Showing posts with label paid news. Show all posts
Showing posts with label paid news. Show all posts

Monday, October 4, 2010

മാതൃഭൂമിയില്‍ വാര്‍ത്തകള്‍ വില്‍പ്പനയ്ക്ക് !!!

mathrubhumi 03-10-2010                       
മാതൃഭൂമി - പ്രചരിപ്പിക്കുന്നു, വായനയോടൊപ്പം ഈ സംസ്കാരം.

 
ഇത് മാതൃഭൂമിയുടെ ഒക്ടോബര്‍ മൂന്നാം തീയതിയിലെ ദിനപത്രം. എല്ലാ എടീഷനിലും ഒന്നാം പേജില്‍ താഴെ പകുതി ഭാഗത്ത്‌ ഒരു 'ബിസിനസ് ഫീച്ചര്‍' ആണ്. (ദൈവമേ, പിന്നെയെന്തിനാണ് ബിസിനസ് പേജ്, സ്പോര്‍ട്സ് പേജ്, എന്നിങ്ങനെ തരം തിരിവ്). 

ശ്രീ ശങ്കരാചാര്യ എന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പിന്റെ പരസ്യ തുല്യമായ ഫീച്ചര്‍, എം.ഡി യുടെ ഫോട്ടോയും ഇ മെയില്‍ ഐ.ഡി യും നല്കിയിരിക്കുന്നു. (പരസ്യം ഇതിലും എത്രയോ ഭേദമായിരുന്നു)
                 പെയ്ഡ് ന്യൂസിനെതിരെ പ്രസ് കൌണ്‍സില്‍ ചെയര്‍മാന്‍ നടത്തിയ പരാമര്‍ശം മാതൃഭൂമിയില്‍ വായിച്ചിട്ട് നാല് നാള്‍ കഴിഞ്ഞില്ല, പത്രപ്രവര്‍ത്തനം നാടിന്റെ സ്വാതന്ത്ര്യ പ്രവര്‍ത്തനമാവണമെന്നു പറഞ്ഞ ഗാന്ധിജിയുടെ ജന്മ വാര്‍ഷികത്തിന്റെ പിറ്റേ ദിവസം ആണ് ഈ തോന്ന്യവാസം. കോഴിക്കോട്ടു മാതൃഭുമി സ്പോണ്സര്‍ ചെയ്തു നടത്തിയ മാധ്യമ സെമിനാറില്‍ പെയ്ഡ് ന്യൂസിനെതിരെ ശബ്ദം ഉയര്‍ത്തിയ മഹാന്മാര്‍ എവിടെ? വാര്‍ത്ത കോളം തിരിച്ചു വില്‍ക്കാനുള്ള ചരക്കാണെന്ന് വിളിച്ചോതുന്ന സംസ്കാരമാണോ നിങ്ങള്‍ വായനയോടൊപ്പം പ്രചരിപ്പിക്കുന്നത്?
ഈ ഫീച്ചറിനു കിട്ടിയ ഒന്നോ രണ്ടോ കോടികള്‍ക്ക് പകരം നിങ്ങള്‍ വിറ്റത് നിങ്ങളുടെ വായനക്കാര്‍ നിങ്ങളില്‍ അര്‍പ്പിച്ച വിശ്വാസമാണ്. ദേശാഭിമാനി രണ്ട് കോടി ബോണ്ട്‌ വാങ്ങിയതിനെ കുറ്റപ്പെടുത്താന്‍ ഇനി നിങ്ങള്ക്ക് എന്ത് അവകാശം? കൊക്കകോളയുടെ  പരസ്യം ഒഴിവാക്കിയ കാലത്തില്‍ നിന്നും മാതൃഭൂമി എത്ര പിന്നോക്കം പോയിരിക്കുന്നു എന്ന് ഇത് തെളിയിച്ചു.

"ഇതൊരു പരസ്യമല്ലേ" എന്നാണ് സുഹൃത്തുക്കളില്‍ പലരും പ്രതികരിച്ചത്. എന്നാല്‍ അല്ല, ഇത് ബിസിനസ് ഫീച്ചര്‍ ആണ് എന്നും മാതൃഭൂമിയിലെ ബിസിനസ് റിപ്പോര്‍ട്ടറുടെ പേരില്‍ പ്രസിധീകരിച്ചതാനെന്നും പത്രത്തില്‍ നിന്നു വ്യക്തമാണല്ലോ. മാത്രമല്ല, പരസ്യമാണെങ്കില്‍ ഇത്തരം പരസ്യങ്ങള്‍ക്ക് താഴെ വളരെ ചെറിയ വലുപ്പത്തില്‍ advt എന്ന് കൊടുക്കുന്ന പതിവുണ്ട്. പരസ്യ ഏജന്‍സിയുടെ പേരും ഉണ്ടാവും . (ഉദാ :മാതൃഭൂമിയുടെ പരസ്യങ്ങള്‍ മാതൃഭൂമിയില്‍ വരുമ്പോള്‍ അതിനു താഴെ 'മൈത്രി' എന്ന് കാണാറില്ലേ? അവരാണ് ആ പരസ്യം തയ്യാറാക്കുന്നത്) ഇപ്രകാരം നേരത്തെ തയ്യാറാക്കി നല്‍കുന്ന പരസ്യവും പത്രവാര്‍ത്തയും തമ്മില്‍ തിരിച്ചറിയാന്‍ വായനക്കാരന് കഴിയുമ്പോള്‍ മാത്രമാണ് മാധ്യമ പ്രവര്‍ത്തനം പരസ്യ കച്ചവടത്തില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നത്. ഒരു പത്രത്തിന്റെ വാര്‍ത്തയും പരസ്യവും തമ്മില്‍ തിരിച്ചറിയാത്ത സ്ഥിതി ഉണ്ടായാല്‍ അത് ഭീകരമായിരിക്കും. അതോടെ വിശ്വാസ്യത നഷ്ട്ടപ്പെടും, മാധ്യമ പ്രവര്‍ത്തനം അവസാനിക്കും. ഇതിനെ അര്‍ഹിക്കുന്ന ഗൌരവത്തോടെ കാണേണ്ട ബാധ്യത വായനക്കാരന് ഇല്ല, കാരണം മാതൃഭൂമി ഒന്നാം പേജില്‍ മുഴുനീള നീലചിത്രം നല്‍കിയാലും, എന്തിന്, പത്രം തന്നെ നിര്‍ത്തിയാലും വായനക്കാരന്‍ ജീവിക്കും. നഷ്ടം ജനാധിപത്യ സമൂഹത്തിനു മാത്രമാണ്. ഒരു പത്രത്തിന്റെ വാര്തകള്‍ക്കുള്ള സ്പേസ് നഷ്ടമാകുന്നു എന്നാല്‍ ജനാധിപത്യത്തില്‍ അത്രയും ജന:ശബ്ദം, അത്രയും ജനാധിപത്യം നഷ്ടമാകുന്നു എന്നാണര്‍ത്ഥം. അത്രയും പണാധിപത്യം വരുന്നു എന്നും.
                           കേരളത്തിലെ പെയ്ഡ് ന്യൂസ് സംസ്കാരത്തിന് അങ്ങനെ മാതൃഭൂമിയിലൂടെ തുടക്കമായി. മലയാള മനോരമയില്‍ ഒരു ഫുള്‍ പേജ് ഫീച്ചര്‍ ഉടന്‍ പ്രതീക്ഷിക്കുന്നു... എഡിറ്റോറിയല്‍ വില്‍പ്പനയ്ക്ക് വെക്കുന്ന കാലം വിദൂരമല്ല. കാത്തിരുന്നു കാണാം.