Monday, October 11, 2010

കേരളഭുമി ഇംപാക്റ്റ്‌

എന്റെ ബസ്സില്‍ ആദ്യത്തെ അന്താരാഷ്‌ട്ര ഇംപാക്റ്റ്‌  !!

വായനക്കാരുടെ സഹായം തേടി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ......

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്നാവശ്യപ്പെട്ടു ഞാനിറക്കിയ ബസ്സിനു (
 http://www.google.com/buzz/100213867957574829991/GDc27w7iPHJ/%E0%B4%8E%E0%B4%A8-%E0%B4%A1-%E0%B4%B8%E0%B4%B3-%E0%B4%AB-%E0%B4%A8-%E0%B4%A8-%E0%B4%B0-%E0%B4%A7%E0%B4%A8 )
വലിയ ഒരു ഗുണം ഉണ്ടായിരിക്കുന്നു. ആ ബസ്സ്‌ റീഷെയര്‍ ചെയ്ത വി.കെ.ശശിധരന്‍ അതിലൂടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കണ്ണുനീരും വേദനയും കൂടിയാണ് ഷെയര്‍ ചെയ്തത്.  അദ്ദേഹം ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി, മുഖ്യമന്ത്രി ഈ വിഷയത്തില്‍ അനുകൂലമായി പ്രതികരിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി. ജനീവയില്‍ ഇപ്പോള്‍ നടക്കുന്ന കണ്‍വെന്ഷനില്‍ ഇന്ത്യ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ നിലപാട് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. വനം മന്ത്രി ബിനോയ്‌ വിശ്വവും ഈ വിഷയത്തില്‍ പ്രതികരിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്തി ജയറാം രമേഷിന് കത്തെഴുതി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാതതിനാല്‍ വനങ്ങള്‍ നേരിടുന്ന പാരിസ്ഥിതിക പ്രശ്നവും അദ്ദേഹം കത്തില്‍ എടുത്തു പറഞ്ഞു.
ഈ രണ്ട് കത്തുകളും ഇന്നലെ ജനീവയില്‍ തുടങ്ങിയ അന്താരാഷ്‌ട്ര പി.ഒപി റിവ്യൂ കണ്വേന്ഷനില്‍ എന്‍ഡോസള്‍ഫാന് എതിരായ ഔദ്യോഗിക രേഖയായി സ്വീകരിക്കപ്പെട്ടു. എന്റെ ബസ്സിലെ ആദ്യത്തെ അന്താരാഷ്‌ട്ര ഇംപാക്റ്റ്‌   :-)
     പക്ഷെ പ്രശ്നങ്ങള്‍ തീര്‍ന്നില്ല. ജനീവയിലെ കണ്‍വെന്ഷനില്‍ എത്തിയ എല്ലാ രാഷ്ടങ്ങളുടെയും പ്രതിനിധികള്‍ക്ക് കത്തിന്റെ കോപ്പി വിതരണം ചെയ്യാന്‍ കമ്മറ്റി ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു സമ്മേളനത്തില്‍ പങ്കെടുക്കുന്ന കേന്ദ്ര കൃഷിവകുപ്പ് സെക്രട്ടറി ഈ വസ്തുതകളെയെല്ലാം നിരാകരിച്ചു !!
കേരളത്തില്‍ എന്‍ഡോസള്‍ഫാന് നിരോധനമില്ലെന്നും , സംസ്ഥാന സര്‍ക്കാരിനോ ഹൈക്കോടതിക്കോ കീടനാശിനി നിരോധിക്കാന്‍  അധികാരമില്ലെന്നും അതിനാല്‍ ഈ കത്ത് ഔദ്യോഗിക രേഖയില്‍നിന്നും പിന്‍വലിക്കണമെന്നും ഇന്ത്യന്‍ പ്രതിനിധിസംഘം ജനീവയില്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍നിന്നും എത്തിയ പരിസ്ഥിതി പ്രവര്‍ത്തകരുടെയും മറ്റും അഭിപ്രായം മാനിക്കാതെയാണ് ഈ നടപടി. ഇന്ത്യന്‍ ഔദ്യോഗിക സംഘത്തോടൊപ്പം എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാണ കമ്പനികളുടെ തലവന്മാരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ജപ്പാന്‍ , അമേരിക്ക തുടങ്ങി എണ്‍പതോളം രാഷ്ട്രങ്ങള്‍ ഇതിനകം തന്നെ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചുവെന്നു സമ്മേളനത്തെ അറിയിച്ചു.
                ഇന്ത്യയുടെ ഈ സത്യവിരുദ്ധ - മനുഷ്യത്വ രഹിത നടപടിയില്‍ പ്രതിഷേധിക്കാന്‍ നല്ലവരായ എല്ലാ ബസ്സര്‍മാരോടും ബ്ലോഗര്‍മാരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഒപ്പം ഈ ബസ് റീഷെയര്‍ ചെയ്തു പരമാവധി പേരിലേക്ക് ഈ വാര്‍ത്ത എത്തിച്ച്, നാളെ തീരുന്ന സ്റോക്ക്ഹോം ജനീവ കണ്‍വെന്ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ഇന്ത്യ നിലപാട് കൈക്കൊള്ളാന്‍ പ്രേരിപ്പിക്കണമെന്നും അപേക്ഷിക്കുന്നു. പ്രധാനമന്ത്രിയോട് അഭ്യര്തിക്കാനുള്ള ലിങ്ക്  ഇതാ

.

Thursday, October 7, 2010

എന്‍ഡോസള്‍ഫാന്‍ നിരോധനം: ഇത്തവണയും ഇന്ത്യ ലോകത്തിനു മുന്‍പില്‍ നാറും .



ജനീവ: എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനും അതിന്റെ ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി പഠിക്കാനും തിങ്കളാഴ്ച മുതല്‍ ഇവിടെ നടക്കുന്ന പോപ്‌ റിവ്യൂ കമ്മറ്റി അന്താരാഷ്‌ട്ര കണ്‍വെന്ഷനില്‍ ഇന്ത്യ വീണ്ടും ലോകത്തിനു മുന്‍പില്‍ നാണം കെടും.
                 കഴിഞ്ഞ വര്‍ഷം ഇതേ ആവശ്യത്തിനു റോട്ടര്‍ഡാമില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നൂറോളം രാഷ്ട്രങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇന്ത്യ മാത്രം ഇതിനെ എതിര്‍ത്തിരുന്നു. എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കുന്ന കമ്പിനിയുടെ പ്രതിനിധിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചു അന്ന് പങ്കെടുത്തത്.
കാസരഗോട്ടെ മുന്നൂറോളം പേരെ കൊന്ന, ആയിരക്കണക്കിന് പേരെ ജീവശ്ഷവമാക്കിയ എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി വിഷമല്ലെന്നും, ഈ കീടനാശിനി പ്രയോഗിച്ചു ഇന്ത്യയില്‍ ആരും മരിച്ചിട്ടില്ലെന്നും ആണ് ഇന്ത്യ അന്ന് ലോക രാഷ്ട്രങ്ങളോട് പറഞ്ഞത്. അതോടെ ഈ ആവശ്യത്തിനായി വിളിച്ചു ചേര്‍ത്ത അന്താരാഷ്‌ട്ര സമ്മേളനം തീരുമാനമാകാതെ പിരിയുകയായിരുന്നു. സമ്മേളന നഗരിക്കു മുന്നില്‍ വായമൂടിക്കെട്ടി പ്രതിഷേധിച്ചാണ് ഇന്ത്യയില്‍ നിന്നു പോയ പരിസ്ഥിതി പ്രവര്‍ത്തകര്‍ അന്ന് രോഷം തീര്‍ത്തത്.    
        ആ അപമാനം മറക്കുന്നതിനു മുന്‍പ് ഈ വര്‍ഷത്തെ സമ്മേളനം വന്നെത്തി. ഈ വര്‍ഷം പരിസ്ഥിതി പ്രവര്‍ത്തകര്‍ ജനീവ സമ്മേളനത്തിന് പോകുന്നതിനു തൊട്ടു മുന്‍പ് എന്‍ഡോസള്‍ഫാന്‍ ദുരന്തം സംഭവിച്ചത് കീടനാശിനി മൂലംമാല്ലെനും അത് പഠിച്ച സംഘടനകളുടെ നിക്ഷിപ്ത താല്പര്യമാണ് റിപ്പോര്‍ട്ടിന് പിന്നിലെന്നും ആരോപിച്ചു  നിര്‍മ്മാതാക്കളുടെ കമ്പനികള്‍ പ്രധാന മന്ത്രിക്കു നിവേദനം നല്‍കിയിരിക്കുകയാണ്.  ഇന്ത്യന്‍ പ്രതിനിധി സംഘത്തെ സ്വാധീനിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു.  എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കളുടെ പരാതിയോടെ ഈ വര്‍ഷവും ഇന്ത്യയില്‍ എവിടെയും  എന്‍ഡോസള്‍ഫാന്‍ ദുരന്തം നടന്നിട്ടില്ല എന്ന് പ്രഖ്യാപിക്കും എന്ന് കരുതുന്നു.  അതാണല്ലോ എല്ലാക്കാലവും മന്‍മോഹന്‍ ചെയ്തു പോന്നതും .




കാസര്‍കോട്ടെ സര്‍ക്കാര്‍ കശുമാവിന്‍ തോട്ടങ്ങളില്‍ തളിച്ച കീടനാശിനി മൂലം രോഗികളായവരുടെ ഫോട്ടോ ലോകം മുഴുവന്‍ കാണുകയും, വി.എസ്  അച്ചുതാനന്ദന്‍ സര്‍ക്കാര്‍ പഠനം നടത്തി , രോഗികള്‍ക്ക് ചികിത്സ നല്‍കിയിട്ടും ലോക മനസാക്ഷിക്ക് മുന്നില്‍ കണ്ണടച്ച് കള്ളം പറയുന്ന കേന്ദ്ര സര്‍ക്കാര്‍ മൂളിയാറിലെ പാവം സൈനബയുടെയും സുജിത്തിന്റെയും ആത്മാവിനോട് കാണിക്കുന്ന ക്രൂരത ഏതു കാലം പൊറുക്കും?  ചരിത്രം ഇവര്‍ക്ക് മാപ്പ് കൊടുക്കില്ല.


ഈ വിഷയം കാണിച്ചു നിങ്ങള്‍ക്കും പ്രധാന മന്ത്രിക്കു കത്തെഴുതാം.  എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ആവശ്യപ്പെടാം.    http://pmindia.nic.in/write.htm 

ഈ ഹതഭാഗ്യര്‍ക്ക് വേണ്ടി നിങ്ങള്‍ രാജ്യത്തോട്  ആവശ്യപ്പെടൂ....

BAN ENDOSULFAN....

Monday, October 4, 2010

മാതൃഭൂമിയില്‍ വാര്‍ത്തകള്‍ വില്‍പ്പനയ്ക്ക് !!!

mathrubhumi 03-10-2010                       
മാതൃഭൂമി - പ്രചരിപ്പിക്കുന്നു, വായനയോടൊപ്പം ഈ സംസ്കാരം.

 
ഇത് മാതൃഭൂമിയുടെ ഒക്ടോബര്‍ മൂന്നാം തീയതിയിലെ ദിനപത്രം. എല്ലാ എടീഷനിലും ഒന്നാം പേജില്‍ താഴെ പകുതി ഭാഗത്ത്‌ ഒരു 'ബിസിനസ് ഫീച്ചര്‍' ആണ്. (ദൈവമേ, പിന്നെയെന്തിനാണ് ബിസിനസ് പേജ്, സ്പോര്‍ട്സ് പേജ്, എന്നിങ്ങനെ തരം തിരിവ്). 

ശ്രീ ശങ്കരാചാര്യ എന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പിന്റെ പരസ്യ തുല്യമായ ഫീച്ചര്‍, എം.ഡി യുടെ ഫോട്ടോയും ഇ മെയില്‍ ഐ.ഡി യും നല്കിയിരിക്കുന്നു. (പരസ്യം ഇതിലും എത്രയോ ഭേദമായിരുന്നു)
                 പെയ്ഡ് ന്യൂസിനെതിരെ പ്രസ് കൌണ്‍സില്‍ ചെയര്‍മാന്‍ നടത്തിയ പരാമര്‍ശം മാതൃഭൂമിയില്‍ വായിച്ചിട്ട് നാല് നാള്‍ കഴിഞ്ഞില്ല, പത്രപ്രവര്‍ത്തനം നാടിന്റെ സ്വാതന്ത്ര്യ പ്രവര്‍ത്തനമാവണമെന്നു പറഞ്ഞ ഗാന്ധിജിയുടെ ജന്മ വാര്‍ഷികത്തിന്റെ പിറ്റേ ദിവസം ആണ് ഈ തോന്ന്യവാസം. കോഴിക്കോട്ടു മാതൃഭുമി സ്പോണ്സര്‍ ചെയ്തു നടത്തിയ മാധ്യമ സെമിനാറില്‍ പെയ്ഡ് ന്യൂസിനെതിരെ ശബ്ദം ഉയര്‍ത്തിയ മഹാന്മാര്‍ എവിടെ? വാര്‍ത്ത കോളം തിരിച്ചു വില്‍ക്കാനുള്ള ചരക്കാണെന്ന് വിളിച്ചോതുന്ന സംസ്കാരമാണോ നിങ്ങള്‍ വായനയോടൊപ്പം പ്രചരിപ്പിക്കുന്നത്?
ഈ ഫീച്ചറിനു കിട്ടിയ ഒന്നോ രണ്ടോ കോടികള്‍ക്ക് പകരം നിങ്ങള്‍ വിറ്റത് നിങ്ങളുടെ വായനക്കാര്‍ നിങ്ങളില്‍ അര്‍പ്പിച്ച വിശ്വാസമാണ്. ദേശാഭിമാനി രണ്ട് കോടി ബോണ്ട്‌ വാങ്ങിയതിനെ കുറ്റപ്പെടുത്താന്‍ ഇനി നിങ്ങള്ക്ക് എന്ത് അവകാശം? കൊക്കകോളയുടെ  പരസ്യം ഒഴിവാക്കിയ കാലത്തില്‍ നിന്നും മാതൃഭൂമി എത്ര പിന്നോക്കം പോയിരിക്കുന്നു എന്ന് ഇത് തെളിയിച്ചു.

"ഇതൊരു പരസ്യമല്ലേ" എന്നാണ് സുഹൃത്തുക്കളില്‍ പലരും പ്രതികരിച്ചത്. എന്നാല്‍ അല്ല, ഇത് ബിസിനസ് ഫീച്ചര്‍ ആണ് എന്നും മാതൃഭൂമിയിലെ ബിസിനസ് റിപ്പോര്‍ട്ടറുടെ പേരില്‍ പ്രസിധീകരിച്ചതാനെന്നും പത്രത്തില്‍ നിന്നു വ്യക്തമാണല്ലോ. മാത്രമല്ല, പരസ്യമാണെങ്കില്‍ ഇത്തരം പരസ്യങ്ങള്‍ക്ക് താഴെ വളരെ ചെറിയ വലുപ്പത്തില്‍ advt എന്ന് കൊടുക്കുന്ന പതിവുണ്ട്. പരസ്യ ഏജന്‍സിയുടെ പേരും ഉണ്ടാവും . (ഉദാ :മാതൃഭൂമിയുടെ പരസ്യങ്ങള്‍ മാതൃഭൂമിയില്‍ വരുമ്പോള്‍ അതിനു താഴെ 'മൈത്രി' എന്ന് കാണാറില്ലേ? അവരാണ് ആ പരസ്യം തയ്യാറാക്കുന്നത്) ഇപ്രകാരം നേരത്തെ തയ്യാറാക്കി നല്‍കുന്ന പരസ്യവും പത്രവാര്‍ത്തയും തമ്മില്‍ തിരിച്ചറിയാന്‍ വായനക്കാരന് കഴിയുമ്പോള്‍ മാത്രമാണ് മാധ്യമ പ്രവര്‍ത്തനം പരസ്യ കച്ചവടത്തില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നത്. ഒരു പത്രത്തിന്റെ വാര്‍ത്തയും പരസ്യവും തമ്മില്‍ തിരിച്ചറിയാത്ത സ്ഥിതി ഉണ്ടായാല്‍ അത് ഭീകരമായിരിക്കും. അതോടെ വിശ്വാസ്യത നഷ്ട്ടപ്പെടും, മാധ്യമ പ്രവര്‍ത്തനം അവസാനിക്കും. ഇതിനെ അര്‍ഹിക്കുന്ന ഗൌരവത്തോടെ കാണേണ്ട ബാധ്യത വായനക്കാരന് ഇല്ല, കാരണം മാതൃഭൂമി ഒന്നാം പേജില്‍ മുഴുനീള നീലചിത്രം നല്‍കിയാലും, എന്തിന്, പത്രം തന്നെ നിര്‍ത്തിയാലും വായനക്കാരന്‍ ജീവിക്കും. നഷ്ടം ജനാധിപത്യ സമൂഹത്തിനു മാത്രമാണ്. ഒരു പത്രത്തിന്റെ വാര്തകള്‍ക്കുള്ള സ്പേസ് നഷ്ടമാകുന്നു എന്നാല്‍ ജനാധിപത്യത്തില്‍ അത്രയും ജന:ശബ്ദം, അത്രയും ജനാധിപത്യം നഷ്ടമാകുന്നു എന്നാണര്‍ത്ഥം. അത്രയും പണാധിപത്യം വരുന്നു എന്നും.
                           കേരളത്തിലെ പെയ്ഡ് ന്യൂസ് സംസ്കാരത്തിന് അങ്ങനെ മാതൃഭൂമിയിലൂടെ തുടക്കമായി. മലയാള മനോരമയില്‍ ഒരു ഫുള്‍ പേജ് ഫീച്ചര്‍ ഉടന്‍ പ്രതീക്ഷിക്കുന്നു... എഡിറ്റോറിയല്‍ വില്‍പ്പനയ്ക്ക് വെക്കുന്ന കാലം വിദൂരമല്ല. കാത്തിരുന്നു കാണാം.

Saturday, October 2, 2010

വ്യവസായ സ്ഥാപനങ്ങളുടെ വൈദ്യുതി കുടിശ്ശിക കോടികള്‍ : പിരിച്ചെടുക്കാന്‍ കെഎസ്ഇബിയ്ക്ക് മടി.

            കേരളാവാച്ച് എക്സ്ക്ലൂസീവ്

വൈദ്യുതി ഉപയോഗിച്ച വകയില്‍ വിവിധ വന്‍‌കിട വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും കോടിക്കണക്കിനു രൂപ കുടിശ്ശിക പിരിക്കാന്‍ ഉള്ളപ്പോഴും അത് പിരിച്ചെടുക്കാന്‍ കെഎസ്ഇബി യ്ക്ക് മടി. വന്‍കിട സ്വകാര്യ സ്ഥാപനങ്ങളും സര്‍ക്കാര്‍ - പൊതുമേഖലാ സ്ഥാപനങ്ങളും വൈദ്യുതി ഉപയോഗിച്ച വകയില്‍ അടയ്ക്കേണ്ട കുടിശ്ശികയുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. വിവരാവകാശ നിയമപ്രകാരം എനിക്കു ലഭിച്ച രേഖകളാണ് വൈദ്യുതി ബോര്‍ഡിന്റെ വ്യവസായ സ്ഥാപനങ്ങളോടുള്ള ഈ അനുനയം വെളിവാക്കുന്നത്.
                                  കൊച്ചിയിലെ അമൃത ഹോസ്പിറ്റല്‍ -1.58 കോടി, ലേക്ക്‌ഷോര്‍ ഹോസ്പിറ്റല്‍ -11.75 ലക്ഷം,  രാഷ്ട്രദീപിക കൊച്ചി -1.29 കോടി, ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ - 84 ലക്ഷം, കോവളം ഹോട്ടല്‍സ്‌ -81 ലക്ഷം, റിയാന്‍ സ്റ്റുഡിയോ - 73 ലക്ഷം, ലീല ഹോട്ടല്‍സ്‌ - 37 ലക്ഷം ,................  പട്ടിക നീളുന്നു .

കൂടുതല്‍ വായനയ്ക്കും രേഖകള്‍ക്കും കാണുക 

 http://www.keralawatch.com/election2009/?p=41295

അഭിപ്രായം അറിയിക്കുക.


Thursday, September 30, 2010

ഹാ മതസൌഹാര്‍ദ്ദ കേരളമേ ലജ്ജിക്ക !!

 അയോധ്യയില്‍ അമ്പലവും പള്ളിയും നിന്ന സ്ഥലം ഹിന്ദുക്കളും മുസ്ലീങ്ങളും പങ്കിട്ടെടുത്ത സമാധാനത്തില്‍ ഒരു രാജ്യം മുഴുവന്‍ സന്തോഷിച്ച ആ നല്ല ദിവസം ,  പക്ഷെ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്  സ്വദേശി ബിജു എന്ന യുവാവിനു ഒരു കറുത്ത ദിവസമായിരുന്നു. ഹിന്ദു മുസ്ലീം ഐക്യത്തിന്റെ മന്ത്രം ഇന്ത്യയെമ്പാടും മുഴങ്ങുന്ന സമയത്തും ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട നിലയില്‍ ബിജു മതവൈരത്തിന്റെ ഓരോ അടിയും ഏറ്റു വാങ്ങുകയായിരുന്നു....

പാണ്ടിക്കാട്: ഒരു മുസ്ലീം യുവതിയെ സ്നേഹിച്ചു എന്ന കുറ്റത്തിന് ബിജു എന്ന യുവാവിനെ പെണ്‍ വീട്ടുകാര്‍ നാട്ടുകാര്‍ കാണ്‍കെ കെട്ടിയിട്ടു മര്‍ദ്ദിച്ചു. സപ്തംബര്‍ മുപ്പതാം തീയതി മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് പാണ്ടിക്കാട് മഞ്ചേരി പറമ്പന്‍ വീട്ടില്‍ ബിജുവിനെ,  മുസ്ലീം യുവതിയോട് സംസാരിച്ചു എന്ന കുറ്റത്തിനാണ്  ഓടിച്ചിട്ട്‌ പിടിച്ചു ക്രൂരമായി തല്ലിച്ചതയ്ക്കുകയും വസ്ത്രം ഉരിഞ്ഞു കൈകള്‍ വരിഞ്ഞു കെട്ടി പൊതുജന മധ്യത്തിലൂടെ നടത്തിക്കുകയും ഒടുവില്‍ അടിവസ്ത്രം മാത്രം ഇട്ട നിലയില്‍ ഇലക്ട്രിക് പോസ്റ്റില്‍ കയറുകൊണ്ട്ട് കെട്ടിയിട്ട് നൂറിലേറെ ആളുകളുടെ മുന്‍പിലിട്ടു പൊതിരെ തല്ലുകയും ചെയ്തത്. പാണ്ടിക്കാട് സ്വദേശിയായ കാപ്പിക്കുഴി അലവി എന്നയാളുടെ മകള്‍  റാഷിദയുമായി ബിജു പ്രണയത്തിലായിരുന്നു. എന്നാല്‍ റാഷിദയുടെ വീട്ടുകാര്‍ ഇതിനെ എതിര്‍ക്കുകയും ബിജുവിനോട് ഈ ബന്ധം നിര്‍ത്തണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതിനു ശേഷം ഇന്നലെയും ബിജു റഷീദയുമായി സംസാരിച്ചതാണ് റാഷിദയുടെ വീട്ടുകാരെ പ്രകോപിപ്പിച്ചത്. ഇതേതുടര്‍ന്നു ഒരു സംഘം ആളുകള്‍ ബിജുവിനെ അടിക്കാന്‍ ഓടിച്ചു. രക്ഷപ്പെടാനായി പുഴയില്‍ ചാടിയ യുവാവിനെ നീന്തി പിടിച്ച ശേഷം കരയിലിട്ടു മര്‍ദ്ദിക്കുകയായിരുന്നു.
പിന്നീട് യുവാവിനെ അടിവസ്ത്രം മാത്രം ഉടുത്ത നിലയില്‍ കൈകള്‍ പിന്നില്‍ വരിഞ്ഞു കെട്ടി റോഡിലൂടെ നടത്തിക്കുകയും ഒരു ഇലക്ട്രിക് പോസ്റ്റില്‍ കയറു കൊണ്ടു കെട്ടിയിട്ടു നാട്ടുകാര്‍ കാണ്‍കെ പൊതിരെ തല്ലുകയും ചെയ്തു. ഈ സമയമത്രയും , പെണ്‍ വീട്ടുകാര്‍ യുവാവിനെ ശാസിക്കുകയും 'ഇനി അവളെ കാണരുത്' എന്ന് ആക്രോശിക്കുകയും ചെയ്തു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
                         ഒടുവില്‍ പാണ്ടിക്കാട് പോലീസ് സ്ഥലത്തെത്തി യുവാവിനെ അറസ്റ്റ് ചെയ്തു. പോലീസും യുവാവിന്റെ കൈകള്‍ കയറുപയോഗിച്ചു പിന്നിലേക്ക്‌ കെട്ടിയാണ് കൊണ്ടു പോയതെന്നും അപ്പോള്‍ "ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല സര്‍ .. ഞാന്‍ ഓടിപ്പോവില്ല സര്‍ " എന്ന് യുവാവ് പോലീസിനോട് പറയുന്നുണ്ടായിരുന്നു എന്നും ദൃക്സാക്ഷികള്‍ പറയുന്നു. അവശനായ ബിജുവിനെ പിന്നീട് മഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശാരിപ്പണി ചെയ്തു കുടുംബം പോറ്റുന്ന ദരിദ്ര യുവാവാണ് ബിജു.
അന്തരിച്ച അയ്യപ്പന്റെയും വിശാലയുടെയും മകനാണ്.  പിന്നീട് ബിജുവിനെ മര്‍ദ്ദിച്ച അലവിയെയും മകള്‍ രാഷിദയെയും പോലീസ് സ്റെഷനില്‍ കൊണ്ടുപോയി മൊഴിയെടുത്തു.

ഒരു നാടിന്റെ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തില്‍ മാധ്യമങ്ങളോ മത നേതാക്കളോ രാഷ്ട്രീയക്കാരോ ഇടപെട്ടിട്ടില്ല. 'താലിബാന്‍ മോഡല്‍ നീതി' നടപ്പാക്കുന്ന മതഭ്രാന്തന്മാരോടല്ല, അത് കണ്ടുകൊണ്ടു നിന്ന ജനതയുടെ നിസ്സംഗതയോടാണ് എന്റെ രോഷം.
അവരെയാണ് നാം കൂടുതല്‍ പേടിക്കേണ്ടതും. അയോധ്യ വിധിയുടെ ആ സമാധാന സുദിനത്തില്‍ തന്നെ മതാന്ധതയുടെ പ്രഹരം ഏറ്റു വാങ്ങിയ ബിജുവിനോട് നാം എങ്ങനെയാണ് മാപ്പ് ചോദിക്കുക?
കുറ്റവാളികളെ ആരാണ് ശിക്ഷിക്കുക?
പോലീസ് പോലും മനുഷ്യാവകാശ ലംഘനത്തിന് ദൃക്സാക്ഷിയായി നിന്നതിനു ആഭ്യന്തരമന്ത്രി മറുപടി പറയണം.

അയോധ്യ കേസില്‍ വന്നത് വിധിയല്ല, ജഡ്ജിമാരുടെ മുന്‍വിധി.

അയോധ്യ കേസില്‍ അലഹബാദ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി പുറത്തു വന്നു. മൂന്ന് ജഡ്ജിമാരും വെവ്വേറെ വിധിന്യായമാണ് നല്‍കിയത്.

ജസ്റ്റിസ് ഖാന്‍ - http://rjbm.nic.in/suk.pdf
ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍  - http://rjbm.nic.in/sa.pdf
ജസ്റ്റിസ് ധരംവീര്‍ ശര്‍മ -  http://rjbm.nic.in/dv1.pdf
 http://rjbm.nic.in/dv2.pdf


 എങ്കിലും ഭൂരിപക്ഷ തീരുമാന പ്രകാരം സുന്നി ബോര്‍ഡിന്റെ ഹരജി തള്ളി.
രാമന്റെ ജന്മസ്ഥലമാണോ അല്ലയോ എന്നത് സംബന്ധിച്ച് തെളിവുകള്‍ അപൂര്ന്നമെങ്കിലും , കാലാകാലമായി രാമജന്മ സ്ഥലമായി ഹിന്ദുക്കള്‍ ആരാധന നടത്തിയ സ്ഥലമാണ് . അത് ബാബര്‍ പോളിക്കുകയോ , പഴമ കൊണ്ടു പൊളിഞ്ഞു വീണ സ്ഥലത്ത്  പള്ളി പണിയുകയോ ചെയ്തു.
പള്ളി മുസ്ലീം നിയമപ്രകാരമല്ല പണിതത്. അതിനാല്‍ അത് നിലനില്‍ക്കില്ല.
എങ്കിലും പുറത്തെ സ്ഥലം സുന്നി ബോര്‍ഡിനും നിര്മോഹി ആഖാരയ്ക്കും വീതിച്ചു നല്‍കും.
മൂന്ന് മാസത്തേയ്ക്ക് തല സ്ഥിതി തുടരും.

ഈ വിധി വായിക്കുമ്പോള്‍ ഒരു കാര്യം ബോധ്യമാകും, ജഡ്ജിമാര്‍ തങ്ങള്‍ക്കു മുന്നില്‍ വന്ന തെളിവുകള്‍ക്ക് ഉപരി, സ്വന്തം മുന്‍വിധികള്‍ ആണ് വിധി പറയാന്‍ ഉപയോഗിച്ചത്.
"പൊതുവേ ഹിന്ദുക്കള്‍ക്ക് അനുകൂലമായി" "മുസ്ലീങ്ങള്‍ക്ക് എതിരായി" എന്നെല്ലാം ഒരു വിധിന്യായത്തില്‍ പറയുന്നത് നിയമത്തിനു നിരക്കുന്നതല്ല.
കേസ് ഹിന്ദുവും മുസല്‍മാനും തമ്മില്‍ അല്ല, കക്ഷികള്‍ തമ്മില്‍ മാത്രമാണ്. രാജ്യത്തെ ഹിന്ദുവിനെ പ്രതിനിധീകരിച്ചല്ല
ഒരു ജഡ്ജ് "ശ്രീരാമ ചന്ദ്ര ജി" എന്നൊക്കെയാണ് വിധിയില്‍ പറയുന്നത് , ശുദ്ധ അസംബന്ധം. രാമന്‍ ഈ കേസില്‍ ഒരു ലീഗല്‍ വ്യക്തി മാത്രമാണ്.
ഹിന്ദു ദൈവമല്ല. മൂന്ന് ജഡ്ജിമാര്‍ മൂന്ന് തരത്തില്‍ പറഞ്ഞതിലൂടെ തന്നെ ഈ വിധിയുടെയും , ജുഡീഷ്യറിയുടെയും  അന്തസ്സത്ത ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു.
 ഏതായാലും ഇരു കൂട്ടരെയും തൃപ്തിപ്പെടുത്തുന്ന (?) ഈ വിധി ഇനി ചരിത്രത്തിന്‍റെ ഭാഗം.
ബാക്കി ചരിത്രം വിലയിരുത്തട്ടെ.

Wednesday, September 15, 2010

മൂന്നാര്‍ വനം നോട്ടിഫിക്കേഷന് എതിര് നില്‍ക്കുന്നത് മുഖ്യമന്ത്രി


മൂന്നാര്‍ വനം നോട്ടിഫിക്കേഷന് എതിര് നില്‍ക്കുന്നത് മുഖ്യമന്ത്രി വി.എസ് ??
ജയറാം രമേഷിന്റെ കത്തിന് തുടര്‍ നടപടിയില്ല !!
             മൂന്നാറിലെ 17922  ഏക്കര്‍ വനഭൂമിയായി നോട്ടിഫൈ ചെയ്യണമെന്ന 1980 ലേ സര്‍ക്കാര്‍ ഉത്തരവും ലാന്റ് ബോര്‍ഡ് അവാര്‍ഡും ഇനിയും അവഗണിക്കപ്പെടുന്നതിനു പിന്നില്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്റെ നിക്ഷിപ്ത താല്പര്യമാണെന്ന് സൂചന. മൂന്നാറിലെ വനഭൂമി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ വി എസ്സിന് പക്ഷെ ഭൂമി വനമായി നോട്ടിഫൈ ചെയ്യുന്നതിനോട് താല്പര്യമില്ല. കഴിഞ്ഞ മൂന്ന് മാസക്കാലമായി മന്ത്രിസഭയിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് നോട്ടിഫികേഷന്‍ അനിശ്ചിതമായി വൈകുകയാണ്.
             'വണ്‍ എര്‍ത്ത്  വണ്‍ ലൈഫ്' എന്ന പരിസ്ഥിതി സംഘടന സുപ്രീം കോടതിയില്‍ നല്‍കിയ കേസിനെതുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ ഒരു വിദഗ്ധ സംഘത്തെ മൂന്നാറിലേക്ക് അയച്ചിരുന്നു. അവരുടെ റിപ്പോര്‍ട്ടില്‍ മൂന്നാര്‍ വനമായി നോട്ടിഫൈ ചെയ്യണമെന്നു വ്യക്തമാക്കുന്നുണ്ട്.  മൂന്നാര്‍ വനം നോട്ടിഫിക്കേഷന്‍ ഉടന്‍ നടത്തണം എന്നാവശ്യപ്പെട്ടു കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി ശ്രീ.ജയറാം രമേശ്‌ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ജൂണ്‍ 23 നു അയച്ച ആ കത്തിന് നാളിതുവരെയായി തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല.
                                       മൂന്നാര്‍ വനമായി നോട്ടിഫൈ ചെയ്യണമെന്ന വനം മന്ത്രി ബിനോയ്‌ വിശ്വത്തിന്റെ  ആവര്‍ത്തിച്ചുള്ള ആവശ്യം മന്ത്രി സഭയില്‍ അവഗണിച്ച മട്ടാണ്.  ഈ വിഷയം തീരുമാനിക്കാന്‍ ചേര്‍ന്ന മൂന്ന് മന്ത്രിസഭാ യോഗങ്ങളും മുഖ്യമന്ത്രിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനമാകാതെ പിരിയുകയായിരുന്നു.
വനമായി നോട്ടിഫൈ ചെയ്‌താല്‍ പിന്നെ മൂന്നാറില്‍ പട്ടയം നല്‍കാന്‍ കഴിയില്ല എന്നതാണ് വി. എസ് ഉയര്‍ത്തുന്ന വാദം. ഫലത്തില്‍ ഇത് കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് എന്നതാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നത്. മൂന്നാര്‍ വനം നോട്ടിഫിക്കേഷന്‍ വൈകുന്നതിനെതിരെ പ്രശസ്ത കവയിത്രി സുഗതകുമാരി അടക്കമുള്ള സാംസ്കാരിക -പരിസ്ഥിതി രംഗത്തെ പ്രമുഖര്‍ രംഗത്ത്‌ വന്നിട്ടും സര്‍ക്കാര്‍ മൌനം പാലിക്കുകയാണ്.
                              വരും ദിവസങ്ങളില്‍ വി.എസ്സിന്റെ പരിസ്ഥിതി വിരുദ്ധ നിലപാടിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത്‌ വരുമെന്ന് സൂചനയുണ്ട്.   വിഷയം സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി മുന്‍പാകെ ഉന്നയിക്കുമെന്ന് 'വണ്‍ എര്‍ത്ത് വണ്‍ ലൈഫ് ' ലീഗല്‍ സെല്‍ അറിയിച്ചു.