയ്ഡില്‍ ശേഖരിച്ച മുളകുപൊടി പരിശോധനയ്ക്കായി അയച്ചപ്പോള്‍ ഒരു കിലോഗ്രാം ഈസ്റ്റേണ്‍ മുളകുപൊടിയില്‍ 14 മൈക്രോഗ്രാം സുഡാന്‍ 4 കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന് 1200 കിലോ മുളകുപൊടി കോതമംഗലത്തെ ഇരുമലപ്പടിയില്‍ ഉള്ള ഈസ്റ്റേണ്‍ ഫാക്ടറിയില്‍ വെച്ചു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കുഴിച്ചുമൂടി. സ്പൈസസ്‌ ബോര്‍ഡ്‌ കൊച്ചി യൂണിറ്റിലെ ഫുഡ്‌ സേഫ്റ്റി ഡിസൈനേറ്റര്‍ ആയ കെ. അജിത്‌ കുമാറിന്റെ നേതൃത്വത്തില്‍ ഫുഡ്‌ ഇന്‍സ്പെക്ടര്‍മാരായ അബ്ദുള്‍ ജലീല്‍, ബൈജു പി.ജോസ് എന്നിവരാണ്‌ വിഷലിപ്തമായ മുളകുപൊടി പിടിച്ചെടുത്തത്.‌ സാമ്പിളുകളില്‍ നിന്നു മാത്രം 1200 കിലോയില്‍ സുഡാന്‍ ഡൈ കലര്‍ന്നതായി കണ്ടെത്തിയിരുന്നു. ഇതാണ്‌ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുള്ളത്‌. ക്യാന്‍സര്‍ അടക്കമുള്ള മാരക അസുഖങ്ങള്‍ ഉണ്ടാക്കുന്ന രാസവിഷമാണ് സുഡാന്‍ 4. ഭക്ഷ്യ വസ്തുക്കളില്‍ സുഡാന്‍ 4 ഉപയോഗിക്കുന്നത് പല രാജ്യങ്ങളിലും മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണ്. പെട്രോളിയം എണ്ണകളിലും മറ്റും ചുവപ്പ് നിറം ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് സുഡാന്‍.
 


 കേരളത്തില്‍ നിന്നും അന്താരാഷ്‌ട്ര തലത്തില്‍ ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കറിപ്പോടിയാണ് ഈസ്റ്റേണ്‍. 400 കോടിയുടെ ആസ്തിയുള്ള കമ്പനിയാണിത്. അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ഗള്‍ഫ് തുടങ്ങിയവിടങ്ങളിലേക്കാണ് പ്രധാനമായി കയറ്റുമതി ചെയ്യപ്പെടുന്നത്. ഗുണമേന്മയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ ഇവര്‍ക്ക് വലിയ ലബോറട്ടറി സംവ്ധാനങ്ങളും ഉണ്ടെന്നാണ് അവകാശവാദം. കയറ്റി അയക്കുന്ന മുളകുപൊടിക്ക് മാത്രമേ സ്പൈസസ് ബോര്‍ഡിന്റെ പരിശോധന കര്‍ശനമായിട്ടുള്ളൂ. അതിനാല്‍ത്തന്നെ കേരളത്തില്‍ വിറ്റഴിക്കപ്പെടുന്ന മുളകുപൊടിയില്‍ വിഷം കലര്‍ന്നിട്ടുണ്ടോ എന്ന് സംസ്ഥാന സര്‍ക്കാരിനും ഉറപ്പില്ല. മായം കലര്ന്നതിനാല്‍ ഗള്‍ഫ്‌ നാടുകളിലേക്ക്‌ കയറ്റി അയക്കുന്നവ ചിലപ്പോള്‍ തിരിച്ചെത്താറുണ്ട്‌. ഇത്‌ പിന്നീട്‌ ചൂടാക്കിയും മറ്റും ഇന്‍ഡ്യന്‍ വിപണിയില്‍ വിറ്റഴിക്കുകയാണ്‌ പതിവെന്ന് ഈ മേഖലയിലെ ഒരു ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.
  കഴിഞ്ഞ തവണ ഈസ്റ്റേണ്‍ കയറ്റുമതി ചെയ്ത മുളകുപൊടിയില്‍ മായം കണ്ടെത്തിയതായി അന്താഷ്ട്ര പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നും രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്‌ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത് എന്നാണ് സൂചന. എന്നാല്‍ സംഭവം പുറത്തായതോടെ ഇത്തരമൊരു പരിശോധന നടന്നിട്ടില്ലെന്നും ഈസ്റ്റേണ്‍ ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരമുള്ളവയാണെന്നും കാണിച്ചു കമ്പനി തങ്ങളുടെ ഫെയ്സ്ബുക്ക് പേജില്‍ അറിയിപ്പ് നല്‍കി. ഇംഗ്ലീഷിലും മലയാളത്തിലും ന്യായീകരണങ്ങള്‍ നിരത്തിയെങ്കിലും മുളകുപൊടിയില്‍ മാരകവിഷം കണ്ടെത്തിയിട്ടില്ല എന്നോ സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് നശിപ്പിച്ചിട്ടില്ല എന്നോ കമ്പനി വാദിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ഈസ്റ്റേണ്‍ പിടിച്ചെടുത്ത മുളകുപൊടി ലാബില്‍ അയച്ചു ലഭിച്ച പരിശോധനാ ഫലം ലഭിച്ചയുടനെ
നവംബര്‍ 17 നു MKT/QR/07 [13] 2011-12  നമ്പര്‍ അടിയന്തിര കത്തിലൂടെ ആ വിവരം സ്പൈസസ് ബോര്‍ഡ് ഈസ്റ്റേണ്‍ മാനേജ്മെന്റിനെ അറിയിച്ചിരുന്നു. കമ്പനിയില്‍ പരിശോധന നടത്തി പിടിച്ചെടുത്ത ഉല്‍പ്പന്നത്തിലാണ് വിഷം കണ്ടെത്തിയത് എന്ന് ആ കത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഈ കത്ത് കമ്പനിയുടെ വാദങ്ങള്‍ പച്ചക്കള്ളം ആണെന്ന് തെളിയിക്കുന്നു.വാര്‍ത്തയും കുഴിച്ചു മൂടി


                മുളകുപൊടിയോടൊപ്പം ഈ വാര്‍ത്തയും കുഴിച്ചു മൂടുന്നതില്‍ ഈസ്റ്റേണ്‍ കമ്പനി വിജയിച്ചു. സംഭവം നടന്നു ആഴ്ചകള്‍ കഴിഞ്ഞിട്ടും കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമവും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല. ഭൂരിപക്ഷം മലയാളിയും വീടുകളില്‍ ഉപയോഗിക്കുന്ന ബ്രാന്‍ഡ് ആയ മുളകുപൊടിയില്‍ ക്യാന്‍സറിനു കാരണമാകുന്ന മാരകവിഷം കണ്ടെത്തിയിട്ട് 'മെട്രോ വാര്‍ത്ത'യും 'തേജസ്' ദിനപ്പത്രവും 'മാധ്യമ'വും ആണ് ഒറ്റക്കോളം വാര്‍ത്തയെങ്കിലും നല്‍കിയത്.‌ മറ്റു പലരും ഈ വാര്‍ത്ത‍ വെച്ചു വിലപേശി ലക്ഷങ്ങളുടെ പരസ്യം നേടി. ആരോഗ്യമാസികകള്‍ ഇറക്കുകയും 'വനിതാ' പ്രസിധീകരണങ്ങളിലൂടെ ഈസ്റ്റേണ്‍ 'പൊടി'കള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പത്രമുത്തശ്ശിമാര്‍ ഈ വാര്‍ത്ത മുക്കി വായനക്കാരെ വഞ്ചിച്ചു. സ്വന്തം പാര്‍ട്ടിക്കാരുടെ ആരോഗ്യത്തെക്കാള്‍ വലുതാണ്‌ പരസ്യമെന്നു പാര്‍ട്ടി പത്രങ്ങളും പാര്‍ട്ടി ചാനലുകളും തെളിയിച്ചു. കൊച്ചിയില്‍ നിന്നും പുറത്തിറങ്ങുന്ന 'നഗരം' എന്ന പത്രം മാത്രമാണ് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഈ വാര്‍ത്ത‍ നല്‍കിയത്.  

രാഷ്ട്രീയക്കാര്‍ മൂത്രമൊഴിച്ചാല്‍ (ഒഴിചില്ലെങ്കിലും) ബ്രേക്കിംഗ് ന്യൂസ് കൊടുക്കുന്ന വാര്‍ത്താചാനലുകളില്‍ ഒരൊറ്റ വരി ഇതെപ്പറ്റി വന്നിട്ടില്ല. ഈസ്റ്റേണ്‍ മുതലാളിയുടെ പരസ്യക്കാശിനു വേണ്ടി മലയാളിയുടെ ആരോഗ്യം ഇവരെല്ലാം ഒറ്റിക്കൊടുത്തു. "എന്‍റെ സ്വന്തം ചാനല്‍ വരുന്നതോടെ ഒരു വാര്‍ത്തയും ആര്‍ക്കും തമസ്കരിക്കാന്‍ കഴിയില്ല" എന്ന് വീമ്പു പറഞ്ഞാണ് നികേഷ് കുമാര്‍ ഈയിടെ റിപ്പോര്‍ട്ടര്‍ ചാനല്‍ തുടങ്ങിയത്. റിപ്പോര്‍ട്ടര്‍ ചാനല്‍ പോലും ഈ നിമിഷം വരെ ഈ വാര്‍ത്ത നല്‍കാത്തത് എന്തുകൊണ്ടാകും? എത്ര രൂപയ്ക്കാണ് ഞങ്ങളുടെ ആരോഗ്യം നിങ്ങള്‍ വിറ്റു തിന്നതെന്ന് അറിയാനെങ്കിലും മലയാളിക്ക് അവകാശമുണ്ട്. പത്രാധിപന്മാര്‍ മറുപടി പറയണം.
 

NB: രാഷ്ട്രീയക്കാരെ, ഈസ്റ്റേണ്‍ കമ്പനിയെപ്പോലെ ലക്ഷങ്ങളുടെ പരസ്യം നല്‍കിയാല്‍ നിങ്ങളെയും ഇവര്‍ വെറുതെ വിട്ടേക്കും...

ഫെയ്സ്ബുക്കിലെ പോരാട്ടം.                    വാര്‍ത്തയുടെ സത്യാവസ്ഥ അറിഞ്ഞ ലേഖകന്‍ ഈ വിഷയം ഈസ്റ്റേണ്‍ ന്‍റെ ന്യായീകരണ പോസ്റ്റിനു താഴെ എഴുതാന്‍ ശ്രമിച്ചു. ആദ്യമൊക്കെ ഈസ്റ്റേണ്‍ അതിനു മറുപടി നല്‍കി. 


ലേഖകന്റെ കമന്റുകള്‍ വായനക്കാര്‍ ലൈക് ചെയ്യാന്‍ തുടങ്ങിയതോടെ കള്ളി പുറത്താകുമെന്നും ജനങ്ങള്‍ അറിയുമെന്നും മനസിലാക്കിയ ഈസ്റ്റേണ്‍ അധികൃതര്‍ ലേഖകന്റെ കമന്റുകള്‍ നീക്കം ചെയ്തു. കമന്‍റ് ഇടാനുള്ള സ്വാതന്ത്ര്യവും ഒഴിവാക്കി. 

എന്നാല്‍ ലേഖകന്‍ കമന്‍റ് ഇട്ടതും അതിനു മറുപടി വന്നതും പിന്നീട് കമന്‍റ് ഓപ്ഷന്‍ ഡിസെബിള്‍ ചെയ്യപ്പെട്ടതും കമ്പനിയുടെ മറുപടി മാത്രം ബാക്കിയായതും എല്ലാം സ്ക്രീന്‍ ഷോട്ട് എടുത്തതിനാല്‍ കമ്പനിയുടെ മനസിലിരിപ്പ് കയ്യോടെ പിടികൂടാന്‍ കഴിഞ്ഞു.


ഈ വാര്‍ത്തയോടുള്ള 'ഈസ്റ്റേണ്‍ ‍' കമ്പനിയുടെ പ്രതികരണം അറിയാന്‍ പലവട്ടം ശ്രമിച്ചെങ്കിലും ഈ ലേഖനം പ്രസിദ്ധീകരിക്കും വരെ ലഭിച്ചിട്ടില്ലാത്തതിനാല്‍ വായനക്കാരുടെ അറിവിലേക്കായി ഈ വാര്‍ത്ത ഞാന്‍ സമര്‍പ്പിക്കുന്നു. 


ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്ന കമ്പനികള്‍ക്കെതിരെ നാം ഒറ്റക്കെട്ടായി രംഗത്ത്‌ വരേണ്ടതുണ്ട്. ഈ വിഷയം അറിഞ്ഞയുടന്‍ ചീഫ് സെക്രെട്ടറി, മുഖ്യമന്ത്രി എന്നിവരുടെ ഔദ്യോഗിക ഇ-മെയിലിലേക്ക് പരാതി അയച്ചെങ്കിലും അത് മടങ്ങി വന്നു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ ഫോണിലൂടെ അറിയിച്ചെങ്കിലും തണുത്ത പ്രതികരണം ആയിരുന്നു.

Saturday, December 24, 2011

ഇടുക്കി ഡാം ഒരിക്കലും പൊട്ടാത്ത ഡാമാണോ സാറന്മാരെ?


തുടര്‍ ഭൂചലനവും ഡാമിന്റെ ദുര്‍ബ്ബലത വെളിവാകുന്ന റിപ്പോര്‍ട്ടുകളും വന്നതോടെ മുല്ലപ്പെരിയാറിന്റെ വിഷയം വീണ്ടും കത്തിക്കയറി. മുപ്പതു വര്‍ഷം മുന്‍പ് കേരള നിയമസഭയില്‍ നടന്ന ഒരു ശ്രദ്ധ ക്ഷണിക്കല്‍ ചര്‍ച്ചയുടെ രേഖകള്‍ സൂചിപ്പിക്കുന്നത് അന്ന് മുതല്‍ക്കേ ഈ ഡാമിന്റെ സുരക്ഷ ഏതാണ്ടിതേ അളവിലാണെന്നും കേരളത്തിന്റെ ഇപ്പോഴത്തെ ആശങ്കകള്‍ അന്നേ ഉണ്ടായിരുന്നു എന്നുമാണ്. എന്നിട്ടും അന്ന് താല്‍ക്കാലിക പ്രതിവിധികളെ പറ്റി മാത്രമാണ് നിയമസഭ ആലോചിച്ചിരുന്നത്. ഡാം പുതുക്കിപ്പണിയുന്നതിനെപ്പറ്റി നമ്മുടെ നേതാക്കള്‍ ആലോചിക്കുന്നത് 2006 ല്‍ മാത്രമാണ്. മുപ്പതു വര്‍ഷമായി തമിഴ്നാടിനു ഒരേ പിന്തിരിപ്പന്‍ നിലപാടാണ്. ചര്‍ച്ച പോലും സാധ്യമല്ലെന്ന നിലപാട്. പുതിയ ഡാം പണിയാനും, പാട്ടക്കരാര്‍ റദ്ദാക്കാനും, കേരളത്തിന്‌ എല്ലാ അധികാരങ്ങളും ഉണ്ടെങ്കിലും നാം ഇപ്പോഴും കേന്ദ്രത്തിലെ നിര്‍ഗ്ഗുണ പരബ്രഹ്മങ്ങളുടെ മുന്നില്‍  കെഞ്ചുകയാണ്. അവരാകട്ടെ, തമിഴ്നാടിന്റെ അംഗബലത്തില്‍ ഭരിക്കുന്നവരും. ഏതു നിമിഷവും പോട്ടാമെന്ന അവസ്ഥയില്‍ നില്‍ക്കുന്ന ഈ ഡാമിന്റെ പ്രശ്നപരിഹാര ചര്‍ച്ചകള്‍ ഈ പതിമ്മൂന്നാം മണിക്കൂര്‍ വരെ വൈകിച്ചതില്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിനുള്ള പങ്ക് ചെറുതാണോ? 1970 ല്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ കരാര്‍ പുതുക്കി നല്‍കിയെന്ന് കുറ്റം പറയുന്നവര്‍ 2006 ല്‍ ചെയ്തത് അതിലും വലിയ മണ്ടത്തരമാണ്. എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന ഈ ഡാമിന് 136 അടി വരെ വെള്ളം നിര്‍ത്താം , അതില്‍ കൂടിയാല്‍ കേരളത്തിന്‌ ഏറ്റെടുക്കാം എന്ന വ്യവസ്ഥയോടെ പുതിയ നിയമം (THE KERALA IRRIGATION AND WATER CONSERVATION (AMENDMENT) ACT, 2006) ഉണ്ടാക്കുകയാണ് കേരള നിയമസഭാ ചെയ്തത്. പരസ്പര വിരുദ്ധമായ വാദങ്ങളാണ് നിയമസഭ ഉയര്‍ത്തിയത്‌. പിന്നീടത്‌ സുപ്രീംകോടതിയില്‍ തിരിച്ചടി ആകുകയും ചെയ്തു.. ഒരു ജനതയുടെ ജീവല്‍പ്രശ്നങ്ങളെ ദീര്‍ഘവീക്ഷണത്തോടെ കണ്ട് നടപടിയെടുക്കുന്നതില്‍ നമ്മുടെ നേതാക്കള്‍ക്ക് വീഴ്ചകള്‍ പറ്റുന്നത് പതിവാകുംപോള്‍ , നാമെങ്കിലും ആ ചര്‍ച്ചകള്‍ക്ക് തുടക്കമിടണം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുതിയ ഡാം എന്ന അശാസ്ത്രീയ അജണ്ടയുമായി നാളെ അടിയന്തിര നിയമസഭാ സമ്മേളനം കൂടുന്ന ഈ സാഹചര്യത്തില്‍, ഇടുക്കി അടക്കമുള്ള മറ്റു ഡാമുകളുടെ സുരക്ഷാ പ്രശ്നം നാം പതിമ്മൂന്നാം മണിക്കൂറില്‍ ചര്‍ച്ച ചെയ്യാന്‍ വെച്ചിരിക്കുകയാണോ എന്ന ചോദ്യം 'കേരള ഭൂമി' ചോദിക്കുന്നു.
 
                  മുല്ലപ്പെരിയാര്‍ പോലെ നമുക്ക് വേറെയും കുറേ പഴഞ്ചന്‍ ഡാമുകള്‍ ഉണ്ട്. മിക്കവയുടെയും സ്വാഭാവിക കാലാവധി ഇരുപതോ മുപ്പതോ വര്‍ഷത്തിനകം തീരും. പലതും ഇപ്പോഴേ ദുര്‍ബ്ബലമാണ്. ഭൂകമ്പം ആവര്‍ത്തിച്ചാല്‍ സ്ഥിതി പെട്ടെന്ന് വഷളാവും. മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്ഥലം തമിഴ്നാട്ടിലാണെന്നു ന്യായം പറഞ്ഞാണ് നാമതിന്റെ അറ്റകുറ്റപ്പണി ചെയ്യാതിരുന്നത്. ഇടുക്കി അടക്കമുള്ള മറ്റു ഡാമുകളെ ശക്തിപ്പെടുത്താന്‍ ഇപ്പോള്‍ എന്താണ് തടസ്സം? അതോ അതൊന്നും ഒരിക്കലും പൊട്ടില്ലെന്നാണോ നേതാക്കള്‍ കരുതുന്നത്? നാളെ ഇടുക്കി ഡാമിന് ഇതേ ബലക്ഷയം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ എന്തായിരിക്കും പ്രതിവിധി? മുല്ലപ്പെരിയാറില്‍ നാം കണ്ടെത്തിയ ബദല്‍ പോലെ ഇടുക്കി ഡാമിന് ഒരു കിലോമീറ്റര്‍ താഴെ പുതിയ അണക്കെട്ട് പണിയുകയോ? അത് ഭൌമശാസ്ത്രപരമായി സാധ്യമാണോ? പുതിയ ഡാം ഇടുക്കിയില്‍ വര്‍ധിപ്പിക്കുന്ന ഭൂകമ്പ സാധ്യതകളെപ്പറ്റി നാം എന്തെങ്കിലും പഠനം നടത്തിയോ, ഇല്ലെങ്കില്‍ എന്നാണിനി പഠിക്കുക?  ഇനി അഥവാ പണിയണമെങ്കില്‍ തന്നേ അവസാന നിമിഷമാണോ പുതിയ ഡാമിനുള്ള പാരിസ്ഥിതിക അനുമതിക്കായി കേന്ദ്രത്തെ സമീപിക്കുക? പുതിയ ഡാം പണി തീരുന്നത് വരെ ഇടുക്കി അതേപടി നിലനിര്‍ത്തുമോ? അതോ ആദ്യം ഡീക്കംമീഷന്‍ ചെയ്യുമോ? അങ്ങനെ ചെയ്‌താല്‍ ആ ഗ്യാപ്പില്‍ എവിടെ നിന്നും വൈദ്യുതി കൊണ്ടുവരും? പണിയുന്ന പുതിയ അണക്കെട്ടുകള്‍ അങ്ങനെ എത്ര കാലം നിലനില്‍ക്കും? നൂറു കൊല്ലം കൂടുമ്പോള്‍ ഓരോ അണക്കെട്ടും ഇറക്കി ഇറക്കി ഒടുവില്‍ നാം അറബിക്കടലില്‍ അണക്കെട്ട് പണിയുന്ന കാലം വരുമോ???

അടുത്ത മുപ്പതു വര്‍ഷത്തിനുള്ളില്‍ എത്ര അണക്കെട്ടുകള്‍ കേരളത്തില്‍ പൊളിച്ചു പണിയേണ്ടിവരും? പഴയ അണക്കെട്ടിനു പകരം പുതിയ അണക്കെട്ട് എന്നത് മാത്രമാണോ പ്രതിവിധി? ഇതിന് സമാന്തരമായി ബദല്‍ ജലസേചന-ഊര്‍ജ്ജ സാധ്യതകള്‍ നാം ആരായുന്നുണ്ടോ? കേരളത്തില്‍ ഇനി ഇത്തരം വന്‍കിട ഡാമുകള്‍ക്ക് പാരിസ്ഥിതിക അനുമതി കിട്ടാനുള്ള സാധ്യതകള്‍ തുലോം കുറവാണെന്ന് ഏതു മലയാളിക്കും അറിയാം. അപ്പോള്‍ എന്തായിരിക്കണം നമ്മുടെ പ്രതിവിധി?                   വൈദ്യുതി രംഗത്ത്‌ നാം അനുഭവിക്കാന്‍ പോകുന്ന പ്രതിസന്ധിയേക്കാള്‍ രൂക്ഷമായിരിക്കും പാരിസ്ഥിതികമായി നം അനുഭവിക്കാന്‍ പോകുന്ന അസന്തുലിതാവസ്ഥ എന്നാണ് ഇതെല്ലാം കാണുമ്പോള്‍ തോന്നുന്നത്. എന്നാണ് നാം ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയ്ക്കെടുക്കുക? പതിമ്മൂന്നാം മണിക്കൂറിനായി കാത്തിരിക്കുകയാണോ? ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ജനങ്ങള്‍ക്ക്‌ ഭീതി കൂടാതെ ഇനിയങ്ങോട്ട് കഴിയാന്‍ പറ്റില്ലെന്ന സ്ഥിതി അങ്ങേയറ്റം കഷ്ടമാണ്. ഭീതി കൂടാതെ ജീവിക്കുവാനുള്ള മൌലികാവകാശം ഉള്ളവരാണ് അവരും. 


മുല്ലപ്പെരിയാറില്‍ പണിയാന്‍ ഉദ്ദേശിക്കുന്ന പുതിയ ഡാം ഇടുക്കിയിലെ മലനിരകളില്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദം എത്രയാണെന്നോ അത് ഇടുക്കി അടക്കമുള്ള മറ്റു ഡാമുകള്‍ക്ക് ഉണ്ടാക്കാവുന്ന സമ്മര്‍ദ്ദം എത്രയാണെന്നോ കണക്കുകള്‍ ലഭ്യമല്ല. ഇതടക്കം ചര്‍ച്ച ചെയ്താലേ 'പുതിയ ഡാം' എന്ന വാദം എത്രമാത്രം ശാസ്ത്രീയമാണെന്നു നമുക്ക് പറയാന്‍ കഴിയൂ.. ജയലളിതയും വൈക്കോയും ഒത്തു ചേര്‍ന്ന് പഴയ കരാറുകള്‍ വെള്ളിത്താലത്തില്‍ കൊണ്ടുവന്നു കേരളത്തിന്‌ സമര്‍പ്പിച്ചിട്ടു നമുക്ക് അടുത്ത നടപടിയെടുക്കാം എന്ന് കരുതിയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കാത്തിരിക്കുന്നത് എങ്കില്‍ ഞങ്ങള്‍ക്കൊന്നും പറയാനില്ല. മറിച്ച്, കേരളത്തിലെ ജനങ്ങളുടെ സുരക്ഷയാണ്, അവരുടെ സുസ്ഥിര ജീവിതമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എങ്കില്‍ ഇനിയെങ്കിലും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ അവസരം ഉപയോഗപ്പെടുത്തണം. മുപ്പതു വര്‍ഷം കഴിഞ്ഞാല്‍ കേരളത്തില്‍ വൈദ്യുതി ക്ഷാമം ഉണ്ടാകുമെന്നോര്‍ത്തു ആണവ നിലയത്തെ അനുകൂലിക്കുന്നവര്‍, കൊച്ചിയിലെ തിരക്ക് കുറയ്ക്കാന്‍ മെട്രോ റെയില്‍ പദ്ധതി കൊണ്ടുവരുന്നവര്‍ സുരക്ഷ സംബന്ധിച്ച ഇത്തരം അടിസ്ഥാന ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം കണ്ട് പിടിക്കണം.

ഈ വിഷയത്തില്‍ രണ്ടു വര്ഷം മുന്‍പ് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീ.സി.ആര്‍ നീലകണ്ഠന്‍ എഴുതിയ ലേഖനം ഇവിടെ വായിക്കാം

Friday, December 9, 2011

മുല്ലപ്പെരിയാര്‍ ഡാം : റൂര്‍ക്കി ഐ.ഐ.ടി നടത്തിയ പഠനം.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉറപ്പ് സംബന്ധിച്ച് 2008 ല്‍ റൂര്‍ക്കി ഐ.ഐ.ടി നടത്തിയ പഠനത്തിന്റെ ഒന്നാം ഭാഗം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നു. ഡാം സ്ഥിതി ചെയ്യുന്ന പ്രദേശം സീസ്മിക്ക് സോണ്‍ മൂന്നില്‍ പെട്ട സ്ഥലമായതിനാല്‍ ഡാം തകരാനുള്ള സാധ്യത ഉണ്ടെന്നാണ് പഠനത്തിന്റെ സംഗ്രഹം. തമിഴ്നാട്ടിലെ ചില സുഹൃത്തുക്കള്‍ക്ക് സത്യം ബോധ്യപ്പെടാനും ഇത് ഉപകരിച്ചേക്കും.

ഒന്നാം ഭാഗം ഇവിടെ വായിക്കാം. 
ഗൂഗിള്‍ ഡോക്സില്‍ വായിക്കേണ്ടവര്‍ക്ക് ഒന്നാം ഇവിടെ .

രണ്ടാം ഭാഗം ഇവിടെ 
Wednesday, November 30, 2011

മുല്ലപ്പെരിയാര്‍ : കേന്ദ്ര പഠന റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന സത്യങ്ങള്‍ , റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തി.

 കഴിഞ്ഞ ഒരു പതിറ്റാണ്ടായി പുകയുന്ന വിഷയമാണ് മുല്ലപ്പെരിയാര്‍ ഡാമും അ­തിന്റെ സുരക്ഷയും. പിന്നെ, എന്താണീ വിഷയം പെട്ടെന്ന് ചൂട് പിടിച്ചതും ഇപ്പോള്‍ പൊട്ടിത്തെറിക്കുന്നതും? ഡാമിന്റെ ബലക്ഷയം സംബന്ധിച്ച റൂര്‍ക്കി ഐ.ഐ.ടി യുടെ 2009 ലെ കണ്ടെത്തലിനു ശേഷവും ആരും ഇത്ര വൈകാരികമായി പ്രതികരിച്ചിരു­ന്നില്ല. ഇടുക്കിയിലും മറ്റും ഉണ്ടായ തുടര്‍ചലനങ്ങള്‍ മാത്രമാണോ ഇപ്പോഴത്തെ ആശങ്കയ്ക്ക് അടിസ്ഥാനം? അ­ല്ലെ­ന്നാ­ണ് ഞാന്‍ ന­ടത്തി­യ ചെറിയ അ­ന്വേ­ഷ­ണ­ത്തില്‍ വ്യ­ക്ത­മാ­യ­ത്.  


സുപ്രീംകോടതി ഉന്നതാധികാര സമിതിയുടെ നിര്‍ദേശപ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സെന്‍ട്രല്‍ സോയില്‍ ആന്റ് മെറ്റീരിയല്‍സ് റിസര്‍ച്ച് സ്‌­റ്റേഷന്‍ കഴിഞ്ഞ മാര്‍ച്ച് 15 മുതല്‍ മെയ് വരെ വിദൂര നിയന്ത്രിത ജലാന്തര്‍വാഹനം ഉപയോഗിച്ച് നടത്തിയ പരിശോധ­ന­യില്‍ ഡാ­ം ഇ­പ്പോള്‍ നില്‍­ക്കുന്ന­ത് ഏ­റ്റവും അ­പ­ക­ട­ക­രമാ­യ സ്ഥി­തി­യി­ലാ­ണെ­ന്ന് ചൂ­ണ്ടി­ക്കാ­ണി­ക്കുന്നു.

പഠ­നം ന­ടത്തി­യ സം­ഘ­ത്തില്‍­പ്പെട്ട അന്തര്‍ സംസ്ഥാന ജല ഉപദേശക സമിതി അം­ഗമാ­യ റി­ട്ട ചീ­ഫ് എ­ഞ്ചി­നീ­യര്‍ എം ശ­ശി­ധ­രന്‍ ഈ വി­ഷ­യ­ത്തി­ന്റെ ഗൗ­ര­വ­ത്തെ­ക്കു­റിച്ച് ജ­ല­വി­ഭ­വ­മന്ത്രി പി.ജെ ജോ­സ­ഫി­നു ഒരു റി­പ്പോര്‍­ട്ട് സ­മര്‍­പ്പി­ച്ചിരുന്നു. ആ രഹസ്യ റി­പ്പോര്‍­ട്ടി­ന്റെ കോ­പ്പി എനിക്ക് ല­ഭി­ച്ചി­ട്ടുണ്ട്.


2011 മാര്‍ച്ച്, ഏ­പ്രില്‍ മാസങ്ങളില്‍ നടന്ന പരിശോ­ധ­ന­യെ­ക്കു­റി­ച്ച് ജൂണ്‍ 13 നാ­ണ് ശ­ശി­ധ­രന്‍ റി­പ്പോര്‍­ട്ട് സ­മര്‍­പ്പി­ച്ച­ത്. പഠന റിപ്പോര്‍ട്ട് സുപ്രീംകോടതി ഉന്നതാധികാര സമിതി ഔദ്യോഗികമായി പ്രസിദ്ധീകരിക്കും മുന്‍പ് പൊതുജനങ്ങളുടെ അറിവിലേക്കായി സമര്‍പ്പിക്കുന്നത് നിയമപരമായി നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെ കരുതി പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് താനിപ്പോള്‍ കേരളത്തെ ഇതെല്ലാം അറിയിക്കുന്നത് എന്ന് ഈ റിപ്പോര്‍ട്ടിന്‍റെ ആമുഖമായി പറയുന്നു. എ­ന്നാല്‍ ഏ­റ്റ­വും അ­ത്ഭു­ത­ക­രമാ­യ കാര്യം മുല്ല­പ്പെ­രി­യാര്‍ അ­ണ­ക്കെ­ട്ടി­ന്റെ അ­പ­ക­ടാ­വ­സ്ഥ­യെ­ക്കു­റി­ച്ച് ശാ­സ്­ത്രീ­യ­മാ­യി പഠി­ച്ച് നല്‍കി­യ റി­പ്പോര്‍­ട്ടിന്‍­മേല്‍ സര്‍­ക്കാര്‍ നാളിതുവരെ ഒ­രു ന­ട­പ­ടി­യെ­ടു­മെ­ടു­ത്തി­ല്ലെ­ന്ന­താണ്. ഇ­ങ്ങിനെ­യൊ­രു റി­പ്പോര്‍­ട്ടി­നെ­ക്കു­റി­ച്ച് പോലും സര്‍­ക്കാര്‍ ഇ­തുവ­രെ മി­ണ്ടി­യി­ട്ടില്ല. ഇ­ന്ന് തി­രു­വ­ന­ന്ത­പുര­ത്ത് മ­ന്ത്രിസ­ഭാ യോ­ഗ തീ­രു­മാ­നം വി­ശ­ദീ­ക­രിക്ക­വെ മാ­ധ്യ­പ്ര­വര്‍­ത്തകര്‍ ഈ റി­പ്പോര്‍­ട്ടി­നെ­ക്കു­റി­ച്ച് ചോ­ദി­ച്ചെ­ങ്കിലും മു­ഖ്യ­മ­ന്ത്രി ചിരിച്ചുകൊണ്ട് ഒ­ഴി­ഞ്ഞു­മാ­റു­ക­യാ­യി­രുന്നു.
                      ഡാമിന്റെ ബലക്ഷയം സംബന്ധിച്ച ഗുരുത­ര­മാ­യ ക­ണ്ടെ­ത്ത­ലാ­ണ് ശ­ശി­ധ­രന്‍ നല്‍കി­യ റി­പ്പോര്‍­ട്ടി­ലു­ള്ളത്. ഡാ­മി­ന്റെ മു­ഴു­നീ­ള­ത്തില്‍ (1200 അടി) വലിയ വിള്ളല്‍ കാണപ്പെ­ട്ടു­വെ­ന്ന് റി­പ്പോര്‍­ട്ടില്‍ പ­റ­യുന്നു. വെറും രണ്ടടി മാത്രം വീതിയുള്ള ഭാഗങ്ങളും ഡാമിന്റെ ഭിത്തിയില്‍ ഉണ്ട്. ഈ ഭാഗങ്ങളില്‍ സുര്‍ക്കി മിശ്രിതം പാടേ ഒലിച്ചു പോയി, ഭിത്തി ദ്രവിച്ച നിലയിലാ­ണ് ഡാ­മിന്റെ അടിഭാഗം. ഒരു ഭൂകമ്പം ഉണ്ടായാല്‍ ഏതു നിമിഷവും തകരാവുന്ന അവസ്ഥയില്‍ . ജലനിരപ്പില്‍ നിന്നും 119.7 അടി ആഴത്തില്‍ വരെയേ ക്യാമറയ്ക്ക് പോകാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നും അതിനു താഴെ കട്ടിയുള്ള ചെളി ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.   

  2011 ജൂണ്‍ 13ന് സംസ്ഥാന ജലവിഭവ മന്ത്രിക്കു നല്‍കിയ റിപ്പോര്‍­ട്ട് പഠ­ന­ത്തി­നായി ആശ്രയിക്കുന്നത് പരിശോധനാ ചിത്രങ്ങളെയും സ്കാനിംഗ് ചിത്രങ്ങളെയുമാണ്. സ്ഥിതി ഇത്രയും ദുര്ബ്ബലമാകയാലും ഇതിന് മുന്‍പ് തമിഴ്നാട് പല റിപ്പോര്‍ട്ടുകളും വളച്ചോടിച്ചതിനാലും കേരളം ഈ വിഷയത്തില്‍ അടിയന്തിരമായി രാഷ്ട്രീയമായോ നിയമപരമായോ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 


                              1200 അടി നീളമുള്ള ഡാമിന്റെ മുഴുവന്‍ നീളത്തിലും വിള്ള­ലു­ണ്ടെ­ന്ന് റി­പ്പോര്‍­ട്ടില്‍ പ­റ­യുന്നു. 95 മുതല്‍ 106 വരെ അടി ഉയരത്തില്‍ ഒന്നര മുതല്‍ മൂന്നര വരെ അടി വീതിയിലാണിത്. ചിലയിടത്ത് കല്ലുകള്‍ ഇളകി പുറത്തേക്ക് തള്ളിയിരി­ക്കു­ക­യാണ്. മറ്റു ചിലയിടത്ത് വന്‍ ദ്വാരങ്ങളാണുള്ളത്. 1979 ­ 81 കാലയളവില്‍ നടത്തിയ കോണ്‍ക്രീറ്റ് ക്യാപ്പിങ്ങും കേബിള്‍ ആങ്കറിങ്ങും ബലപ്പെടുത്തലിനു പകരം ബലക്ഷയമാണ് ഡാമിനുണ്ടാക്കിയതെന്നും ബലപ്പെടുത്തല്‍ ജോലികള്‍ മൂലം ഓരോ അടിയിലും 21.75 ടണ്‍ ഭാരം വെച്ചാണ് കൂടിയതെന്നും ഇവ സൃഷ്ടിച്ച മര്‍ദമാണ് വിള്ളലിന് കാരണമെന്നും എം. ശശിധരന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.  ഡാമിന്റെ ബലക്ഷയത്തെ സംബന്ധിച്ച് ഇത്രയും ആധികാരിക തെളിവുകള്‍ കിട്ടിയതിനാല്‍ തമിഴ്നാടിന്റെ വാദങ്ങള്‍ പൊളിക്കാനും കഴിയുമെന്നാണ് നിയമവിദഗ്ദ്ധരും പറയുന്നത്.
       ഡാമിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ റിക്ടര്‍ സ്‌­കെയിലില്‍ 4 ന് മുകളില്‍ ഉണ്ടാകാവുന്ന ഭൂചലനം ഡാമിന് ഗുരുതര ഭീഷണിയാണെന്നും പരാമര്‍ശമുണ്ട്. ജൂലായ് 26 ന് 3.8 ഉം നവംബര്‍ 18ന് 3.4ഉം തീവ്രതയുള്ള ഭൂചലനങ്ങളാണ് ഇടുക്കിയിലുണ്ടായത്. ഇത് മുല്ലപ്പെരിയാര്‍ ഡാമില്‍ പുതിയ വിള്ളലും ചോര്‍ച്ചയും സൃഷ്ടിച്ചിട്ടുണ്ട്. റിക്ടര്‍ സ്‌­കെയിലില്‍ 6.5 വരെയുള്ള ഭൂചലനം ഇടുക്കി ജില്ലയില്‍ പ്രതീക്ഷിക്കാമെന്ന് സെസിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ജോണ്‍ മത്തായി വ്യക്തമാക്കിയിട്ടുണ്ട്. ജൂലായ് 26ന് ശേഷം മുല്ലപ്പെരിയാറിന്റെ സമീപപ്രദേശങ്ങളില്‍ 22 തവണ ഭൂചലനമുണ്ടായി. ഇവ തുടര്‍ ചലനങ്ങളല്ല, സ്വതന്ത്ര ചലനങ്ങളാണെന്നും കൂടുതല്‍ ശക്തിയോടെ വീണ്ടും ഉണ്ടാകാമെന്നുമാണ് സെസ് മേധാവിയുടെ വിലയിരുത്തല്‍. അപ്പോഴെല്ലാം ഈ റിപ്പോര്‍ട്ട് മന്ത്രി.പി.ജെ ജോസഫിന്റെ ഫയലില്‍ ഉറങ്ങുകയായിരുന്നു.
 
മുല്ല­പ്പെ­രി­യാ­റി­ന്റെ സു­ര­ക്ഷ എത്രമാത്രം അപകടത്തിലാണ് എന്ന് ശാസ്ത്രീയമായി തെ­ളി­യി­ക്കു­ന്ന റി­പ്പോര്‍­ട്ട് ലഭിച്ചിട്ടും ആ­റ് മാ­സ­ക്കാ­ലം സര്‍­ക്കാര്‍ തി­രിഞ്ഞു­നോ­ക്കി­യി­ല്ലെ­ന്ന­താ­ണ് ഏ­റെ അ­ത്ഭു­ത­കരം. 'അതിവേഗം ബഹുദൂരം' എന്ന മുദ്രാവാക്യവുമായി ഭരണത്തില്‍ ഏറിയ സര്‍ക്കാരാണ് ഈ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാന്‍ അഞ്ച് മാസം വൈകിയത് എന്നത് സര്‍ക്കാരിന്റെ, പ്രത്യേകിച്ച് ജലവിഭവ വകുപ്പ് മന്ത്രിയായ പി. ജെ ജോസഫിന്റെ ഗൌരവമായ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. തുടര്‍ ഭൂചലനം സൃഷ്ടിച്ച ഭീതി മൂലം നാട്ടുകാര്‍ സമരവുമായി രംഗത്തിറങ്ങിയ ശേഷമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത് എന്നത് മുഖ്യധാരാ മാധ്യമങ്ങളും പറയുന്നില്ല.  
                        ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 35 ലക്ഷത്തോളം ആളുകളുടെ ജീവനെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുള്ള ഒരു വിഷയം, തന്‍റെ ജോലിയെപ്പോലും ബാധിക്കുമായിരുന്നിട്ടും എം.ശശിധരന്‍ എന്ന ഉദ്യോഗസ്ഥന്‍ പൊതു താല്‍പ്പര്യം മുന്‍നിര്‍ത്തി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും  ആ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാതെ കുറ്റകരമായ അലംഭാവം കാണിച്ച സര്‍ക്കാരിന്‍റെ ആ വീഴ്ചയ്ക്ക് ആരാണ് ജനങ്ങളോട് മറുപടി പറയുക? ഈ ഭീഷണി നിലനില്‍ക്കുമ്പോള്‍ ജൂലൈ,ആഗസ്റ്റ്‌, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സര്‍ക്കാര്‍ എന്തു ചെയ്യുകയായിരുന്നു? ബാലകൃഷ്ണപിള്ളയെ എങ്ങനെ പുറത്തിറക്കാം,  ചട്ടവിരുദ്ധമായി എങ്ങനെ നിര്‍മ്മല്‍ മാധവിനു സീറ്റ് നല്‍കാം, എങ്ങനെ കൂടുതല്‍ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കാം, രാധാകൃഷ്ണ പിള്ളമാരെ എങ്ങനെ സംരക്ഷിക്കാം, ടോമിന്‍ തച്ചങ്കരിയെ എങ്ങനെ തിരിച്ചെടുക്കാം എന്നീ വിഷയങ്ങളില്‍ ഗവേഷണം നടത്തുകയായിരുന്നു എന്നാരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനാകില്ല. 'ജനസമ്പര്‍ക്ക യാത്ര'യുടെ പേരില്‍ വില്ലേജ് ഓഫീസറുടെ വരെ ജോലിഏറ്റെടുത്തു ചെയ്യുന്ന ഉമ്മന്‍ചാണ്ടി, ഒരു സംസ്ഥാനത്തെത്തന്നെ ദോഷകരമായി ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ പണി ആരാണ് ചെയ്യേണ്ടത് എന്നതിന്‌ മറുപടി പറഞ്ഞേ തീരൂ.  

                      UDF സര്‍ക്കാരിന്‍റെ, വ്യക്തിപരമായി പി.ജെ ജോസഫിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായ ഈ അലംഭാവം മലയാളിക്ക് ഒരു കാലവും പൊറുക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ഇടതായാലും വലതായാലും, ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ജീവന്‍ പോകുന്ന വിഷയങ്ങളില്‍പ്പോലും അലംഭാവം കാണിക്കുന്ന ഇത്തരം രാഷ്ട്രീയ നേതൃത്വത്തെയാണോ നാം നമ്മുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഏല്‍പ്പിക്കുന്നത് എന്ന് മലയാളി ഇനിയെങ്കിലും ചിന്തിക്കണം.

Monday, November 21, 2011

BRAI ബില്‍ : കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കു തിരിച്ചടിയോ?ബയോ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (BRAI) ബില്‍ എന്ന പേരില്‍ ഒരു ബില്‍ നവംബര്‍ 22 പാര്‍ലമെന്‍റ് മുന്‍പാകെ അവതരിപ്പിക്കാന്‍ പോകുകയാണ്. ജനിതകമാറ്റം അടക്കമുള്ള ജനിതക പരീക്ഷണങ്ങള്‍ സംബന്ധിച്ച നിയന്ത്രണം ലക്ഷ്യമിട്ടാണ് ബില്‍ അവതരിപ്പിക്കുന്നത്‌ എന്നാണ് സര്‍ക്കാരിന്‍റെ അവകാശവാദം. എന്നാല്‍ ഈ ബില്‍ അവതരിപ്പിക്കുന്നതിനു മുന്‍പ് തന്നേ ഇതിന്‍റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. കോണ്ഗ്രസ്, ബി.ജേ.പി, ഇടതുപക്ഷം അടക്കം പാര്‍ട്ടി ഭേദമന്യേ അംഗങ്ങള്‍ ഈ ബില്ലിന്റെ അവതരണത്തെ എതിര്‍ത്തതിനെ തുടര്‍ന്നു അവതരണം മാറ്റി വെച്ചിരുന്നു. അതാണ് ഇപ്പോള്‍ അവതരിപ്പിക്കാന്‍ പോകുന്നത്.

ജനിതക മാറ്റം സംബന്ധിച്ച പരീക്ഷണങ്ങളും അവയുടെ ഉപയോഗവും ഇപ്പോള്‍ പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലാണ്. ഈ ബില്‍ നിയമമാകുന്നതോടെ അതിന്‍റെ നിയന്ത്രണം പൂര്‍ണ്ണമായും ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിലാകും. ഈ ബില്‍ അവതരിപ്പിക്കുന്നത്‌ തന്നേ നിയമവിരുദ്ധമായി ആണ് എന്നതാണ് പ്രധാന എതിര്‍പ്പ്. ഇപ്പോള്‍ പരിസ്ഥിതി,കൃഷി,ആരോഗ്യ മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള ഒരു വിഷയത്തില്‍ എങ്ങനെയാണു ശാസ്ത്ര-സാങ്കേതിക മന്ത്രാലയം ഒരു ബില്‍ കൊണ്ടുവരുന്നത് എന്നത് തന്നേ ഇതിന്‍റെ സാധുത ചോദ്യം ചെയ്യുന്നു.

ശാസ്ത്ര സാങ്കേതിക മന്ത്രാലയം എന്നാല്‍ ഇത്തരം പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മന്ത്രാലയമാണ്. അവരെ നിയന്ത്രണം ഏല്‍പ്പിക്കുന്നത് നൈതികമായി ശരിയല്ല. വനമേഖലയില്‍ നടക്കുന്ന ഖനനം പോലുള്ള പ്രവര്‍ത്തികളുടെ നിയന്ത്രണം വ്യവസായ വകുപ്പിനെ ഏല്‍പ്പിക്കും പോലുള്ള ഒരു മണ്ടത്തരം ആകുമിത്. പ്രൊമോഷനും നിയന്ത്രണവും ഒരിക്കലും ഒരുമിച്ചു ചേരുന്ന രണ്ട് സംഗതികളല്ല.

മറ്റൊരു പ്രധാന പ്രശ്നം, ഇത് സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നു കയറുന്നു എന്നതാണ്. സെക്ഷന്‍ രണ്ടില്‍ ഇങ്ങനെ പറയുന്നു
"It is hereby declared that it is expedient in the public interest that the Union take under its control the regulation of organisms, products and processes of modern biotechnology."

നേരത്തെ സംസ്ഥാനങ്ങളുടെ അധികാരം മാനിച്ചുകൊണ്ട്, ജനിതക പരീക്ഷണങ്ങള്‍ മണ്ണില്‍ നടത്തണോ വേണ്ടയോ എന്ന് അതതു സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാം എന്ന് കേന്ദ്രസര്‍ക്കാര്‍ (പരിസ്ഥിതി മന്ത്രാലയം) വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് ബീഹാര്‍, കേരളം തുടങ്ങിയ 11 സംസ്ഥാനങ്ങള്‍ ജനിതക വിമുക്തമായി പ്രഖ്യാപിക്കപ്പെടുകയും അത് കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിരുന്നു.
ജനിതക വിളകള്‍ സംസ്ഥാനത്ത് പരീക്ഷിക്കണോ വേണ്ടയോ എന്ന തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അത് നടക്കട്ടെ. എന്നാല്‍ അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ അധികാരം വേണമെന്ന കാര്യത്തില്‍ തര്‍ക്കം ഉണ്ടാവാന്‍ സാധ്യതയില്ല. ഈ ബില്ലോട് കൂടി സംസ്ഥാനങ്ങള്‍ക്ക് അത്തരം വിവേചന അധികാരങ്ങള്‍ നഷ്ടപ്പെടുകയാണ്. ഇത് സംസ്ഥാനത്തിന്‍റെ അധികാരതില്‍ കേന്ദ്രം കടന്നു കയറുന്നതിന്റെ ഉത്തമ ഉദാഹരണമാണ്. ഫെഡറല്‍ ജനാധിപത്യ സ്വഭാവത്തിന് തന്നേ ഇത് അപകടകരമാണ്.


മറ്റൊരു പ്രധാന കാര്യം, ഈ പരീക്ഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുന്ന അതോറിറ്റിയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കും എന്നതാണ്. ബി.ടി വഴുതന സംബന്ധിച്ച മുഴുവന്‍ വിവാദവും ഉണ്ടായത്, വിവരാവകാശനിയമം വഴി പുറത്തു വന്ന രേഖകള്‍ അടിസ്ഥാനപ്പെടുത്തി ആണെന്നതിനാല്‍, ഇത്തരം വിഷയങ്ങളില്‍ സുതാര്യത ഉറപ്പ് വരുത്താനും പൊതുജന ആശങ്ക അകറ്റാനും വിവരാവകാശ നിയമത്തെ മറികടക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഇതിന് പിന്നില്‍ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ ആണ്. അതും എതിര്‍ക്കപ്പെടെണ്ടതാണ്.

നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെ ഈ ബില്‍ അവതരിപ്പിക്കുന്നതിനെ തന്നേ പാര്‍ട്ടി ഭേദമന്യേ അംഗങ്ങള്‍ ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. സി.പി.എം , ബി.ജേ.പി, ആര്‍.ജേ.ഡി എന്നിവയിലെ മുതിര്‍ന്ന അംഗങ്ങള്‍ ഈ ബില്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ത്തു അഭിപ്രായം പറഞ്ഞു. അത് സ്വാഗതാര്‍ഹാമാണ്. എന്നാല്‍ കേരളത്തെ ബാധിക്കുന്ന പ്രശ്നത്തില്‍ സംസ്ഥാന മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ബോധിപ്പിക്കാന്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ ഉള്ള മുഖ്യമന്ത്രിയും മന്ത്രിമാരും ഇക്കാര്യം ശ്രദ്ധിച്ചിട്ടില്ല എന്നാണ് കരുതുന്നത്.

ബില്ലിലെ വ്യവസ്ഥകളെ എതിര്‍ക്കുക എന്നതിന്‌ പകരം, ഈ ബില്‍ അവതരിപ്പിക്കാനുള്ള നീക്കത്തെ തന്നേ എതിര്‍ക്കേണ്ടതുണ്ട് എന്നാണ് എനിക്ക്‌ തോന്നുന്നത്. പല തരത്തിലും ഇത് സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമാണ്. ജനിതകമാറ്റത്തെ അനുകൂലിക്കുന്നവര്‍ പോലും ഇതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ യോജിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ എം.പി മാരും ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങക്ക്
ഡ്രാഫ്റ്റ് ബില്‍ http://dbtindia.nic.in/Draft%20NBR%20Act_%2028may2008.pdf
ക്രിട്ടിസിസം http://indiagminfo.org/?page_id=82.


.

Thursday, October 27, 2011

എന്‍ഡോസള്‍ഫാന്‍; കേന്ദ്ര നിലപാട് അറിയില്ലെന്ന് കൃഷിമന്ത്രി


      എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതായി സംസ്ഥാന സര്‍ക്കാരിന് അറിവില്ലെന്ന് കൃഷിമന്ത്രി കെ.പി മോഹനന്‍. അതിനാല്‍ ആ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തോ എന്ന ചോദ്യത്തിന് കൃഷിമന്ത്രി മറുപടിയും പറഞ്ഞില്ല. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു കൃഷിമന്ത്രി. ശ്രീ. ഇ ചന്ദ്രശേഖരന്‍, വി.എസ് സുനില്‍ കുമാര്‍ , കെ.രാജു, ഇ.എസ് ബിനിമോള്‍ എന്നീ എം.എല്‍.എ മാര്‍ ചോദിച്ച നക്ഷത്ര ചിഹ്നമുള്ള ചോദ്യം 579 നു മറുപടി പറഞ്ഞുകൊണ്ടാണ് മന്ത്രി എന്‍ഡോസള്‍ഫാന്‍ കേസില്‍ കേന്ദ്രനിലപാടിനെതിരെ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന കാര്യം പരസ്യമായി സമ്മതിച്ചത്.
 

                               "എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതായി അറിവുണ്ടോ, എങ്കില്‍ ഈ നിലപാടിനെതിരെ കേരള സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ" എന്നതായിരുന്നു ചോദ്യം. "കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാരില്‍ ലഭ്യമല്ല". എന്നാണ് മറുപടിയായി കൃഷിമന്ത്രി കെ.പി മോഹനന്‍ സഭയെ അറിയിച്ചത്. ഇത് ഉമ്മന്‍ചാണ്ടി നേരത്തെ പ്രഖ്യാപിച്ച നിലപാടുകള്‍ക്ക് വിരുദ്ധമാണ്. കേന്ദ്ര കൃഷിമന്ത്രാലയം എന്‍ഡോസള്‍ഫാന് അനുകൂലമായ സത്യവാങ്ങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതിനെതിരെ അന്ന് തന്നേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്‌ വന്നിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രകൃഷി മന്ത്രാലയം എടുത്ത നിലപാടിനോടുള്ള വിയോജിപ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് ഉമ്മന്‍ചാണ്ടി അന്ന് പ്രസ്താവിച്ചിരുന്നു. ഇത്രയും ഗുരുതരമായ വിഷയങ്ങളില്‍പ്പോലും പ്രസ്താവനകള്‍ അല്ലാതെ സര്‍ക്കാര്‍ നടപടി ഒന്നും ഉണ്ടാവുന്നില്ലെന്ന സത്യമാണ് ഇതോടെ വെളിച്ചത്തു വന്നിരിക്കുന്നത്.

                        സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും എതിര്‍കക്ഷികള്‍ ആണ്. സംസ്ഥാന താല്‍പ്പര്യത്തിനു വിരുദ്ധമായി കേന്ദ്ര കൃഷിമന്ത്രാലയം കോടതിക്ക് നല്‍കിയ സത്യവാങ്ങ്മൂലത്തിന്റെ കോപ്പി പോലും സര്‍ക്കാര്‍ എടുത്തിട്ടില്ല എന്നത് കേസ് നടപ്പിലെ നിരുത്തരവാദിത്തമാണ് വെളിവാക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച കേസ് ദുര്‍ബ്ബലപ്പെടുത്തുന്നു എന്ന വാദം ഇരകളും മുന്നോട്ടു വെച്ചിരുന്നു. അത് ശരിവെക്കുന്നതാണ് ഇപ്പോള്‍ കൃഷിമന്ത്രിയുടെ പ്രസ്താവന. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച പുതിയ കമ്മറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് കൃഷിമന്ത്രി. 

Saturday, October 22, 2011

തിരുവഞ്ചൂരിന്റേതു പാഴ്വാക്ക്, ഭൂപരിഷ്കരണ നിയമം UDF അട്ടിമറിച്ചുതിരുവനന്തപുരം: ഭൂപരിഷ്കരണ നിയമം അട്ടിമറിക്കുന്ന നയം നിയമസഭയില്‍ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചു.  ഭൂപരിഷ്കരണനിയമ പ്രകാരമുള്ള ഭൂമിയുടെ ഉയര്‍ന്ന പരിധിയില്‍നിന്ന് കശുമാവിന്‍ തോട്ടങ്ങളെ ഒഴിവാക്കുന്നതും  സംസ്ഥാനത്തെ തോട്ടങ്ങളില്‍ തോട്ടഭൂമിയുടെ അഞ്ച് ശതമാനം വരെ ടൂറിസം ആവശ്യങ്ങള്‍ക്കായി റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കുന്നതുമാണ് പുതിയ നയം. ഫലത്തില്‍ തോട്ടങ്ങളെ ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയില്‍നിന്നും ഒഴിവാക്കിക്കൊണ്ട് തുണ്ടുവല്‍ക്കരിക്കാനുള്ള നയമാണ് യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 18 നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം റവന്യൂ മന്ത്രി നിയമസഭയില്‍ നടത്തിയതെന്നാണ്‌ രേഖകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ നയംമാറ്റം സംബന്ധിച്ച് പുതിയ നിയമഭേദഗതി കൊണ്ടുവരുന്നതിന് പകരം പിന്‍വാതിലിലൂടെ പുതിയ നയം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാവുകയാണ്. തോട്ട ഭൂമിയില്‍ ടൂറിസം അനുവദിക്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ ശ്രീ.പി.കെ ഗുരുദാസനും മൂന്ന് എം.എല്‍.എ മാരും ചോദിച്ച ചോദ്യത്തിന് മറുപടി പറയവേയാണ് സര്‍ക്കാരിന്‍റെ നയംമാറ്റം റവന്യൂ മന്ത്രി ഔദ്യോഗികമായി സഭയെ അറിയിച്ചത്. "തോട്ടങ്ങളുടെ മൊത്തം വിസ്തീര്‍ണത്തിന്റെ അഞ്ചുശതമാനത്തില്‍ കവിയാത്ത ഭൂമി ഉദ്യാനകൃഷി, വാനിലകൃഷി, ഔഷധ സസ്യകൃഷി, മറ്റു വിനോദസഞ്ചാര പദ്ധതിയില്‍പ്പെടുത്തി റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ അനുവദിച്ചിട്ടുണ്ട്" എന്നാണ് മന്ത്രി നല്‍കുന്ന മറുപടി. ഈ ആവശ്യത്തിലേക്ക് തോട്ടമുടമകളുടെ കയ്യില്‍ നിന്നും അപേക്ഷകള്‍ ഒന്നും ലഭിച്ചിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കുന്നു. 


   
           ഈ നിയമഭേദഗതി സംബന്ധിച്ച് ധനമന്ത്രി കെ.എം മാണി നേരത്തെ തന്‍റെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപനം നടത്തിയപ്പോള്‍ ഭരണ-പ്രതിപക്ഷത്തെ എം.എല്‍.എ മാര്‍ ഇതിനെ പരസ്യമായി എതിര്‍ത്തിരുന്നു. റവന്യൂ വകുപ്പിന്‍റെ നയത്തില്‍ ധനമന്ത്രി കൈകടത്തി എന്നാരോപിച്ച് റവന്യൂമന്ത്രി തന്നേ മുഖ്യമന്ത്രിയോട് പരാതി പറഞ്ഞതായി പോലും വാര്‍ത്തകള്‍ വന്നിരുന്നു. ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വി.ഡി സതീശന്‍, ടി.എന്‍ പ്രതാപന്‍ എന്നീ ഭരണകക്ഷി എം.എല്‍.എ മാരും നിയമസഭയില്‍ ഈ തീരുമാനത്തെ എതിര്‍ത്തു. അന്ന് നിയമസഭയില്‍ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ, ധനമന്ത്രിയുടെ നിലപാടിനെ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തള്ളിപ്പറഞ്ഞിരുന്നു. പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്തു പ്രതിപക്ഷത്തിന്റെ കൂടി സമവായത്തോടെയേ ഇത് സംബന്ധിച്ച ഭേദഗതി ഉണ്ടാവൂ എന്നാണ് അന്ന് നിയമസഭയ്ക്ക് റവന്യൂമന്ത്രി നല്‍കിയ ഉറപ്പ്. എന്നാല്‍ മൂന്ന് മാസം പിന്നിട്ടപ്പോള്‍ , ഒരു ചര്‍ച്ചയുമില്ലാതെ നിയമഭേദഗതി പോലുമില്ലാതെ കെ.എം.മാണി പറഞ്ഞ നയങ്ങള്‍ സര്‍ക്കാര്‍ നയമായി പ്രഖ്യാപിക്കുകയാണ് റവന്യൂമന്ത്രി ചെയ്തിരിക്കുന്നത്. സമവായം സംബന്ധിച്ച് നിയമസഭയ്ക്ക് തിരുവഞ്ചൂര്‍ നല്‍കിയ ഉറപ്പാണ് ഇതോടെ പാഴായത്. മുന്നണിയിലോ പാര്‍ട്ടിയിലോ ഇത് സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ല എന്നാണു ഭരണപക്ഷ എം.എല്‍ .എ മാര്‍ പറയുന്നത്.


        
ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് സര്‍ക്കാരിന്‍റെ ഈ നയം മാറ്റം. ഇതോടെ കശുമാവ് അധികമായി വളരുന്ന സ്ഥലങ്ങളില്‍ പരിധിയില്ലാതെ ഭൂമി വാങ്ങിക്കൂട്ടാന്‍ ആര്‍ക്കും കഴിയും. മാത്രമല്ല, തോട്ടങ്ങളില്‍ ടൂറിസത്തിനായി റിസോര്‍ട്ടുകള്‍ പണിയാമെന്ന നിയമം വഴി തോട്ടങ്ങള്‍ തുണ്ടുവല്‍ക്കരിക്കപ്പെടുകയും അത് ആയിരക്കണക്കിന് ഏക്കറിലെ കൃഷി കുറയ്ക്കുകയും ചെയ്യും.  സംസ്ഥാനത്ത് ത്തോട്ടം എന്ന നിലയില്‍ 4,88,138 ഏക്കര്‍ ഭൂമി നിലവിലുണ്ടെന്ന് അതേ ചോദ്യത്തിന് ഉത്തരമായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കുന്നുണ്ട്. ഈ നയം മാറ്റത്തോടെ അതിന്‍റെ അഞ്ച് ശതമാനമായ 24000 ല്‍പ്പരം ഏക്കര്‍ ഭൂമി കൃഷിയില്‍നിന്നും മാറ്റാനുള്ള സാധ്യതയാണ് കാണുന്നത്. അതുമാത്രമല്ല, നിലനില്‍ക്കുന്ന നിരവധി കേസുകളില്‍ ഈ നയംമാറ്റം സര്‍ക്കാരിന് ദോഷം ചെയ്യും. മൂന്നാറിലെ നൂറിലേറെ റിസോര്‍ട്ടുകള്‍കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് അവര്‍ കൃഷിക്കായി നല്‍കിയ ഭൂമിയില്‍ റിസോര്‍ട്ട് നിര്‍മ്മിച്ചു ‌ എന്ന കാരണത്താല്‍ ആണ്. നെല്ലിയാമ്പതിയിലെ ആയിരക്കണക്കിന് ഏക്കര്‍ പാട്ടഭൂമിയും ടൂറിസം നടത്തിയതിന്റെ പേരില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. ഈ കേസിലെല്ലാം സര്‍ക്കാര്‍ തോല്‍ക്കാനും പതിനായിരക്കണക്കിനു ഏക്കര്‍ ഭൂമി പൊതുസമൂഹത്തിനു അന്യാധീനപ്പെടാനുമാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ നയം വഴിവെക്കുക.

          
മൂന്നാറിലെ ക്ലൌഡ് നയന്‍ റിസോര്‍ട്ടും ഹില്‍ വ്യൂ റിസോര്‍ട്ടും, ഹോളിഡേ ഇന്‍ റിസോര്‍ട്ടും കെ.എം.മാണിയുടെ മകളുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയില്‍ ആണ്. സര്‍ക്കാരിന്‍റെ ഈ നയം മാറ്റത്തോടെ നേരിട്ട് ഗുണം കിട്ടുന്നത് ഇത്തരം അനധികൃത ടൂറിസം ലോബിക്കാണ്. കെ.എം മാണിയുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കു റവന്യൂ മന്ത്രിയും സര്‍ക്കാരും അടിയറവു പറയുന്ന കാഴ്ചയാണ് ഇതോടെ കാണാനാവുന്നത്. ഈ നയവ്യതിയാനത്തോടുകൂടി നിയമസഭയ്ക്ക് റവന്യൂമന്ത്രി നേരത്തെ നല്‍കിയ വാക്ക് പാഴ്വാക്കായതിനാല്‍ വരും ദിവസങ്ങളില്‍ ഈ വിഷയം വലിയ വിവാദങ്ങളിലെക്കാവും സര്‍ക്കാരിനെ നയിക്കുക. 

Friday, October 21, 2011

മോഹന്‍ലാലിന്റെ വീട്ടില്‍ ആനക്കൊമ്പ്: പരിശോധന തീര്‍ന്നിട്ടില്ലെന്നു വനംമന്ത്രി
ആദായ നികുതി വകുപ്പ് നടന്‍ മോഹന്‍ലാലിനെ വീട്ടില്‍ നിന്നു പിടിച്ചെടുത്തത് ആനക്കൊമ്പ് ആണോയെന്ന് ഇതുവരെ സ്ഥിരീകരിചിട്ടില്ലെന്നു വനം മന്ത്രി ഗണേഷ് കുമാര്‍ .
നിയമസഭയില്‍ പി.ടി.എ റഹീം എം.എല്‍.എ യുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് വനം മന്ത്രി ഇക്കാര്യം വ്യക്തമാക്കുന്നത്. "മോഹന്‍ ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് പോലെയുള്ള വസ്തുക്കള്‍ കണ്ടെത്തിയതായി അറിയിച്ചിട്ടുണ്ട്. അത് യഥാര്‍ത്ഥ ആനക്കൊമ്പ് ആയിരുന്നുവോ എന്നുള്ള വിവരം പരിശോധിച്ച് വരുന്നതേയുള്ളൂ" എന്നാണ് വനം മന്ത്രി നല്‍കുന്ന മറുപടി.  അതില്‍ കേസെടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് "യഥാര്‍ത്ഥ ആനക്കൊമ്പാണെന്ന് കണ്ടെത്തുകയും നിയമാനുസൃത രേഖകള്‍ ഇല്ലാതെയാണ് സൂക്ഷിക്കുന്നതെന്നു കാണുകയും ചെയ്‌താല്‍ മാത്രമേ കേസെടുക്കാന്‍ കഴിയുകയുള്ളൂ" എന്നാണ് വനം മന്ത്രി ഗണേഷ് കുമാര്‍ നല്‍കുന്ന മറുപടി.

 ജൂലൈ 22 നാണ് മോഹന്‍ലാലിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതും ആനക്കൊമ്പ് കണ്ടെടുക്കുകയും ചെയ്തത്. ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഉണ്ടെങ്കില്‍ കൈവശം വെക്കാമെന്നും ഇല്ലെങ്കില്‍ വനം വകുപ്പിന് കൈമാറി കേസെടുക്കുമെന്നും ആണ് അന്ന് ആദായവകുപ്പു ഉദ്യോഗസ്ഥര്‍ അറിയിച്ചത്. എന്നാല്‍ പിടിച്ചെടുത്തത് ആനക്കൊമ്പ് തന്നെയാണെന്നും തനിക്കു ഒരാള്‍ സമ്മാനിച്ചതാണെന്നും മോഹന്‍ലാല്‍ ഉദ്യോഗസ്ഥര്‍ മുന്‍പാകെ മൊഴി നല്‍കിയാതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇത് സംബന്ധിച്ച ലൈസന്‍സ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും വാര്‍ത്തകള്‍ വന്നിരുന്നു. നാളിതുവരെയായി അത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും ആദായനികുതി വകുപ്പ് പുറത്തു വിട്ടിട്ടില്ല.


പിടിച്ചെടുത്ത വസ്തു ആനക്കൊമ്പ് തന്നെയാണോ എന്നറിയാന്‍ മൂന്ന് മാസത്തെ പരിശോധനയുടെ ആവശ്യമില്ലെന്നും ഇതുസംബന്ധിച്ച കാര്യങ്ങളില്‍ ഇരു വകുപ്പുകളും ഒളിച്ചു കളിക്കുകയാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു.

Thursday, October 20, 2011

ഇരകള്‍ക്ക് നേരെ റിപ്പോര്‍ട്ടര്‍ ചാനല്‍ ഹിഡന്‍ ക്യാമറ വേട്ട !!!


പ്രതികളെ മാത്രം വേട്ടയാടിയിരുന്ന ഹിഡന്‍ ക്യാമറ ഇതാ ഇരകളെയും വേട്ടയാടി തുടങ്ങിയിരിക്കുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍ അഭിമാനപുരസ്സരം കാഴ്ചവെക്കുന്നു...
കോഴിക്കോട് ഐസ്ക്രീം കേസിലെ ഇരകളായി (?) ആത്മഹത്യ ചെയ്ത രണ്ട് പെണ്‍കുട്ടികളുടെ വീട്ടുകാരെ ഹിഡന്‍ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യം റിപ്പോര്‍ട്ടര്‍ ചാനലില്‍ ഇന്നലെ മുതല്‍ തുടര്‍ച്ചയായി കാണിക്കുന്നു. ദാ ഇതെഴുതുന്ന നിമിഷവും അത് തന്നെയാണ് ചാനലിന്റെ ചൂടുള്ള, പലവുരു ആവര്‍ത്തിക്കുന്ന ദൃശ്യം. 

                       പലേ കാരണങ്ങളാലും വര്‍ഷങ്ങളായി സമൂഹത്തില്‍ നിന്നും  അകന്നു കഴിയുകയായിരുന്നു ഈ ഇരകള്‍ . എന്തിനാണവര്‍ സമൂഹത്തില്‍ നിന്നും അകന്നു ജീവിക്കുന്നതെന്ന് അന്വേഷിക്കുന്നതും റിപ്പോര്‍ട്ട് ചെയ്യുന്നതും നല്ല മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ആ സത്യങ്ങള്‍ പുറം ലോകം അറിയേണ്ടതാനെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. എന്നാല്‍, അവരെ തേടിപ്പിടിച്ചു സമ്മതമില്ലാതെ വീഡിയോ എടുത്തു അത് മുഖം പോലും മാസ്ക് ചെയ്യാതെ കൊടുക്കുന്നത് എവിടത്തെ മാധ്യമ ധര്‍മ്മമാണ് സാര്‍? റിപ്പോര്‍ട്ടറോട് ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ വിശ്വസിച്ചു പറയുന്ന കാര്യങ്ങള്‍ ആണ് അവരുടെ സമ്മതമില്ലാതെ നിങ്ങള്‍ സംപ്രേഷണം ചെയ്തിരിക്കുന്നത്.

  ഇതേക്കുറിച്ച് നികേഷ് കുമാര്‍ തന്റെ ഗൂഗിള്‍ പ്ലസ് അക്കൌണ്ടില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു.  
"ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുമായി ബന്ധപ്പെട്ടവരാരും ക്യാമറക്കു മുമ്പില്‍ വരാന്‍ തയ്യാറായിരുന്നില്ല. അതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ടര്‍ ഒളിക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തീരുമാനിച്ചത്." എന്ന്. അതായത് ഈ വീഡിയോ അവരുടെ സമ്മതമില്ലാതെ, ഇഷ്ടത്തിന് വിരുദ്ധമായി, ചാനല്‍ തീരുമാനിച്ചു പോയി ഷൂട്ട്‌ ചെയ്തതാണെന്ന് ചാനലുടമ സമ്മതിക്കുന്നു. ഇരകള്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് ലോകം കേള്‍ക്കാന്‍ കാര്യങ്ങള്‍ പറയുന്നില്ലെങ്കില്‍ ചാനല്‍ ഒളിക്യാമറയില്‍ അവരെ കുടുക്കുമെന്നാണോ ഇതിലൂടെ നികേഷ് കുമാര്‍ എല്ലാ ഇരകള്‍ക്കും നല്‍കുന്ന സന്ദേശം?. എന്ത് പറയണം എന്ത് പറയാതിരിക്കണം എന്ന അവകാശമൊന്നും അവര്‍ക്കും ഇല്ലേ?   ഇതാണോ 'റിപ്പോര്‍ട്ടര്‍' ചാനല്‍ തുടങ്ങുമ്പോള്‍ നികേഷ് കുമാര്‍ പറഞ്ഞ മാധ്യമ ധര്‍മ്മം? ഏതു മലയാളിക്കും മൊബൈല്‍ ഉപയോഗിച്ച് ഇത്തരം വാര്‍ത്തകള്‍ അയച്ചു തരാമെന്നാണോ ഇനി നാമതിനെ വായിചെടുക്കേണ്ടത്?


ഈ സമൂഹത്തില്‍ പങ്കെടുത്തു ജീവിക്കാനുള്ള അവരുടെ അവകാശത്തിന്റെ അതേ നിലയിലുള്ള അവകാശമാണ് സ്വകാര്യതയുമായി ജീവിക്കാന്‍ അവര്‍ക്കുള്ളത്. ഭരണഘടന ആ വ്യക്തികള്‍ക്ക് അനുവദിക്കുന്ന സ്വകാര്യതാ അവകാശത്തോളമേ വരൂ ചാനലുകളുടെ മാധ്യമ അവകാശവും. പരസ്പരം ബഹുമാനിച്ചു അതിര്‍വരമ്പുകള്‍ സൂക്ഷിക്കുംപോഴാണ് ജനാധിപത്യം പുലരുക.


ബാലകൃഷ്ണപിള്ളയെയോ അതുപോലെ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെയോ ഹിഡന്‍ ക്യാമറയില്‍ കുടുക്കുന്നത് / അവരുടെ ടെലഫോണ്‍ റിക്കാര്‍ഡ് ചെയ്തു സംപ്രേഷണം ചെയ്യുന്നതിലെ സാംഗത്യം മനസിലാക്കാം. ഒരാളുടെ സ്വകാര്യതയെ ഭഞ്ജിക്കുന്ന ഹിഡന്‍ ക്യാമറ എന്ന 'തെറ്റ്' 'ശരി'യാവുന്നത് അതിന്‍റെ ഉപയോഗം അതിലും വലിയ തെറ്റുകള്‍ പുറത്തു കൊണ്ടുവരാന്‍ ഉപയോഗിക്കുമ്പോള്‍ ആണ്. അതും തെറ്റ് ചെയ്തവരുടെ നേരെ.  ഇതിന് മുന്‍പും പല ചാനലുകളും പലര്‍ക്കുമെതിരെ ഹിഡന്‍ ക്യാമറകള്‍ ഉപയോഗിക്കുകയും , സാധാരണ രീതിയില്‍ തുറന്നു പറയാത്ത, തുറന്നു കാട്ടാത്ത  സത്യങ്ങള്‍ ജനങ്ങള്‍ക്ക്‌ മുന്‍പാകെ തുറന്നു കാട്ടുകയും ചെയ്തിട്ടുണ്ട്. അഭിനന്ദനാര്‍ഹമാണ് അത്തരം ശ്രമങ്ങള്‍ .
                           എന്നാല്‍ ഇരകളോട് അതേ സമീപനമാണോ വേണ്ടത്?? ഒന്നും പരസ്യമായി പറയാനില്ലാത്തവരെ അവരറിയാതെ വീഡിയോവില്‍ പിടിക്കുന്നതും അത് വാര്ത്തയാക്കുന്നതും തെറ്റായ മാധ്യമ നിലപാടെന്ന് റിപ്പോര്‍ട്ടര്‍ ചാനലിനോട് വിനയപൂര്‍വ്വം പറയട്ടെ. അവര്‍ പറഞ്ഞ കാര്യങ്ങള്‍ മലയാളി അറിയേണ്ടതാനെന്നു നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ റിപ്പോര്‍ട്ടറുടെ  വാചകങ്ങളില്‍ അത് പറയാവുന്നതാണ്. അതിനാണ് റിപ്പോര്‍ട്ടര്‍ . നാളെ അതിന്‍റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടാല്‍, അത് തെളിയിക്കാനുള്ള തെളിവ് തങ്ങളുടെ പക്കലുണ്ടെന്ന് സര്‍ക്കാരിനെ വെല്ലുവിളിക്കാം, കോടതിക്ക് കൈമാറാം.. അല്ലാതെ, ഇരകളെ ഹിഡന്‍ ക്യാമറയില്‍ കുരുക്കിയല്ല വാര്‍ത്തകള്‍ മെനയേണ്ടത്. ഒരു മനുഷ്യന് മറ്റൊരു മനുഷ്യന് മേലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന തരത്തില്‍ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട് ഇത്തരം ഹിഡന്‍ ക്യാമറാ ദുരുപയോഗങ്ങള്‍. അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന ഇമ്പാക്റ്റ് ഒരാള്‍ക്കും നല്ലതാവില്ല.

മത്സരത്തിന്‍റെ  ഭാഗമായാവണം, ഇതാ ഇന്ത്യാവിഷനും ആ വാര്‍ത്ത സംപ്രേഷണം ചെയ്തു തുടങ്ങി. ഹിഡന്‍ ക്യാമറാ ദൃശ്യങ്ങള്‍ക്കൊപ്പം ഇരകളെ ഫോണ്‍ വിളിച്ചു റിക്കാര്‍ഡ് ചെയ്തത് കേള്പ്പിച്ചാണ് ഇന്ത്യാവിഷന്‍ ഈ പണി ചെയ്യുന്നത്.. "ഇനി മാധ്യമ പ്രവര്‍ത്തകരോട് വിശ്വസിച്ചു ഒന്നും പറയാന്‍ പറ്റില്ലല്ലോ" എന്ന് ബെര്‍ളി പണ്ട് ചോദിച്ച ചോദ്യം ഇപ്പോള്‍ ശരിയാവുകയാണോ??


ഈ വാര്‍ത്ത അറിഞ്ഞിട്ടും , "ഇരകള്‍ക്ക് സ്വമേധയാ ഒന്നും പറയാനില്ലെങ്കില്‍ ഹിഡന്‍ ക്യാമറ ഉപയോഗിച്ച് അവരുടെ വാര്‍ത്ത കൊടുക്കില്ല" എന്ന മാതൃകാപരമായ നിലപാടാണ് ഏഷ്യാനെറ്റ് ന്യൂസ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത് എന്നാണ് ഞാന്‍ അറിഞ്ഞത്. ശരിയെങ്കില്‍, നികേഷ് കുമാറും എം.പി ബഷീറും അത് കണ്ടു പഠിക്കേണ്ടതാണ്.

ചിത്രങ്ങള്‍ക്ക് കടപ്പാട് : 1, 2, 3

Wednesday, October 19, 2011

മുഖ്യമന്ത്രിക്കും അനോണിയോ?
"അയ്യോ, ഞാന്‍ പറഞ്ഞതാണെന്ന് പറഞ്ഞു കൊടുക്കല്ലേ, എന്നെ ഉപദ്രവിക്കല്ലേ.... "  ഒന്ന് രണ്ടാഴ്ചയ്ക്കു മുന്‍പ് ബാലകൃഷ്ണ പിള്ള റിപ്പോര്‍ട്ടര്‍ ചാനലിനോട് കെഞ്ചുന്നത് നാം കേട്ടതാണ്. ഒരാള്‍ നിയമലംഘനം നടത്തിയിട്ട് അത് മറച്ചു പിടിക്കാന്‍ മാധ്യമ പ്രവര്‍ത്തകരോട് പറയുമ്പോള്‍ അതനുസരിക്കേണ്ട ബാധ്യത മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടോ എന്ന ചോദ്യം പലരും ഉന്നയിച്ചു കേട്ടു. ഒരാള്‍ 'ഓഫ് ദി റിക്കാര്‍ഡ്' ആയി പറയുന്ന കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്താമോ എന്ന ചോദ്യവും ആ വിവാദത്തില്‍ ഉന്നയിച്ചു കേട്ടു. ഇതെല്ലാം ഉണ്ടാവുന്നത് ഒരാള്‍ അങ്ങനെ പറഞ്ഞോ ഇല്ലയോ എന്ന് പൊതുജനം അറിയരുത് എന്ന ഉദ്ദേശത്തിലാണ്. നാളെ 'മാധ്യമസൃഷ്ടി' എന്ന ന്യായം പറഞ്ഞു തടി തപ്പാനാണ്.

                       പിള്ളയുടെ അതേ ശ്രുതിയിലും താളത്തിലും അതേ 'സംഗതി' സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും ഉയരുമ്പോള്‍ നാം അത്ഭുതപ്പെടും !! അതും ഈ വിവാദങ്ങള്‍ ഉണ്ടായി അതേ ആഴ്ച, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പുറത്തിറങ്ങിയ ഔദ്യോഗിക പത്രക്കുറിപ്പിലും മാധ്യമങ്ങളോട് സമാനമായ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത് കാണുക. ബാലകൃഷ്ണപിള്ളയ്ക്ക് സങ്കീര്‍ണ്ണമായ എട്ടു രോഗങ്ങള്‍ ഉണ്ടെന്നും, അതിനാലാണ് ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തതെന്നും മറ്റും പറയുന്ന പത്രക്കുറിപ്പില്‍ പിള്ള റിപ്പോര്‍ട്ടര്‍ ചാനലിനോട് സംസാരിച്ചത് സംബന്ധിച്ച ആഭ്യന്തര വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയെന്നും അതില്‍ തുടര്‍നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചുവെന്നുമാണ് വെളിപ്പെടുത്തുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നിറങ്ങിയ പത്രക്കുറിപ്പിന്റെ തുടക്കത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു "ദയവായി ഇത് ഔദ്യോഗിക പത്രക്കുറിപ്പായി പ്രസിദ്ധീകരിക്കരുത്" !!! മുഖ്യമന്ത്രിയുടെ ഔദ്യോഗിക പത്രക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റില്‍ ഇതും നല്കിയിരിക്കുന്നു.

                                    വിചിത്രമായ ഒരാവശ്യമാണ് ഇത്. സര്‍ക്കാര്‍ പണം മുടക്കി സര്‍ക്കാരിന്റെ കാര്യം പറയാന്‍ ഇറക്കുന്ന പത്രക്കുറിപ്പില്‍ 'ഔദ്യോഗികം ആയി പ്രസിധീകരിക്കരുതെ'ന്നു പറയുന്നതിന്റെ യുക്തി എന്താണ്?? ആഭ്യന്തര വകുപ്പിന്‍റെ റിപ്പോര്‍ട്ട് കിട്ടിയെന്നു മാധ്യമാപ്രവര്തകരോട് പറഞ്ഞ മുഖ്യമന്ത്രി അതിനുമേല്‍ നടപടിയെടുക്കുമോ എന്ന ചോദ്യങ്ങളോട് ഒഴിഞ്ഞു മാറിയിരുന്നു. എന്നാല്‍ തിരികെ അലോസരപ്പെടുത്തുന്ന ചോദ്യങ്ങള്‍ ഒന്നുമില്ലാതെ തനിക്കു പറയാനുള്ളത് തന്‍റെ പേരിലല്ലാതെ പുറത്തു വരാന്‍ ചാണ്ടിക്കുഞ്ഞ് കാണിക്കുന്ന പൂഴിക്കടകനാണ് ഇത്തരം 'തറ' നമ്പരുകള്‍ . നാളെ നിഷേധിക്കാവുന്ന പ്രസ്താവനകള്‍ .

        ഈ നമ്പര്‍ ഫലം കണ്ടോ? പിറ്റേന്ന് 'മാതൃഭൂമി' എങ്ങനെയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തതെന്ന് നോക്കുക. ഉമ്മന്‍ചാണ്ടി  പറഞ്ഞത് വള്ളിപുള്ളി വ്യത്യാസമില്ലാതെ അതേപടി മാതൃഭൂമി പ്രസിദ്ധീകരിച്ചു. എന്നാല്‍ ഇത് മുഖ്യമന്ത്രിയുടെ പത്രക്കുറിപ്പാണെന്ന സത്യം അവര്‍ വിഴുങ്ങി.. തിരുവായ്ക്കെതിര്‍വാ ഉണ്ടോ? (മനോരമ എങ്ങനെ കൊടുത്തോ ആവോ!) പത്രക്കുറിപ്പല്ല , മാതൃഭൂമി ലേഖകന്‍ കണ്ടെത്തിയ സത്യം എന്ന നിലയ്ക്കാണ് വാര്‍ത്ത വരുന്നത്. ചാണ്ടി ആഗ്രഹിച്ചതും മാധ്യമങ്ങള്‍ നല്കിയതും...... പക്ഷെ ആ പത്രക്കുറിപ്പ് അപ്പടി ഇന്റര്‍നെറ്റില്‍ സ്വന്തം വെബ്സൈറ്റില്‍ ഇടാനുള്ള മണ്ടത്തരം മുഖ്യമന്ത്രിക്ക് ഉണ്ടായി.  


ഇതാ പത്രക്കുറിപ്പുകള്‍ സംബന്ധിച്ച്  പുതിയ വിവാദങ്ങളും ഉയരുന്നുണ്ട്. ഒരു മുഖ്യമന്ത്രി തന്‍റെ ഓഫീസിനെ രാഷ്ട്രീയക്കളിയുടെ ചീഞ്ഞ അടവുകള്‍ക്കായി ഉപയോഗിക്കുമ്പോള്‍ അതിനു മിണ്ടാതെ കൂട്ടു നില്‍ക്കുന്നതാണോ മാധ്യമ പ്രവര്‍ത്തനം? എന്തുകൊണ്ടാണ് ഇത്തരം മര്യാദകേടിനെ ഒരു മാധ്യമവും , മാധ്യമ പ്രവര്‍ത്തകനും തള്ളിപ്പറയാത്തത്? ചുരുങ്ങിയപക്ഷം അത് അപ്പടി വാര്‍ത്തയായി കൊടുക്കാതെയെങ്കിലും ഇരിക്കാത്തത്‌? ഔദ്യോഗികമായും അല്ലാതെയും അനോണിയായും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഗൌരവമായ വിഷയങ്ങളില്‍ പത്രക്കുറിപ്പുകള്‍ ഇറങ്ങാമോ? നാലാം തൂണുകള്‍ ഇത് കാണേണ്ടിയിരിക്കുന്നു. പ്രതികരിക്കേണ്ടിയും.


Monday, September 26, 2011

എന്‍ഡോസള്‍ഫാന്‍: യു.ഡി.എഫ് സര്‍ക്കാര്‍ ഇരകളെ മറക്കുന്നുവോ?

                   എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച കേസ് ഇന്ന് (Sep-26) സുപ്രീംകോടതി പരിഗണിക്കാന്‍ ഇരിക്കുകയാണ്. എന്നാല്‍ ഈ കേസില്‍ കേരള സംസ്ഥാനത്തിന്റെ വാദങ്ങളെ ദുര്‍ബ്ബലമാക്കുന്ന രേഖകളാണ് ഇപ്പോഴും കോടതിയില്‍ നിലനില്‍ക്കുന്നത്. കാസര്‍കോഡ് ജില്ലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സംസ്ഥാന കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കേന്ദ്രകൃഷിമന്ത്രാലയത്തെ അറിയിച്ചത്. ആ രേഖകളാണ് സുപ്രീംകോടതി നിയോഗിച്ച സമിതി കേരളത്തിന്റെ നിലപാടായി കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ഈ വിഷയം രേഖകള്‍ സഹിതം വാര്‍ത്തയായിട്ടും അത് അന്വേഷിക്കാനോ തെറ്റായ നിലപാട് തിരുത്താനോ സംസ്ഥാന കൃഷി മന്ത്രി ശ്രീ.കെ.പി മോഹനനോ സര്‍ക്കാരോ തയ്യാറായിട്ടില്ല. ഇതുസംബന്ധിച്ച മാധ്യമപ്രവര്തകരുടെ ചോദ്യങ്ങളില്‍ നിന്നും മന്ത്രി ഒഴിഞ്ഞുമാറി. നിലപാടിലെ ഈ വൈരുധ്യം കേസിന്റെ വാദത്തിനിടെ ഉത്പാദകര്‍ ചൂണ്ടിക്കാണിക്കുമെന്നും കേസിനെ ദോഷകരമായി ബാധിക്കുമെന്നാണ് നിയമവിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നത്.

                     സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ കള്ള വിവരങ്ങള്‍ നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ശരിയായ വിവരങ്ങള്‍ കോടതിയെ ധരിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു ഞാന്‍ മുഖ്യമന്ത്രിക്ക് പരാതി അയച്ചിട്ട് ഒന്നര മാസമായിട്ടും പരാതിയില്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. ഏറെ കൊട്ടിഘോഷിച്ച മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് വഴി ഞാന്‍ നല്‍കിയ പരാതിയുടെ അവസ്ഥയെന്താണെന്ന് പോലും അതില്‍ പരിശോധിക്കാന്‍ ആവുന്നില്ല.  

                  കൃഷിമന്ത്രിമാര്‍ക്ക് എല്ലാം ഒരേസ്വരം എന്ന മട്ടിലാണ് കേരള കൃഷിമന്ത്രി കെ.പി മോഹനന്‍ കഴിഞ്ഞ ദിവസം ഒരു പ്രഖ്യാപനം നടത്തിയത്. എന്‍ഡോസള്‍ഫാന്‍ ദുരന്തം പ്രാദേശിക പ്രശ്‌നം മാത്രമാണെന്നും ആകാശമാര്‍ഗ്ഗം തളിച്ചതും മണ്ണിന്റെ അമ്ലാംശവുമാണ് കാസര്‍ഗോഡ് ദുരന്തം വിതച്ചത് എന്നുമുള്ള അങ്ങേയറ്റം നിരുത്തരവാദവും ക്രൂരതയും നിറഞ്ഞ പ്രസ്താവനയാണ് മന്ത്രി നടത്തിയത്. കോഴിക്കോട്ടെയും പാലക്കാട്ടെയും ഇരകളുടെ വാര്‍ത്ത വന്നപ്പോള്‍ അതെല്ലാം ഗൌരവപൂര്‍ണ്ണമായി കാണുമെന്നു പ്രസ്താവിച്ച അതേ മന്ത്രിയാണ് ഈ പ്രസ്താവന നടത്തിയതെന്നും നാം ഓര്‍ക്കേണ്ടതാണ്. ഏതു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു അറിവ് മന്ത്രിക്കു കിട്ടിയതെന്ന് മനസിലാവുന്നില്ല. എന്‍ഡോസള്‍ഫാന്‍ ലോബിക്കുവേണ്ടി ഭരണം നടത്തുന്ന കേന്ദ്ര കൃഷിമന്ത്രി ശരദ്പവാറിന്റെ പത്തുമിനുട്ട് നേരത്തെ സാന്നിധ്യം മോഹനന്‍ മന്ത്രിയെ ഇത്രയേറെ മാറ്റിയെങ്കില്‍ ശരദ് പവാറിനോപ്പം ഏറെക്കാലം ജോലിചെയ്ത കെ.വി തോമസ്‌ ഇതിനപ്പുറം പറഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ.. എന്നാല്‍ വിഷയം വിവാദമായതോടെ മിനുട്ടുകള്‍ക്കകം മന്ത്രി ഇത് തിരുത്തുകയും ചെയ്തു. എന്തൊക്കെയായാലും മന്ത്രിമാരുടെ മനസിലിരിപ്പ് വ്യക്തമാക്കുന്ന പ്രസ്താവനകള്‍ ആണ് ഇതുവഴി പുറത്തു വരുന്നത്.

                                             ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്ന ഉടനേ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഇടപെടുകയും ഇരകള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ആ വിഷയം സര്‍ക്കാര്‍ പാടേ അവഗണിച്ചു. പ്രധാനമന്ത്രിയെ കാസര്‍കോട്ട് കൊണ്ടുവരുമെന്നും കേന്ദ്രസര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കും എന്നുമൊക്കെ വീമ്പുപറഞ്ഞ മുഖ്യമന്ത്രി പിന്നീട് അതെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പോയപ്പോഴും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടി  മുഖ്യമന്ത്രിയോ മന്ത്രിമാരോ ഒന്നും ചെയ്തിട്ടില്ല എന്നതാണ് ഏറെ സങ്കടകരം.. ഇരകളെ സംസ്ഥാന സര്‍ക്കാര്‍ മറന്നുതുടങ്ങി എന്നതിന്റെ സൂചനയാണ് ഇത്. സ്റോക്ക്ഹോം സമ്മേളനത്തില്‍ പങ്കെടുത്തു എന്‍ഡോസല്ഫാനെതിരായി ശക്തമായി നിലപാടെടുത്തു ഇരകളെ ചികിത്സിക്കുന്നതില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ച ഡോ.മുഹമ്മദ്‌ അഷീലിനെ എന്‍ഡോസള്‍ഫാന്‍ റെമഡിയേഷന്‍ അസിസ്ടന്റ്റ് നോടല്‍ ഓഫീസര്‍ സ്ഥാനത്ത് നിന്നും നിന്നും നീക്കം ചെയ്യുകയും സുപ്രീം കോടതിയിലെ കേസില്‍ ഇടപെടെണ്ടതില്ല എന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതെല്ലാം എന്‍ഡോസള്‍ഫാന്‍ ഇരകളെ മറന്ന സര്‍ക്കാരിന്റെ നീക്കങ്ങളായി ആണ് പ്രദേശത്തുകാര്‍ കാണുന്നത്.  കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഘ്വി എന്‍ഡോസള്‍ഫാന്‍ ഉത്പാദകര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായതും ഉത്പാദകരില്‍ നിന്നും കോണ്‍ഗ്രസ് അമ്പതു ലക്ഷം ഫണ്ട് വാങ്ങി എന്ന വാര്‍ത്തയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.

                                            എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുമ്പോഴും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബൂണല്‍ കൊണ്ടുവരാന്‍ കഴിഞ്ഞ ഇടതുസര്‍ക്കാര്‍ യാതൊരു ശ്രമവും നടത്തിയിരുന്നില്ല. ഇതിനെതിരെ അന്ന് ഹൈക്കോടതിയില്‍ കേസ് നല്‍കിയത് കോണ്‍ഗ്രസിന്റെ അഭിഭാഷക സംഘടനാ ഭാരവാഹിയായ അഡ്വ.ആസിഫ് അലിയാണ്. ഇന്ന് അഡ്വ.ആസിഫ് അലി ഹൈക്കോടതിയിലെ സംസ്ഥാന പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ആണ്. സര്‍ക്കാര്‍ അധികാരത്തിലേറി നാല് മാസം കഴിഞ്ഞിട്ടും കേസില്‍ യാതൊരു തീരുമാനവുമില്ല !! മാധ്യമങ്ങള്‍ക്കും അതൊരു വാര്‍ത്തയല്ല !! കാസര്‍കോട്ട് സൂക്ഷിച്ചിട്ടുള്ള 1500 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യ മാക്കാനുള്ള കാര്യക്ഷമമായ ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും കാണുന്നില്ല.

                                          നഷ്ടപരിഹാരം നല്‍കാന്‍ അടിയന്തിരമായി ട്രൈബൂണല്‍ സ്ഥാപിക്കുകയും ഇരകള്‍ക്ക് ചികില്സാസൌകര്യങ്ങള്‍ അടക്കമുള്ള സഹായങ്ങള്‍ നല്‍കുകയും സുപ്രീംകോടതിയിലെ കേസ് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്നും മതിയായ സാമ്പത്തിക സഹായം നേടിയെടുക്കുകയും ചെയ്യണം എന്നാണ് സര്‍ക്കാരിനോട് ഇരകളും ആവശ്യപ്പെടുന്നത്.

Wednesday, September 21, 2011

ന്യൂസ്‌നൈറ്റിലെ സ്മാര്‍ത്തവിചാരം

                         ന്യൂസ് ചാനലുകളുടെ പ്രധാന വിഭവമാണ് അന്തിചര്‍ച്ച. അന്നന്നുള്ള പ്രധാന വിഷയങ്ങളെ മുന്‍നിര്‍ത്തി ഓരോ ന്യൂസ് ചാനലിലും രാത്രിസമയം ചര്‍ച്ചകള്‍ നടക്കാറുണ്ട്. മലയാള ദൃശ്യമാധ്യമ ചരിത്രത്തില്‍ ആദ്യമായി ഇത്തരം വാര്‍ത്താ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് ഇന്ത്യാവിഷനാണ്. രാത്രി 9 മണിയുടെ ‘ന്യൂസ് നൈറ്റ്’ എന്ന വാര്‍ത്താസംവാദ പരിപാടിയാണ് അതിനാരംഭം കുറിച്ചത്. ഓരോ ദിവസവും വരുന്ന പ്രധാന വാര്‍ത്തകളുമായി ബന്ധപ്പെട്ടു കൂടുതല്‍ അറിയാനും, അതിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് ‘ന്യൂസ് നൈറ്റ്’ തുടക്കത്തില്‍ ശ്രദ്ധിച്ചതെങ്കില്‍ പോകെപ്പോകെ അതൊരു ജനാധിപത്യ വിചാരണാ ഇടമായി വളര്‍ന്നു. അന്നന്ന് പുറത്തുവരുന്ന സ്‌തോഭജനകമായ വാര്‍ത്തകളെ എതിര്‍ത്തും അനുകൂലിച്ചും വാദമുഖത്തില്‍ നിരത്തി ചൂടേറിയ സംവാദങ്ങള്‍ ‘ന്യൂസ് നൈറ്റി’നെ ജനപ്രിയമാക്കി. വിവാദ വിഷയങ്ങളില്‍ പ്രമുഖരെ വിളിച്ചു വരുത്തി പ്രേക്ഷകസമക്ഷം വിചാരണ ചെയ്യാന്‍ ചാനല്‍ അവതാരകരും മുതിര്‍ന്നതോടെ പല കേസുകളിലും പ്രതികള്‍ക്ക് കോടതിയെക്കാള്‍ വലിയ തലവേദനയായി മാറി ‘ന്യൂസ് നൈറ്റ്’ പോലുള്ള ചര്‍ച്ചാവേദികള്‍. കോടതികളുടെ പരിഗണനയില്‍ ഇരിക്കുന്ന പല കേസുകളിലും പരമാവധി അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പിങ് പോംങ് വ്യവഹാരങ്ങളുടെ, വാദങ്ങളുടെ മാത്രം ബലത്തില്‍ ‘ന്യൂസ് നൈറ്റി’ല്‍ വിധി കല്‍പ്പിക്കുന്ന സ്ഥിതിയുണ്ടായി. ഓരോ ചര്‍ച്ചയും മോഡറേറ്റ് ചെയ്യുന്ന വാര്‍ത്താവതാരകന് അവിടെ ന്യായാധിപന്റെ റോള്‍ കല്‍പ്പിച്ചു കിട്ടി. ചര്‍ച്ചയ്‌ക്കൊടുവില്‍ അവതാരക/ന്‍ പ്രതിഫലിപ്പിക്കുന്ന കമന്റ് ജനമനസുകളില്‍ ആ വിഷയം സംബന്ധിച്ച അഭിപ്രായ രൂപീകരണത്തിന് വഴിവെച്ചുപോന്നു.
                      രാഷ്ട്രീയ നേതാക്കളെ ചോദ്യശരങ്ങളാല്‍ ‘പൊരിക്കുന്ന’ അവതാരകര്‍ പലരും ജനപ്രിയരായി മാറി. തങ്ങള്‍ക്കു ചെയ്യാന്‍ കഴിയാത്തത് മറ്റൊരാള്‍ ചെയ്യുന്നത് കാണുമ്പോള്‍ കയ്യടിക്കുന്ന ‘സുരേഷ് ഗോപി സിനിമാ ഇഫക്ടാ’ണ് പ്രേക്ഷകരെ ഇതിലേക്ക് നയിക്കുന്നത്. ആ ജനപ്രിയത നിലനിര്‍ത്താന്‍ വേണ്ടിയെങ്കിലും ചിലര്‍ ചാനല്‍ ചര്‍ച്ചകളില്‍ ചോദ്യ മുനകളുടെ മൂര്‍ച്ച കൂട്ടിക്കൊണ്ടേയിരുന്നു. പക്ഷം പിടിക്കാതെയുള്ള അവതാരകരുടെ ചോദ്യങ്ങളാണ് ചര്‍ച്ചകളെ നിഷ്പക്ഷമായി മുന്നോട്ടു നയിച്ചുകൊണ്ടിരുന്നത്. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ പോലുള്ള ജനകീയ പ്രശ്‌നങ്ങളില്‍ ജനപക്ഷത്തു നിന്നുകൊണ്ട് ചോദ്യശരങ്ങള്‍ തൊടുക്കുന്നത്‌വഴി ആക്ടിവിസ്ടിന്റെ റോളില്‍ പോലും വാര്‍ത്താവതാരകര്‍ വന്നു. അതായത് ചര്‍ച്ചകളില്‍ പക്ഷം പിടിച്ചാല്‍പ്പോലും ജനപക്ഷത്തു നില്‍ക്കണമെന്നും, വിചാരണകളില്‍ ന്യായാധിപര്‍ പാലിക്കേണ്ട നിഷ്പക്ഷത ചര്‍ച്ചകളില്‍ ചാനല്‍ അവതാരകരും പാലിക്കണമെന്നതും സാമാന്യമര്യാദയുടെ ഭാഗമാണ്.
ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുകയോ വിഷയത്തിനു പുറത്തുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചു വിഷയത്തെ ദുര്‍ബലപ്പെടുത്തുകയോ ചെയ്യരുത് എന്നത് മാധ്യമ മര്യാദയുടെ അടിസ്ഥാന പാഠമാണ്. സത്യം കണ്ടെത്താന്‍ പ്രേക്ഷകനെ സഹായിക്കേണ്ട ദൗത്യമാണ് അവതാരകരില്‍ നിക്ഷിപ്തമായ ജോലി. അതിനാണ് അവതാരക/ന്‍ ശ്രമിക്കേണ്ടതും. എന്ന് മാത്രമല്ല, സ്ത്രീപീഢനം പോലുള്ള സെന്‍സിറ്റീവ് വിഷയങ്ങളില്‍ പൊതുസമൂഹം വെച്ചുപുലര്‍ത്തുന്ന വികലമായ പുരുഷാധിപത്യ കാഴ്ചപ്പാടുകളെ പൊളിക്കാനുള്ള സാമൂഹിക കടമയും പുതുതലമുറ മാധ്യമ അവതാരകരില്‍ നിക്ഷിപ്തമാണ്. എന്നാല്‍ എന്താണ് ഇപ്പോള്‍ അന്തിചര്‍ച്ചകളില്‍ നടക്കുന്നത്? എങ്ങനെയാണ് ചര്‍ച്ചകളില്‍ അവതാരകര്‍ പെരുമാറുന്നത്? ശനിയാഴ്ച ഇന്ത്യാവിഷന്‍ നടത്തിയ ന്യൂസ് നൈറ്റ് ചര്‍ച്ചയേ മുന്‍നിര്‍ത്തി ഒരു അന്വേഷണം ആണിവിടെ.

http://www.youtube.com/watch?v=e52DgpywQIs

എസ്.എം.എസ് വിവാദം ന്യൂസ് നൈറ്റില്‍
indiavision newsnight on SMS Controversy


                                       17-09-2011 ശനിയാഴ്ച ഇന്ത്യാവിഷനിലെ ന്യൂസ് നൈറ്റ് ചര്‍ച്ച ന്യൂസ് നൈറ്റിന്റെ ചരിത്രത്തിലെ വഴിത്തിരിവായ ഒരു ചര്‍ച്ചയാണ്. ഒരു മാധ്യമചര്‍ച്ച എത്ര അശ്ലീലമാകാമെന്നും വാര്‍ത്താവതാരകര്‍ തങ്ങളുടെ അധികാരം എങ്ങനെയെല്ലാം ദുരുപയോഗം ചെയ്യാമെന്നും തുടങ്ങി ഒരു ജനാധിപത്യ ഇടത്തെ എങ്ങനെ ഉപയോഗിക്കരുത് എന്നതു വരെ മനസിലാക്കാന്‍ ഉതകുന്ന ഒരു ചര്‍ച്ചയായിരുന്നു വീണ ജോര്‍ജ് നയിച്ച ന്യൂസ് നൈറ്റ് ചര്‍ച്ച. (വീഡിയോ ഇവിടെ കാണാം)
"തൊടുപുഴ സ്വദേശിയായ സുരഭി ദാസിന്റെ മൊബൈല്‍ ഫോണിലേയ്ക്ക് മന്ത്രി പി.ജേ.ജോസഫ് അശ്ലീല എസ്.എം.എസ്സുകള്‍ അയച്ചു എന്ന പരാതിയിന്മേല്‍ കോടതി മന്ത്രിക്കു സമന്‍സ് അയച്ചു" എന്ന വാര്‍ത്തയാണ് ‘ന്യൂസ് നൈറ്റി’ലെ ചര്‍ച്ചയ്ക്കു വഴിവെച്ചത്. സ്ത്രീയുടെ മാന്യത ചോദ്യംചെയ്യുന്ന രീതിയില്‍ പെരുമാറുക, ഐ.ടി ആക്റ്റ് ലംഘിക്കുക എന്നീ കുറ്റങ്ങള്‍ പി.ജേ.ജോസഫ് ചെയ്തു എന്നതാണ് കേസ്. പരാതിക്കാരിയായ സുരഭി ദാസ്, ഭര്‍ത്താവ് ജയ്‌മോന്‍, കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം നേതാവായ ആന്റണി രാജു എന്നിവര്‍ സ്റ്റുഡിയോവില്‍ ഇരുന്നും തൊടുപുഴ ബാറിലെ അഭിഭാഷകനായ അഡ്വ.പ്രിന്‍സും മുന്‍മന്ത്രി ശ്രീ.സുരേന്ദ്രന്‍പിള്ളയും ടെലഫോണ്‍ വഴിയും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്ത്യാവിഷന്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായ വീണ ജോര്‍ജ്ജാണ് ചര്‍ച്ച നയിച്ചത്.
                                                കേസിലെ സാക്ഷികളെ വിസ്തരിക്കുകയും തെളിവുകള്‍ വിഷ്വല്‍ വഴി കാണിക്കുകയും പ്രതിഭാഗത്തെ അണിനിരത്തി വാദപ്രതിവാദങ്ങള്‍ അണിനിരത്തുകയും ചെയ്യുകവഴി ഒരു ബദല്‍ വിചാരണ തന്നെയായിരുന്നു ‘ന്യൂസ് നൈറ്റ്’ നടത്തിയത്. എന്നാല്‍ വാദത്തില്‍ നിഷ്പക്ഷത പുലര്‍ത്തേണ്ട അവതാരക ആദ്യാവസാനം പരസ്യമായി പക്ഷം പിടിക്കുകവഴി ആ ചര്‍ച്ചയുടെ വിശ്വാസ്യത തന്നേ അട്ടിമറിച്ചു. കേസിന്റെ പിന്നിലെ വസ്തുതകള്‍ പരിശോധിക്കുന്നതിന് പകരം പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും സ്വകാര്യ ജീവിതത്തിലെ ഏടുകള്‍ എടുത്തലക്കി ചോദ്യം ചെയ്യുക വഴി അവരെ പരസ്യമായി അവമതിക്കുന്ന, അപമാനിക്കുന്ന നിലപാടാണ് അവതാരക ചര്‍ച്ചയില്‍ ഉടനീളം സ്വീകരിച്ചത്.

indiavision newsnight on SMS Controversy എസ്.എം.എസ് വിവാദം ന്യൂസ് നൈറ്റില്‍

പ്രതിഭാഗത്തെ പ്രതിനിധീകരിച്ച ആന്റണിരാജു വളരെ മോശം വാക്കുകള്‍ ഉപയോഗിച്ച് പരാതിക്കാരിയെ അപമാനിക്കുന്ന കാഴ്ചയും പ്രേക്ഷകര്‍ കണ്ടു. ചാനല്‍ വിളിച്ചു വരുത്തിയ പരാതിക്കാരിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തുമ്പോഴും വ്യക്തിഹത്യ നടത്തുമ്പോഴും അവതാരക ഒരക്ഷരം ഉരിയടുകയോ ഇടപെടുകയോ ചെയ്യാതെ പ്രതിഭാഗത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഒരു സ്ത്രീയുടെ മാന്യത ചോദ്യം ചെയ്തുവെന്ന കേസിന്റെ മേല്‍ നടന്ന ചര്‍ച്ചയില്‍ അതേ പരാതിക്കാരുടെ മാന്യത പലവട്ടം വലിച്ചുകീറുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത് !! വിചാരണയുടെ പേരില്‍ !! അതും സ്ത്രീപീഡന കേസിലെ ഇരകളുടെ പക്ഷത്ത് നിലപാടെടുത്ത് പ്രശസ്തമായ ഒരു ചാനലിന്റെ വേദിയില്‍ !!
                                 അവതാരക വീണയുടെ ചോദ്യങ്ങള്‍ തുടങ്ങുന്നത് തന്നേ പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും സ്വകാര്യ ജീവിതത്തില്‍ നിന്നാണ്. ‘എവിടെ വെച്ചാണ് നിങ്ങളെ താലി കെട്ടിയത്’ ‘എത്ര കാലമായി നിങ്ങള്‍ പരിചയമായിട്ട്’ എന്ന് തുടങ്ങി പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും തികച്ചും സ്വകാര്യ ജീവിതത്തില്‍ കടന്നു കയറി ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതില്‍ ഇടയ്ക്കിടെ ഇടപെട്ടു അധികാരത്തിന്റെ സ്വരമാണ് അവതാരക പുറപ്പെടുവിക്കുന്നത്. എന്നാല്‍, പിന്നാലെ ആന്റണി രാജുവിനോട് സംസാരിക്കുമ്പോള്‍ തികഞ്ഞ മര്യാദയുടെ സ്വരമാണ് അവതാരക പുറപ്പെടുവിക്കുന്നത്.
                                                     ‘വിമാനയാത്രാ വിവാദത്തിനു ശേഷം സമാനമെന്നു പറയാവുന്ന സ്വഭാവമുള്ള ഒരു കേസ് ഉണ്ടായിരിക്കുകയാണ്. ആവര്‍ത്തിക്കപ്പെടുന്ന ആരോപണങ്ങള്‍ ഉണ്ടാവുമ്പോള്‍ ഒരു ചോദ്യം ഉയരുന്നുണ്ട്, ഇതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടാവുന്നുണ്ടോ എന്നുള്ളത്. എന്താണ് പാര്‍ട്ടിക്ക് പറയാനുള്ളത്’ എന്നതാണ് വീണയുടെ മര്യാദയുള്ള ചോദ്യം. പ്രതിഭാഗത്തിന് പറയാനുള്ളത് പറയാനുള്ള മാന്യമായ അവസരം. (എന്നാല്‍ വാദിഭാഗത്തിന് അത്തരം അവസരം ലഭിക്കുന്നുമില്ല). പ്രതിഭാഗത്തെ മുറിപ്പെടുത്തുന്ന, വസ്തുതകളിലേക്ക് നീളുന്ന ഒരൊറ്റ ചോദ്യം പോലും വീണയില്‍നിന്നും ഉയരുന്നില്ല. ആന്റണി രാജു സംസാരിക്കുമ്പോള്‍ പരാതിക്കാരിക്കെതിരെ നിന്ദ്യവും പ്രകോപനപരവുമായ പല പരാമര്‍ശവും ഉണ്ടാവുമ്പോഴും അവതാരക എല്ലാം കേട്ടിരിക്കുന്നു. തലകുലുക്കുന്നു.!!

indiavision newsnight on SMS Controversy എസ്.എം.എസ് വിവാദം ന്യൂസ് നൈറ്റില്‍

തുടര്‍ന്നു ജോസഫിന്റെ രാഷ്ട്രീയ എതിരാളിയായ വി.സുരേന്ദ്രന്‍ പിള്ളയോട് അവതാരക ചോദിക്കുന്ന ചോദ്യവും കൗതുകകരമാണ്. ‘ഈ കേസ് സത്യസന്ധമാണെന്നു അഭിപ്രായമുണ്ടോ?’ എന്നതാണ് ആദ്യ ചോദ്യം. ‘ഈ കേസ് വിചിത്രമാണ്, എന്നാല്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ഒരു കോടതി കണ്ടെത്തിയ സ്ഥിതിക്ക് അത് നിസ്സാരമല്ല’ എന്ന മട്ടില്‍ പ്രതികരിച്ച സുരേന്ദ്രന്‍ പിള്ളയോട് വീണയുടെ അടുത്ത ചോദ്യം ‘കുറ്റക്കാരനാണെന്ന് തെളിയും വരെ ജോസഫ് രാജിവെക്കണം എന്ന് പറയുന്നതില്‍ സാംഗത്യമുണ്ടോ?’ എന്നാണ്. അതിനു യുക്തിസഹമായ മറുപടി പറയുന്ന സുരേന്ദ്രന്‍ പിള്ളയുടെ സംസാരത്തില്‍ ഇടപെട്ടു അത് അവസാനിപ്പിക്കുന്നു അവതാരക. ഇതിലെല്ലാം ജോസഫിനെ ന്യായീകരിക്കാനുള്ള അവതാരകയുടെ താല്‍പ്പര്യം നമുക്ക് ദര്‍ശിക്കാം.
പിന്നീട് ജോസഫിനെതിരെ മൊഴി കൊടുത്ത സാക്ഷിയായ ജയ്‌മോനോട് വിചിത്രമായ ചോദ്യങ്ങളാണ് അവതാരക ചോദിക്കുന്നത്. ജയ്‌മോന്‍ മറുപടി പറയുമ്പോള്‍ ഓരോ വാക്യത്തിലും ഇടപെട്ടു മറുചോദ്യം ചോദിച്ചു അവതാരക മുന്നേറുന്നുണ്ട്. ഇതിനിടയില്‍ യുക്തിസഹമല്ലാത്ത ചോദ്യങ്ങളിലൂടെ അവതാരക സ്വയം പരിഹാസ്യമാവുന്നുണ്ട്. ‘ജയ്‌മോന്‍ താങ്കള്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളാണല്ലോ, മജിസ്‌ട്രേട്ടിന്റെ മുന്നില്‍ ഒരാളെ കൊണ്ടുവന്നു വക്കാലത്ത് ഒപ്പിടീക്കുകയാണോ ഒരു വക്കീല്‍ ചെയ്യുക?’ എന്നാണ് വീണയുടെ ഒരു ചോദ്യം. മാധ്യമ പ്രവര്‍ത്തകനാണെങ്കില്‍ ഇത്തരം നിയമകാര്യങ്ങള്‍ അറിയണമത്രേ !!

indiavision newsnight on SMS Controversy എസ്.എം.എസ് വിവാദം ന്യൂസ് നൈറ്റില്‍

                                                 ശരീരഭാഷ കൊണ്ടു ആദ്യാവസാനം അവതാരക തന്റെ പക്ഷപാതിത്വം സ്‌ക്രീനില്‍ വിളിച്ചു പറയുന്നുണ്ട്. സമൂഹത്തിന്റെ താഴെക്കിടയിലുള്ള പരാതിക്കാരിയെ ചോദ്യം ചെയ്യുമ്പോള്‍ സ്‌ക്രീനിലെ തന്റെ അധികാരം അവതാരക ആദ്യാവസാനം ഉപയോഗിക്കുന്നുണ്ട്. ‘താങ്കള്‍ എന്തുകൊണ്ടാണ് മൊഴി മാറ്റിയത്’ എന്ന ചോദ്യം ജയ്‌മോനോട് ഉന്നയിക്കുമ്പോള്‍ അവതാരക പരിഹാസം കലര്‍ന്ന ചിരി മുഖത്ത് പ്രകടിപ്പിക്കുന്നു. ‘കണ്ടോ, വിശ്വസിക്കാന്‍ കൊള്ളാത്തവന്റെ കള്ളി പൊളിയുന്നു..’ എന്ന വിജയഭാവമുണ്ട്‌  ആ ചിരിയില്‍. ഇത്തരം കേസുകളില്‍ സമൂഹത്തിലെ താഴേക്കിടയിലെ സാക്ഷികള്‍ മൊഴിമാറ്റുന്നതു ഏതേതു സാഹചര്യങ്ങളില്‍ ആയിരിക്കുമെന്ന് ഐസ്‌ക്രീം കേസിനെ മുന്‍നിര്‍ത്തി മലയാളിയെ ആവര്‍ത്തിച്ചു പറഞ്ഞു പഠിപ്പിച്ച ഇന്ത്യാവിഷന്റെ അതേ സ്‌ക്രീനിലാണ് വീണയുടെ ഈ ചിരി അശ്ലീലമാവുന്നത്. അവതാരകയുടെ മുന്‍വിധി ആ ചിരിയില്‍ പ്രകടമാണ് താനും.
ഉത്തരം പറയുന്നതിനിടെ ‘പ്രിന്‍സ് എന്ന വക്കീല്‍ എന്നെ വന്നു കണ്ടു 25 ലക്ഷം രൂപ നല്‍കാമെന്നു പറഞ്ഞതിന്റെ തെളിവ് എന്റെ കയ്യില്‍ ഉണ്ട്’ എന്ന കേസിന്റെ നിര്‍ണ്ണായകമായേക്കാവുന്ന വിവരങ്ങള്‍ ജയ്‌മോന്‍ പറയുന്നുണ്ട്. വിഷയത്തിലെ സത്യമറിയാന്‍ ശരിക്കും ആഗ്രഹമുണ്ടെങ്കില്‍ അതില്‍ക്കയറി പിടിക്കേണ്ട അവതാരക പക്ഷെ, ആ ഭാഗം വിട്ടുകളയുന്നു.
                                              പിന്നീടുള്ള ചോദ്യങ്ങള്‍ കേസിന്റെ മെറിറ്റിന് പുറത്തു, ജയ്‌മോന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടതാണ്. അതിനെല്ലാം കൃത്യമായ മറുപടി പറഞ്ഞു സ്‌ക്രീനില്‍ തന്റെ ഇടം ജയ്‌മോന്‍ ഉറപ്പിക്കുന്നുണ്ട്. എന്നാല്‍ ചര്‍ച്ചയിലുടനീളം അസ്വസ്ഥയായ പരാതിക്കാരിയുടെ മുഖം പ്രേക്ഷകര്‍ക്ക് കാണാം. സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യ നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തിയ ചര്‍ച്ചയില്‍ അവര്‍ക്ക് തന്റെ വാദങ്ങള്‍ നിരത്താനുള്ള ത്രാണിയില്ലാതെ പോകുന്നുവെന്നതും നാം കാണുന്നു.
ജയ്‌മോന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യും വിധമുള്ള ചോദ്യങ്ങള്‍ ചോദിച്ച ശേഷം ജയ്‌മോന്‍ മറുപടി പറയുമ്പോള്‍ അവതാരികയുടെ അലസഭാവം ശ്രദ്ധിക്കുക. ഖദറിന്റെ മഹത്വമെന്താണെന്നു ഇദ്ദേഹത്തിനു അറിയില്ല’ എന്ന ജയ്‌മോന്റെ വാക്യം കേള്‍ക്കുമ്പോള്‍ വീണ ജോര്‍ജ് അലക്ഷ്യമായ മുടി ഒതുക്കുന്ന കാഴ്ചയാണ് നാം കാണുന്നത്!! ആന്റണി രാജുവിനെതിരെ ജയ്‌മോന്‍ വൈകാരികമായി സംസാരിക്കുമ്പോള്‍ അവതാരക പരിഹാസം കലര്‍ന്ന ചിരിയുമായാണ് ഇരിക്കുന്നത്. ‘എന്തു വേണമെങ്കിലും പറഞ്ഞോളൂ..’ എന്ന ലൈന്‍.

                                             ആന്റണി രാജുവിനോട് അവസാനമായി അവതരാക ചോദിക്കുന്ന ചോദ്യം ‘ഇതിന്റെ പിന്നില്‍ ആരാണെന്ന് താങ്കള്‍ക്കു വ്യക്തതയുണ്ടോ?’ എന്നത് മാത്രമാണ്. നമ്മളില്‍ പലര്‍ക്കും അറിയാവുന്ന പി.സി.ജോര്‍ജ്ജിന്റെ ഇടപെടല്‍ സംബന്ധിച്ച വാര്‍ത്തകെളപ്പറ്റിയുള്ള ഒരു ചോദ്യം പോലും വീണ അവിടെ ഉന്നയിച്ചിട്ടുമില്ല എന്നത് പക്ഷപാതിത്വം ഊട്ടിയുറപ്പിക്കുന്ന ഒന്നായേ കാണാന്‍ കഴിയൂ. സുരഭി ദാസ് എന്ന പരാതിക്കാരിയോടു വ്യക്തിപരമായ നിരവധി ചോദ്യങ്ങള്‍ ചോദിക്കുന്ന അവതാരക അതിനു മറുപടി പറയാന്‍ തുനിയുന്ന ജയ്‌മോനെ കൈ ചൂണ്ടി അധികാരത്തിന്റെ സ്വരത്തില്‍ നിയന്ത്രിക്കുന്നുണ്ട്. മറ്റൊരു സ്ത്രീയുടെ കൂടെ ജീവിച്ചതിന് ജയ്‌മോനെതിരെ പരാതിപ്പെട്ട സുരഭി തന്നെ പിന്നീട് ജയ്‌മോനെ ജാമ്യത്തില്‍ എടുക്കാന്‍ പോയതിനു സുരഭിയെ പരിഹാസ രൂപേണയാണ് അവതാരക വീണ ജോര്‍ജ്ജ് ചോദ്യം ചെയ്യുന്നത്.
                            താഴെക്കിടയില്‍ ജീവിക്കുന്നവരുടെ ഇടയില്‍ ഇതൊന്നും അത്ര അത്ഭുതമുള്ള കാര്യമല്ല എന്നൊന്നും അറിയാത്ത ആളാണോ അവതാരക? കള്ളു കുടിച്ചിട്ട് വന്ന ഭര്‍ത്താവിന്റെ കയ്യില്‍ നിന്നും അടി വാങ്ങുമ്പോള്‍ നിലവിളിക്കുന്ന ഭാര്യ, പക്ഷെ നിലവിളി കേട്ടു വന്നു ഭര്‍ത്താവിനെ അടിക്കാനോങ്ങുന്ന നാട്ടുകാരെ ചീത്ത പറയും. ‘ഇത് ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണ്, നിങ്ങള്‍ എന്റെ കെട്ടിയവനെ തല്ലണ്ട’ എന്നാകും അവര്‍. ഇങ്ങനെയൊക്കെ ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്ന അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ അതര്‍ഹിക്കുന്ന ഗൗരവത്തില്‍ ഉള്‍ക്കൊള്ളാതെ പരസ്യമായി വിലകുറച്ച് കാണുന്നത് മാധ്യമ ധര്‍മ്മമാണോ?
indiavision newsnight on SMS Controversy എസ്.എം.എസ് വിവാദം ന്യൂസ് നൈറ്റില്‍

ഏതുതരം ധാര്‍മ്മികതയാണ് ഇവിടെ അവതാരകയെ നയിക്കുന്നതെന്ന് പരിശോധിക്കണം. ഒരു പുരുഷനെതിരെ പരാതിപ്പെട്ടിട്ടു പിന്നീട് അയാളുടെ കൂടെ തന്നെ ജീവിക്കുന്ന, വാക്ക് മാറുന്ന സ്ത്രീ വിശ്വസിക്കാന്‍ കൊള്ളാത്തവള്‍ ആണെന്നും അങ്ങനെയുള്ളവള്‍ക്ക് മറ്റൊരു പുരുഷനെതിരെ പരാതിപ്പെടാന്‍ ധാര്‍മ്മിക അവകാശമില്ലെന്നുമുള്ള പുരുഷാധിപത്യ വ്യവസ്ഥിതി ഉണ്ടാക്കിയ നിയമങ്ങളെ ഊട്ടിയുറപ്പിക്കുകയാണ് അവതാരകയും ചാനലും ചെയ്യുന്നത്.
സുരഭിയെ മന്ത്രി ജോസഫിന്റെ ആളുകള്‍ ജാതി പറഞ്ഞു അധിക്ഷേപിച്ചു എന്ന് ഒരേസമയം സുരഭി ദാസും ജയ്‌മോനും പൊതുസമൂഹത്തോട് പരാതിപ്പെടുന്നതിനോട് സന്തോഷവും പരിഹാസവും കലര്‍ന്ന ചിരിയാണ് അവതാരകയുടെ മറുപടി. ഇരകളെ വൈകാരികമായി പ്രതികരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം ആ മുഖത്ത് പ്രകടമാണ്, തന്റെ വിജയം അവര്‍ മറച്ചു വെക്കുന്നുമില്ല.
ചുരുക്കത്തില്‍, ഒരു സ്ത്രീയുടെ മാന്യത ചോദ്യം ചെയ്തുവെന്ന പരാതിയെപ്പറ്റി ചര്‍ച്ച നടത്തി, അതില്‍ പരാതിക്കാരിയെ വിളിച്ചു വരുത്തി, അവരുടെ മാന്യതയെ കൂടുതല്‍ അപമാനിക്കുന്ന കാഴ്ചയാണ് ന്യൂസ് നൈറ്റില്‍ കണ്ടത്. ചിത്രത്തില്‍ കാണും വിധമാണ് ചര്‍ച്ച പുരോഗമിച്ചത്. അധികാരത്തിന്റെ പ്രതിനിധിയായ ആന്റണി രാജു സംസാരിക്കുമ്പോള്‍ അവതാരക ആസ്വദിക്കുന്നു, ചിരിക്കുന്നു. പരാതിക്കാരിയെയും സാക്ഷിയും ചോദ്യങ്ങളാല്‍ അവതാരക കുടയുമ്പോള്‍ ആന്റണി രാജുവും ഇതേ സന്തോഷം മുഖത്ത് പ്രകടമാക്കുന്നുണ്ട്. നടുക്ക് പരാതിക്കാരിയും ഭര്‍ത്താവും ആദ്യാവസാനം വേട്ടയാടപ്പെടുന്ന അവസ്ഥയിലും.
indiavision newsnight on sms controversy and veena george

                                            എന്താണ് പ്രേക്ഷകര്‍ക്ക് ചര്‍ച്ചയില്‍നിന്നും ലഭിക്കുന്ന ആകെത്തുക? സമൂഹത്തില്‍ നിലയും വിലയുമുള്ള മാന്യന്മാര്‍ക്കെതിരെ അതൊന്നും അവകാശപ്പെടാനില്ലാത്ത ആളുകള്‍ പരാതിയുമായി വന്നാല്‍ ഇങ്ങനെ പരസ്യമായി തേജോവധം ചെയ്യപ്പെടും എന്നാണ് ഇന്ത്യാവിഷന്‍ ഇതിലൂടെ മലയാളിക്ക് കൊടുത്ത സന്ദേശം.. താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം മുതലിങ്ങോട്ട് സൂര്യനെല്ലി പെണ്‍കുട്ടിയും ഐസ്‌ക്രീം കേസിലെ സ്ത്രീകളും നേരിട്ട പുരുഷാധിപത്യ സമൂഹത്തിന്റെ അതേ ചോദ്യങ്ങള്‍ ആണ് സുരഭി ദാസും നേരിടുന്നത്. അതും  ജനാധിപത്യ ഇടമായ ദൃശ്യമാധ്യമത്തില്‍ ഒരു വനിതാ അവതാരികയില്‍ നിന്നും !! സമൂഹത്തില്‍ നിലയും വിലയും ഉള്ളവര്‍ക്കെതിരെ ആരോപണവുമായി വരുന്ന സ്ത്രീകളുടെ വിശ്വാസ്യത പരസ്യമായി ചോദ്യം ചെയ്യപ്പെടും. നിങ്ങളുടെ സ്വകാര്യജീവിത ഏടുകള്‍ പരസ്യമായി ചോദ്യം ചെയ്യപ്പെടും. ജാഗ്രതൈ !!

ഐസ്‌ക്രീം കേസും ഇന്ത്യാവിഷനും
                                                               കേരളത്തെ ഇളക്കിമറിച്ച ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ മുഖ്യസാക്ഷിയായ റജീനയുടെ വെളിപ്പെടുത്തല്‍ മലയാളി കണ്ടത് ഇന്ത്യാവിഷനിലൂടെയാണ്. പ്രതികളെപ്പറ്റി ആദ്യം മൊഴി കൊടുത്ത റജീന പിന്നീട് മൊഴി മാറ്റിപ്പറഞ്ഞു. റജീനയുടെ മൊഴിമാറ്റം അവരുടെ അവിശ്വാസ്യതയുടെ അടയാളമാണെന്നും അവരെ വിശ്വസിക്കരുതെന്നുമാണ് അന്ന് പ്രതിഭാഗം വാദിച്ചത്. റജീനയുടെ സ്വകാര്യ ജീവിതം മോശമാണെന്ന് കാണിക്കാനുള്ള ശ്രമങ്ങള്‍ അക്കാലത്ത് ഉണ്ടായിരുന്നു. എന്തിനേറെ, റജീന തന്നെ ചാനലില്‍ വന്നു താന്‍ ‘മോശപ്പെട്ട’ ജീവിതം നയിക്കുന്നവളാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അന്നൊക്കെ ഇന്ത്യാവിഷന്‍ എടുത്ത നിലപാട് പുരുഷാധിപത്യ സമൂഹത്തിന്റെ കുയുക്തികളെ തള്ളിപ്പറയുന്നതും ഇരകളുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നതും ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. എന്തുകൊണ്ടാണ് ഇരകള്‍ക്ക് ഇങ്ങനെയൊക്കെ ജീവിക്കേണ്ടി വരുന്നതെന്നും ആരൊക്കെയാണ് അവരുടെ ജീവിതം ഇങ്ങനെയാക്കിയത് എന്നും പറയാന്‍ അന്ന് ഇന്ത്യാവിഷന്‍ ധൈര്യം കാണിച്ചു. മിക്ക സ്ത്രീപീഡന കേസുകളിലും ഇരകള്‍ക്കെതിരെ മുഖ്യധാരാ സമൂഹം സാമ്പ്രദായിക പുരുഷാധിപത്യ  കുയുക്തിയാണ് ഉപയോഗിച്ചത്. ഏറ്റവും ഒടുവില്‍ തസ്‌നി ബാനു കേസില്‍ വരെ അത്തരം പുരുഷാധിപത്യ വാദങ്ങളെ നാം ചെറുത്തു തോല്‍പ്പിച്ചതാണ്.
                                            ഒന്നിലധികം പുരുഷന്മാരുമായി ജീവിക്കുന്ന സ്ത്രീകള്‍ സമൂഹത്തിന്റെ താഴെക്കിടയില്‍ ജീവിക്കുന്നവരാണെങ്കില്‍ അവര്‍ മോശക്കാരും വിശ്വസിക്കാന്‍ കൊള്ളാത്തവരും ആകും. എന്നാല്‍ അങ്ങനെ ജീവിക്കുന്നവര്‍ സിനിമാ നടിമാരോ സെലെബ്രിറ്റിയോ ആണെങ്കില്‍ അത് ചാനലുകളാല്‍ ആഘോഷിക്കപ്പെടും. വിനോദ പരിപാടിയില്‍ അത്തരം സ്ത്രീകള്‍ അതിഥികള്‍ ആകും. അവരുടെ തീരുമാനം സ്ത്രീ വിമോചനമായി ആഘോഷിക്കപ്പെടും. എന്നാല്‍ അധകൃതര്‍ ഇത് ചെയ്യുമ്പോള്‍ അവര്‍ കുലമഹിമയില്ലാത്തവര്‍ ആണെന്നും കണ്ടവരുടെ കൂടെ നടക്കുന്നവള്‍ ആണെന്നും മറ്റും ആന്റണി രാജുമാര്‍ അധിക്ഷേപിക്കും. അത് കേട്ടു അവതാരകര്‍ തലകുലുക്കുന്നതില്‍പ്പരം അശ്ലീലം ഇല്ലതന്നെ.


                                  എസ്.എം എസ് വിവാദത്തില്‍ വാദികള്‍ പറയുന്നത് കള്ളമാണെന്ന് നാളെ കോടതിയില്‍ തെളിഞ്ഞേക്കാം. പരാതിക്കാരിക്കും ഭര്‍ത്താവിനും ഇതില്‍ ദുരുദ്ദേശം ഉണ്ടെന്നും തെളിഞ്ഞേക്കാം. അതൊക്കെ തെളിയിക്കേണ്ടത് ഒരു ചാനലിനെ സംബന്ധിച്ചിടത്തോളം അവരുടെ കൃത്യനിര്‍വഹണത്തിന്റെ ഭാഗവുമാകാം. എന്നാല്‍ അതിനു ഉപയോഗിക്കേണ്ട മാര്‍ഗ്ഗം ഇതല്ല. പല മാന്യന്മാരുടെയും അധികാര വടംവലികള്‍ക്കു വേണ്ടി ബലിയാടാക്കപ്പെടുന്ന ഇത്തരം സാധാരണക്കാര്‍ ഇരകള്‍ ആണെന്നതാണ് സാമൂഹിക സത്യമെങ്കില്‍ അത് പുറത്തു വരേണ്ടത് അത്യാവശ്യമാണ്. അതിനായി ഇരകളെതന്നെ വേട്ടയാടുകയല്ല പ്രതിവിധി. നീതിയില്ലാത്ത വിചാരണയല്ല അവര്‍ അര്‍ഹിക്കുന്നതും.
                                                        സ്മാര്‍ത്തവിചാരം മുതല്‍ ഐസ്‌ക്രീം കേസ് വരെയുള്ള സ്ത്രീ പീഢനകേസുകളില്‍ കേരളീയ സമൂഹത്തിന്റെ നിലപാട് എത്രമാത്രം പുരുഷാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും അറുപിന്തിരിപ്പന്‍ ആയിരുന്നുവെന്നും പറഞ്ഞ് വിശദമായി പുസ്തകം എഴുതിയത് ഇന്ത്യാവിഷന്റെ ഇപ്പോഴത്തെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എം.പി ബഷീര്‍ ആണ്. ഇത്തരം കേസുകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ നാളിതുവരെ ഇന്ത്യാവിഷന്റെ നിലപാടും സ്ത്രീകളുടെ മാന്യത സംരക്ഷിക്കുന്നത് ആയിരുന്നു. എന്നാല്‍ അതില്‍ നിന്നുമുള്ള പിന്നോട്ട് പോക്കാണ് ഇപ്പോള്‍ കാണുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ സ്ത്രീ സംബന്ധിയായ ചര്‍ച്ചകള്‍ നടത്തുന്നവര്‍ ഇനിയെങ്കിലും ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.


പിന്‍ കുറിപ്പ്: ഭാഗ്യമുണ്ടെങ്കില്‍ ഈ ചര്‍ച്ചയുടെ ഫലമായി ആന്റണി രാജുവിനെതിരെ IPC സെക്ഷന്‍ 509 അനുസരിച്ച് 'സ്ത്രീയുടെ മാന്യത തകര്‍ക്കുന്ന വാക്കുകള്‍ പ്രയോഗിച്ചു" എന്ന കേസെടുക്കാനും  സാധ്യതയുണ്ട്. 

Monday, September 5, 2011

സ്വകാര്യ കണ്ടല്‍ക്കാടുകള്‍ ഏറ്റെടുക്കാനുള്ള പദ്ധതി വനം വകുപ്പ് അട്ടിമറിച്ചു !ഉടമകള്‍ക്ക് പണം നല്‍കി സ്വകാര്യ കണ്ടല്‍ വനങ്ങള്‍ സര്‍ക്കാരിലേക്ക് ഏറ്റെടുക്കാനുള്ള പദ്ധതി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു!! 
സ്വകാര്യ കണ്ടല്‍ വനങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ എടുത്ത തീരുമാനം നടപ്പാക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായ ശേഷമാണ് ആ നടപടി ഉപേക്ഷിക്കുന്ന തീരുമാനം വനം വകുപ്പുദ്യോഗസ്ഥര്‍ കൈക്കൊണ്ടത്. ഇതാകട്ടെ, ചില സ്വകാര്യ കമ്പനികളുടെ താല്‍പര്യ പ്രകാരമാണെന്ന് സംശയിക്കാന്‍ കാരണങ്ങള്‍ ഏറെയുണ്ട്.


കേരളത്തില്‍ കണ്ടല്‍ വനങ്ങള്‍ വളരുന്ന പ്രദേശങ്ങളില്‍ അധികവും സ്വകാര്യ ഭൂമികള്‍ ആണ്. അവിടെ കണ്ടല്‍ നശിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ പല സമയത്തായി  ഇതിനകം തന്നെ  കേരളത്തില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. സി.പി.എം മുന്കൈയ്യെടുത്തു തുടങ്ങിയ പാപ്പിനിശ്ശേരി കണ്ടല്‍ പാര്‍ക്ക്, ഇടക്കൊച്ചിയിലെ സ്റേഡിയം , വളന്തക്കാട് ശോഭാ ഹൈട്ടെക്ക് സിറ്റി, പാതിരാമണല്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ കണ്ടല്‍ വളരുന്ന ഭൂമി സ്വകാര്യവ്യക്തികളുടെ കയ്യില്‍ ഇരിക്കുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ കേരളം കണ്ടതാണ്. മറ്റു വനമേഖലകള്‍ അതതു കാലത്ത് സര്‍ക്കാര്‍ ഏറ്റെടുത്തു സംരക്ഷിക്കുമ്പോള്‍ കണ്ടലിന്‍റെ കാര്യത്തില്‍ മാത്രം വനം വകുപ്പ് ഇതുവരെ അനുകൂലമായ ഒരു നിലപാട് സ്വീകരിച്ചിട്ടില്ല എന്നതാണ് ഈ പ്രശ്നങ്ങളുടെ മൂല കാരണം. 

                        വനമായി കാണുന്ന സ്വകാര്യഭൂമികള്‍ ഏറ്റെടുക്കാന്‍ ആണ് 1971 ല്‍ The Kerala Private Forests (Vesting and Assignment) Act, 1971  സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇത് പ്രകാരം ഒരു ലക്ഷത്തിലേറെ ഏക്കര്‍ വനഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. അത് കാരണമാണ് അന്ന് പല വനങ്ങളും സംരക്ഷിക്കപ്പെട്ടതും കേരളത്തിലെ പരിസ്ഥിതി സംരക്ഷിക്കപ്പെട്ടതും. അന്നും അതിനു ശേഷവും കണ്ടല്‍ വളരുന്ന സ്ഥലങ്ങളെ വനമായോ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശമായോ പരിഗണിച്ചിരുന്നില്ല. അങ്ങനെ പരിഗണിക്കാന്‍ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. 

ഏതാണ്ട് ഒരു പതിറ്റാണ്ടായി കണ്ടല്‍ ചെടികളുടെ പാരിസ്ഥിതിക പ്രാധാന്യം സമൂഹത്തില്‍ പരക്കെ അംഗീകരിക്കപ്പെട്ടു തുടങ്ങി. അതിനു ശേഷമാണ് കണ്ടല്‍ പ്രദേശങ്ങള്‍ സംരക്ഷിച്ചു കൊണ്ടുള്ള നിയമങ്ങളും ശക്തി പ്രാപിച്ചത്. റവന്യൂ വകുപ്പിന്റെ കയ്യിലെ കണ്ടല്‍ പ്രദേശങ്ങള്‍ വനം എന്ന മട്ടില്‍ തന്നെ സംരക്ഷിക്കാന്‍ തുടങ്ങി. അപ്പോഴും സ്വകാര്യ കണ്ടല്‍ പ്രദേശങ്ങള്‍ ഒരു ചോദ്യമായി അവശേഷിച്ചു. ഭൂമി വിള കുത്തനെ ഉയര്‍ന്നതോടെ കണ്ടല്‍ ചെടികള്‍ നശിപ്പിക്കുന്ന പ്രശ്നങ്ങള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങി. വനംവകുപ്പ് അപ്പോള്‍ ഒരു നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടു. 2006 മാര്‍ച്ച് 25 നു സംസ്ഥാന വനം വകുപ്പ് ഇറക്കിയ G.O (R.T) 166/06/വനം  നമ്പറായ ഉത്തരവിന്‍ പ്രകാരം കോഴിക്കോട്, എറണാകുളം, തൃശ്ശൂര്‍ , കൊല്ലം, കണ്ണൂര്‍ എന്നീ ജില്ലകളിലെ ജില്ലാ കലക്ടര്മാരോട്  50 ഹെക്ടര്‍ സ്വകാര്യ കണ്ടല്‍ വനങ്ങള്‍ ലാന്‍ഡ്‌ അക്വസിഷന്‍ ആക്റ്റ് പ്രകാരം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ആവശ്യപ്പെട്ടു. ഇതിലേക്കായി ഒരു വര്‍ഷം കഴിഞ്ഞ്  2007 മാര്‍ച്ച് 28 നു G.O(R.T) 165/07/വനം ഉത്തരവിലൂടെ ഒരു കോടി രൂപ വീതം കൊല്ലം, തൃശ്ശൂര്‍ , കണ്ണൂര്‍ എന്നീ ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് കൊടുക്കുകയും ചെയ്തു. മാതൃകാപരമായ ഒരു തീരുമാനം ആയിരുന്നു അത്. സ്ഥലവില കൂടുതല്‍ ആയതിനാല്‍ കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളിലെ സ്ഥലം പിന്നീട് ഏറ്റെടുക്കാം എന്നും തീരുമാനിച്ചു. 

                         എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു.  എറണാകുളം ജില്ലയില്‍ വളന്തക്കാട് പ്രദേശത്ത് കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെടുന്ന സ്വകാര്യ ഭൂമി വാങ്ങിയ ഫാരിസ് അബൂബക്കര്‍ - ശോഭ ഗ്രൂപ്പ് സഖ്യം അവിടെ ഹൈട്ടെക്ക് സിറ്റി പണിയാനായി ശ്രമം തുടങ്ങി. അതിനായി നിലം നികത്താന്‍ സര്‍ക്കാരില്‍ അപേക്ഷ നല്‍കി.  1980-കളില്‍ കേരളത്തിലുണ്ടായിരുന്ന കണ്ടല്‍ക്കാടുകളില്‍ 94 ശതമാനവും ഇതിനകം നശിച്ചുപോയിരിക്കുന്നുവെന്നും അവശേഷിക്കുന്ന 1600 ഏക്കര്‍ കണ്ടല്‍ക്കാട്ടിലെ 600 ഏക്കറും എറണാകുളം ജില്ലയിലെ മരട് പ്രദേശത്തെ വളന്തക്കാട്ടിലാണുള്ളതെന്നും ജൈവവൈവിധ്യബോര്‍ഡ്‌ പറയുന്നു.  സ്ഥലം വാങ്ങല്‍ പ്രക്രിയ ആരംഭിച്ച കാലത്തുതന്നെ ഫാരിസ് അബൂബക്കറിന്‍റെ കമ്പനി കണ്ടല്‍ വനങ്ങള്‍ വെട്ടിവെളുപ്പിക്കാന്‍ ആരംഭിച്ചു. ഇവര്‍ കണ്ടല്‍വൃക്ഷങ്ങള്‍ വെട്ടിയതിനെതിരെ കേരള വനംവകുപ്പ് 2007-ല്‍ത്തന്നെ കേസ് എടുത്തിട്ടുണ്ട്. ഇതിലുണ്ടായ നാശം 38 ലക്ഷം രൂപയിലധികമാണെന്ന് കേരള വനംഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞര്‍ പഠനം നടത്തി കണക്കാക്കിയിട്ടുണ്ട്.   സ്വകാര്യ കണ്ടല്‍ ഭൂമികള്‍ ഏറ്റെടുക്കാനായി  2007  മാര്‍ച്ച് മാസത്തില്‍ വനം വകുപ്പ് ഇറക്കിയ ഉത്തരവ് ഫാരിസിനും കൂട്ടര്‍ക്കും പാരയാവുമെന്നു വ്യക്തമാകുന്നത്  2007 ആഗസ്റ്റില്‍ ഹൈടെക് സിറ്റിക്കുള്ള ധാരണാപത്രം സംസ്ഥാന വ്യവസായ വകുപ്പുമായി ഒപ്പിട്ട ശേഷമാണ്. 
  എന്നാല്‍ വനം വകുപ്പിന്‍റെ പ്രസ്തുത  ഉത്തരവ് പ്രകാരം ഫാരിസിന്‍റെ ഭൂമി അടക്കം എറണാകുളത്തെ റിയാല്‍ എസ്റ്റേറ്റ്‌ ഭൂമികളില്‍ പലതും ഏറണാകുളം ജില്ലാ കളക്റ്റര്‍ വൈകാതെ ഏറ്റെടുക്കും എന്ന് മനസിലാക്കിയ ഭൂമാഫിയ ചില തന്ത്രങ്ങള്‍ മെനഞ്ഞു. അതോടൊപ്പം കണ്ണൂരില്‍ കണ്ടല്‍ പാര്‍ക്ക് തുടങ്ങാന്‍ ഉദ്ദേശിച്ചവരും  ചേര്‍ന്നുവോ എന്നും അന്വേഷിക്കേണ്ടതുണ്ട്.
 പുറത്തു നിന്നും ഉണ്ടായ ചില ഇടപെടലുകളുടെ അടിസ്ഥാനത്തില്‍   2009 മാര്‍ച്ച് 18 നു ചേര്‍ന്ന വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സ്വകാര്യ കണ്ടല്‍ ഭൂമികള്‍ ഏറ്റെടുക്കാനുള്ള മുന്‍ തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെട്ടു!!!
              മേല്‍പ്പറഞ്ഞ യോഗത്തില്‍ കണ്ടല്‍ വളരുന്ന സ്വകാര്യ ഭൂമികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ല എന്ന നിലപാടാണ് വനം വകുപ്പ് കൈക്കൊണ്ടത്. അതിനായി വളരെ വിചിത്രമായ വാദങ്ങളാണ് അവര്‍ നിരത്തിയത്. സ്വകാര്യ കണ്ടല്‍ വനങ്ങള്‍ EFL ആക്ടിലെ സെക്ഷന്‍ 4(1) പ്രകാരം ഏറ്റെടുത്താല്‍ കണ്ടല്‍ കൈവശമുള്ള സ്വകാര്യ വ്യക്തികള്‍ കണ്ടലുകള്‍ നശിപ്പിക്കാനുള്ള പ്രവണത ഉള്ളതിനാല്‍ സ്വകാര്യ വ്യക്തികള്‍ക്ക് അവ വളര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും പ്രോത്സാഹനം അഥവാ ഇന്‍സെന്റീവ് നല്‍കുകയാണ് വേണ്ടതെന്നാണ്  ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചത്. അതിനായി ജൈവവൈവിധ്യ സെല്ലില്‍ ലഭ്യമായ ഫണ്ടുപയോഗിച്ച് ഒരു കര്‍മ്മ പദ്ധതി ആവിഷ്കരിക്കാനും യോഗം തീരുമാനിച്ചു. കണ്ടല്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ആണ് ഭൂമി ഏറ്റെടുക്കണം എന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് എന്നിരിക്കെ അതേ കാരണം പറഞ്ഞു മുന്‍ തീരുമാനം അട്ടിമറിച്ചത് വൈരുധ്യമാണ്. 
                          ഈ പദ്ധതിയെപ്പറ്റി വനം വകുപ്പ് പരസ്യങ്ങളില്‍ വന്‍ പ്രാധാന്യത്തോടെയാണ്‌ 'കണ്ടല്‍ സംരക്ഷിക്കാന്‍ പദ്ധതി' എന്ന് കൊട്ടിഘോഷിച്ചിരുന്നത്. എന്നാല്‍ ആ പദ്ധതി രണ്ട് വര്‍ഷം ആയിട്ടും  നാളിതുവരെ നടപ്പായിട്ടില്ല!!   2010 നവംബറില്‍ പോലും പദ്ധതിക്ക് അന്തിമ രൂപം ആയിട്ടില്ല എന്നാണ് വിവരാവകാശ നിയമ പ്രകാരമുള്ള അന്വേഷണങ്ങള്‍ക്ക് വനം വകുപ്പ് രേഖാമൂലം നല്‍കുന്ന മറുപടി. അങ്ങനെ കഴിഞ്ഞ സര്‍ക്കാരിന്‍റെ കണ്ടല്‍ സംരക്ഷണം പ്രഖ്യാപനത്തില്‍ ഒതുങ്ങി. 
                   സ്വകാര്യ വ്യക്തികളുടെ കയ്യില്‍ പാരിസ്ഥിതികമായി ദുര്‍ബ്ബലമായ കണ്ടല്‍ വനപ്രദേശം ഇരുന്നാല്‍ അത് ദുര്‍വിനിയോഗിക്കും എന്നറിയാതെ അല്ല ഇത്തരം ഒരു മലക്കം മറിച്ചില്‍ വനം വകുപ്പ് നടത്തിയത്. കണ്ടല്‍ ഭൂമി കലക്ടര്‍മാര്‍ മുഖേന എളുപ്പത്തില്‍ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടാമെന്നും അതിനായി സ്ഥലം ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനാല്‍ സാധാരണക്കാരുടെ എതിര്‍പ്പുകള്‍ ഉണ്ടാവില്ല എന്നും പകല്‍ പോലെ വ്യക്തമാണ്. ഇതെല്ലാം അറിഞ്ഞിട്ടും പഴയ ഉത്തരവില്‍ ഇത്തരമൊരു അട്ടിമറി നടത്തി, ഇന്ത്യയിലെവിടെയും കേട്ട് കേള്‍വി ഇല്ലാത്ത വിധം വനഭൂമി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ സ്വകാര്യ വ്യക്തികളെ ഏല്‍പ്പിക്കാം എന്ന് തീരുമാനിച്ചതിനു പിന്നില്‍ ശോഭ ഗ്രൂപ്പ് അടക്കമുള്ള റിയല്‍ എസ്റ്റേറ്റ്‌ മാഫിയയുടെ താല്പ്പര്യമായിരുന്നു എന്നുവേണം അനുമാനിക്കാന്‍ . വനംവകുപ്പ് ആദ്യം തീരുമാനിച്ച പ്രകാരമുള്ള നടപടികളുമായി മുന്നോട്ടു പോയിരുന്നെങ്കില്‍ പാപ്പിനിശ്ശേരി കണ്ടല്‍ പാര്‍ക്ക്, ഇടക്കൊചിയിലെ സ്റേഡിയം , വളന്തക്കാട് ശോഭാ ഹൈട്ടെക്ക് സിറ്റി, പാതിരാമണല്‍ തുടങ്ങി വിവാദ വിഷയങ്ങളില്‍പ്പെട്ട ഭൂമികള്‍ സംരക്ഷിക്കപ്പെടുമായിരുന്നു.  ഈ അട്ടിമറിക്ക് പിന്നില്‍ ഉദ്യോഗസ്ഥര്‍ മാത്രമാണെന്ന് കരുതാന്‍ നിവൃത്തിയില്ല. കാരണം, അന്നത്തെ വനംവകുപ്പ് മന്ത്രി അറിയാതെ ഇത്തരമൊരു നയം മാറ്റം വനംവകുപ്പില്‍ സംഭവിക്കില്ലെന്നു തീര്‍ച്ചയാണ്. അതിനാല്‍ത്തന്നെ പരിസ്ഥിതി സ്നേഹിയായ ബിനോയ്‌ വിശ്വത്തിന് നേരെയാണ് സംശയത്തിന്‍റെ മുനകള്‍ ഉയരുന്നത്. എന്നാല്‍ വളന്തക്കാട് വിഷയത്തില്‍ അടക്കം കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കാന്‍ അദ്ദേഹം പരസ്യമായി മുന്‍കൈ എടുത്തതും നാം കണ്ടതാണ്.  പാര്‍ട്ടി സമ്മര്‍ദ്ദമായിരുന്നോ ഇത്തരമൊരു ഉത്തരവ് അട്ടിമറിച്ചതിനു പിന്നിലെന്നും അറിയേണ്ടതുണ്ട്.

                
   കാരണങ്ങള്‍ എന്തു തന്നെയായാലും വന സംരക്ഷണത്തില്‍ ഇത്രയും അസംബന്ധമായ ഒരു തീരുമാനം കൈക്കൊണ്ട ഒരു സര്‍ക്കാര്‍ വേറെ ഉണ്ടാവില്ല. ഇതേ യുക്തി ഉപയോഗിച്ച് 1971 ല്‍ സ്വകാര്യ വനങ്ങള്‍ ഏറ്റെടുക്കാതെ, അത് സംരക്ഷിക്കുന്ന സ്വകാര്യ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നെങ്കില്‍ ഇന്ന് ഒരു ലക്ഷത്തിലേറെ ഏക്കര്‍ വനം കേരളത്തില്‍ ഉണ്ടാകുമായിരുന്നില്ല. സ്വകാര്യ  വനം സര്‍ക്കാര്‍ ഏറ്റെടുത്താലേ സംരക്ഷിക്കാനാകൂ എന്നത് വര്‍ത്തമാനകാലത്തെ അവശ്യം അറിഞ്ഞിരിക്കേണ്ട പോതുവിജ്ഞാനങ്ങളില്‍ ഒന്നാണ്.  അതാണ്‌ കഴിഞ്ഞ ഇടതു സര്‍ക്കാരിനോ വനം മന്ത്രിക്കോ മനസിലാകാതെ പോയതും.  

പുതിയ സര്‍ക്കാരും വനം മന്ത്രിയും ഈ വിഷയം ഗൌരവമായി കണ്ട് സ്വകാര്യ കണ്ടല്‍ ഭൂമികള്‍ മതിയായ വിലകൊടുത്തു ഏറ്റെടുക്കാന്‍ ശ്രമിക്കണം എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം. ഓരോ ദിവസവും കൂടുതല്‍ കണ്ടല്‍ ഭൂമികള്‍ നശിപ്പിക്കപ്പെടുമ്പോള്‍ ഈ ആവശ്യത്തിനു പ്രസക്തി ഏറുകയാണ്.