Monday, September 5, 2011

സ്വകാര്യ കണ്ടല്‍ക്കാടുകള്‍ ഏറ്റെടുക്കാനുള്ള പദ്ധതി വനം വകുപ്പ് അട്ടിമറിച്ചു !ഉടമകള്‍ക്ക് പണം നല്‍കി സ്വകാര്യ കണ്ടല്‍ വനങ്ങള്‍ സര്‍ക്കാരിലേക്ക് ഏറ്റെടുക്കാനുള്ള പദ്ധതി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു!! 
സ്വകാര്യ കണ്ടല്‍ വനങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ എടുത്ത തീരുമാനം നടപ്പാക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായ ശേഷമാണ് ആ നടപടി ഉപേക്ഷിക്കുന്ന തീരുമാനം വനം വകുപ്പുദ്യോഗസ്ഥര്‍ കൈക്കൊണ്ടത്. ഇതാകട്ടെ, ചില സ്വകാര്യ കമ്പനികളുടെ താല്‍പര്യ പ്രകാരമാണെന്ന് സംശയിക്കാന്‍ കാരണങ്ങള്‍ ഏറെയുണ്ട്.


കേരളത്തില്‍ കണ്ടല്‍ വനങ്ങള്‍ വളരുന്ന പ്രദേശങ്ങളില്‍ അധികവും സ്വകാര്യ ഭൂമികള്‍ ആണ്. അവിടെ കണ്ടല്‍ നശിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ പല സമയത്തായി  ഇതിനകം തന്നെ  കേരളത്തില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. സി.പി.എം മുന്കൈയ്യെടുത്തു തുടങ്ങിയ പാപ്പിനിശ്ശേരി കണ്ടല്‍ പാര്‍ക്ക്, ഇടക്കൊച്ചിയിലെ സ്റേഡിയം , വളന്തക്കാട് ശോഭാ ഹൈട്ടെക്ക് സിറ്റി, പാതിരാമണല്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ കണ്ടല്‍ വളരുന്ന ഭൂമി സ്വകാര്യവ്യക്തികളുടെ കയ്യില്‍ ഇരിക്കുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ കേരളം കണ്ടതാണ്. മറ്റു വനമേഖലകള്‍ അതതു കാലത്ത് സര്‍ക്കാര്‍ ഏറ്റെടുത്തു സംരക്ഷിക്കുമ്പോള്‍ കണ്ടലിന്‍റെ കാര്യത്തില്‍ മാത്രം വനം വകുപ്പ് ഇതുവരെ അനുകൂലമായ ഒരു നിലപാട് സ്വീകരിച്ചിട്ടില്ല എന്നതാണ് ഈ പ്രശ്നങ്ങളുടെ മൂല കാരണം. 

                        വനമായി കാണുന്ന സ്വകാര്യഭൂമികള്‍ ഏറ്റെടുക്കാന്‍ ആണ് 1971 ല്‍ The Kerala Private Forests (Vesting and Assignment) Act, 1971  സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇത് പ്രകാരം ഒരു ലക്ഷത്തിലേറെ ഏക്കര്‍ വനഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. അത് കാരണമാണ് അന്ന് പല വനങ്ങളും സംരക്ഷിക്കപ്പെട്ടതും കേരളത്തിലെ പരിസ്ഥിതി സംരക്ഷിക്കപ്പെട്ടതും. അന്നും അതിനു ശേഷവും കണ്ടല്‍ വളരുന്ന സ്ഥലങ്ങളെ വനമായോ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശമായോ പരിഗണിച്ചിരുന്നില്ല. അങ്ങനെ പരിഗണിക്കാന്‍ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. 

ഏതാണ്ട് ഒരു പതിറ്റാണ്ടായി കണ്ടല്‍ ചെടികളുടെ പാരിസ്ഥിതിക പ്രാധാന്യം സമൂഹത്തില്‍ പരക്കെ അംഗീകരിക്കപ്പെട്ടു തുടങ്ങി. അതിനു ശേഷമാണ് കണ്ടല്‍ പ്രദേശങ്ങള്‍ സംരക്ഷിച്ചു കൊണ്ടുള്ള നിയമങ്ങളും ശക്തി പ്രാപിച്ചത്. റവന്യൂ വകുപ്പിന്റെ കയ്യിലെ കണ്ടല്‍ പ്രദേശങ്ങള്‍ വനം എന്ന മട്ടില്‍ തന്നെ സംരക്ഷിക്കാന്‍ തുടങ്ങി. അപ്പോഴും സ്വകാര്യ കണ്ടല്‍ പ്രദേശങ്ങള്‍ ഒരു ചോദ്യമായി അവശേഷിച്ചു. ഭൂമി വിള കുത്തനെ ഉയര്‍ന്നതോടെ കണ്ടല്‍ ചെടികള്‍ നശിപ്പിക്കുന്ന പ്രശ്നങ്ങള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങി. വനംവകുപ്പ് അപ്പോള്‍ ഒരു നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടു. 2006 മാര്‍ച്ച് 25 നു സംസ്ഥാന വനം വകുപ്പ് ഇറക്കിയ G.O (R.T) 166/06/വനം  നമ്പറായ ഉത്തരവിന്‍ പ്രകാരം കോഴിക്കോട്, എറണാകുളം, തൃശ്ശൂര്‍ , കൊല്ലം, കണ്ണൂര്‍ എന്നീ ജില്ലകളിലെ ജില്ലാ കലക്ടര്മാരോട്  50 ഹെക്ടര്‍ സ്വകാര്യ കണ്ടല്‍ വനങ്ങള്‍ ലാന്‍ഡ്‌ അക്വസിഷന്‍ ആക്റ്റ് പ്രകാരം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ആവശ്യപ്പെട്ടു. ഇതിലേക്കായി ഒരു വര്‍ഷം കഴിഞ്ഞ്  2007 മാര്‍ച്ച് 28 നു G.O(R.T) 165/07/വനം ഉത്തരവിലൂടെ ഒരു കോടി രൂപ വീതം കൊല്ലം, തൃശ്ശൂര്‍ , കണ്ണൂര്‍ എന്നീ ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് കൊടുക്കുകയും ചെയ്തു. മാതൃകാപരമായ ഒരു തീരുമാനം ആയിരുന്നു അത്. സ്ഥലവില കൂടുതല്‍ ആയതിനാല്‍ കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളിലെ സ്ഥലം പിന്നീട് ഏറ്റെടുക്കാം എന്നും തീരുമാനിച്ചു. 

                         എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു.  എറണാകുളം ജില്ലയില്‍ വളന്തക്കാട് പ്രദേശത്ത് കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെടുന്ന സ്വകാര്യ ഭൂമി വാങ്ങിയ ഫാരിസ് അബൂബക്കര്‍ - ശോഭ ഗ്രൂപ്പ് സഖ്യം അവിടെ ഹൈട്ടെക്ക് സിറ്റി പണിയാനായി ശ്രമം തുടങ്ങി. അതിനായി നിലം നികത്താന്‍ സര്‍ക്കാരില്‍ അപേക്ഷ നല്‍കി.  1980-കളില്‍ കേരളത്തിലുണ്ടായിരുന്ന കണ്ടല്‍ക്കാടുകളില്‍ 94 ശതമാനവും ഇതിനകം നശിച്ചുപോയിരിക്കുന്നുവെന്നും അവശേഷിക്കുന്ന 1600 ഏക്കര്‍ കണ്ടല്‍ക്കാട്ടിലെ 600 ഏക്കറും എറണാകുളം ജില്ലയിലെ മരട് പ്രദേശത്തെ വളന്തക്കാട്ടിലാണുള്ളതെന്നും ജൈവവൈവിധ്യബോര്‍ഡ്‌ പറയുന്നു.  സ്ഥലം വാങ്ങല്‍ പ്രക്രിയ ആരംഭിച്ച കാലത്തുതന്നെ ഫാരിസ് അബൂബക്കറിന്‍റെ കമ്പനി കണ്ടല്‍ വനങ്ങള്‍ വെട്ടിവെളുപ്പിക്കാന്‍ ആരംഭിച്ചു. ഇവര്‍ കണ്ടല്‍വൃക്ഷങ്ങള്‍ വെട്ടിയതിനെതിരെ കേരള വനംവകുപ്പ് 2007-ല്‍ത്തന്നെ കേസ് എടുത്തിട്ടുണ്ട്. ഇതിലുണ്ടായ നാശം 38 ലക്ഷം രൂപയിലധികമാണെന്ന് കേരള വനംഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞര്‍ പഠനം നടത്തി കണക്കാക്കിയിട്ടുണ്ട്.   സ്വകാര്യ കണ്ടല്‍ ഭൂമികള്‍ ഏറ്റെടുക്കാനായി  2007  മാര്‍ച്ച് മാസത്തില്‍ വനം വകുപ്പ് ഇറക്കിയ ഉത്തരവ് ഫാരിസിനും കൂട്ടര്‍ക്കും പാരയാവുമെന്നു വ്യക്തമാകുന്നത്  2007 ആഗസ്റ്റില്‍ ഹൈടെക് സിറ്റിക്കുള്ള ധാരണാപത്രം സംസ്ഥാന വ്യവസായ വകുപ്പുമായി ഒപ്പിട്ട ശേഷമാണ്. 
  എന്നാല്‍ വനം വകുപ്പിന്‍റെ പ്രസ്തുത  ഉത്തരവ് പ്രകാരം ഫാരിസിന്‍റെ ഭൂമി അടക്കം എറണാകുളത്തെ റിയാല്‍ എസ്റ്റേറ്റ്‌ ഭൂമികളില്‍ പലതും ഏറണാകുളം ജില്ലാ കളക്റ്റര്‍ വൈകാതെ ഏറ്റെടുക്കും എന്ന് മനസിലാക്കിയ ഭൂമാഫിയ ചില തന്ത്രങ്ങള്‍ മെനഞ്ഞു. അതോടൊപ്പം കണ്ണൂരില്‍ കണ്ടല്‍ പാര്‍ക്ക് തുടങ്ങാന്‍ ഉദ്ദേശിച്ചവരും  ചേര്‍ന്നുവോ എന്നും അന്വേഷിക്കേണ്ടതുണ്ട്.
 പുറത്തു നിന്നും ഉണ്ടായ ചില ഇടപെടലുകളുടെ അടിസ്ഥാനത്തില്‍   2009 മാര്‍ച്ച് 18 നു ചേര്‍ന്ന വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സ്വകാര്യ കണ്ടല്‍ ഭൂമികള്‍ ഏറ്റെടുക്കാനുള്ള മുന്‍ തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെട്ടു!!!
              മേല്‍പ്പറഞ്ഞ യോഗത്തില്‍ കണ്ടല്‍ വളരുന്ന സ്വകാര്യ ഭൂമികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ല എന്ന നിലപാടാണ് വനം വകുപ്പ് കൈക്കൊണ്ടത്. അതിനായി വളരെ വിചിത്രമായ വാദങ്ങളാണ് അവര്‍ നിരത്തിയത്. സ്വകാര്യ കണ്ടല്‍ വനങ്ങള്‍ EFL ആക്ടിലെ സെക്ഷന്‍ 4(1) പ്രകാരം ഏറ്റെടുത്താല്‍ കണ്ടല്‍ കൈവശമുള്ള സ്വകാര്യ വ്യക്തികള്‍ കണ്ടലുകള്‍ നശിപ്പിക്കാനുള്ള പ്രവണത ഉള്ളതിനാല്‍ സ്വകാര്യ വ്യക്തികള്‍ക്ക് അവ വളര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും പ്രോത്സാഹനം അഥവാ ഇന്‍സെന്റീവ് നല്‍കുകയാണ് വേണ്ടതെന്നാണ്  ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചത്. അതിനായി ജൈവവൈവിധ്യ സെല്ലില്‍ ലഭ്യമായ ഫണ്ടുപയോഗിച്ച് ഒരു കര്‍മ്മ പദ്ധതി ആവിഷ്കരിക്കാനും യോഗം തീരുമാനിച്ചു. കണ്ടല്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ആണ് ഭൂമി ഏറ്റെടുക്കണം എന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് എന്നിരിക്കെ അതേ കാരണം പറഞ്ഞു മുന്‍ തീരുമാനം അട്ടിമറിച്ചത് വൈരുധ്യമാണ്. 
                          ഈ പദ്ധതിയെപ്പറ്റി വനം വകുപ്പ് പരസ്യങ്ങളില്‍ വന്‍ പ്രാധാന്യത്തോടെയാണ്‌ 'കണ്ടല്‍ സംരക്ഷിക്കാന്‍ പദ്ധതി' എന്ന് കൊട്ടിഘോഷിച്ചിരുന്നത്. എന്നാല്‍ ആ പദ്ധതി രണ്ട് വര്‍ഷം ആയിട്ടും  നാളിതുവരെ നടപ്പായിട്ടില്ല!!   2010 നവംബറില്‍ പോലും പദ്ധതിക്ക് അന്തിമ രൂപം ആയിട്ടില്ല എന്നാണ് വിവരാവകാശ നിയമ പ്രകാരമുള്ള അന്വേഷണങ്ങള്‍ക്ക് വനം വകുപ്പ് രേഖാമൂലം നല്‍കുന്ന മറുപടി. അങ്ങനെ കഴിഞ്ഞ സര്‍ക്കാരിന്‍റെ കണ്ടല്‍ സംരക്ഷണം പ്രഖ്യാപനത്തില്‍ ഒതുങ്ങി. 
                   സ്വകാര്യ വ്യക്തികളുടെ കയ്യില്‍ പാരിസ്ഥിതികമായി ദുര്‍ബ്ബലമായ കണ്ടല്‍ വനപ്രദേശം ഇരുന്നാല്‍ അത് ദുര്‍വിനിയോഗിക്കും എന്നറിയാതെ അല്ല ഇത്തരം ഒരു മലക്കം മറിച്ചില്‍ വനം വകുപ്പ് നടത്തിയത്. കണ്ടല്‍ ഭൂമി കലക്ടര്‍മാര്‍ മുഖേന എളുപ്പത്തില്‍ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടാമെന്നും അതിനായി സ്ഥലം ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനാല്‍ സാധാരണക്കാരുടെ എതിര്‍പ്പുകള്‍ ഉണ്ടാവില്ല എന്നും പകല്‍ പോലെ വ്യക്തമാണ്. ഇതെല്ലാം അറിഞ്ഞിട്ടും പഴയ ഉത്തരവില്‍ ഇത്തരമൊരു അട്ടിമറി നടത്തി, ഇന്ത്യയിലെവിടെയും കേട്ട് കേള്‍വി ഇല്ലാത്ത വിധം വനഭൂമി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ സ്വകാര്യ വ്യക്തികളെ ഏല്‍പ്പിക്കാം എന്ന് തീരുമാനിച്ചതിനു പിന്നില്‍ ശോഭ ഗ്രൂപ്പ് അടക്കമുള്ള റിയല്‍ എസ്റ്റേറ്റ്‌ മാഫിയയുടെ താല്പ്പര്യമായിരുന്നു എന്നുവേണം അനുമാനിക്കാന്‍ . വനംവകുപ്പ് ആദ്യം തീരുമാനിച്ച പ്രകാരമുള്ള നടപടികളുമായി മുന്നോട്ടു പോയിരുന്നെങ്കില്‍ പാപ്പിനിശ്ശേരി കണ്ടല്‍ പാര്‍ക്ക്, ഇടക്കൊചിയിലെ സ്റേഡിയം , വളന്തക്കാട് ശോഭാ ഹൈട്ടെക്ക് സിറ്റി, പാതിരാമണല്‍ തുടങ്ങി വിവാദ വിഷയങ്ങളില്‍പ്പെട്ട ഭൂമികള്‍ സംരക്ഷിക്കപ്പെടുമായിരുന്നു.  ഈ അട്ടിമറിക്ക് പിന്നില്‍ ഉദ്യോഗസ്ഥര്‍ മാത്രമാണെന്ന് കരുതാന്‍ നിവൃത്തിയില്ല. കാരണം, അന്നത്തെ വനംവകുപ്പ് മന്ത്രി അറിയാതെ ഇത്തരമൊരു നയം മാറ്റം വനംവകുപ്പില്‍ സംഭവിക്കില്ലെന്നു തീര്‍ച്ചയാണ്. അതിനാല്‍ത്തന്നെ പരിസ്ഥിതി സ്നേഹിയായ ബിനോയ്‌ വിശ്വത്തിന് നേരെയാണ് സംശയത്തിന്‍റെ മുനകള്‍ ഉയരുന്നത്. എന്നാല്‍ വളന്തക്കാട് വിഷയത്തില്‍ അടക്കം കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കാന്‍ അദ്ദേഹം പരസ്യമായി മുന്‍കൈ എടുത്തതും നാം കണ്ടതാണ്.  പാര്‍ട്ടി സമ്മര്‍ദ്ദമായിരുന്നോ ഇത്തരമൊരു ഉത്തരവ് അട്ടിമറിച്ചതിനു പിന്നിലെന്നും അറിയേണ്ടതുണ്ട്.

                
   കാരണങ്ങള്‍ എന്തു തന്നെയായാലും വന സംരക്ഷണത്തില്‍ ഇത്രയും അസംബന്ധമായ ഒരു തീരുമാനം കൈക്കൊണ്ട ഒരു സര്‍ക്കാര്‍ വേറെ ഉണ്ടാവില്ല. ഇതേ യുക്തി ഉപയോഗിച്ച് 1971 ല്‍ സ്വകാര്യ വനങ്ങള്‍ ഏറ്റെടുക്കാതെ, അത് സംരക്ഷിക്കുന്ന സ്വകാര്യ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നെങ്കില്‍ ഇന്ന് ഒരു ലക്ഷത്തിലേറെ ഏക്കര്‍ വനം കേരളത്തില്‍ ഉണ്ടാകുമായിരുന്നില്ല. സ്വകാര്യ  വനം സര്‍ക്കാര്‍ ഏറ്റെടുത്താലേ സംരക്ഷിക്കാനാകൂ എന്നത് വര്‍ത്തമാനകാലത്തെ അവശ്യം അറിഞ്ഞിരിക്കേണ്ട പോതുവിജ്ഞാനങ്ങളില്‍ ഒന്നാണ്.  അതാണ്‌ കഴിഞ്ഞ ഇടതു സര്‍ക്കാരിനോ വനം മന്ത്രിക്കോ മനസിലാകാതെ പോയതും.  

പുതിയ സര്‍ക്കാരും വനം മന്ത്രിയും ഈ വിഷയം ഗൌരവമായി കണ്ട് സ്വകാര്യ കണ്ടല്‍ ഭൂമികള്‍ മതിയായ വിലകൊടുത്തു ഏറ്റെടുക്കാന്‍ ശ്രമിക്കണം എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം. ഓരോ ദിവസവും കൂടുതല്‍ കണ്ടല്‍ ഭൂമികള്‍ നശിപ്പിക്കപ്പെടുമ്പോള്‍ ഈ ആവശ്യത്തിനു പ്രസക്തി ഏറുകയാണ്.

No comments: