Showing posts with label kasaragod. Show all posts
Showing posts with label kasaragod. Show all posts

Monday, September 26, 2011

എന്‍ഡോസള്‍ഫാന്‍: യു.ഡി.എഫ് സര്‍ക്കാര്‍ ഇരകളെ മറക്കുന്നുവോ?

                   എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച കേസ് ഇന്ന് (Sep-26) സുപ്രീംകോടതി പരിഗണിക്കാന്‍ ഇരിക്കുകയാണ്. എന്നാല്‍ ഈ കേസില്‍ കേരള സംസ്ഥാനത്തിന്റെ വാദങ്ങളെ ദുര്‍ബ്ബലമാക്കുന്ന രേഖകളാണ് ഇപ്പോഴും കോടതിയില്‍ നിലനില്‍ക്കുന്നത്. കാസര്‍കോഡ് ജില്ലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സംസ്ഥാന കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കേന്ദ്രകൃഷിമന്ത്രാലയത്തെ അറിയിച്ചത്. ആ രേഖകളാണ് സുപ്രീംകോടതി നിയോഗിച്ച സമിതി കേരളത്തിന്റെ നിലപാടായി കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ഈ വിഷയം രേഖകള്‍ സഹിതം വാര്‍ത്തയായിട്ടും അത് അന്വേഷിക്കാനോ തെറ്റായ നിലപാട് തിരുത്താനോ സംസ്ഥാന കൃഷി മന്ത്രി ശ്രീ.കെ.പി മോഹനനോ സര്‍ക്കാരോ തയ്യാറായിട്ടില്ല. ഇതുസംബന്ധിച്ച മാധ്യമപ്രവര്തകരുടെ ചോദ്യങ്ങളില്‍ നിന്നും മന്ത്രി ഒഴിഞ്ഞുമാറി. നിലപാടിലെ ഈ വൈരുധ്യം കേസിന്റെ വാദത്തിനിടെ ഉത്പാദകര്‍ ചൂണ്ടിക്കാണിക്കുമെന്നും കേസിനെ ദോഷകരമായി ബാധിക്കുമെന്നാണ് നിയമവിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നത്.

                     സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ കള്ള വിവരങ്ങള്‍ നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ശരിയായ വിവരങ്ങള്‍ കോടതിയെ ധരിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു ഞാന്‍ മുഖ്യമന്ത്രിക്ക് പരാതി അയച്ചിട്ട് ഒന്നര മാസമായിട്ടും പരാതിയില്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. ഏറെ കൊട്ടിഘോഷിച്ച മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് വഴി ഞാന്‍ നല്‍കിയ പരാതിയുടെ അവസ്ഥയെന്താണെന്ന് പോലും അതില്‍ പരിശോധിക്കാന്‍ ആവുന്നില്ല.  

                  കൃഷിമന്ത്രിമാര്‍ക്ക് എല്ലാം ഒരേസ്വരം എന്ന മട്ടിലാണ് കേരള കൃഷിമന്ത്രി കെ.പി മോഹനന്‍ കഴിഞ്ഞ ദിവസം ഒരു പ്രഖ്യാപനം നടത്തിയത്. എന്‍ഡോസള്‍ഫാന്‍ ദുരന്തം പ്രാദേശിക പ്രശ്‌നം മാത്രമാണെന്നും ആകാശമാര്‍ഗ്ഗം തളിച്ചതും മണ്ണിന്റെ അമ്ലാംശവുമാണ് കാസര്‍ഗോഡ് ദുരന്തം വിതച്ചത് എന്നുമുള്ള അങ്ങേയറ്റം നിരുത്തരവാദവും ക്രൂരതയും നിറഞ്ഞ പ്രസ്താവനയാണ് മന്ത്രി നടത്തിയത്. കോഴിക്കോട്ടെയും പാലക്കാട്ടെയും ഇരകളുടെ വാര്‍ത്ത വന്നപ്പോള്‍ അതെല്ലാം ഗൌരവപൂര്‍ണ്ണമായി കാണുമെന്നു പ്രസ്താവിച്ച അതേ മന്ത്രിയാണ് ഈ പ്രസ്താവന നടത്തിയതെന്നും നാം ഓര്‍ക്കേണ്ടതാണ്. ഏതു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു അറിവ് മന്ത്രിക്കു കിട്ടിയതെന്ന് മനസിലാവുന്നില്ല. എന്‍ഡോസള്‍ഫാന്‍ ലോബിക്കുവേണ്ടി ഭരണം നടത്തുന്ന കേന്ദ്ര കൃഷിമന്ത്രി ശരദ്പവാറിന്റെ പത്തുമിനുട്ട് നേരത്തെ സാന്നിധ്യം മോഹനന്‍ മന്ത്രിയെ ഇത്രയേറെ മാറ്റിയെങ്കില്‍ ശരദ് പവാറിനോപ്പം ഏറെക്കാലം ജോലിചെയ്ത കെ.വി തോമസ്‌ ഇതിനപ്പുറം പറഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ.. എന്നാല്‍ വിഷയം വിവാദമായതോടെ മിനുട്ടുകള്‍ക്കകം മന്ത്രി ഇത് തിരുത്തുകയും ചെയ്തു. എന്തൊക്കെയായാലും മന്ത്രിമാരുടെ മനസിലിരിപ്പ് വ്യക്തമാക്കുന്ന പ്രസ്താവനകള്‍ ആണ് ഇതുവഴി പുറത്തു വരുന്നത്.

                                             ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്ന ഉടനേ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഇടപെടുകയും ഇരകള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ആ വിഷയം സര്‍ക്കാര്‍ പാടേ അവഗണിച്ചു. പ്രധാനമന്ത്രിയെ കാസര്‍കോട്ട് കൊണ്ടുവരുമെന്നും കേന്ദ്രസര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കും എന്നുമൊക്കെ വീമ്പുപറഞ്ഞ മുഖ്യമന്ത്രി പിന്നീട് അതെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പോയപ്പോഴും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടി  മുഖ്യമന്ത്രിയോ മന്ത്രിമാരോ ഒന്നും ചെയ്തിട്ടില്ല എന്നതാണ് ഏറെ സങ്കടകരം.. ഇരകളെ സംസ്ഥാന സര്‍ക്കാര്‍ മറന്നുതുടങ്ങി എന്നതിന്റെ സൂചനയാണ് ഇത്. സ്റോക്ക്ഹോം സമ്മേളനത്തില്‍ പങ്കെടുത്തു എന്‍ഡോസല്ഫാനെതിരായി ശക്തമായി നിലപാടെടുത്തു ഇരകളെ ചികിത്സിക്കുന്നതില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ച ഡോ.മുഹമ്മദ്‌ അഷീലിനെ എന്‍ഡോസള്‍ഫാന്‍ റെമഡിയേഷന്‍ അസിസ്ടന്റ്റ് നോടല്‍ ഓഫീസര്‍ സ്ഥാനത്ത് നിന്നും നിന്നും നീക്കം ചെയ്യുകയും സുപ്രീം കോടതിയിലെ കേസില്‍ ഇടപെടെണ്ടതില്ല എന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതെല്ലാം എന്‍ഡോസള്‍ഫാന്‍ ഇരകളെ മറന്ന സര്‍ക്കാരിന്റെ നീക്കങ്ങളായി ആണ് പ്രദേശത്തുകാര്‍ കാണുന്നത്.  കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഘ്വി എന്‍ഡോസള്‍ഫാന്‍ ഉത്പാദകര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായതും ഉത്പാദകരില്‍ നിന്നും കോണ്‍ഗ്രസ് അമ്പതു ലക്ഷം ഫണ്ട് വാങ്ങി എന്ന വാര്‍ത്തയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.

                                            എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുമ്പോഴും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബൂണല്‍ കൊണ്ടുവരാന്‍ കഴിഞ്ഞ ഇടതുസര്‍ക്കാര്‍ യാതൊരു ശ്രമവും നടത്തിയിരുന്നില്ല. ഇതിനെതിരെ അന്ന് ഹൈക്കോടതിയില്‍ കേസ് നല്‍കിയത് കോണ്‍ഗ്രസിന്റെ അഭിഭാഷക സംഘടനാ ഭാരവാഹിയായ അഡ്വ.ആസിഫ് അലിയാണ്. ഇന്ന് അഡ്വ.ആസിഫ് അലി ഹൈക്കോടതിയിലെ സംസ്ഥാന പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ആണ്. സര്‍ക്കാര്‍ അധികാരത്തിലേറി നാല് മാസം കഴിഞ്ഞിട്ടും കേസില്‍ യാതൊരു തീരുമാനവുമില്ല !! മാധ്യമങ്ങള്‍ക്കും അതൊരു വാര്‍ത്തയല്ല !! കാസര്‍കോട്ട് സൂക്ഷിച്ചിട്ടുള്ള 1500 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യ മാക്കാനുള്ള കാര്യക്ഷമമായ ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും കാണുന്നില്ല.

                                          നഷ്ടപരിഹാരം നല്‍കാന്‍ അടിയന്തിരമായി ട്രൈബൂണല്‍ സ്ഥാപിക്കുകയും ഇരകള്‍ക്ക് ചികില്സാസൌകര്യങ്ങള്‍ അടക്കമുള്ള സഹായങ്ങള്‍ നല്‍കുകയും സുപ്രീംകോടതിയിലെ കേസ് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്നും മതിയായ സാമ്പത്തിക സഹായം നേടിയെടുക്കുകയും ചെയ്യണം എന്നാണ് സര്‍ക്കാരിനോട് ഇരകളും ആവശ്യപ്പെടുന്നത്.

Thursday, August 11, 2011

എന്‍ഡോസള്‍ഫാന് അനുകൂലമായി കേരളവും !!!

എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതിന് തെളിവില്ലെന്ന് കേരള സര്‍ക്കാറും കേന്ദ്രത്തെ അറിയിച്ചതായി തെളിവുകള്‍ പുറത്ത് വന്നു. കാസര്‍കോഡ് ജില്ലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സംസ്ഥാന കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കേന്ദ്രകൃഷിമന്ത്രാലയത്തെ അറിയിച്ചത്. ജൂണ്‍ മൂന്നിന് നടന്ന യോഗത്തിന്റെ മിനുട്‌സ് ഡൂള്‍ന്യൂസിന് ലഭിച്ചു.
സുപ്രീം കോടതിയുടെ നിര്‍ദേശത്തെതുടര്‍ന്ന എന്‍ഡോസള്‍ഫാനെതിരെയുളള ബദല്‍ നിര്‍ദേശിക്കാനായി കേന്ദ്ര കാര്‍ഷിക കമ്മീഷണര്‍ ഡോക്ടര്‍ ഗുരു ഭജന്‍ സിങ്ങാണ് ജൂണ്‍ മൂന്നിന് ദല്‍ഹിയില്‍ യോഗം വിളിച്ചു ചേര്‍ത്തത്. ഈ യോഗത്തിലാണ് കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്‍ഡോസള്‍ഫാന് അനുകൂലമായ വിവരം നല്‍കിയത്. കാര്‍ഷിക അഡീഷണര്‍ ഡയറക്ടര്‍ വി പുഷ്പാംഗദന്‍, കാര്‍ഷിക സര്‍വ്വകലാശാലയിലെ നസീമാ ബീവി, ഹോള്‍ട്ടി കള്‍ച്ചറല്‍ ഡിവിഷനിലെ പ്രതാപന്‍ എന്നീ ഉദ്യോഗസ്ഥരാണ് കേരളത്തെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് അധികം വൈകാതെയാണ് എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ നയം മാറ്റുന്നത്. കേരളത്തില്‍ ആകാശമാര്‍ഗ്ഗം 20 വര്‍ഷം എന്‍ഡോസള്‍ഫാന്‍ തളിച്ചെന്നും 2001ല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കൃഷി വകുപ്പ് ചില പഠനങ്ങള്‍ നടത്തിയതായും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. എന്നാല്‍ ഒരു പഠനത്തിലും എന്‍ഡോസള്‍ഫാനാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയത് എന്ന് തെളിയിക്കാനായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജിന്റെതടക്കം നിരവധി പഠനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി തെളിയിച്ചിട്ടും കോടിക്കണക്കിന് രൂപ സംസ്ഥാന സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസത്തിന് ചിലവഴിക്കുകയും ചെയ്യുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തിലൊരു വിവരം കേന്ദ്രത്തെ അറിയിച്ചത്.
ഏപ്രില്‍ 22ന് കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീറും അന്നത്തെ ആരോഗ്യമന്ത്രി പി കെ ശ്രീമതിയും അടക്കമുള്ള സര്‍വ്വകക്ഷി സംഘം കേരളത്തിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാനാണെന്ന് തെളിയിക്കുന്ന ശാസ്ത്രീയ പഠനങ്ങള്‍ അടക്കമുള്ള രേഖകളുമായി പ്രധാനമന്ത്രിയെ കണ്ടിരുന്നു. അതുകഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോഴാണ് കാസര്‍കോട്ടെ ദുരിതത്തിന് കാരണം എന്‍ഡോസള്‍ഫാനല്ലെന്ന്, സംസ്ഥാനത്തെ വഞ്ചിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.
കേരളത്തില്‍ നിന്നുള്ള ഏലത്തിന് ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ അംശം കണ്ടെത്തുന്നുണ്ടെന്ന് കാര്‍ഷിക സര്‍വ്വകാശാലയെ പ്രതിനിധീകരിച്ച നഫീസബീവി കേന്ദ്രത്തെ അറിയിച്ചതായും രേഖകള്‍ പറയുന്നു. കേരളത്തിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ വ്യാജവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ഡി.വൈ.എഫ്.ഐ ഹരജിയിന്മേല്‍ കേന്ദ്രഗവണ്‍മെന്റ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നതും ശ്രദ്ധേയമാണ്.


Thursday, October 7, 2010

എന്‍ഡോസള്‍ഫാന്‍ നിരോധനം: ഇത്തവണയും ഇന്ത്യ ലോകത്തിനു മുന്‍പില്‍ നാറും .



ജനീവ: എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനും അതിന്റെ ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി പഠിക്കാനും തിങ്കളാഴ്ച മുതല്‍ ഇവിടെ നടക്കുന്ന പോപ്‌ റിവ്യൂ കമ്മറ്റി അന്താരാഷ്‌ട്ര കണ്‍വെന്ഷനില്‍ ഇന്ത്യ വീണ്ടും ലോകത്തിനു മുന്‍പില്‍ നാണം കെടും.
                 കഴിഞ്ഞ വര്‍ഷം ഇതേ ആവശ്യത്തിനു റോട്ടര്‍ഡാമില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നൂറോളം രാഷ്ട്രങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇന്ത്യ മാത്രം ഇതിനെ എതിര്‍ത്തിരുന്നു. എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കുന്ന കമ്പിനിയുടെ പ്രതിനിധിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചു അന്ന് പങ്കെടുത്തത്.
കാസരഗോട്ടെ മുന്നൂറോളം പേരെ കൊന്ന, ആയിരക്കണക്കിന് പേരെ ജീവശ്ഷവമാക്കിയ എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി വിഷമല്ലെന്നും, ഈ കീടനാശിനി പ്രയോഗിച്ചു ഇന്ത്യയില്‍ ആരും മരിച്ചിട്ടില്ലെന്നും ആണ് ഇന്ത്യ അന്ന് ലോക രാഷ്ട്രങ്ങളോട് പറഞ്ഞത്. അതോടെ ഈ ആവശ്യത്തിനായി വിളിച്ചു ചേര്‍ത്ത അന്താരാഷ്‌ട്ര സമ്മേളനം തീരുമാനമാകാതെ പിരിയുകയായിരുന്നു. സമ്മേളന നഗരിക്കു മുന്നില്‍ വായമൂടിക്കെട്ടി പ്രതിഷേധിച്ചാണ് ഇന്ത്യയില്‍ നിന്നു പോയ പരിസ്ഥിതി പ്രവര്‍ത്തകര്‍ അന്ന് രോഷം തീര്‍ത്തത്.    
        ആ അപമാനം മറക്കുന്നതിനു മുന്‍പ് ഈ വര്‍ഷത്തെ സമ്മേളനം വന്നെത്തി. ഈ വര്‍ഷം പരിസ്ഥിതി പ്രവര്‍ത്തകര്‍ ജനീവ സമ്മേളനത്തിന് പോകുന്നതിനു തൊട്ടു മുന്‍പ് എന്‍ഡോസള്‍ഫാന്‍ ദുരന്തം സംഭവിച്ചത് കീടനാശിനി മൂലംമാല്ലെനും അത് പഠിച്ച സംഘടനകളുടെ നിക്ഷിപ്ത താല്പര്യമാണ് റിപ്പോര്‍ട്ടിന് പിന്നിലെന്നും ആരോപിച്ചു  നിര്‍മ്മാതാക്കളുടെ കമ്പനികള്‍ പ്രധാന മന്ത്രിക്കു നിവേദനം നല്‍കിയിരിക്കുകയാണ്.  ഇന്ത്യന്‍ പ്രതിനിധി സംഘത്തെ സ്വാധീനിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു.  എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കളുടെ പരാതിയോടെ ഈ വര്‍ഷവും ഇന്ത്യയില്‍ എവിടെയും  എന്‍ഡോസള്‍ഫാന്‍ ദുരന്തം നടന്നിട്ടില്ല എന്ന് പ്രഖ്യാപിക്കും എന്ന് കരുതുന്നു.  അതാണല്ലോ എല്ലാക്കാലവും മന്‍മോഹന്‍ ചെയ്തു പോന്നതും .




കാസര്‍കോട്ടെ സര്‍ക്കാര്‍ കശുമാവിന്‍ തോട്ടങ്ങളില്‍ തളിച്ച കീടനാശിനി മൂലം രോഗികളായവരുടെ ഫോട്ടോ ലോകം മുഴുവന്‍ കാണുകയും, വി.എസ്  അച്ചുതാനന്ദന്‍ സര്‍ക്കാര്‍ പഠനം നടത്തി , രോഗികള്‍ക്ക് ചികിത്സ നല്‍കിയിട്ടും ലോക മനസാക്ഷിക്ക് മുന്നില്‍ കണ്ണടച്ച് കള്ളം പറയുന്ന കേന്ദ്ര സര്‍ക്കാര്‍ മൂളിയാറിലെ പാവം സൈനബയുടെയും സുജിത്തിന്റെയും ആത്മാവിനോട് കാണിക്കുന്ന ക്രൂരത ഏതു കാലം പൊറുക്കും?  ചരിത്രം ഇവര്‍ക്ക് മാപ്പ് കൊടുക്കില്ല.


ഈ വിഷയം കാണിച്ചു നിങ്ങള്‍ക്കും പ്രധാന മന്ത്രിക്കു കത്തെഴുതാം.  എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ആവശ്യപ്പെടാം.    http://pmindia.nic.in/write.htm 

ഈ ഹതഭാഗ്യര്‍ക്ക് വേണ്ടി നിങ്ങള്‍ രാജ്യത്തോട്  ആവശ്യപ്പെടൂ....

BAN ENDOSULFAN....